വിഷയം: ‍ കളവ് പറയല്‍

നിരുപദ്രവകരമായ കളവ് എന്നൊന്നുണ്ടോ? ഇത് അനുവദനീയമാണോ?

ചോദ്യകർത്താവ്

സാലിം ജിദ്ദ

May 24, 2021

CODE :Aqe10077

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തമാശക്ക് പോലും കളവ് പറയരുത് എന്നാണ് ഇസ്ലാമികാദ്ധ്യാപനം. കളവ് തിന്മയിലേക്കും തിന്മ നരകത്തിലേക്കും നയിക്കുമെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്. അനന്തരഫലം കൈപ്പേറിയതാണെങ്കിലും സത്യം മാത്രമേ പറയാവൂ എന്നാണ് നബിവചനം. മറ്റൊരാള്‍ക്ക് ഉപദ്രവമുണ്ടോ ഇല്ലേ എന്നത് കളവ് പറയാനുള്ള അനുമതിയുടെ മാനദണ്ഡമല്ല.

എന്നാല്‍ ചില പ്രത്യേകസാഹചര്യങ്ങളില്‍ സാമൂഹികമോ മതപരമോ ആയ ഗുണങ്ങള്‍ക്ക് വേണ്ടി കളവ് പറയുന്നതിന് അനുമതിയുണ്ട്.  എങ്കിലും അത് മുതലെടുപ്പ് നടത്തി കളവ് പറയല്‍ പതിവാക്കാനുള്ളതല്ല. നന്മകള്‍ ലഭ്യമാക്കാന്‍ അതല്ലാത്ത മറ്റു വഴികളില്ലാതിരിക്കുമ്പോള്‍ മാത്രം കളവ് പറയാമെന്നാണതുകൊണ്ടുള്ള ലക്ഷ്യം. അത്തരം സാഹചര്യങ്ങളിലും നേരിട്ട് കളവ് പറയാതെ മറച്ചു പറയലാണുത്തമം.

മഹതിയായ ഉമ്മുകുല്‍സൂം (റ) പറഞ്ഞു: ജനങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ 3 കാര്യങ്ങളിലൊഴികെ മറ്റൊന്നിലും –കളവിന്- വിട്ടുവീഴ്ച ചെയ്യുന്നതായി നബി(സ്വ)യെ ഞാന്‍ കേട്ടിട്ടില്ല.  ജനങ്ങള്‍ക്കിടയില്‍ പരസ്പരം നന്നാക്കുക, യുദ്ധസാഹചര്യം, ഭാര്യാ-ഭര്‍തൃ സംസാരം എന്നിവയാണവ.

ഗുണകരമായ കാര്യങ്ങള്‍ കരസ്ഥമാക്കാന്‍ കളവ് പറയലല്ലാത്ത മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടെങ്കില്‍ അവിടെ കളവ് പറയല്‍ ഹറാമും അല്ലാത്ത പക്ഷം കളവ് പറയല്‍ അനുവദനീയവുമാണ്. മേല്‍പറയപ്പെട്ട ഗുണകരമായ കാര്യം നേടിയെടുക്കല്‍ നിര്‍ബന്ധമാണെങ്കില്‍ കളവല്‍ പറയല്‍ നിര്‍ബന്ധവും അനുവദനീയമായ കാര്യം മാത്രമാണെങ്കില്‍ കളവ് പറയല്‍ അനുവദനീയവുമാണ്. അക്രമിയില്‍ നിന്നോ സ്വത്ത് അപഹരിക്കാന്‍ വരുന്നവനില്‍ നിന്നോ  മറഞ്ഞിരിക്കുന്ന ഒരു മുസ്ലിമിനെ കുറിച്ച് അക്രമി ചോദിച്ചാല്‍  അവിടെ അവനെ കുറിച്ച് പറഞ്ഞുകൊടുക്കാതെ മറച്ചുവെക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം സഹാചര്യങ്ങളില്‍ കളവ് പറയല്‍ ഹറാമല്ലെങ്കിലും കേള്‍ക്കുന്ന ആള്‍ മനസിലാക്കുന്നത് കളവും നാം പറയുന്നതിന് കളവല്ലാത്ത മറ്റൊരു അര്‍ത്ഥവും ഉള്ള തരത്തിലുള്ള മറച്ചുപറയലാണ് ഏറ്റവും അനുഗുണം (ദലീലുല്‍ഫാലിഹീന്‍ 4-289)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter