റമദാന്‍ മാസത്തില്‍ ദിക്റ്, നിസ്ക്കാരം, സക്കാത്ത്, സ്വദഖ, തറാവീഹ്, തുടങ്ങി എല്ലാ നല്ല കാര്യങ്ങള്‍ക്കും 70 ഇരട്ടി പ്രതിഫലം ലഭിക്കുമോ?
ചോദ്യകർത്താവ്
സാബിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
സല്‍മാനുല്‍ ഫാരിസി (റ) റിപോര്‍ട്ടു ചെയ്ത, റമദാനെ കുറിച്ചു പറയുന്ന ഒരു ദീര്‍ഘമായ ഹദീസില്‍ ഇങ്ങനെ കാണാം. ആരെങ്കിലും ആ മാസത്തില്‍ സുന്നത്തായ കാര്യങ്ങള്‍ ചെയ്താല്‍ അത് മറ്റു മാസങ്ങളില്‍ ഒരു ഫര്‍ദ് ചെയ്തതു പോലെയാണ്. ഒരു ഫര്‍ദ് നിര്‍വ്വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ എഴുപത് ഫര്‍ദ് ചെയ്തതു പോലെയാണ്. ഈ ഹദീസ് ഇമാം ബൈഹഖി (റ) തന്‍റെ വിവിധ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്നു ഖുസൈമ തന്‍റെ സ്വഹീഹിലും ഇത് കൊണ്ടു വന്നിട്ടുണ്ട്. ഇബ്നു ഹിബാന്‍, മഹാമിലി, ഇസ്ബഹാനി തുടങ്ങി ഒട്ടേറെ ഹദീസ് പണ്ഡിതന്മാര്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, മുന്‍കാല മുഫസ്സിറുകളില്‍ മിക്കവരും ഈ ഹദീസ് അവരുടെ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇആനതു ഥാലീബീന്‍ പോലെയുള്ള ഫിഖ്ഹ് വിശദീകരണ ഗ്രന്ഥങ്ങളിലും ഇത് കാണാവുന്നതാണ്. ഇബ്നു ബാസ്, ഇബ്നു ജബ്റീന്‍, ഉസൈമൈന്‍ തുടങ്ങിയ വഹ്ഹാബികള്‍ വരെ ഈ ഹദീസ് അവരുടെ ഫത്‍വകളിലും ലേഖനങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. ഇത്രയധികം ആളുകള്‍ ഉദ്ധരിച്ചതില്‍ നിന്ന് ഇത് പരിഗണിക്കപ്പെടേണ്ടതാണെന്നും ഈ ഹദീസ് ദഈഫാണെന്ന ചിലരുടെ അഭിപ്രായം കണക്കിലെടുത്ത് തള്ളിക്കളയാവതല്ലെന്നും മനസ്സിലാക്കാം. മാത്രമല്ല ഈ ഹദീസ് ((ഹസന്‍) പദവിയിലാണെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഓരോ നന്മക്കും അതിന്‍റെ പത്തിരട്ടി മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലമുണ്ടെന്ന് നബി(സ) ഒരു ഖുദ്‍സിയ്യായ ഹദീസിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. റമദാനില്‍ എഴുപത് ഇരട്ടി ലഭിക്കുമെന്ന ഈ ഹദീസ് അതിനു വിരുദ്ധമല്ല. റമദാനിലല്ലാത്ത മറ്റു മാസങ്ങളില്‍ പത്തു കിട്ടുന്ന ഗുണമാണെങ്കില്‍ അതിനു റമദാനില്‍ എഴുനൂറു (10 * 70) ലഭിക്കുന്നു എന്നര്‍ഥമാക്കണം. സല്‍മാന് (റ) വിന്‍റെ ഹദീസില്‍ റമദാനല്ലാത്ത മാസങ്ങളില്‍ ഇരട്ടി പ്രതിഫലങ്ങള്‍ ലഭിക്കുകയില്ലെന്നു വരുന്നുമില്ലല്ലോ.
ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ നല്ല പ്രവര്‍ത്തനങ്ങളും ഈ വര്ദ്ധനവ് ലഭിക്കുന്നതില്‍ പെടും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.