വിഷയം: ഫോട്ടോ, Studio, print business ഇസ്ലാമിൽ ഹലാൽ ആണോ?
ഇസ്‌ലാമിക വീക്ഷണത്തിൽ ഫോട്ടോ, പ്രിൻറ്, ഡിജിറ്റൽ സ്റ്റുഡിയോ ബിസിനസിലൂടെ സമ്പാദ്യം ഹലാൽ ആണോ? ടീഷർട്ട് പ്രിന്റിങ്ങ്, cup Mug ,Gift items പ്രിൻറിങ്ങ്, തുടങ്ങിയ ജോലികൾ ചെയ്യുന്ന ബിസിനസ്സ്സ്ഥാപനങ്ങൾ ഇസ്ലാമിൽ അനുവദനീയയമാണോ? അതിലൂടെ ലഭിക്കുന്ന വരുമാനം ഹലാൽ ആണോ? മറുപടി പ്രതീക്ഷിക്കുന്നു What’s app no: +97477552965 Faisal
ചോദ്യകർത്താവ്
Faisal
Sep 3, 2022
CODE :Fin11338
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫോട്ടോഗ്രഫി തൊഴിലായി സ്വീകരിക്കാമോ എന്ന് മനസ്സിലാക്കാന്‍ ഫോട്ടോഗ്രഫിയുടെ വിധി മനസ്സിലാക്കേണ്ടതുണ്ട്. ചിത്രങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്. ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇശ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കും വിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം. എന്നാല്‍, ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്.
വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ പരമാവധി ഫോട്ടോ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് മനസ്സിലാവുന്നത്.
ഫോട്ടോഗ്രഫി ഹലാലോ ഹറാമോ എന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് മനസ്സിലായല്ലോ. ആ വിധി തന്നെയാണ് അതു തൊഴലായി സ്വീകരിക്കുന്നതിനും ഉണ്ടാവുക. ഹറാമായ കാര്യങ്ങള്‍ തൊഴിലാവുമ്പോള്‍ അത് ഹലാലാകുന്നില്ല. ഹലാലായ തൊഴില്‍ മാര്‍ഗ്ഗം അന്വേഷിക്കുകയാണ് വേണ്ടത്.
ഏതായിരുന്നാലും ഫോട്ടോഗ്രഫി എല്ലാ നിലയിലും ഹറാമാണെന്ന അഭിപ്രായവും നിബന്ധനകള്‍ക്ക് വിധേയമായി മാത്രം ഹലാലാണെന്ന അഭിപ്രായവും എന്നാല്‍ നിഴല്‍ പിടിച്ചു നിര്‍ത്തലാണെന്നതിനാല്‍ അനുവദനീയമാണെന്ന അഭിപ്രായവും പണ്ഡിതര്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ കാലത്ത് വിത്യസ്ത ആവശ്യങ്ങള്‍ക്ക് ഫോട്ടോ നമുക്ക് അത്യാവശ്യമായി വരുന്നു. അതിനാല്‍ ഫോട്ടോഗ്രഫി തൊഴില്‍ പൂര്‍ണ്ണമായും പാടില്ല ഒഴിവാക്കണമെന്ന് പറയാനാവില്ല. എന്നാല്‍ പണ്ഡിതര്‍ക്കിടയിലെ വിത്യസ്ത അഭിപ്രായം പരിഗണിച്ച് ആവശ്യമായ ഫോട്ടോകള്‍ മാത്രം ചെയ്യുന്നതായിരിക്കും ഇത്തരം തൊഴില്‍ സ്വീകരിച്ചവര്‍ക്ക് അഭികാമ്യം. സ്ത്രീ പുരുഷന്മാരുടെ ഔറത് പ്രദര്‍ശിപ്പിക്കുന്ന അന്യ സ്ത്രീ പുരുഷ സങ്കലനം പ്രോത്സാഹിപ്പിക്കുന്ന ഫോട്ടോഗ്രഫി ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.