വിഷയം: ‍ അസ്ഥിസ്രാവ സമയത്തെ ശുദ്ധീകരണം

എനിക്ക് ചില സമയങ്ങളിൽ അസ്ഥിയുരുക്കം സംഭവിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശുദ്ധിയാക്കി, വുളൂ എടുത്തു നിസ്കരിച്ചാൽ മതിയാകുമോ? അതോ പഞ്ഞി വെച്ച് കെട്ടി നിസ്കരിക്കേണ്ടതുണ്ടോ? ഈ സാഹചര്യത്തിൽ വുളൂഇന്റെ രൂപം എങ്ങനെയാണ്?

ചോദ്യകർത്താവ്

Fathima

Dec 6, 2025

CODE :Dai15952

അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.

അസ്ഥിയുരുക്കം  (വെള്ളപ്പോക്ക് / അസ്ഥിസ്രാവം) മൂലം യോനിയിൽ നിന്നും സ്രവിക്കപ്പെടുന്ന ദ്രാവകം നജസാണ്. അത് കാരണം വുളൂഅ് മുറിയുന്നതും പിന്നീട് ശുദ്ധി വരുത്തി നിസ്കരിക്കേണ്ടതുമാണ്. 
ഇടവേളകളില്ലാതെ സ്ഥിരമായി പുറപ്പെടുന്നുവെങ്കിൽ, അത് നിത്യഅശുദ്ധിയുടെ പരിധിയിൽ പെടും. അത്തരം സാഹചര്യങ്ങളിൽ; നിസ്കാര സമയമായി എന്നറിഞ്ഞ ശേഷം മാത്രം വുളൂ എടുക്കുക,  വുളൂഇന് മുമ്പ് ആ ഭാഗം പ്രത്യേകം ശുദ്ധിയാക്കി പഞ്ഞി വെച്ചോ മറ്റോ ഭദ്രമാക്കി കെട്ടിവെക്കുക തുടങ്ങി,  നിത്യഅശുദ്ധിയുള്ളവർ  പാലിക്കേണ്ട കാര്യങ്ങൾ അനുസരിച്ചു  നിസ്കാരത്തിന് തയ്യാറെടുക്കേണ്ടതാണ്.   നിത്യഅശുദ്ധിയുള്ളവർക്ക് ഒരു ശുദ്ധീകരണം കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവഹിക്കാനാവൂ. 

ചോദ്യത്തിലുന്നയിക്കപ്പെട്ട പോലെ, ഇനി ചില സമയങ്ങളിൽ മാത്രമേ അസ്ഥിസ്രാവമുള്ളൂവെങ്കിൽ, അത് ഇടമുറിഞ്ഞു അടുത്ത തവണ സ്രവിക്കപ്പെടുന്നതിന് മുമ്പ് ശുദ്ധീകരിക്കാനും നിസ്കരിക്കുവാനും സൗകര്യപ്പെടുന്ന വിശാല സമയം ലഭിക്കാറാണ് പതിവെങ്കിൽ  ആ ഭാഗം ശുദ്ധീകരിച്ച്, അസുഖമില്ലാത്ത സമയത്തു നിസ്കാരങ്ങൾക്ക് വുദൂ എടുക്കുന്ന പോലെ ശുദ്ധിയായി പെട്ടെന്ന് നിസ്കരിക്കേണ്ടതാണ്.
(ഫത്ഹുൽ മുഈൻ).

നാഥൻ നമ്മുടെ വിജ്ഞാനത്തിൽ അഭിവൃദ്ധിയും സദ്കർമങ്ങൾ അധികരിപ്പിക്കുന്നതിന് തൗഫീഖും നൽകുമാറാകട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter