ചിലയാളുകള്‍ റുകൂഇല്‍ നിന്ന് ഉയര്‍ന്നാല്‍ കൈ വീണ്ടും പൂര്‍വ സ്ഥിതിയില്‍ കെട്ടുന്നു. ഇതിന്റെ വിധി എന്താണ്? അവരെ തുടര്‍ന്ന്‍ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

Umar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ റുകൂഇല്‍നിന്ന് ഉയര്‍ന്ന ശേഷം ഇഅ്തിദാലില്‍ കൈ താഴ്ത്തിയിടുകയാണ് വേണ്ടത് എന്നാണ് ഭൂരിഭാഗ കര്‍മ്മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നത്. നാല് മദ്ഹബുകളിലെയും പ്രബലാഭിപ്രായം അത് തന്നെയാണ്. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ശേഷം (റുകൂഇല്‍നിന്ന്) നീ തല ഉയര്‍ത്തുക, എന്നിട്ട് നിവര്‍ന്ന് നില്‍ക്കുക, എല്ലാ സന്ധികളും അവയുടെ കൃത്യമായ സ്ഥലങ്ങളില്‍തന്നെ എത്തിനില്‍ക്കട്ടെ. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൈ മുട്ടിന്‍റെ സന്ധിയും യഥാസ്ഥലത്ത് എത്തണമെന്നതിനാല്‍ കൈ താഴ്ത്തിയിടുകയാണ് വേണ്ടത് എന്നതാണ് പ്രബലാഭിപ്രായം. എന്നാല്‍ നിസ്കാരത്തിലെ നിര്‍ത്തങ്ങളിലെല്ലാം കൈ നെഞ്ചിന് താഴെ കെട്ടി വെക്കുകയാണ് വേണ്ടതെന്നും ഇഅ്തിദാലില്‍ അതിന് വ്യത്യസ്തമായി ചെയ്യാന്‍ പറയുന്ന വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതെന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇമാം അഹ്മദുബ്നുഹമ്പല്‍ (റ)വിന്‍റെ അഭിപ്രായം ഇതാണെന്ന് പറയപ്പെടുന്നു. ഏത് രൂപത്തില്‍ വെച്ചാലും അത് നിസ്കാരത്തിന്‍റെ സാധുതയെ ബാധിക്കുന്നതല്ല, അത്തരത്തില്‍ കൈ കെട്ടി ഇഅ്തിദാല്‍ നിര്‍വ്വഹിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം തുടര്‍ച്ച ശരിയാവാതിരിക്കുകയുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter