വിഷയം: ജമാഅതു നിസ്കാരം
ജമാഅത്ത് നിസ്കാരത്തിന് വൈകിയെത്തുന്ന ഒരാൾക്ക് (മസ്ബൂഖ്), ഇമാം ഖിയാമിൽ അല്ലെങ്കിലും ജമാഅത്തിൽ പങ്കുചേരാൻ സാധിക്കുമല്ലോ (ആ റക്അത് ലഭിച്ചില്ലെങ്കിലും). ഉദാഹരണത്തിന് ഇമാം സുജൂദിലോ അത്തഹിയ്യാത്തിലോ ആണെങ്കിൽ വൈകിവന്നയാൾക്ക് തക്ബീറതുൽ ഇഹ്റാം ചൊല്ലി ആ സുജൂദിലോ അത്തഹിയ്യാത്തിലോ ഇമാമിനെ പിന്തുടരാം. എന്നാൽ ഇമാം ഇഅ്തിദാലിൽ ആണെങ്കിൽ വൈകിവന്നയാൾക്ക് തക്ബീറതുൽ ഇഹ്റാം ചൊല്ലി ഇമാമിനൊപ്പം ഇഅ്തിദാലിൽ പങ്കുചേരാൻ പറ്റുമോ? പറ്റുമെങ്കിൽ അത് എങ്ങനെയാണ് ചെയ്യേണ്ടത്? പറ്റില്ലെങ്കിൽ, നിസ്കാരത്തിന്റെ ഏതൊക്കെ പ്രവൃത്തികളിലാണ് ഇപ്രകാരം തുടരാൻ പറ്റുന്നതും പറ്റാത്തതും?
ചോദ്യകർത്താവ്
റയ്യാൻ ഖാദിം
Jun 17, 2026
CODE :Pra16333
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇമാം നിസ്കാരത്തിന്റെ ഏത് ഘട്ടത്തിലാണെങ്കിലും—അത് റുകൂഅ്, ഇഅ്തിദാൽ, സുജൂദ്, രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം, അല്ലെങ്കിൽ അത്തഹിയ്യാത്ത് ഏതുമാകട്ടെ—വൈകിയെത്തുന്ന മസ്ബൂഖിന് നിയ്യത് വെച്ച് തക്ബീറതുൽ ഇഹ്റാമും ചൊല്ലി കൈ കെട്ടി ഇമാമിനെ പിന്തുടർന്ന് ജമാഅത്തിൽ പങ്കുചേരാവുന്നതാണ്. അതിനാൽ, ഇമാം ഇഅ്തിദാലിൽ ആയിരിക്കുമ്പോൾ വരുന്ന ഒരാൾക്കും ജമാഅത്തിൽ പ്രവേശിക്കാം. അന്നേരം, വൈകിവന്നയാൾ സാധാരണ പോലെ നേരെ നിവർന്നു നിന്ന് നിയ്യത് കരുതി തക്ബീറതുൽ ഇഹ്റാം (അല്ലാഹു അക്ബർ) ചൊല്ലി കൈ കെട്ടി നിസ്കാരത്തിൽ പ്രവേശിക്കട്ടെ. അതിനുശേഷം റുകൂഇലേക്ക് പോകാതെ നേരെ ഇമാമിനൊപ്പം ആ ഇഅ്തിദാലിൽ നിൽകട്ടെ. ആ സമയത്ത് ഇഅ്തിദാലിലെ പ്രത്യേക ദിക്റുകൾ ചൊല്ലി ഇമാം സുജൂദിലേക്ക് പോകുന്നത് വരെ ആ നിൽപ്പിൽ തുടരുകയും, ഇമാം തക്ബീർ ചൊല്ലി സുജൂദിലേക്ക് പോകുമ്പോൾ ഇമാമിനെ അനുഗമിച്ച് സുജൂദിലേക്ക് നീങ്ങുകയും വേണം. നിസ്കാരത്തിലെ എല്ലാ പ്രവൃത്തികളിലും ഇപ്രകാരം തുടരാൻ പറ്റുമെങ്കിലും, ഇമാം റുകൂഇൽ നിന്ന് പൂർണ്ണമായി നിവർന്നു നിൽക്കുന്നതിന് മുൻപ് മസ്ബൂഖ് തക്ബീർ ചൊല്ലി റുകൂഇൽ എത്താതിരുന്നതിനാൽ ഈ ഇഅ്തിദാലിൽ പങ്കുചേരുന്നതുകൊണ്ട് ആ റക്അത് മസ്ബൂഖിന് ലഭിക്കുകയില്ല (ഇമാം സലാം വീട്ടിയ ശേഷം ഈ റക്അത് വീട്ടി നിസ്കരിക്കേണ്ടതാണ്).
ചുരുക്കത്തിൽ, നിസ്കാരത്തിന്റെ എല്ലാ പ്രവൃത്തികളിലും ഇമാമിനെ പിന്തുടരാൻ സാധിക്കുമെങ്കിലും, ഇമാം ഒന്നാമത്തെ സലാം വീട്ടിക്കഴിഞ്ഞാൽ (അതായത് 'അസ്സലാമു അലൈകും എന്നതിലെ അവസാനത്തെ മീം') പറഞ്ഞു കഴിഞ്ഞാൽ) പിന്നീട് ആ ജമാഅത്തിൽ പങ്കുചേരാൻ സാധിക്കുകയില്ല; ഇമാം സലാം പൂർത്തിയാക്കുന്നതിന് മുമ്പായി നിയ്യത് വെച്ച് തക്ബീറതുൽ ഇഹ്റാം ചൊല്ലി പ്രവേശിച്ചാൽ മാത്രമേ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


