ഗവണ്മെന്‍റ് ജോലി സ്വീകരിക്കാമോ? പി.എഫ് ഫണ്ടില്‍ വരുന്നത് പലിശയല്ലേ? ആ ശമ്പളം ഹലാലാകുമോ

ചോദ്യകർത്താവ്

ശഫീഖ് സി. കെ.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിഷിദ്ധമായ മുതലുമായി കൂടിക്കലര്‍ന്ന വേതനം ലഭിക്കുന്ന ജോലി ഉപേക്ഷിക്കലാണ്‌ ഉത്തമം. ജനാധിപത്യ രാജ്യങ്ങളിലെ ഗവണ്മെന്റുകളുടെ വരുമാനങ്ങള്‍ അനുവദനീയവും നിഷിദ്ധവുമായ സ്രോതസ്സുകളില്‍ നിന്നായത് കൊണ്ട് ഗവണ്മെന്റ് വേതനവും ഇതേ വിധിയില്‍ ഉള്‍പ്പെടുന്നതാണ്.

എന്നാല്‍ ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ ഗവണ്മെന്റ് ജോലി ചെയ്യുന്ന മുസ്ലിമിന് കരണീയമായ ഒട്ടനവധി വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിംകളുടെ നിലനില്പിന്നും അവരുടെ അവകാശങ്ങള്‍ വകവെച്ചു കിട്ടാനും ഗവണ്മെന്റ് ഉദ്യോഗ തലങ്ങളില്‍ മുസ്ലിം പ്രാധിനിധ്യം അനിവാര്യമാണ്. അല്ലാത്തപക്ഷം ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരതക്കും ന്യൂനപക്ഷ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടാനും സാധ്യതകള്‍ ഏറെയാണ്.

അതുകൊണ്ട് ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് മുസ്ലിമിനെ അപേക്ഷിച്ച് അവന്റെ  നിലനില്പ് വളരെ മുഖ്യമായതുകൊണ്ടും മുസ്ലിം ഉദ്യോഗസ്ഥന് ലഭിക്കുന്ന ഗവണ്മെന്റ് വേതനം നിഷിദ്ധമായ മാര്‍ഗത്തില്‍ നിന്നാണ് എന്ന് പൂര്‍ണമായ ഉറപ്പില്ലാത്തതുകൊണ്ടും ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്തില്‍ സര്‍ക്കാര്‍ ജോലി അനുവദനീയമാണ്.

പൊതുവേ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക്‌ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് പോലുള്ള സംവിധാനങ്ങളില്‍ സാധാരണഗതിയില്‍ ഓരോ മാസവും ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതവും തത്തുല്യമായി ജോലിദാതാവിന്റെ വിഹിതവും നിക്ഷേപിക്കുന്നുണ്ടല്ലോ. പക്ഷെ ഈ സംഖ്യ മിക്കപ്പോഴും നിക്ഷേപിക്കപ്പെടുന്നത് നിശ്ചിത വരുമാനം ഉറപ്പുതരുന്ന പലിശയധിഷ്ഠിത നിക്ഷേപക സംവിധാനങ്ങളിലാണ്. അതുകൊണ്ട്‌ തന്നെ അത് ഉല്‍പാദിപ്പിക്കുന്ന വരുമാനം നിഷിദ്ധമായി തീരും. എന്നാല്‍ ഇതില്‍ ജീവനക്കാരന്റെ യഥാര്‍ത്ഥ അവകാശമായ അവന്റെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധിതമായി ഗവണ്‍മെന്റ് നീക്കിവെച്ച സംഖ്യയും അവനു വേണ്ടി ഗവണ്‍മെന്റ് നിക്ഷേപിച്ച സംഖ്യയും അവന്റെ അവകാശമായതിനാല്‍ അത് കണക്കാക്കി അവന്റെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്. ബാക്കിവരുന്നതില്‍ ഹലാലായ നിക്ഷേപത്തിലൂടെയുള്ളതാണെന്ന് ഉറപ്പുള്ള പണം ഉണ്ടെങ്കില്‍ അത് അവന്റെ അവകാശമാണ് അല്ലാതത്തിനു നിഷിദ്ധമായ ധനത്തിന്റെ നിയമം ബാധകമാവും. ആ ധനം എന്ത് ചെയ്യണമെന്നു മനസ്സിലാക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. ഹലാലായത് മാത്രം സമ്പാദിക്കാനുള്ള തൌഫീഖും ഉള്ള സമ്പാദ്യത്തില്‍ ബര്‍കതും നാഥന്‍ നല്‍കുമാറാവാട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter