വിഷയം: മഅ്മൂമായ വ്യക്തി വജ്ജഹ്തു ഓതിയാൽ
ഒരു മഅ്മൂം (തുടർന്നു നമസ്കരിക്കുന്നയാൾ) ഇമാമിന്റെ കൂടെ തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി നമസ്കാരത്തിൽ പ്രവേശിക്കുകയും വജ്ജഹ്തു (ആരംഭ പ്രാർത്ഥന) ഓതുകയും ചെയ്തു. എന്നാൽ, മഅ്മൂം സൂറത്തുൽ ഫാതിഹ ഓതിക്കഴിയുന്നതിന് മുൻപായി ഇമാം റുകൂഇലേക്ക് പോവുകയാണെങ്കിൽ, മഅ്മൂം ഫാതിഹ പൂർത്തിയാക്കിയ ശേഷമാണോ റുകൂഇലേക്ക് പോകേണ്ടത്? അതോ ഫാതിഹ പൂർത്തിയാക്കാതെ ഇമാമിനെ ഉടൻ പിന്തുടരുകയാണോ വേണ്ടത്?
ചോദ്യകർത്താവ്
MOHAMME RAZIL
Jun 10, 2026
CODE :Fat16326
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയ ഉടൻ തന്നെ മഅ്മൂം ജമാഅത്തിൽ പങ്കുചേർന്നു. തുടർന്ന് ഇമാം സാധാരണ രീതിയിൽ ഫാത്തിഹ ഓതാൻ ആരംഭിച്ചു. എന്നാൽ മഅ്മൂം വജ്ജഹ്തു ഓതിയതു കാരണം ഫാത്തിഹ പൂർത്തിയാക്കാൻ സാധിച്ചില്ല; അതിനിടയിൽ ഇമാം റുകൂഇലേക്ക് പോവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കർമ്മശാസ്ത്ര നിയമങ്ങൾ താഴെ പറയുന്നവയാണ്:
ഇമാം റുകൂഇലേക്ക് പോയാലും മഅ്മൂം പെട്ടെന്ന് ഇവിടെ റുകൂഇലേക്ക് പോകാൻ പാടില്ല. അവൻ മവാഫിഖ് ആയതിനാലാണ് ഇത്. ഫാത്തിഹ ഓതിത്തീർക്കൽ മഅ്മൂമിന് ഇവിടെ നിർബവുമാണ്. ഫാത്തിഹ പൂർണ്ണമായി ഓതിത്തീർത്തതിനുശേഷം മാത്രമേ റുകൂഇലേക്ക് കുനിയാവൂ.
ഫാത്തിഹ പൂർത്തിയാക്കി മഅ്മൂം റുകൂഇലേക്ക് പോകുമ്പോൾ, ഇമാം രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തുന്നതിന് മുമ്പായിരിക്കണം അത്. എങ്കിൽ മഅ്മൂമിന് ആ റക്അത്ത് ലഭിക്കുന്നതാണ്. എന്നാൽ മഅ്മൂം ഫാത്തിഹ ഓതിക്കഴിയുമ്പോഴേക്കും ഇമാം രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ, ആ റക്അത്ത് മഅ്മൂമിന് നഷ്ടപ്പെടുന്നതാണ്. റക്അത്ത് നഷ്ടപ്പെടുന്ന പക്ഷം, മഅ്മൂം പിന്നീട് റുകൂഇലേക്ക് പോകാതെ നേരിട്ട് ഇമാമിനൊപ്പം അടുത്ത റക്അത്തിലേക്ക് (അല്ലെങ്കിൽ ഇമാം നിലവിൽ ഏത് അവസ്ഥയിലാണോ അതിലേക്ക്) പങ്കുചേരേണ്ടതാണ്. നഷ്ടപ്പെട്ട ആ ഒരു റക്അത്ത് ഇമാം സലാം വീട്ടിയ ശേഷം മഅ്മൂം ഒറ്റയ്ക്ക് നിസ്കരിച്ച് പൂർത്തിയാക്കണം.
ഇനി, ഇമാം അസാധാരണമായ വേഗതയിൽ സൂറത്തുൽ ഫാത്തിഹ ഓതിത്തീർത്ത് റുകൂഅ്‌ലേക്ക് പോവുകയാണെങ്കിൽ, മഅ്മൂമായ വ്യക്തി ഫാത്തിഹ പൂർത്തിയാക്കാൻ നിൽക്കേണ്ടതില്ല. താൻ വജ്ജഹത്ത് ഓതാൻ എടുത്ത സമയത്തിന് തുല്യമായ ഭാഗം ഫാത്തിഹയിൽ നിന്ന് ഓതിയ ശേഷം ഉടൻ തന്നെ ഇമാമിനൊപ്പം റുകൂഅ്‌ലേക്ക് പോകേണ്ടതാണ്. ഇമാം റുകൂഅ്‌ലേക്ക് പോയി, അദ്ദേഹം അതിൽ നിന്ന് തല ഉയർത്തുന്നതിന് മുമ്പായി റുകൂഅ്‌ലേക്ക് എത്തിയാൽ മാത്രമേ ആ റക്അത്ത് ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം, ഇമാമിനൊപ്പം ഇഅ്തിദാലിൽ തുടരുകയും, നിസ്കാരത്തിന്റെ അവസാനം ആ ഒരു റക്അത്ത് വീണ്ടും നിസ്കരിച്ച് പൂർത്തിയാക്കുകയും വേണം.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


