ബാങ്ക് ലോണ്‍ കാരണം കടം കൊണ്ട് വലയുന്ന ആളാണ് ഞാൻ. ഇതിൽ നിന്നും മുക്തനായി ഒരു സാധാരണ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. അതിനുള്ള ആത്മീയ പരിഹാരം എന്താണ്?

ചോദ്യകർത്താവ്

ഷിയാസ് തൃശൂര്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ ഇസ്‌ലാം വളരെ നിഷിദ്ധമാക്കിയ ഇടപാടാണ്. പലിശ കൊടുക്കുന്നതും വലിയ തെറ്റാണ്. ഗത്യന്തരമില്ലാതെ അത്തരം ഇടപാടുകളില്‍ പെട്ടുപോയാല്‍ കഴിയും വേഗം അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുകയും തൌബ ചെയ്യുകയും ചെയ്യുക. ഒരു ബാങ്ക് ലോണ്‍ ഇടപാടില്‍ നിന്ന് മുക്തി നേടാന്‍ വീണ്ടും സമാനാമായ മറ്റു ഇടപാടുകളില്‍ പെട്ടുപോകാതിരിക്കാന്‍ ജാഗ്രത വേണം. ഇത്തരം തെറ്റുകളില്‍ നിന്നും മുക്തി നേടാനുള്ള ആദ്യ കാല്‍വെയ്പ് തൌബയാണ്. ദോശത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി നില്‍ക്കലും ആ തെറ്റിലേക്ക് വീണ്ടും മടങ്ങില്ലെന്ന ദൃഢ നിശ്ചയവും തൌബ സ്വീകരിക്കാനുള്ള നിബന്ധനകളാണ്.  പലിശ കൊടുക്കുന്ന തെറ്റില്‍ നിന്നു തൌബ ചെയ്യുമ്പോള്‍ അതില്‍ നിന്നു മാറി നില്‍ക്കണം. പക്ഷേ, പലിശക്ക് ലോണ്‍ എടുക്കുകയും  പിന്നീട് അതില്‍ ഖേദം വരികയും പലിശ കൊടുക്കാതെ മാറി നില്‍ക്കാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലെത്തുകയും ലിശയുടെ കെണിയില്‍ നിന്നു എത്രയും പെട്ടെന്നു രക്ഷപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു വെങ്കില്‍ അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണ്. അതിനാല് സ്വീകരിക്കപ്പെടുകയില്ലെന്ന നിരാശ നിമിത്തം തൌബ ഉപേക്ഷിക്കരുത്. കടക്കെണിയില്‍ നിന്ന് രക്ഷനേടാന്‍ നബി സ്വ ഉപദേശിച്ച പ്രാര്‍ത്ഥനകള്‍ താഴെ ചേര്‍ക്കുന്നു. നബി(സ) തങ്ങളുടെ അലി (റ) വിനോട്  ഇങ്ങനെ ദുആ ചെയ്യാന്‍ കല്‍പിച്ചു. اللَّهُمَّ اكْفِني بِحَلالِكَ عَنْ حَرَامِكَ، وَأغْنِني بفَضْلِكَ عَمَّنْ سِواكَ (അല്ലാഹുവേ ഹറാമിനു പകരം ഹലാല് എനിക്കു മതിയാക്കിത്തരേണമേ. നിന്‍റെ ഔദാര്യം നിമിത്തം മറ്റുള്ളവരില്‍ നിന്ന് എന്നെ ഐശ്വര്യപ്പെടുത്തേണമേ) ഈ ദുആ ചെയ്യുന്നവനു ഒരു മലയോളം കടമുണ്ടെങ്കിലും അതു വീടുമെന്ന് നബി(സ) ഓര്‍മ്മിപ്പിച്ചു. (തിര്‍മിദി, അഹ്മദ്) കടവും പ്രയാസങ്ങളും മൂലം അവശനായ അബൂ ഉമാമ (റ) വിനോടു നബി (സ) താഴെ പറഞ്ഞ ദുആ രാവിലെയും വൈകുന്നേരവും പതിവായി ചെയ്യാന്‍ കല്‍പിച്ചു. اللَّهُمَّ إِني أعُوذُ بِكَ مِنَ الهَمّ والحُزن وأعُوذُ بِكَ مِنَ العَجْزِ والكَسَلِ، وأعُوذُ بِكَ مِنَ الجُبْنِ والبُخلِ، وأعوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرّجالِ (അല്ലാഹുവേ തീര്‍ച്ചയായും ഞാന്‍ നിന്നോട്  മനഃപ്രയാസം, ദുഃഖം എന്നിവയില്‍ നിന്ന് കാവല്‍ ചോദിക്കുന്നു. അശക്തിയില്‍ നിന്നും മടിയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. ഭയം, ലുബ്ധ് എന്നിവയില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. കടം അനിയന്ത്രിതമാവുന്നതില്‍ നിന്നും ആളുകളുടെ കടന്നു കയറ്റത്തില്‍ നിന്നും നിന്നോടു ഞാന്‍ കാവല്‍ ചോദിക്കുന്നു.) (തിര്‍മിദി) ഇതു പതിവാക്കിയപ്പോള്‍ ആ സ്വഹാബിയുടെ കടങ്ങളെല്ലാം വീട്ടപ്പെടുകയും പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടുകയുമുണ്ടായെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവിനോട്  പാപമോചനം തേടുന്നത്  പതിവാക്കിയാല്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ മാറികിട്ടും. സൂറത്ത് നൂഹില്‍ അല്ലാഹു പറയുന്നു. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا (10) يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا (11) وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا (12) (10. എന്നിട്ടവരോട് ഞാന്‍ പറഞ്ഞു: നിങ്ങളുടെ റബ്ബിനോട് നിങ്ങള്‍ പാപമോചനം തേടുക. നിശ്ചയമായും അവന്‍ വളരെയധികം പൊറുക്കുന്നവനായിട്ടുണ്ട്; 11. എന്നാല്‍ നിങ്ങള്‍ക്കവന്‍ ധാരാളം മഴ വര്‍ഷിച്ചുതരികയും,12. സ്വത്തുക്കള്‍ കൊണ്ടും സന്താനങ്ങള്‍ കൊണ്ടും അവന്‍ നിങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരുന്നതുമാണ്.) സൂറത്തുല്‍ ഹൂദില്‍ അല്ലാഹു പറയുന്നു. { وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُمْ مَتاعاً حَسَناً إِلى أَجَلٍ مُسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ} (3. നിങ്ങള്‍ നാഥനോടു പശ്ചാത്തപിക്കുകയും അവനിലേക്കു ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍, ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്കവന്‍ ഉത്തമജീവിതം നല്‍കും; ഉദാത്ത പദവിയുള്ളവര്‍ക്കെല്ലാം പരലോകത്ത് അവന്റെ ഔദാര്യം കനിഞ്ഞേകുന്നതുമാണ്) ദിവസവും നൂറുതവണയെങ്കിലും ഇസ്തിഗ്ഫാര്‍ ചൊല്ലുക. നബി (സ) എലാ ദിവസവും നൂറു പ്രാവശ്യം ഇസ്തിഗ് ഫാര്‍ ചൊല്ലാറുണ്ടായിരുന്നുവെന്നു ഹദീസുകളില്‍ കാണാം. ഇസ്തിഗ്ഫാര്‍ സ്ഥിരമായി ചെയ്യുന്നവന് അല്ലാഹു എല്ലാ പ്രയാസങ്ങളില്‍ നിന്നും രക്ഷാ മാര്‍ഗവും ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനവും നല്‍കുമെന്നും പ്രതീക്ഷിക്കാത്ത വഴിയിലൂടെ അനുഗ്രഹം നല്‍കുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. أَسْتَغْفِرُ اللَّهَ   എന്നോ  أَسْتَغْفِرُ اللَّهَ الَّذِي لا إِلَهَ إِلا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إِلَيْهِ എന്നോ ചൊല്ലാവുന്നതാണ്. കടങ്ങളില്‍ നിന്നും ബാധ്യതകളില്‍ നിന്നും അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter