ലുഡോ നിരുപാധികം ഹറാമാണ് എന്ന് വാദിക്കുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഈ പത്തു ചോദ്യങ്ങൾക്ക് മറുപടി തന്നാലും.
ചോദ്യകർത്താവ്
Suhail
Apr 30, 2020
CODE :Fiq9755
ചോദ്യങ്ങളിലേക്കും മറുപടികളിലേക്കും കടക്കുന്നതിന് മുമ്പ് ലുഡോയുടെ വിധിയുമായി ബന്ധപ്പെട്ട് ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ട കുറിപ്പ് പൂര്‍ണമായും ഒരാവര്‍ത്തി വായിക്കുമല്ലോ.
വായനക്കാരുടെ സൌകര്യത്തിനായി ചോദ്യങ്ങളോടോപ്പം തന്നെ അവയുടെ മറുപടിയും ചേര്‍ക്കുന്നു.
1- ഈ വിധി നിങ്ങൾ പ്രസ്താവിക്കുന്നത് വല്ല പ്രമാണത്തിലും വന്നതിന്‍റെ അടിസ്ഥാനത്തിലാണോ? എങ്കിൽ ഏതാണ് ആ പ്രമാണം? ആയത്തോ ഹദീസോ ആണ് ഇവിടെ പ്രമാണം കൊണ്ടുദ്ദേശ്യം.
മറുപടി: ഈ വിധി പറഞ്ഞിട്ടുള്ളത് ശാഫീഈ മദ്ഹബ് അംഗീകരിക്കുന്നവരെല്ലാം അവലംബയോഗ്യരായി കാണുന്ന മഹാന്മാരായ ഫുഖഹാഅ് ആണ്. മദ്ഹബ് അംഗീകരിക്കുന്നവര്‍ അവലംഭിക്കുന്ന ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നിവയിലെ നാലാലൊരു പ്രമാണം അവലംബിച്ചാണല്ലോ അവര്‍ വിധി പറഞ്ഞിട്ടുണ്ടാവുക.
2- ഇനി ലുഡോ എന്ന പദം പ്രമാണങ്ങളിലില്ലെങ്കിലും, അതേ സമാനാശയം കുറിക്കുന്ന [النَّرْدُ] എന്ന പദം വന്നിട്ടുണ്ട് എന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധി പ്രസ്താവം എന്നുമാണ് നിങ്ങളുടെ വാദമെങ്കിൽ അതിനുള്ള തെളിവെന്താണ്? അതായത് [النَّرْدُ] എന്നതിന്റെ വിവക്ഷയും, ലുഡോ, പകിട, പാമ്പും കോണിയും തുടങ്ങിയ വിനോദങ്ങളും തുല്ല്യമാണ് എന്നതിന്റെ തെളിവ് എന്താണ് ?
മറുപടി: ലുഡോ ഹറാമാകണമെങ്കില്‍ ലുഡോ എന്ന പദം ഖുര്‍ആനിലോ ഹദീസിലോ വരണം എന്ന് തോന്നിപ്പോകുംവിധമാണ് ചോദ്യം. ഇവ ഹറാമാകുന്നതിനുള്ള കാരണത്തില്‍ തുല്യമാണെന്നും അതിനാല്‍ അവ ഹറാമാണെന്നും ഖുര്‍ആനിലും ഹദീസിലും തന്നെ വേണം എന്ന് വാശിപിടിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഈ വിഡ്ഢിത്തം നാമാരും പറയാറില്ലല്ലോ. ഖുര്‍ആനിലും ഹദീസിലുമുണ്ടെങ്കില്‍ പിന്നെ അവിടെ എന്തിനാണ് തുല്യത നോക്കുന്നത്. വിധിപ്രസ്താവം നടത്തിയ മഹന്മാരായ പണ്ഡിതന്മാര്‍ അതിന്‍റെ തുല്യതയും അതുല്യതയുമെല്ലാം വിശദീകരിച്ചിട്ടുമുണ്ട്. ഈ വിഷയം മിന്‍ഹാജിന്‍റെ അനുബന്ധഗ്രന്ഥങ്ങളായ തുഹ്ഫയും ഹവാശികളും മറ്റു ഗ്രന്ഥങ്ങളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അത് മേല്‍കുറിപ്പില്‍ പറഞ്ഞിട്ടുമുണ്ട്.
3- ഇനി ലുഡോ, പകിട, പാമ്പും കോണിയും എന്ന് തുടങ്ങിയ കളികൾ ഹറാമാണ് എന്ന് നിങ്ങൾ പറയുന്നത് ഖിയാസിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ ഏതിനോടാണ് നിങ്ങളിവയെ ഖിയാസാക്കിയത്? ഖിയാസാക്കണമെങ്കിൽ വിധിക്ക് ആധാരമായ ന്യായം [الْعِلَّةُ] വ്യക്തമാവേണ്ടതുണ്ട്.
മറുപടി: ‘ലുഡോ, പകിട, പാമ്പും കോണിയും എന്ന്തുടങ്ങിയ കളികള്‍’ എന്ന് പറഞ്ഞതില്‍ ചോദ്യമുന്നയിച്ച സുഹൈലോ ചോദ്യങ്ങള്‍ തയ്യാറാക്കിയവരോ എണ്ണുന്നവയെന്തൊക്കെയെന്ന് അറിയില്ല. മുജ്തഹിദുകളായ പണ്ഡിതന്മാര്‍ വളരെ കൃത്യമായി പറഞ്ഞുതന്ന വിഷയത്തില്, വിവരമില്ലാത്ത നാം സ്വയം മുജ്തഹിദായി ഖിയാസാക്കേണ്ട ഗതികേടൊന്നും ഇല്ലല്ലോ. തുഹ്ഫ ഇവിടെ പറഞ്ഞ ചെറിയൊരു ഭാഗം താഴെ ചേര്‍ക്കാം.
സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ക്കോ കൂര്‍മബുദ്ധിക്കോ സ്ഥാനമില്ലാത്ത വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറമാണ് (തുഹ്ഫ 13-212).
4- ഇവിടെ [النَّرْدُ] ഹറാമായതിന്റെ ന്യായം എന്താണ്? കേവലം സമയം കൊല്ലുക എന്നതാണോ? അതല്ല, ചൂതാട്ടം ഉള്ളത് കൊണ്ടാണോ? അതുമല്ല, വാജിബാത്തുകളിൽ നിന്നും ദൈവ സ്മരണയിൽ നിന്നും തെറ്റിക്കുന്നു എന്നതാണോ? ഇനി ഇവയെല്ലാം കൂടി ഒത്തു ചേരുന്നു എന്നതാണോ?
മറുപടി: ഇവയൊന്നും ഒത്തുചേര്‍ന്നില്ലെങ്കിലും, വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളെല്ലാം ഹറമാണ് എന്ന് തുഹ്ഫ പറഞ്ഞതില്‍ നിന്ന് ഈ സംശയം തീരേണ്ടതാണ്.
5- കേവലം സമയം കൊല്ലുക എന്നതാണെങ്കിൽ സമാനമായ, ക്രിക്കറ്റ്, ഹോക്കി, കാരംസ്, ചെസ്സ്…. തുടങ്ങി സകല വിനോദങ്ങളും ഹറാമാക്കേണ്ടി വരില്ലേ?
മറുപടി: കേവലം സമയം കൊല്ലുക എന്നതല്ലെന്ന് മുകളില്‍ നിന്ന് മനസിലായല്ലോ. മുകളിലെ ലിങ്കില്‍ പോയി കുറിപ്പ് ഒരാവര്‍ത്തി കൂടി വായിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതാണ്.
6- ഇനി അവയും ഹറാമാണെന്നാണോ നിങ്ങളുടെ വാദം?
മറുപടി: ലുഡോ ഹറാമാണെങ്കില്‍ ഇവയെല്ലാം ഹറാമാണെന്ന് പറയേണ്ടിവരുമെന്ന വാദമില്ല. കാരണം ക്രിക്കറ്റ്, ഹോക്കി പോലോത്ത കളികളെല്ലാം വെറും ഊഹങ്ങളുടെയും ഭാഗ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിനോദങ്ങളാണെന്ന് ആരും പറയാറില്ലല്ലോ.
7- ഇനി ഇവയൊന്നും ഹറാമല്ല എന്നാണ് നിങ്ങളുടെ വാദമെങ്കിൽ, എന്ത് കൊണ്ടാണ് ലുഡോ, പകിട, പാമ്പും കോണിയും എന്ന് തുടങ്ങിയ വിനോദങ്ങൾക്ക് മാത്രം ഹറാം വിധി ബാധകമാക്കുന്നത്?
മറുപടി: മറ്റു കളികള്‍ ഹറാമാകാന്‍ വല്ല കാരണവുമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അനുവദനീയമാകാനുള്ള പല മാര്‍ഗങ്ങളും ഉണ്ടുതാനും. പക്ഷേ, ലുഡോ ഹറാമാണെന്ന് പറഞ്ഞവര്‍ അവയെല്ലാം ഹറാമാണെന്ന് പറയണം എന്ന് വാശിപിടിക്കേണ്ടതില്ല. ലുഡോ ഹറാമായത് എന്തുകൊണ്ടെന്ന് മുകളില്‍ പറഞ്ഞല്ലോ.
8- നർദ് [النَّرْدُ] ഹറാമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ മിക്കപേരും ശിത്വറഞ്ചും (ചതുരംഗം) ഹറാമാണെന്ന് പറഞ്ഞതായി കാണാം, ചെസ്സ് കളിയും നിരുപാധികം ഹറാമാണെന്ന് നിങ്ങൾക്ക് വാദമുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
മറുപടി: ഇവയൊക്കെ വാദവും പ്രതിവാദവുമാക്കി രണ്ടുചേരിയുണ്ടാക്കേണ്ടതില്ലല്ലോ. ചതുരംഗം നിരുപാധികം ഹറാമല്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ ഗ്രന്ഥങ്ങളിലൂടെ പണ്ഡിതന്മാരൊല്ലാം വിശദീകരിച്ചിട്ടുള്ളത്. അതിന്‍റെ അടിസ്ഥാനം വെറും ഊഹവും ഭാഗ്യവുമല്ലല്ലോ.
9- ഒരാളുടെ നഷ്ടം അപരന് ലാഭമായി ഭവിക്കും വിധം പണത്തിന്‍റെ വിഹിതം ഉണ്ടായിരിക്കുക, വാജിബായ കാര്യങ്ങളിൽ വീഴ്ച സംഭവിക്കുക, ദൈവ സ്മരണയിൽ നിന്ന് അകറ്റുക, ധൂർത്തും ദുർവ്യയവും ഉണ്ടായിരിക്കുക. ജനങ്ങൾക്കിടയിൽ പകയും വിദ്വേഷവും വളർത്തുക… തുടങ്ങിയ യാതൊരു ദോഷവും ഉണ്ടാക്കാത്ത വല്ല വിനോദവും, കേവലം ആസ്വാദനം നൽകുന്നു എന്നതുകൊണ്ട് മാത്രം ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള തെളിവ് എന്താണ്?
മറുപടി: കേവലം ആസ്വാദനം നല്കുന്നത് കൊണ്ട് മാത്രം ഇസ്ലാം നിഷിദ്ധമാക്കിയെന്ന് നാം പറയുന്നില്ലല്ലോ.
10: ഇജ്തിഹാദീ വിഷയങ്ങളിൽ കടുംപിടുത്തം പാടില്ല എന്ന സർവ്വാംഗീകൃതമായ തത്വം താങ്കൾക്ക് സ്വീകാര്യമാണോ?
മറുപടി: ഇജ്തിഹാദിന് കഴിയാത്തവര്‍ അതിന് കഴിയുന്നവരെ തഖ്ലീദ് ചെയ്യണം എന്ന സര്‍വ്വാംഗീകൃതമായ തത്വമാണ് നാം സ്വീകരിക്കുന്നതും പിന്തുടരുന്നതും. ഇജ്തിഹാദ് ചെയ്യാന്‍ കഴിവില്ലാത്തവര്‍ ഇജ്തിഹാദീ വിഷയങ്ങളിൽ കടുംപിടുത്തത്തിനോ കണ്ടുപിടുത്തിനോ തുനിയേണ്ടതില്ലല്ലോ. കഴിവും പ്രാപ്തിയുമുള്ളവര്‍ പറഞ്ഞുതന്നത് സ്വീകരിക്കുക മാത്രം ചെയ്താല്‍മതി.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.