സുബിഹിന്നു ശേഷമുള്ള നിസ്കാരത്തിന്റെ വിധിയെന്താണ്? ഖദാഅ് വീട്ടാനാണെങ്കിലോ?

ചോദ്യകർത്താവ്

ഉമര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുബ്ഹ് നിസ്കാരം നിര്‍വ്വഹിച്ചതിനു ശേഷം സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്‍റെ അത്ര ഉയരുന്നതു വരെയുള്ള സമയം കറാഹത്തിന്‍റെ സമയം എന്നാണ് അറിയപ്പെടുക. ഇതു പോലെ സൂര്യന്‍ മധ്യത്തിലെത്തിയതിനു ശേഷം ളുഹ്റിന്‍റെ സമയം വരെയും അസ്വ് റ് നിസ്കാര ശേഷം മഗ്റിബ് വരെയും സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ ഒരു കുന്തത്തിന്‍റെ അത്ര ഉദിച്ചയുരന്നതു വരെയും, വൈകുന്നേരം സൂര്യന്‍ മഞ്ഞയായതിനു ശേഷം മഗ്റിബു വരെയും കറാഹത്തിന്‍റെ സമയങ്ങളാണ്. ഈ സമയത്ത് മുന്തിയ കാരണങ്ങളില്ലാത്തതും സമയ നിര്‍ണ്ണിതമല്ലാത്തതുമായ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കല്‍ ഹറാം ആണ്. എന്നാല്‍ മുന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങള്‍ നിര്‍വഹിക്കാം. അതില്‍പെട്ടതാണ് ഖദാഅ് വീട്ടുന്ന നിസ്കാരങ്ങളും. നിര്‍ണ്ണിത സമയങ്ങളില്‍ നിര്‍വഹിക്കാതെ പോയ സുന്നത് നിസ്കാരങ്ങളും പ്രസ്തുത സമയങ്ങളില്‍ ഖദാഅ് വീട്ടുന്നതില്‍ വിരോധമില്ല. സ്വീകാര്യമായ കാരണങ്ങളില്ലാതെ ഖദാഅ് ആക്കിയ നിസ്കാരങ്ങളാണെങ്കില്‍ അത് എത്രയും പെട്ടന്നു നിസ്കരിച്ചു തീര്‍ക്കല്‍ നിര്‍ബന്ധമാണ്. അത് കറാഹതായ സമയതാണെങ്കിലും. എന്നാല്‍ കറാഹതായ സമയത് നിര്‍വഹിക്കണം എന്ന ഉദ്ദേശത്തോടെ ഖദാആയ നിസ്കാരങ്ങളെ പ്രസ്തുത സമയത്തേക്ക് പിന്തിപ്പിക്കുന്നത് ശരിയല്ല.  അതു പോലെ സുബ്ഹിയുടെ സുന്നത് നിസ്കാരവും സുബ്ഹിക്കു മുമ്പ് നിസ്കരിച്ചിട്ടില്ലെങ്കില്‍ സുബ്ഹ് നിസ്കാര ശേഷം നിര്‍വ്വഹിക്കല്‍ സുന്നതാണ്. പെരുന്നാള്‍ നിസ്കാരങ്ങള്‍ക്ക് ഇത് ബാധകമല്ല. ഒരു കാരണവുമില്ലാതെ നിസ്കരിക്കുന്ന മുഥ്‍ലഖന്‍ സുന്നത് നിസ്കാരങ്ങളും തസ്ബീഹ് നിസ്കാരം പോലോത്തവയും പിന്തിയ കാരണങ്ങളുള്ള ഇസ്തിഖാറതിന്‍റെ നിസ്കാരം, ഇഹ്റാമിന്‍റെ നിസ്കാരം പോലോത്തവയും ഈ പറയപ്പെട്ട സമയങ്ങളില്‍ നിര്‍വഹിക്കാവതല്ല. വെള്ളിയാഴ്ച ഉച്ച സമയം ഇതില്‍ നിന്ന് ഒഴിവാണ്. അതു പോലെ മക്കയിലെ ഹറമിലും ഇത് ബാധകമല്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter