വിഷയം: അഖീഖ / ദബീഹ:
നവജാത ശിശുവിനു വേണ്ടിയുള്ള അഖീഖ, ഏതെങ്കിലും ഏജൻസിയെ ഏല്പിക്കുന്നത് വിരോധമുണ്ടോ. ചില വിദേശ രാജ്യങ്ങളിൽ ഇതിനുവേണ്ടിയുള്ള പ്രത്യേക പ്ലാറ്റ്ഫോമുകൾ തന്നെയുണ്ട്.
ചോദ്യകർത്താവ്
Rashid
Dec 18, 2025
CODE :Dai15972
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
കുഞ്ഞ് പിറന്നതിന്റെ ഏഴാം നാൾ, ബലികർമ്മം (അഖീഖ/ദബീഹ:) നിർവഹിക്കേണ്ട ബാധ്യത കുഞ്ഞിന്റെ പിതാവിനാണ്. എന്നാൽ സൗകര്യപൂർവ്വം ബലികർമ്മവും വിതരണവും പിതാവിന് മറ്റൊരാളെ ഏൽപിക്കുന്നതിനും വിരോധമില്ല. വിദേശത്തുള്ള പിതാവിന് നാട്ടിലുള്ള ബന്ധുക്കളെയോ അല്ലെങ്കിൽ വിദേശത്ത് തന്നെയുള്ളവരെയോ ഏല്പിക്കാം.
അതേസമയം, ശാഫീ മദ്ഹബനുസരിച്ചു മറ്റുള്ളവരെ ഏല്പിക്കുന്ന (വകാല:) സാഹചര്യത്തിൽ ഒരു നിർണ്ണിത വ്യക്തിയെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. ആയതിനാൽ ഏതെങ്കിലും പ്രത്യേക കൂട്ടായ്മകളെയോ, ചോദ്യത്തിൽ പരാമർശിക്കപ്പെട്ട ഏജൻസികളെയോ ഏല്പിക്കുന്നത് സാധുവല്ല. അവ നിശ്ചിത വ്യക്തികളല്ലാത്തതു തന്നെ കാരണം.
വകാലത് ആയി നിശ്ചയിക്കുന്ന സമയത്ത് അദ്ദേഹത്തിന് മറ്റൊരാളെ കൂടി വകാലത് ചെയ്യാനുള്ള സമ്മതവും നൽകാവുന്നതാണ്. അഖീഖയെ സംബന്ധിച്ചുള്ള വിശദമായ വിവരണം ഇവിടെ വായിക്കാവുന്നതാണ്.
നാഥൻ നമ്മുടെ വിജ്ഞാനത്തിൽ അഭിവൃദ്ധിയും സദ്കർമങ്ങൾ അധികരിപ്പിക്കുന്നതിന് തൗഫീഖും നൽകുമാറാകട്ടെ.


