പലിശ ഉദ്ദേശിക്കാതെ ബാങ്ക് നിക്ഷേപത്തിന്മേല്‍ നമുക്ക് ലഭിക്കുന്ന അധിക പണം പലിശയില്‍ പെടുമോ? ബാങ്ക് നിക്ഷേപത്തിന്‍റെ വിശദീകരണം നല്‍കാമോ?

ചോദ്യകർത്താവ്

ശാക്കിര്‍ കൊടിഞ്ഞി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പലിശ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നത് നിഷിദ്ധമാണെന്നു പറയേണ്ടതില്ലലോ. നാം പലിശ ഉദ്ദേശിക്കുന്നില്ലെങ്കിലും അത്തരം നിക്ഷേപം നടത്തുന്നത് ഹറാം തന്നെ. കാരണം അത് പലിശ ബാങ്കിനെ സഹായിക്കുകയും നിങ്ങളുടെ നിക്ഷേപം കൊണ്ട് ബാങ്കിന് പലിശയിലൂടെ വരുമാനം ഉണ്ടാക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ബാങ്കുമായി നിങ്ങള്‍ ഒപ്പിടുന്ന ഇടപാട് പലിശയുടെ അടിസ്ഥാനത്തില്‍ ആയതിനാല്‍ തന്നെ ആ ഇടപാട് ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പ്രകാരം അസാധുവാണ്. ഇസ്‌ലാമിക ബാങ്കുകള്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പണിമിടപാട് പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ ആ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ പലിശ ബാങ്കുകളുമായി ഇടപാട് നടത്താവൂ.  പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസരങ്ങളിലും ബാങ്കുകളില്‍ പണം സൂക്ഷിക്കാവുന്നതാണ്. ഏതെങ്കിലും നിലയില്‍ ബാങ്കില്‍ നിന്ന് പലിശ ഇനത്തില്‍ നമ്മുടെ അക്കൌണ്ടിലേക്ക് പണം എത്തിയാല്‍ അതു എന്തുചെയ്യണമെന്നു പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി പറയുന്നു: ഭരണാധികാരിയുടെ കയ്യില്‍ നിന്ന് നിഷിദ്ധമായ ധനം ഒരാളുടെ കയ്യില്‍ പെട്ടാല്‍ അത് തിരിച്ചുകൊടുക്കുന്ന പക്ഷം  ഭരണാധികാരി ശരിയല്ലാത്ത മാര്‍ഗത്തില്‍ ചെലവഴിക്കുമെന്നു അയാള്‍ക്ക് ഉറപ്പവുകയോ അല്ലെങ്കില്‍ കൂടുതല്‍ സാധ്യത അതിനാണെന്ന് ബോധ്യപ്പെടുകയോ ചെയ്‌താല്‍ അത് പാലം പണി പോലുള്ള മുസ്‌ലിംകളുടെ പൊതു ആവശ്യങ്ങള്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണ്‌. എന്തെങ്കിലും കാരണം വശാല്‍ അതിനു ബുദ്ധിമുട്ടാണെങ്കില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ക്ക് നല്‍കണം.  (ശറഹുല്‍ മുഹദ്ദബ് 9: 351)  ഇതേ നിലപാട് ബാങ്ക് വിഷയത്തിലും സ്വീകരിക്കേണ്ടതാണ്. ഇവിടെ ബാങ്കിന് നാം ആ പണം തിരിച്ചുനല്‍കുന്ന പക്ഷം നിഷിദ്ധമായ പലിശക്ക് വേണ്ടി അവര്‍ ഉപയോഗിക്കുമെന്ന് ഉറപ്പായതിനാല്‍ റോഡ്‌, പാലം പോലുള്ള പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം. സാധ്യമാകാത്ത പക്ഷം തന്നോട് ബന്ധപ്പെട്ട ഏറ്റവും പാവപ്പെട്ടവര്‍ക്ക് നല്‍കണം. അതേ ബാങ്കില്‍ നിന്ന് കടമെടുത്തു പ്രയാസപ്പെടുന്നവര്‍ക്ക് മുന്ഗണനല്‍കാവുന്നതാണ്. പക്ഷേ അത് അവര്‍ക്ക് വീണ്ടും അവിടെന്നിന്നു പലിശക്ക് കടമെടുക്കാന്‍ പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ ആവാതിരിക്കാന്‍ ശ്രമിക്കുക. കൂടുതല്‍ വിശദീകരണത്തിനു ഈ വിഷയത്തില്‍ നേരത്തെ നല്‍കിയ ഈ മറുപടി വായിക്കാവുന്നതാണ്. ഹലാലായത് മാത്രം സമ്പാദിക്കാനും ഉപയോഗിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter