വിഷയം: ത്വലാഖില്‍ വസ്'വാസ്
ഥലാഖിന്‍റെ വിഷയത്തിൽ വസ്വാസിൽ കുടുങ്ങിയവനിൽ നിന്ന് ഥലാഖ് സംഭവിക്കുമോ? ഇതിനെ പറ്റി വിശദമായി വിവരിക്കാമോ?
ചോദ്യകർത്താവ്
Ibnu moosa
Jun 2, 2020
CODE :Fiq9851
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഥലാഖിന്‍റെ പദങ്ങളുച്ചരിച്ച ശേഷം പീന്നീട് വസ്’വാസിന്‍റെ പേരില്‍ ന്യായീകരണം കണ്ടെത്തുന്നത്കൊണ്ട് ഥലാഖ് സംഭവിക്കാതിരിക്കില്ല.
വിഷയത്തില്‍ വസ്വാസ് നീങ്ങുന്നില്ലെങ്കില്‍ ഖാളിമാരുമായോ മതപണ്ഡിതരുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തേണ്ടതാണ്.
ഥലാഖ് രണ്ട് രീതിയിലാണുള്ളത്. വ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ള ഥലാഖ് ചെല്ലലാണ് ഒരു രീതി. ഇതിന്ന് 'സ്വരീഹ്' എന്നു പറയുന്നു. അവ്യക്തമായ പദങ്ങളുച്ചരിച്ചു കൊണ്ടുള്ളതാണ് മറ്റൊന്ന്. ഇതിന്ന് 'കിനായത്ത്' എന്നു പറയുന്നു. സ്വരീഹിന്‍റെ പദങ്ങൾ സറാഹ് (പിരിച്ചു വിടൽ), ഫിറാഖ് (വേർപെടുത്തൽ) ഥലാഖ് (അഴിക്കൽ) എന്നീ മൂന്നെണ്ണമാണ്. മേൽപറഞ്ഞ അറബി വാക്കുകളോ അതിന്റെ പരിഭാഷയോ ഉച്ചരിച്ചാൽ വിവാഹമോചനം കരുതിയാലും ഇല്ലെങ്കിലും അത് സംഭവിക്കും.
തമാശയായി ത്വലാഖ് ചൊല്ലിയാലും സാധുവാകും. 'ഥല്ലഖ്ത്തുകി' (നിന്‍റെ വിവാഹബന്ധത്തെ ഞാൻ അഴിച്ചു) എന്നോ, നിന്റെ നികാഹ് ബന്ധത്തെ ഞാൻ പിരിച്ചുവിട്ടു എന്ന സറാഹിൽ നിന്നുത്ഭവിച്ച പദം കൊണ്ടോ നിന്‍റെ നിക്കാഹ് ബന്ധത്തെ ഞാൻ വേർപെടുത്തി എന്ന് 'ഫിറാഖി'ൽ നിന്നുത്ഭവിച്ച പദം കൊണ്ടോ ചൊല്ലുന്നത് സ്വരീഹായ ഥലാഖിന് ഉദാഹരണമാണ്.
'കിനായത്തി'ന്‍റെ പദങ്ങൾ അനവധിയുണ്ട്. ത്വലാഖ് ചൊല്ലുകയാണെന്ന ഉദ്ദേശ്യത്തോടുകൂടി ചൊല്ലിയാൽ മാത്രമേ കിനായത്തിന്‍റെ പദങ്ങൾ ഉച്ചരിക്കുമ്പോൾ ത്വലാഖ് സംഭവിക്കുകയുള്ളൂ. നീ എനിക്ക് നിഷിദ്ധമാണ്, നീ വിധവയാണ്, നീ എന്റെ മാതാവിനെപ്പോലെയാണ്, നീ സ്വതന്ത്രയാണ് എന്നിവയെല്ലാം കിനായത്തിന്‍റെ പദങ്ങളാണ്.
സ്വതന്ത്രന്മാർക്ക് മൂന്ന് ത്വലാഖിന്നും അടിമകൾക്ക് രണ്ട് ത്വലാഖിന്നും അവകാശമുണ്ട്. മൂന്ന് ത്വലാഖ് ഞാൻ ചൊല്ലി ഒന്നൊഴികെ എന്നുപറഞ്ഞാൽ രണ്ട് ത്വലാഖ് പോകും. (പക്ഷേ, അതിന്ന് അഞ്ച് നിബന്ധനകളുണ്ട്. അവ ഒക്കാതിരുന്നാൽ മൂന്നും പോകും.) വിവാഹമോചനത്തെ ഒരു വിശേഷണത്തോടോ മറ്റു വല്ല നിബന്ധനകളോടോ ബന്ധിപ്പിച്ചു പറഞ്ഞാലും ത്വലാഖ് ശരിയാകുന്നതാണ്.
നീ ആർത്തവക്കുളി കുളിച്ചാൽ വിവാഹബന്ധം നഷ്ടപ്പെട്ടവളാണ്, വീട്ടിൽ നിന്നു പുറത്ത് പോയാൽ നിന്‍റെ ത്വലാഖ് സംഭവിക്കുന്നതാണ് മുതലായവയെല്ലാം അതിനുദാഹരണമാണ്. മേൽപറഞ്ഞ രൂപത്തിൽ അവൾ കുളിക്കുകയോ, പുറത്ത് പോകുകയോ ചെയ്താൽ ത്വലാഖ് പോകും. വിവാഹം ചെയ്യുന്നതിന്നു മുമ്പ് തന്നെ ഒരാൾ, താൻ വിവാഹം ചെയ്യുന്ന സ്ത്രീയെ ത്വലാഖ് ചൊല്ലി എന്നു പറഞ്ഞാൽ അത് ശരിയാകുന്നതല്ല.
പ്രായപൂർത്തിയാകാത്തവർ, കുട്ടികൾ, ഭ്രാന്തന്മാർ, ഉറക്കത്തിൽ പറഞ്ഞവര്‍, നിർബന്ധിതരായി ചൊല്ലിയവർ എന്നിവരുടെ ത്വലാഖ് അസാധുവാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.