എനിക്ക് മൂത്രമൊഴിച്ച് കഴിഞ്ഞാല്‍ കുറേ സമയം മൂത്രം ഉറ്റി വരും. ഞാന്‍ നിസ്കരിക്കുമ്പോള്‍ മൂത്രവാര്‍ച്ചക്കാരനെ പോലെ ചെയ്യണോ

ചോദ്യകർത്താവ്

Rahees

Jun 23, 2017

CODE :Fiq8700

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മൂത്രം ഒഴിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണമായും അത് കഴിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതിനെയാണ് ഇസ്തിബ്റാഅ് എന്ന് വിളിക്കുന്നത്. അത് വളരെ പ്രധാനമാണ്.

ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം,  പ്രവാചകര്‍ ഒരിക്കല്‍ രണ്ട് ഖബറുകള്‍ക്ക് അടുത്ത് കൂടി നടന്നുപോയി. അപ്പോള്‍ പറഞ്ഞു, ഈ ഖബ്റിലുള്ളവര്‍ ശിക്ഷിക്കപ്പെടുന്നതാണ്, അത്ര വലിയ ദോഷത്തിലൊന്നുമല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്, അവരില്‍ ഒരാള്‍ മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണ്ണമായും ശുദ്ധമാവാര്‍ (ഇസ്തിബ്റാഅ്) ഇല്ലായിരുന്നു (മറഞ്ഞിരിക്കാറില്ലായിരുന്നു എന്ന് മറ്റൊരു നിവേദനത്തില്‍ കാണാം) മറ്റൊരാള്‍ ഏഷണിക്കാരനായിരുന്നു. എന്നിട്ട് പ്രവാചകര്‍ ഒരു പച്ച മട്ടലെടുത്ത് രണ്ടായി കീറി ഖബ്റിന് സമീപം കുത്തിവെച്ചു. ഇത് കണ്ട സ്വഹാബികള്‍, എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചു, അവിടന്ന് പറഞ്ഞു, അവ രണ്ടും ഉണങ്ങാത്തിടത്തോളം അത് തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ് കാരണമായി അവരുടെ ശിക്ഷക്ക് ഇളവ് ലഭിച്ചേക്കാം (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ മൂത്രമൊഴിച്ചാല്‍ പൂര്‍ണ്ണമായും ശുദ്ധിയായെന്ന് ഉറപ്പ് വരുത്തേണ്ട ആവശ്യകതയെക്കുറിച്ച് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്.

 തൊണ്ട അനക്കിയും ചുമച്ചും മൂത്രനാളത്തില്‍ തങ്ങി നില്‍ക്കുന്ന മൂത്രാംശങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കണം. മാത്രമല്ല. ഇടതു കൈ കൊണ്ട് ലിംഗത്തിന്‍റെ താഴ്ഭാഗത് അതിന്‍റെ മുരടുമുതല് താഴോട്ട്  മൂത്രനാളത്തെ തടവണം. പിന്നെയും മൂത്രം തങ്ങാന്‍ സാധ്യതയുള്ളവര്‍ അല്പം നടക്കുക വരെ ചെയ്യണം. പൂര്‍ണ്ണമായും മൂത്രം പുറത്തു വരാന്‍ അല്പ സമയം ചെലവഴിക്കേണ്ടി വന്നാല്‍ അതും ചെയ്യണം. ഇങ്ങനെ ചെയ്യുന്നതു മൂലം ജമാഅത് നഷ്ടപ്പെട്ടാലും ഇവയെല്ലാം ചെയ്യണം.


ഇനി അങ്ങനെയെല്ലാം ചെയ്ത് ശുദ്ധിയാക്കിയ ശേഷം പിന്നീട് വല്ലതും ഉറ്റിയാല്‍ പോയി വീണ്ടും ശുദ്ധിയാക്കേണ്ടതും നജസ് വസ്ത്രത്തിലായെങ്കില്‍ അതും ശുദ്ധിയാക്കേണ്ടതുമാണ്. അതിന് ശേഷമേ നിസ്കരിക്കാവൂ.


മേല് പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്താലും മൂത്രം നിലക്കാത്തവരാണെങ്കില്‍ അവര്‍ നിത്യ അശുദ്ധിയുള്ളവരാണ്. അവര്‍ നിസ്കരിക്കേണ്ടത് നിസ്കാര സമയമായതിനു ശേഷം ലിംഗം ശുദ്ധിയാക്കി, വസ്ത്രത്തില് മൂത്രമാകാത്ത വിധം ലിംഗം പഞ്ഞിവെച്ച് കെട്ടിവെക്കുക. വുളൂ ചെയ്യുക. നിസ്കരിക്കുക. ഒരോ ഫര്‍ളു നിസ്കാരത്തിനും പ്രത്യേകം  ലിംഗം കഴുകയും പഞ്ഞിയും കെട്ടാനുപയോഗിച്ച നാടയും മാറ്റുകയും വുളൂ ചെയ്യുകയും വേണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter