25 വര്‍ഷത്തോളം നോമ്പ് കടമുള്ള ഒരാള്‍ മരണപ്പെട്ടു. ഓരോ കൊല്ലവും നോമ്പ് ഇരട്ടിയാവുമെന്നും പറഞ്ഞ് കേള്‍ക്കുന്നു. എങ്കില്‍ ഇയാളുടെ നോമ്പ് എങ്ങനെ കടം വീട്ടും? ഓരോ വര്‍ഷവും മുദ്ദ് ഇരട്ടിക്കും എന്നാണെങ്കില്‍ ഇയാളുടെ സ്വത്ത് വിറ്റാലും തികയുകയില്ല. ഈ നോമ്പ് കടം വീട്ടാതെ ഇയാളുടെ സ്വത്ത് ഭാര്യക്കും മക്കള്‍ക്കും ഉപയോഗിക്കാമോ?

ചോദ്യകർത്താവ്

അഹ്മദ് അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വാര്‍ധക്യം മൂലമോ സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമോ കാരണമല്ലാതെ റമദാന്‍ നോമ്പു ഉപേക്ഷിച്ചവന്‍ അടുത്ത റമദാനിനു മുമ്പായി അവ നോറ്റു വീട്ടണം. അടുത്ത വര്‍ഷത്തെ റമദാനിനു മുമ്പായി ഖദായ നോമ്പുകള്‍ മതിയായ കാരണമില്ലാതെ നോറ്റു വീട്ടാതെ പിന്തിച്ചെങ്കില്‍, പിന്തിച്ച ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്‍കണം. ഇത് ഓരോ വര്‍ഷവും നോമ്പൊന്നിനു ഒന്നു വീതം വര്‍ദ്ധിക്കും. അത് വിശദമായി മുമ്പ് വിവരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വര്‍ഷങ്ങള്‍ക്കു മുമ്പ് ഖദായ നോമ്പുകള്‍ എങ്ങനെ ഖദാ വീട്ടണമെന്ന് വിവരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മരണപ്പെട്ടവരുടെ ഖദായ നോമ്പ് ബന്ധുക്കള്‍ നോറ്റു വീട്ടുകയോ അതിനു പകരമായി ഓരോ നോമ്പിനും ഒരു മുദ്ദു വീതം നല്‍കുകയോ ചെയ്യണം. മാത്രമല്ല മരണപ്പെട്ടു പോയവര്‍ ഖദായ നോമ്പ് ആ വര്‍ഷത്തെയും തൊട്ട് പിന്തിച്ചിട്ടുണ്ടെങ്കില്‍ ഓരോ നോമ്പിനും പിന്തിച്ച വര്‍ഷങ്ങളുടെ അത്രയും മുദ്ദ് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. അത്  മുമ്പ് വിവരിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിര്‍ബന്ധമായി ദാനം ചെയ്യേണ്ട ഇത്രയും ധാന്യം സമാഹരിക്കേണ്ടത് മരണപ്പെട്ടവരുടെ അനന്തര സ്വത്തില്‍ നിന്നോ അവരുടെ ബന്ധുക്കളോ ആണ്. നിര്‍ബന്ധമായ സാമ്പത്തിക ബാധ്യതകള്‍ കൊടുത്തു തീര്‍ത്തു ബാക്കിയുള്ളതേ അനന്തരാവകാശികള്‍ക്ക് അര്‍ഹതപ്പെട്ടതുള്ളൂ. മരണപ്പെട്ടവന്‍റെ സ്വത്ത് മുഴുവന്‍ വിറ്റാലും അത് വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആ മരണപ്പെട്ടവന്‍റെ മേല്‍ മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ള അവകാശമായി നിലനില്‍ക്കും. അനന്തരാവകാശികളും മറ്റു ബന്ധുക്കളും മിത്രങ്ങളും അത് കൊടുത്തു വീട്ടുന്നത് ആ മരണപ്പെട്ടവനു ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും.

തുടര്‍ച്ചയായ വര്‍ഷങ്ങളായി നോമ്പു നോല്‍ക്കാത്തവര്‍ കൊടുത്തുവീട്ടേണ്ട മുദ്ദിന്‍റെ കണക്കറിയാന്‍ 15*n*(n-1) (n=മൊത്തം വര്‍ഷങ്ങളുടെ എണ്ണം) എന്ന സൂത്രവാക്യം ഉപയോഗിച്ചാല്‍ മതി. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നോമ്പനുഷ്ടിക്കുകയോ അവയുടെ ഫിദ്‍യായ മുദ്ദ് ധാന്യം കൊടുത്തു വീട്ടുകയോ ചെയ്യാതെ മരണപ്പെട്ടാല്‍, അവന്‍ ഉപേക്ഷിച്ച നോമ്പുകള്‍ ബന്ധുക്കള്‍ അവനു വേണ്ടി നോറ്റു വീട്ടിയാല്‍ മേല്‍ പറഞ്ഞ അതേ സൂത്രവാക്യത്തിലൂടെ എത്ര മുദ്ദ് അവനു കൊടുക്കല്‍ നിര്‍ബന്ധമാണെന്ന് കണ്ടെത്താന്‍ കഴിയും. ഇനി അവന്‍റെ ഉപേക്ഷിച്ച നോമ്പുകള്‍ ബന്ധുക്കാര്‍ നോറ്റു വീട്ടുന്നില്ലെങ്കില്‍ അത്രയും നോമ്പിനു പകരമായി വേറെയും മുദ്ദു അരി നല്‍കേണ്ടതായിട്ടുണ്ട്. അപ്പോള്‍ 15*n*(n+1) എന്ന സൂത്രവാക്യം ഉപയോഗിച്ച് മൊത്തം മുദ്ദിന്‍റെ എണ്ണം കണ്ടെത്താം. എല്ലാ മാസവും മുപ്പത് നോമ്പുണ്ടൊയിരുന്നുവെന്ന സൂക്ഷ്മതയുടെ ഭാഗം പിടിച്ചാണ് ഈ വാക്യം രൂപപ്പെടുത്തിയിരിക്കുന്നത്.

ഉദാഹരണത്തിനു 25 വര്‍ഷം തുടര്‍ച്ചയായി നോമ്പു ഉപേക്ഷിച്ച് മരണപ്പെട്ട വ്യക്തിയുടെ ഖദായ നോമ്പെല്ലാം ബന്ധുക്കള്‍ നോറ്റു വീട്ടിയിട്ടുണ്ടെങ്കില്‍ അവനു നിര്‍ബന്ധമാകുന്ന മുദ്ദിന്‍റെ എണ്ണം എങ്ങനെ കണ്ടെത്താമെന്നു നോക്കാം.

ഇവിടെ വര്‍ഷങ്ങളുടെ എണ്ണം = n= 25

മൊത്തം മുദ്ദുകള്‍ = 15 x n x (n-1) = 15 x 25 x 24 = 9000 മുദ്ദുകള്‍ നല്‍കണം.

ഇനി ബന്ധുക്കള്‍ ഈ വ്യക്തിക്കു വേണ്ടി നോമ്പുകള്‍ നോറ്റു വീട്ടാന്‍ തയ്യാറല്ലെങ്കില്‍ 25 x 30 = 750 മുദ്ദുകള്‍ അധികമായി നല്‍കണം.

അഥവാ മൊത്തം നല്‍കേണ്ട മുദ്ദുകള്‍ = 15 x n x (n+1) = 15 x 25 x 26 = 9750 മുദ്ദുകള്‍.

ഒരു മുദ്ദ് 750 ഗ്രാമെന്നുവെച്ചാല്‍ (മുദ്ദിന്‍റെ ആധുനിക അളവിനെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) അദ്ദേഹം 7,312.5 കിലോ അരി നല്‍കണം.  കിലോക്ക് 35 രൂപ എന്ന വിലക്കാണെങ്കില്‍ 2,55,937.50 രൂപ വരും ചെലവ്.

നഷ്ടപ്പെടുത്തിയ നോമ്പുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter