എന്‍റെ ഉമ്മാക്ക് ജീവിത കാലത്ത് അനിവാര്യ സാഹചര്യങ്ങളില്‍ പല കൊല്ലങ്ങളിലായി നിരവധി നോമ്പ് (സുമാര്‍ 150 ) നഷ്ടപ്പെട്ടിട്ടുണ്ട്.കഴിവിന്റെ പരമാവധി ഉമ്മ ഖളാ വീട്ടിയിട്ടുണ്ട്. ഉമ്മയുടെ മരണ ശേഷം നോമ്പിനു പകരമായി അത്രയും മുദ്ദ്‌ ഞങ്ങള്‍ കൊടുത്തു വീട്ടി. ഓരോ കൊല്ലത്തിനും ഓരോ മുദ്ദ്‌വെച്ച് നല്‍കേണ്ടി വരുമോ? ഒപ്പം ഉമ്മയുടെ നോമ്പ് ഞങ്ങള്‍ നോറ്റ് വീട്ടേണ്ടതുണ്ടോ?

ചോദ്യകർത്താവ്

abdul kadir

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് ഓരോരുത്തരുടെയും വ്യക്തിപരമായ ബാധ്യതയാണ്. അത് അവര്‍ തന്നെ നോറ്റ് വീട്ടുകയോ സാധിക്കാതെ വന്നാല്‍ പ്രായശ്ചിത്തമായി ഒരു മുദ്ദ് ഭക്ഷണം നല്‍കുകയോ ആണ് വേണ്ടത്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. നോമ്പുകള്‍ നഷ്ടമായത് മറ്റൊരാള്‍ക്ക് വേണ്ടിയാണെങ്കിലാണ് (കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്നം വരുമെന്ന് പേടിച്ച് നോമ്പ് ഒഴിവാക്കുന്ന സ്ത്രീകളെപോലെ) നോല്‍ക്കാത്തതിന് മുദ്ദ് കൊടുക്കേണ്ടത്. സ്വന്തം ശരീരത്തിന്‍റെ പ്രശ്നങ്ങളാലാണ് (അസുഖമോ മറ്റോ) ഒഴിവാക്കിയതെങ്കില്‍ സൌകര്യപ്പെടുമ്പോള്‍ നോറ്റ് വീട്ടിയാല്‍ തന്നെ മതി. അങ്ങനെ ഖളാഅ് ആകുന്നവ അടുത്ത റമദാനിന് മുമ്പായി നോറ്റ് വീട്ടേണ്ടതാണ്. സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റ് വീട്ടിയില്ലെങ്കില്‍ ഒരു വര്‍ഷം നോല്‍ക്കാതെ പിന്തിപ്പിച്ചതിന് ഒരു മുദ്ദ് കൂടി നല്‍കേണ്ടതാണ്. അങ്ങനെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതം നല്‍കേണ്ടതുമാണ്. നോമ്പ് ഖളാഅ് വീട്ടാന്‍ ബാക്കിയുണ്ടായിരിക്കെ മരണപ്പെടുന്ന പക്ഷം അനന്തര സ്വത്തില്‍നിന്ന് നഷ്ടപ്പെട്ട ഓരോ നോമ്പിനും ഓരോ മുദ്ദും പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദ് വീതവും  മേല്‍പറഞ്ഞ വിധം നല്‍കേണ്ടതാണ്. അങ്ങനെ മുദ്ദ് നല്‍കുന്ന പക്ഷം, പിന്നെ മക്കളോ മറ്റോ ആ നോമ്പ് നോല്‍ക്കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter