ഖത്തര്‍ ഇസ്‌ലാമിക്‌ ബാങ്ക് പോലോത്ത ഇസ്‌ലാമിക്‌ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മശ്ഹൂദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സാമ്പത്തിക ഇടപാടുകളുടെ ഇസ്‌ലാമിക സാധുത മനസ്സില്ലാക്കാനുള്ള താങ്കളുടെ ശ്രമത്തെ ആദ്യമേ അഭിനന്ദിക്കട്ടെ. കടം നല്‍കുന്നവന് ഉപകാരമുണ്ടാകുന്ന കടമിടപാടുകള്‍ നിഷിദ്ധമാണ്.  അത് പലിശയിടപാടാണ്. സാധാരണ പരമ്പരാഗത ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുമ്പോള്‍ അവര്‍ അതിനു പലിശ ഈടക്കുന്നതുകൊണ്ട് അതിനെ നാം ഹറാമായി കാണുന്നു. എന്നാല്‍ സാധാരണയായി ഇസ്‌ലാമിക ബാങ്കുകള്‍ വ്യക്തിഗത ഫിനാന്‍സിംഗിന് ഉപയോഗിക്കുന്നത് ഇസ്‌ലാമിക ഫിഖ്‌ഹില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തവര്‍റുഖ്, സര്‍നഖ എന്നൊക്കെ അറിയപ്പെടുന്ന കച്ചവടരീതിയാണ്. കൂടുതല്‍ വിലക്ക് കാലാവധി നിശ്ചയിച്ചു ഒരു ചരക്ക്‌ വാങ്ങുകയും ഉടനെ മറ്റൊരാള്‍ക്ക്‌ കുറഞ്ഞ വിലക്ക് റൊക്കമായി അത് വിറ്റു പണമാക്കുകയും ചെയ്യുന്ന ഇടപാടാണിത്.  ആവശ്യമായ പണലഭ്യതക്കു ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ തന്നെ ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന ഒരു രൂപമാണിത്. ശാഫി മദ്ഹബ് പ്രകാരവും മറ്റു മദ്ഹബുകള്‍ പ്രകാരവും ഇങ്ങനെ വിറ്റു പണമാക്കുന്നത്തില്‍ തെറ്റില്ല. ശാഫി മദ്ഹബ് പ്രകാരം വിറ്റയാള്‍ക്ക് തന്നെ ഇങ്ങനെ തിരിച്ചു വിറ്റാലും ശരിയാകും-ബയ്ഉല്‍ ഈന എന്നാണിത് അറിയപ്പെടുന്നത് (റൌദത്തുല്‍ താലിബീന്‍ - കിതാബുല്‍ ബയ്അ). പക്ഷെ തിരിച്ചു വില്‍ക്കണമെന്ന നിബന്ധനയോടെയാവരുത്‌  ആദ്യ കച്ചവടം എന്ന് മാത്രം. എന്നാല്‍ മറ്റു മൂന്നു മദ്ഹബുകളും കൂടുതല്‍ വിലക്ക് കാലാവധി നിശ്ചയിച്ചു (കടത്തിനു) വിറ്റ വസ്തു അയാള്‍ക്ക്‌ തന്നെ റൊക്കം പണത്തിനു കുറഞ്ഞവിലക്ക് വില്‍ക്കുന്ന ബയ്ഉല്‍ ഈനയെന്ന ഇടപാട്  നിഷിദ്ധമായി കാണുന്നു. ഇസ്‌ലാമിക് ബാങ്കുകളുടെ തവറുഖ് ഇടപാട്‌ ചുരുക്കി ഇങ്ങനെ വിവരിക്കാം 1.ആദ്യം ഉപഭോക്താവ്‌  ബാങ്കിനെ സമീപിക്കുകയും നിശ്ചിത തുകയുടെ ഫിനാന്‍സിംഗ് ആവശ്യമുണ്ടെന്നു അറിയിക്കുകയും ചെയ്യുന്നു. അതനുസരിച്ച് ബാങ്കില്‍ നിന്ന് സമാന തുകക്കുള്ള വില്പന വസ്തു വാങ്ങാമെന്നു അദ്ദേഹം ബാങ്കിനോട് വാഗ്ദാനം ചെയ്യുന്നു. 2.ഉപഭോക്താവിന്റെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക ബാങ്ക് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വിലയില്‍ പെട്ടെന്ന് വ്യത്യാസം വരാത്ത സ്വര്‍ണ്ണം വെള്ളി ഒഴികെയുള്ള  ലോഹങ്ങളോ (ഉദാ: പ്ലാറ്റിനം, അലുമിനിയം, ഇരുമ്പ്) മറ്റു വസ്തുക്കളോ വാങ്ങുന്നു. 3.വില്പന വസ്തു നിയമപരമായി തങ്ങളുടെ അധീനതയിലാവുന്നതോടെ (സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുനത് പോലെയുള്ള രീതികളില്‍) അത് നേരത്തെ ഉപഭോക്താവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനതില്ലുള്ള തങ്ങളുടെ ലാഭം വിഹിതം കൂടി ചേര്‍ത്ത് കൂടിയ വിലക്ക് ഉപഭോക്താവിന് വില്‍ക്കുന്നു. ഇത് മുറാബഹ എന്നാണ് ഇസ്‌ലാമിക ഫിഖ്‌ഹില്‍ അറിയപ്പെടുന്നത്. അത് അംഗീകൃതവുമാണ്. ഈ വില നിശ്ചിത തവണകളായി അടക്കാമെന്ന് ഉപഭോക്താവും ബാങ്കും തമ്മില്‍ ധാരണയിലെത്തുന്നു. 4. വില്‍പന വസ്തു ഉപഭോക്താവിന്റെ നിയമപരമായ അധീനതയിലായത്തിനു ശേഷം തനിക്ക് വേണ്ടി മറ്റൊരാള്‍ക്ക്‌ ഇത് വിറ്റ്‌ പണമാക്കിത്തരാന് ഉപഭോക്താവ് ബാങ്കിനെ ഏല്‍പ്പിക്കുന്നു (വക്കാലത്ത്). ഇവിടെ ഉപഭോക്താവിന്റെ നിയമപരമായ അധീനതയില്‍ എത്തുന്നതിനുമുമ്പ് വക്കാലത്ത്‌ ഏല്പിച്ചാല്‍ അത് സഹീഹാവുകയില്ലെന്നു പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ വില്‍പന വസ്തു എന്തു ചെയ്യണമെന്നത് ഉപഭോക്താവിന്റെ ഇഷ്ടമാണ്. അത് തങ്ങള്‍ വഴി വില്‍ക്കണമെന്നോ മറ്റോ ബാങ്കിനു നിബന്ധന വെക്കാവതല്ല. 5. ഉപഭോക്താവിന്റെ വക്കാലത്ത്‌ പ്രകാരം ബാങ്ക് ഈ വസ്തു വിറ്റ് അതില്‍ നിന്ന് കിട്ടുന്ന തുക അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ ഡെപ്പോസിറ്റ്‌ ചെയ്യുന്നു. സൂചിപ്പിക്കപ്പെട്ട നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഇത്തരത്തില്‍ ഇടപാട് നടത്തുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ചും പലിശയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വേണ്ടിയാവുമ്പോള്‍.  എന്നാല്‍ ഈ ഇടപാടുകള്‍ നേരത്തെയുള്ള ധാരണപ്രകാരം സംഘടിതമായി നടക്കുന്നതായതിനാല്‍ ശരിയാവുകയില്ലെന്നു  ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്തരാഷ്ട്ര ഫിഖ്‌ഹ് അക്കാദമി ഇത്തരമൊരു അഭിപ്രായം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഒരു നാട്ടില്‍ ഇത്തരം കച്ചവടം ഒരു പതിവായി മാറിയാലും ഇത് അനുവദിനീയമാവുമെന്നു ഇമാം നവവി റൌദയില്‍ പറയുന്നുണ്ട്. ബയ്ഉല്‍ ഈനയും പലിശയില്‍ നിന്നു രക്ഷപ്പെടാനായി ഉപയോഗിക്കുന്ന, അനുവദിനീയമാകുന്ന വിഷയത്തില്‍ അഭിപ്രായ വ്യതാസമുള്ള മറ്റു കച്ചവടങ്ങളും കറാഹാത്താണെന്ന് ഇമാം ഇബ്നു ഹജര്‍ അല്‍-ഹൈതമി തുഹഫയില്‍ പറയുന്നു. പണലഭ്യതക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതാവുകയും പലിശപോലുള്ള പൂര്‍ണ്ണമായും നിഷിദ്ധമായ ഇടപാടുകളില്‍ പെട്ട് പോവുകയും ചെയ്യുമെന്ന അവസ്ഥ വരികയും ചെയ്യുമ്പോള്‍ മാത്രം അവസാന പിടിവള്ളിയെന്ന രീതിയില്‍ ഇത്തരം ഇടപാടുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter