വിഷയം: ജോലിത്തിരക്കിനിടയിലെ നിർബന്ധ നിസ്കാരം
കേരളത്തിൽ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഞാൻ. ഡ്യൂട്ടി സമയങ്ങളിൽ നിസ്കാരം അതിന്റ കൃത്യ സമയത്തു നിർവഹിക്കാൻ സാധിക്കാറില്ല, പലപ്പോഴും ജുമുഅയും നഷ്ടപ്പെടാറുണ്ട്. സൈനികർ, ക്രമസമാധാന പാലകർ, ആരോഗ്യ ജീവനക്കാർ തുടങ്ങിയവർക്ക് നിസ്കാരത്തിന്റെ സമയത്തിൽ പ്രത്യേക ഇളവുകളുണ്ടോ? നഷ്ടപ്പെടുമെന്ന് തോന്നുന്ന നിസ്കാരം ജംആക്കി നിസ്കരിക്കാമോ? നിസ്കരിക്കുന്നതിന് ആരും എതിരല്ലെങ്കിലും, ഡ്യൂട്ടിക്കാണ് മുൻഗണന. ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗം ഉപേക്ഷിച്ച് വേറെ ജോബ് അന്വേഷിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Nihad
Dec 10, 2025
CODE :Pra15962
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ
മതനിരപേക്ഷ രാജ്യമായ നമ്മുടെ നാട്ടിലെ സർക്കാർ ഡിപ്പാർട്മെൻറ്കളിൽ ജോലി ചെയ്യുകയെന്നത് വിശ്വാസിയെ സംബന്ധിച്ചെടുത്തോളം നിരുപധികം നിഷിദ്ധമായ കാര്യമല്ല. ഇസ്‌ലാമിൽ ഒരു ജോലി അനുവദിക്കപ്പെട്ടതോ അല്ലയോ എന്നത്, ആ ജോലിയുടെ സ്വഭാവത്തെയും, അതിൽ ചെയ്യേണ്ടി വരുന്ന പ്രവർത്തികളെയും, നിഷിദ്ധമായ കാര്യങ്ങളിൽ നേരിട്ടിടപെടുന്നോ എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. മദ്യ വില്പന, പലിശയുമായി നേരിട്ടിടപെടുന്ന സ്ഥാപനങ്ങൾ, ചൂതാട്ടം, നിരപരാധികൾക്ക് അനീതി ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന സ്ഥാപനങ്ങൾ എന്നിങ്ങനെ, മതം വിലക്കേർപ്പെടുത്തിയ ഇടങ്ങളിൽ ജോലി ചെയ്യുന്നത് ഹറാമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതേ സമയം ചോദ്യത്തിലുന്നയിക്കപ്പെട്ട, മതാനുഷ്ടാനങ്ങൾ നിർവഹിക്കുന്നതിന് പ്രയാസമില്ലാത്ത പൊതുജന സേവന-സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകൾ അനുവദിക്കപ്പെട്ടതാണെന്നു മാത്രമല്ല, അത്തരം സംവിധാനങ്ങളിൽ നമ്മുടെ പ്രാതിനിധ്യം കൂടുതൽ ഉറപ്പു വരുത്താൻ ബദ്ധശ്രദ്ധ പുലർത്തുകയാണ് വേണ്ടത്.
പക്ഷേ, എവിടെ ജോലി ചെയ്താലും, ജോലിയും അനുബന്ധ കാര്യങ്ങളും നിസ്കാരം നഷ്ടപ്പെടുത്തുന്നതിനോ, കൃത്യ സമയത്തു നിന്നും പിന്തിപ്പിക്കുന്നതിനോയുള്ള തക്കതായ കാരണമല്ല. നിസ്കാരം വിശ്വാസിയുടെ ഐഡന്റിറ്റിയാണ്. ബുദ്ധിയും ശുദ്ധിയും പ്രായവും തികഞ്ഞ ഓരോ വ്യക്തിയുടേയുടെയും നിർബന്ധ ബാധ്യതയാണത്. പ്രകടമായ ശരീരികാരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്. അതുകൊണ്ടാണ് ശരീരം അശേഷം നിശ്ചലമായി തളർന്നു പോയാലും ബുദ്ധിയും ബോധവുമുണ്ടെങ്കിൽ മനസ്സു കൊണ്ടെങ്കിലും നിസ്കരിക്കണമെന്ന് പണ്ഡിതർ പറഞ്ഞു വെക്കുന്നത്. യുദ്ധവേളയിൽ പോർമുഖത്തുള്ള സൈനികർ നിസ്കരിക്കേണ്ടതിന്റെ രൂപത്തെ കുറിച്ച് വിശുദ്ധ ഖുർആൻ വിവരിക്കുന്നതിൽ നിന്നും, നിസ്കാരത്തിന്റെ പ്രാധാന്യം എത്രത്തോളമെന്നു നമുക്ക് ഗ്രഹിച്ചെടുക്കാവുന്നതാണ്.
ചോദ്യകർത്താവിന്റെ പോലീസ് ഡിപ്പാർട്മെന്റിലെ ഡ്യൂട്ടി വിവിധ രൂപങ്ങളിലാവാനിടയുണ്ട്. അവയെ താഴെ പറയുന്ന രീതിയിൽ സംഗ്രഹിക്കാവുന്നതാണ്.
- ദൈനംദിനയുള്ള സ്റ്റേഷൻ റിപ്പോർട്ടിങ് / പട്രോളിംഗ് / ഓഫീസ് ക്ലറിക്കൽ കൃത്യങ്ങൾ പോലെയുള്ള സ്വാഭാവിക ജോലികൾ:
ഇത്തരം സാഹചര്യങ്ങളിൽ നിസ്കാരം കൃത്യ സമയത്തു നിർവഹിക്കുക തന്നെ വേണം. ചെറിയ തിരക്കുകൾക്ക് വേണ്ടി നിസ്കാരം സ്ഥിരമായി പിന്തിപ്പിക്കുന്നതിനെ മതം അനുവദിക്കുന്നില്ല. കൃത്യ സമയത്തു നിർവഹിക്കാതെ, സൗകര്യത്തിനനുസരിച്ച് സ്ഥിരമായി പിന്തിപ്പിക്കുക്കുന്നത് മഹാപാപം തന്നെയാണ്.
- സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന അസാധരണ കൃത്യ നിർവഹണം:
ഭക്ഷണത്തിനും മറ്റു പ്രാഥമിക കാര്യങ്ങൾക്കും ലഭിക്കുന്ന ഇടവേളകളിൽ നിസ്കരിക്കാൻ ശ്രദ്ധിക്കുകയാണ് ഇങ്ങനെയുള്ള സമയത്തു വേണ്ടത്. പകൽ സമയത്തു ഒരിക്കൽ മാത്രമാണ് ഒഴിവെങ്കിൽ ആദ്യ നിസ്കാരത്തിന്റെ (ളുഹർ) അവസാന സമയത്തും, രണ്ടാമത്തെ നിസ്കാരത്തിന്റെ (അസർ) ആദ്യ സമയത്തും ഒരുമിച്ചു നിസ്കാരം ക്രമീകരിക്കാവുന്നതാണ്. (കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്ന ജംഉസ്സൂരി പ്രകാരം). സമയപരിധിക്കകത്തു നിന്നു കൊണ്ട് നിർബന്ധ കാര്യങ്ങൾ മാത്രം പാലിച്ചു കൊണ്ട് നിർവഹിച്ചലും മതിയാകും.
ഇങ്ങനെയുള്ള ഡ്യൂട്ടിക്കിടയിൽ ഒരു വഖ്തിലെ നിസ്കാര സമയം പൂർണമായും കഴിഞ്ഞു കടക്കുമെന്നോ നഷ്ടപ്പെടുമെന്നോ ആധിയുണ്ടെങ്കിൽ, മറ്റു നീക്കുപോക്കുകൾ സാധ്യമല്ലാത്തതു കൊണ്ട് തന്നെ, അത്യാവശ്യ സാഹചര്യങ്ങളിൽ ഒരുമിച്ചു നിസ്കരിക്കാമെന്ന (ജമ്ഉൽ ഹാജ) ഇബിനു മുൻദിർ (റ) ഉൾപ്പെടെയുള്ള ചുരുക്കം ചില പണ്ഡിതരുടെ അഭിപ്രായമനുസരിച്ചു, (നിബന്ധനകൾ പാലിച്ചു കൊണ്ട്) മുന്തിച്ചോ പിന്തിച്ചോ ജംആക്കാവുന്നതാണ്. പക്ഷേ, മദ്ഹബിൽ പ്രബലമല്ലാത്തതു കൊണ്ട് തന്നെ, ഇത് പതിവ് ശീലമാക്കുന്ന രീതി അനുവദനീയമല്ല (ശറഹുൽ മുഹദബ്).
- അനിശ്ചിതമായി നീളുന്ന അടിയന്തിരപ്രാധാന്യമുള്ള കൃത്യ നിർവഹണങ്ങൾ (ഉദാ: സൈനികർ നടത്തേണ്ടി വരുന്ന രാജ്യ-സുരക്ഷാ ഓപ്പറേഷനുകൾ /ക്രിറ്റികൽ സ്റ്റേജിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നടത്തുന്ന ശസ്ത്രക്രിയകൾ ).
കൃത്യ സമയത്തു നിസ്കാരം അസാധ്യമായ ഇത്തരം അത്യാഹിത ഘട്ടങ്ങളിൽ, കഴിയാവുന്ന രൂപത്തിൽ (തയമ്മും സാധ്യമെങ്കിൽ അങ്ങനെ / ശുദ്ധിവരുത്താൻ സാധ്യമല്ലെങ്കിൽ മനസ്സ് കൊണ്ട് നിസ്കാരം സ്മരിച്ചു കൊണ്ടെങ്കിലും) നിസ്കാരത്തിന്റെ പവിത്രത മാനിച്ചു കൊണ്ട് നിർവഹിക്കുകയും പിന്നീടത് ഖദാ വീട്ടുകയുമാണ് വേണ്ടത്.
- വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം
ശാഫി മദ്ഹബ് പ്രകാരം ജുമുഅ വ്യക്ത്യാധിഷ്ഠിത നിർബന്ധ കർമമാണ്. യാതൊരു കാരണവശാലും ജുമുഅ നിസാരമായി കണാനോ, സൗകര്യ പൂർവം സ്കിപ് ചെയ്യാനോ പാടുള്ളതല്ല. വിശുദ്ധ റസൂൽ ﷺ പറയുന്നു: ജുമുഅയെ ലഘുവായി കണ്ട് തുടർച്ചയായി മൂന്നു തവണ ഉപേക്ഷിച്ചവന്റെ ഹൃദയത്തിൽ (പാപ) മുദ്ര വെക്കപ്പെടും. (അബു ദാവൂദ്).
അതിനാൽ തന്നെ, വെള്ളിയാഴ്ച ദിവസം സഹപ്രവർത്തകരുമായി മുൻകൂട്ടി ഷിഫ്റ്റ് ക്രമീകരിച്ച് ജുമുഅ സംരക്ഷിക്കാൻ വേണ്ട മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. അസാധ്യമാകുന്ന സാഹചര്യങ്ങളിൽ (മേൽ പറയപ്പെട്ട സാഹചര്യങ്ങൾ ഉദാഹരണം) സംബന്ധിക്കാൻ കഴിയാതിരിക്കുന്ന പക്ഷം മാത്രം, ദുഹ്‌ർ നിസ്കരിക്കാവുന്നതാണ്.
നാഥൻ നമ്മുടെ വിജ്ഞാനത്തിൽ അഭിവൃദ്ധിയും സദ്കർമങ്ങൾ അധികരിപ്പിക്കുന്നതിന് തൗഫീഖും നൽകുമാറാകട്ടെ. സർവ്വകാര്യങ്ങളെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നൻ അവൻ മാത്രമാകുന്നു.


