ജ്വല്ലറി നടത്തുന്ന കുറിയില്‍ കൂടാമോ? നറുക്ക് വീണവര്‍ പിന്നീട് കാശ് അടക്കേണ്ടതില്ല. അല്ലാത്തവര്‍ക്ക് കാലാവധിക്ക് ശേഷം അടച്ച കാശിനുള്ള സ്വര്‍ണ്ണം പണിക്കൂലി ഇല്ലാതെ കൊടുക്കും. ഇതിന്റെ വിധിയെന്ത്‌?

ചോദ്യകർത്താവ്

അബൂ ഫിദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. മറിച്ചു അങ്ങനെ ചെയ്‌താല്‍ ഇസ്‌ലാം നിരോധിച്ച (റിബല്‍ ഫദ്ല്‍ – അധികപ്പലിശ) ഇനത്തില്‍ വരുന്നതാണ്. തവണകളായി അടച്ചുതീര്‍ത്ത് ശേഷം സ്വര്‍ണ്ണം വാങ്ങലാണല്ലോ മേല്‍ പ്രസ്താവിക്കപ്പെട്ട കുറിയില്‍ നടക്കുന്നത്. കച്ചവടം റൊക്കമായിരിക്കുക എന്ന നിബന്ധന പാലിച്ചിട്ടില്ല എന്നത് വ്യക്തമാണല്ലോ. അത് കൊണ്ട് ആ കുറി ഇസ്‍ലാം നിരോധിച്ച പരിതിയിലാണ് വരുക. കുറി സാധാരണ നിലയില്‍ കടമായാണ് പരിഗണിക്കപ്പെടാറ്. അങ്ങനെ കടത്തിന്റെ സ്വഭാവം ഈ കുറിക്കുമുണ്ടെങ്കില്‍ ഇതിനെയും കടമായി പരിഗണിക്കാം.അഥവാ കാലാവധിക്ക് ശേഷം നമുക്ക് നാം അടച്ച പണമാണ് ആവശ്യമെങ്കില്‍ ജ്വല്ലറി പണവും തിരികെ നല്‍കുമെങ്കില്‍ ഈ കുറിയെ ജ്വല്ലറിക്ക് പണം കടം നല്‍കലായി പരിഗണിക്കാം.  അപ്പോള്‍ ജ്വല്ലറി നമുക്ക് നല്‍കാനുള്ള പണത്തിന് പകരം നാം സ്വര്‍ണ്ണം വാങ്ങി എന്ന് വെക്കാം. അതല്ല ജ്വല്ലറി സ്വര്‍ണ്ണം മാത്രമേ കാലാവധിക്ക് ശേഷം നല്‍കുകയുള്ളൂവെങ്കില്‍ ഇത് നിഷിദ്ധമായ പലിശക്കച്ചവടം തന്നെയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter