ചെറിയ കുട്ടികളെ അടികുന്നതില്‍ തെറ്റുണ്ടോ?

ചോദ്യകർത്താവ്

ശാലിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം ഗസാലി (റ)  പറയുന്നത് കാണുക: കുട്ടികള്‍ മാതാപിതാക്കളുടെ അടുത്ത് അള്ളാഹു വിശ്വസിച്ചേല്‍പിച്ച സൂക്ഷിപ്പു സ്വത്താണ്. ഒരു കറയും പരളാത്ത പരിശുദ്ധ സ്ഫടികമാണ് പിഞ്ചു ഹൃദയം. അത് എങ്ങോട്ടെങ്കിലും തിരിച്ചാല്‍ ആ ഭാഗത്തേക്ക് ആകര്‍ഷിക്കപ്പെടും. നന്മ പരിശീലിപ്പിക്കപ്പെട്ടുകയും പഠിപ്പിക്കപ്പെടുകയും ചെയ്താല്‍ അതങ്ങനെ വളരുകയും ഇരു ലോകത്തും ഭാഗ്യം സിദ്ധിച്ചവനാവുകയും ചെയ്യും. അവനെ നല്ലത് ശീലിപ്പിച്ച മാതാപിതാക്കളും ഉസ്താദുമാരും മറ്റും അവനോടൊപ്പമുണ്ടാവും. തിന്മ ശീലിപ്പിക്കുകയും മൃഗങ്ങളെ പോലെ മേയാന്‍ വിടുകയും ചെയ്താല്‍ വിപരീതമായിരിക്കും ഫലം. ഈ ശീലം നല്‍കിയവര്‍ അവനോട് കൂടെ നടക്കേണ്ടി വരും. കുട്ടിക്ക് തീപൊള്ളലേല്‍കുന്നത് മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുവോ അതിലേറെ ഗൌരവത്തില്‍ ആഖിറത്തില്‍ പൊള്ളലേല്‍കുന്നത് സൂക്ഷിക്കേണ്ടതുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നേ കുട്ടികള്‍ മര്യാദ പഠിപ്പിക്കപ്പെടേണ്ടതുണ്ട്. നന്മകള്‍ ശീലിക്കാനും തിന്മകളോടുള്ള വിരക്തി ഇളം മനസ്സില്‍ രൂഢമൂലമാവാനുമാണത്. ഏഴ് വയസ്സാവുന്നതിനു മുമ്പു തന്നേ അവനെ നല്ലത് മാത്രം ചെയ്യാനും തിന്മ ഒഴിവാക്കാനും പ്രേരിപ്പിച്ച് കൊണ്ടിരിക്കണം. ഏഴ് വയസ്സാവുകയും വകതിരിവ് എത്തുകയും ചെയ്താല്‍  മാതാപിതാക്കള്‍ക്കു അത്തരം കല്‍പനകള്‍ നിര്‍ബന്ധമായിത്തീരുന്നു. നിസ്കരിക്കുക നോമ്പനുഷ്ടിക്കുക പോലോത്ത ഫര്‍ദുകള്‍ ബ്രഷ് ചെയ്യുക പോലോത്ത മുഅക്കദായ സുത്തുകള്‍  തുടങ്ങി ശരീഅതിന്റെ നന്മകള്‍ ചെയ്യാന്‍ അവനെ കല്‍പിക്കല്‍ നിര്‍ബന്ധമാണ്. സ്നേഹത്തോടെയാണ് അവനെ കല്‍പിക്കേണ്ടത്. അത്തരം കല്‍പന അംഗീകരിച്ചില്ലെങ്കില്‍ അല്‍പം കടുത്ത സ്വരത്തില്‍ തന്നെ മാതാപിതാക്കള്‍ ഉത്തരവാദിത്വം നിറവേറ്റണം. ഒമ്പത് വയസ്സ് പൂര്‍ണ്ണമായതിനു ശേഷം പ്രസ്തുത കല്‍പനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അവനെ മുറിവ് പറ്റാത്ത വിധം അടിക്കല്‍ നിര്‍ബന്ധമാണ്. നബി തങ്ങള്‍ പറയുന്നു:مُرُوا الصَّبِيَّ بِالصَّلَاةِ إذَا بَلَغَ سَبْعَ سِنِينَ وَإِذَا بَلَغَ عَشْرَ سِنِينَ فَاضْرِبُوهُ عَلَيْهَا ഏഴ് വയസ്സായാല്‍ കുട്ടികളെ നിസ്കരിക്കാന്‍ കല്‍പിക്കണം. പത്ത് വയസ്സായാല്‍ അടിക്കുകയും വേണം. നിസ്കാരത്തെക്കുറിച്ചാണ് ഹദീസില്‍ വന്നതെങ്കിലും മറ്റുള്ള നന്മകളും അതിലുള്‍പെടുമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് വയസ്സ് പൂര്‍ണ്ണമായാല്‍ നിര്‍ബന്ധകാര്യങ്ങള്‍ക്കും സുന്നതുകള്‍ക്കും വേണ്ടി മാത്രമല്ല കുട്ടിയെ മര്യാദ പഠിപ്പിക്കാനുതകുന്ന എല്ലാ കാര്യങ്ങള്‍ക്കു വേണ്ടിയും അവനെ അടിക്കല്‍ അനുവദനീയമാണ്. ഇമാം നവവി (റ) പറയുന്നു:مسألة: هل له استخدام ولده وله ضربه على ذلك؟.الجواب: يجوز له ذلك فيما فيه تأديب الصبي، وتدريبُه، وحسن تربيته ونحو ذلك കുട്ടിയോട് എന്തെങ്കിലും സേവനം ആവശ്യപ്പെടലും അതംഗീകരിക്കാത്തതിനു പേരില്‍ അടിക്കലും അനുവദനീയമാണോ എന്ന് നവവി ഇമാമിനോട് ചോദിച്ചു. കുട്ടിയെ മര്യാദ പഠിപ്പിക്കാനും നല്ലത് ശീലിപ്പിക്കാനും അതാവശ്യമെങ്കില്‍ ചെയ്യാവുന്നതാണ് എന്ന് നവവി (റ) മറുപടി പറഞ്ഞു. ഇത്തരം സല്‍പ്രവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഉടനെ കുട്ടിയെ അടിക്കാന്‍ അനുവാദമില്ല. അടിക്കും മുമ്പ് മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അവനെ ചെയ്യാന്‍ പ്രേരിപ്പിക്കണം. അടിച്ചാലേ ചെയ്യൂ എന്ന് കണ്ടാലാണ് അടിക്കേണ്ടത്. അടിയല്ലല്ലോ മുഖ്യമായ ലക്ഷ്യം, കുട്ടി മര്യാദ പഠിക്കലല്ലേ. الْعِزُّ بْنُ عَبْدِ السَّلاَمِ: وَمَهْمَا حَصَل التَّأْدِيبُ بِالأَْخَفِّ مِنَ الأَْفْعَال وَالأَْقْوَال، لَمْ يُعْدَل إِلَى الأَْغْلَظِ،  إِذْ هُوَ مَفْسَدَةٌ لاَ فَائِدَةَ فِيهِ، لِحُصُول الْغَرَضِ بِمَا دُوْنَه ഇസ്സു ബ്നു അബ്ദിസ്സലാം എന്നവര്‍ പറയുന്നു: വാക്കായാലും പ്രവര്‍ത്തിയായാലും ചെറിയ പ്രവര്‍ത്തനം ചെയ്തിട്ട് ഉപകാരമില്ലെന്ന് മനസ്സിലായാല്‍ മാത്രമേ അതിനു മുകളിലുള്ളതിലേക്ക് നീങ്ങാവൂ. കാരണം ചെറിയ പറച്ചില്‍ കൊണ്ട് തന്നെ നാമുദ്ദേശിച്ചത് ലഭിക്കുന്നുവെങ്കില്‍ അതിനപ്പുറമുള്ളത് ഒരു ഉപകാരവുമില്ലാത്ത നാശമാണ്. അഥവാ സ്നേഹത്തോടെ കല്‍പിക്കുക, പിന്നെ ഭീഷണിയോട് കൂടെ കല്‍പിക്കുക തുടങ്ങിയ പോലോത്ത ഘട്ടങ്ങള്‍ കഴിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുമ്പോഴാണ് അടിക്കേണ്ടത്. അതിനു മുമ്പുള്ള അടിയെക്കുറിച്ച് മഫ്സദത് എന്നാണ് ഇമാം പറഞ്ഞത് അഥവാ ഒഴിവാക്കല്‍ നിര്‍ബന്ധമാണ് എന്നര്‍ത്ഥം. അടിച്ചാലും ചെയ്യില്ലെന്ന് മനസ്സിലായാല്‍ അതല്ല മുറിവ് പറ്റും വിധം അടിച്ചാലേ ചെയ്യൂവെന്ന് തൊന്നിയാല്‍ പിന്നെ അടിക്കാനേ പാടില്ലെന്നാണ് ശരീഅതിന്റെ നിയമം. وَلَوْ لَمْ يُفِدْ إلَّا الْمُبَرِّحُ تَرَكَهُمَا وِفَاقًا لِابْنِ عَبْدِ السَّلَامِ എന്ന് ഇബ്നു ഹജര്‍ (റ) പറയുന്നത് കാണാം. മുറിവാവാത്ത വിധം എത്രയും അടിക്കാമെന്നാണ് പ്രബലമെങ്കിലും ، لِقَوْل النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمِرْدَاسٍ الْمُعَلِّمِ: إِيَّاكَ أَنْ تَضْرِبَ فَوْقَ ثَلاَثٍ، فَإِنَّكَ إِذَا ضَرَبْتَ فَوْقَ الثَّلاَثِ اقْتَصَّ اللَّهُ مِنْكَ മൂന്നിലേറെ അടിച്ചാല്‍ അള്ളാഹു പകരം ചോദിക്കുമെന്ന നബി തങ്ങളുടെ ഹദീസുള്ളത് കാരണം അതിലേറെ അടിക്കരുതെന്ന ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ഏതായാലും ഒരടി കൊണ്ട് തന്നെ ഉപകാരം ചെയ്യുമെങ്കില്‍ അതിലേറെ ചെയ്യുന്നത് നിഷിദ്ധമാണ്. അത് കൊണ്ട് കുട്ടി കല്‍പന അംഗീകരിക്കില്ലെങ്കിലാണ് എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത്. പത്താമത്തെ വയസ്സ് മുതലേ അടിക്കാനുള്ള സമ്മതം ഇസ്‍ലാം നല്‍കിയിട്ടുള്ളൂവെന്നാണ് മനസ്സിലാക്കാനാവുന്നത്. പത്ത് വയസ്സ് സമയത്ത് നല്‍കുന്ന അടി തന്നെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായേ അനുവദനീയമാവുന്നുള്ളൂ. അടിയെ കുറിച്ച് عز بن عبد السلام (റ) പറഞ്ഞത് അതൊരു മഫ്സദതാണെന്നാണ്. മസ്വലഹതിന് വേണ്ടി അനുവദിക്കപ്പെട്ടതാണ്. ، وَإِنَّمَا جَازَ لِكَوْنِهِ وَسِيلَةً إِلَى مَصْلَحَةِ التَّأْدِيبِ അടി ഒരു മഫ്സദതാണ്. മസ്വലഹതിന് വേണ്ടി മാത്രം അനുവദിക്കപ്പെട്ടതാണത്. അപ്പോള്‍ ശരീഅത് കല്‍പിക്കാതെ ഇത്തരം മഫ്സദതുകള്‍ അനുവദനീയമാവില്ല. ഇമാം ഇബ്നു ഹജര്‍ (റ) പറയുന്നു: وَحِكْمَةُ ذَلِكَ التَّمْرِينُ عَلَيْهَا لِيَعْتَادَهَا إذَا بَلَغَ وَأَخَّرَ الضَّرْبَ لِلْعَشْرِ؛ لِأَنَّهُ عُقُوبَةٌ، وَالْعَشْرُ زَمَنُ احْتِمَالِ الْبُلُوغِ بِالِاحْتِلَامِ مَعَ كَوْنِهِ حِينَئِذٍ يَقْوَى وَيَحْتَمِلُهُ غَالِبًا പരിശീലനത്തിനും പ്രായപൂര്‍ത്തിയായാല്‍ പതിവാക്കാനും വേണ്ടിയാണ് കല്‍പനയും അടിയും നിര്‍ബന്ധമായത്, പത്ത് വയസ്സിലേക്ക് അടിയെ പിന്തിപ്പിക്കാന്‍ കാരണം, പ്രായപൂര്‍ത്തിയാവാന്‍ സാധ്യതയുള്ള സമയവും മാത്രമല്ല സാധാരണ നിലയില്‍ അടിയൊക്കെ സഹിക്കാന്‍ പറ്റിയ പ്രായവും പത്തായതിനാലാണ്.  പത്ത് വയസ്സിന് മുമ്പ് അടി സഹിക്കാനുള്ള ശാരീരിക ക്ഷമതയും സഹിക്കാനുള്ള കഴിവും കുട്ടിക്കെത്തിയിട്ടില്ലെന്നാണ് ഇമാം പറയുന്നത്. അപ്പോള്‍ പത്ത് വയസ്സിനു മുമ്പ് അടിക്കല്‍ നിഷിദ്ധമാണെന്നു തന്നെ അതില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല لاعب ابنك سبعا ഏഴ് വയസ്സ് വരെ നിന്റെ കുട്ടിയെ നീ കളിപ്പിക്കുകയെന്ന് മഹാന്മാര്‍ പറഞ്ഞതായി കാണാം. ചുരുക്കത്തില്‍ കുട്ടികളെ അടിക്കണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം. 1) പത്താമത്തെ വയസ്സിലേക്ക് പ്രവേശിക്കുക. 2) അടിക്കേണ്ട ആവശ്യമുണ്ടായിരിക്കുക. (കല്‍പനയും ശേഷം ശാസനയും അംഗീകരിച്ചില്ലെങ്കില്‍ മാത്രമേ അടിക്കാവൂ). 3) മുറിവാവാത്ത വിധം അടിക്കുക. 4) ആവശ്യത്തേക്കാള്‍ കൂടുതല്‍ അടിക്കാതിരിക്കുക. 5) അടിച്ചത് കൊണ്ട് ഉപകാരമില്ലെന്ന് ബോധ്യപ്പെടാതിരിക്കുക. 6) അടി അദബ് പഠിപ്പിക്കാനുള്ളതായിരിക്കുക (ശിക്ഷയും ദേഷ്യം ശമിപ്പിക്കലുമാവരുത്) കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter