ഉസ്താദേ, എനിക്ക് ഒരാളെ ഇഷ്ടമാണ്. ഞങ്ങള്‍ ആദ്യം പരസ്പരം ഫോണ്‍ വിളിക്കലും ചാറ്റ് ചെയ്യലുമെല്ലാമുണ്ടായിരുന്നു. ഇപ്പോഴതൊന്നുമില്ല. ഞങ്ങളിരുവര്‍ക്കും പരസ്പരം ഇഷ്ടമാണ്. വിവാഹസമയമാവുമ്പോള്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ഞാന്‍ വീട്ടില്‍ ചോദിച്ചാല്‍ അത് ഒരു ഹറാമായ കല്യാണം ആകുമോ?

ചോദ്യകർത്താവ്

shafna

Jun 1, 2021

CODE :Oth10124

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജീവിതാന്ത്യം വരെ ഇണയും തുണമായി ഭാര്യയും ഭര്‍ത്താവും ജീവിക്കാനുള്ള അതിവിശിഷ്ടമായ ഇടപാട് കര്‍മമാണല്ലോ നികാഹ് അഥവാ വിവാഹം. ഒരു നിലക്കും യോചിച്ചു പോകാനാവാത്ത സാഹചര്യത്തില്‍ ത്വലാഖ് ചൊല്ലി പിരിയാനുള്ള അവസരമുണ്ടെങ്കിലും, വിവാഹശേഷം അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് വിവാഹാന്വേഷണം മുതല്‍ നികാഹ് നടക്കുന്നത് വരെയുള്ള കാര്യങ്ങളിലും തുടര്‍ന്നും വളരെ ശ്രദ്ധ പുലര്‍ത്താന്‍ കല്‍പ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ നികാഹ് ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായ വലിയ്യ് ഈ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കണമെന്ന് കല്‍പ്പിക്കപ്പെട്ടതിന്‍റെ ലക്ഷ്യമതാണ്. അവളുടെ സമ്മതത്തോടെ അവള്‍ക്ക് എല്ലാം കൊണ്ടും അനുയോജ്യനായ ഇണയെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കലാണ് രക്ഷിതാവിന്‍റെ ഉത്തരവാദിത്തം. തന്‍റെ മക്കള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതകാലം മുഴുവന്‍ ദാമ്പത്യജീവിതം ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. ആയതിനാല്‍ ചോദ്യകര്‍ത്താവിന്‍റെ ഗുണം മാത്രമാഗ്രഹിക്കുന്ന തന്‍റെ വീട്ടുകാരും തനിക്കനുയോജ്യനായ ഇണയെ കണ്ടെത്തി വിവാഹം കഴിച്ചു തരുമെന്നു തന്നെ പ്രതീക്ഷിക്കാം.

ചോദ്യത്തിലുന്നിയിക്കപ്പെട്ടത് പോലെ, നേരത്തേ പരസ്പരം ഇഷ്ടമുള്ളവര്‍ പിന്നീട് വിവാഹിതരാവുന്നതില്‍ ശറഇല്‍ വിലക്കുകളൊന്നുമില്ല. ശറഅ് നിബന്ധന വെച്ച ഘടകങ്ങള്‍ എല്ലാം അടങ്ങിയ രീതിയില്‍ നികാഹ് നടന്നാല്‍ മുന്‍കാലത്ത് പരസ്പരസ്നേഹമുണ്ടായിരുന്നത് ആ നികാഹിന്‍റെ സാധുതയെ ബാധിക്കുന്ന വിഷയമല്ല. രക്ഷിതാക്കളുടെയും വീട്ടുകാരുടെയുമെല്ലാം സംതൃപ്തിയും താല്‍പര്യവും പരിഗണിച്ച് തീരുമാനമെടുക്കലാണ് ഇത്തരം സാഹചര്യങ്ങളി‍ല്‍ കരണീയമായതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter