ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് കുറച്ചു നോമ്പ് ഒഴിവക്കിയിട്ടുണ്ട് . എനിക്ക് എന്നാണ് പ്രായപൂര്‍ത്തി ആയതെന്നു ഓര്‍മ്മയില്ല. അതുകൊണ്ട് ഏകദേശം 3 വര്‍ഷത്തെ നോമ്പ് (90) വീട്ടാന്‍ നിയ്യത്ത് വെച്ച് വീട്ടികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മുദ്ദ് കൊടുക്കുന്നത് കണക്കു കൂട്ടിയപ്പോള്‍ ഏകദേശം 1 ടണ്‍ അരി വേണം.നോമ്പ് ഈ വര്‍ഷം നോറ്റു വീട്ടി മുദ്ദ് അടുത്ത വര്ഷം കൊടുത്താല്‍ മതിയാകുമോ ? മുദ്ദിനെ കുറിച്ചു ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

മുഹമ്മദ് ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാആയ നോമ്പ് നോറ്റൂ വീട്ടാന്‍ സാഹചര്യമുണ്ടായിട്ടും അടുത്ത റമദാനിനു മുമ്പായി നോറ്റു വീട്ടിയില്ലെങ്കില്‍ പിന്തിച്ച ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം സാധുക്കള്‍ക്ക് ദാനം ചെയ്യണം. എത്ര വര്‍ഷം നോമ്പു പിന്തിക്കുന്നവോ അത്ര മുദ്ദിന്‍റെ എണ്ണം കൂടുമെന്നാണ് പ്രബലാഭിപ്രായം. ഈ ഫിദ്‍യ വ്യക്തിയുടെ ബാധ്യതയാണ്. ആ ബാധ്യത വീട്ടേണ്ടതിനു പ്രത്യേക സമയ പരിധി ഫുഖഹാക്കള്‍ നിര്‍ദ്ദേശിച്ചില്ലെങ്കിലും ഈ മുദ്ദ് അതതു വര്‍ഷത്തില്‍ കൊടുത്തു വീട്ടിയില്ലെങ്കില്‍ മുദ്ദിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന ഒരു ചര്‍ച്ച ഫുഖഹാക്കള്‍ക്കിടയിലുള്ളതിനാല്‍ നിര്‍ബന്ധമാകുന്ന വര്‍ഷത്തില്‍ കൊടുത്തു വീട്ടുന്നതാണ് ഉത്തമം. അവനത് കൊടുത്തു വീട്ടുന്നതു വരെ ഒരു കടമായി അത് അവന്‍റെ ഉത്തരവാദിത്തില്‍ അവശേഷിക്കുകയും വീട്ടുന്നതിനു മുമ്പായി മരണപ്പെട്ടാല്‍ അത് അവന്‍റെ അനന്തര സ്വത്തില്‍ നിന്ന് അവന്‍റെ കുടുംബക്കാര്‍ കൊടുത്തു തീര്‍ക്കേണ്ടതായും വരും. ഇത്രയും വലിയ അളവ് കൊടുത്തു തീര്‍ക്കുവാന്‍ സാമ്പത്തികോ പ്രായോഗികമോ ആയ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ കഴിയുന്നപ്രകാരം അത് കൊടുത്തു തീര്‍ക്കണം. ഖളാആയ നോമ്പ് പിന്തിക്കുന്നത് കുറ്റകരമാണെന്ന് അറിവില്ലാത്തതിനാലാണ് പിന്തിച്ചെതെങ്കില്‍ ഫിദ്‍യ നിര്‍ബന്ധമല്ലെന്ന് ചില പണ്ഡതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതില്‍ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാല്‍ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കില്‍ (പാലക്കാടന്‍ മട്ടപോലെ) ഒരു മുദ്ദ് ചിലപ്പോള്‍ മുക്കാല്‍ കിലോയോളം വന്നേക്കാം. എന്നാല്‍ ഭാരമില്ലാത്ത അരിയാണെങ്കില്‍ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നര്‍ത്ഥം. കാരണം ഒന്ന് വ്യാപ്തവും മറ്റൊന്ന് തൂക്കവുമാണെന്നത് തന്നെ. സാധാരണഗതിയില്‍ ഇത് 600 ഗ്രാം മുതല്‍ 750 ഗ്രാം വരെ വ്യത്യാസപ്പെടാറുണ്ട്. നാട്ടില്‍ സാധാരണ ഭക്ഷണമായി ഉപയോഗിക്കുന്നവയാണ് ദാനം ചെയ്യേണ്ടത് (ഫിഥ്റ് സകാതിന്‍റെ അതേ നിയമം). മുസ്ലിംകളിലെ ദരിദ്രര്‍ക്കിടയിലാണ് വിതരണം ചെയ്യേണ്ടത്. എല്ലാ മുദ്ദുകളും ഒരാള്‍ക്കു മാത്രമായി കൊടുക്കാവുന്നതാണ്. എന്നാല്‍ ഒരു മുദ്ദിന്‍റെ അര, മുക്കാല്‍ തുടങ്ങിയ ഘടകങ്ങള്‍ കൊടുക്കാവതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter