ഗര്‍ഭകാലത്ത് പാരായണം ചെയ്യേണ്ട പ്രത്യേകം സൂറത്തുകളെയും ദുആകളെയും കുറിച്ച് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

റാഹില മുഹമ്മദ് അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഗര്‍ഭധാരണത്തിനു ശേഷം ഒരു സ്ത്രീ ആരോഗ്യകാരണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് പോലെ ആത്മീയ കാര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈസാ നബി(അ)യെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത് മര്‍യം ബീവി(റ) ഇബാദത്തുകളില്‍ മുഴുകിയാണ് ജീവിതം തള്ളിനീക്കിയിരുന്നതെന്ന് ചരിത്രത്തില്‍ കാണാം. ആ സമയത്തുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും കുട്ടിയില്‍, വിശേഷിച്ച് നാല് മാസത്തിനു ശേഷം-പ്രതിഫലിക്കുന്നത് കൊണ്ട്  ഖുര്‍ആന്‍ പാരായണത്തിലും മറ്റുമായി സമയം ചെലവഴിക്കുന്നതാണ് ഗര്‍ഭസ്ഥശിഷു നന്നാകുവാന്‍ ഏറ്റവും അഭികാമ്യം. ഗര്‍ഭിണി പ്രത്യേകമായി ചില സൂറതുകള്‍ ഓതണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടതായി കണ്ടിട്ടില്ല. മര്‍യം ബീവിയുടെ ഗര്‍ഭധാരണത്തെയും പ്രസവത്തേയും എന്ന പോലെ യഹ്‍യാ നബിയുടെ ജനനവും പ്രതിപാദിക്കുന്ന സൂറതു മര്‍യം ഓതാന്‍ ചില പണ്ഡിതര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

പല അമ്പിയാക്കളും തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ചെയ്ത് ദുആകള്‍ ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുണ്ട്. മക്കള്‍ക്ക് വേണ്ടി ദുആ ചെയ്യുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് നമുക്കതില്‍ നിന്ന് ഗ്രഹിക്കാം. ഇബ്റാഹീം നബി തന്റെ സന്താനങ്ങള്‍ക്കായി ചെയ്ത ദുആ ഖുര്‍ആനില്‍ പറയുന്നു:رَبِّ هَبْ لِي مِنَ الصَّالِحِينَ എനിക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ പ്രധാനം ചെയ്യണേ,رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ ഇബ്റാഹീം നബി (സ) യുടെ മറ്റൊരു ദുആയാണിത്. എന്നെയും എന്റെ സന്താനങ്ങളേയും നിസ്കാരം നിലനിര്‍ത്തുന്നവരാക്കണേ, ദുആ സ്വീകരിക്കണേ രക്ഷിതാവേ.

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَاماً എന്ന് ഖുര്‍ആനില്‍ സന്താനങ്ങളില്‍ നിന്നും ഇണകളില്‍ നിന്നും സന്തോഷം ലഭിക്കാനായി ഖുര്‍ആന്‍ കല്‍പിച്ച ദുആയാണ്.وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ പിശാചില്‍ നിന്ന് മര്‍യം ബീവിയെയും സന്താനങ്ങളേയും രക്ഷപ്പെടുത്താനായി മര്‍യം ബീവിയുടെ മാതാവ് ചെയ്ത ദുആയാണിത്. ഇത്തരം ദുആകളൊക്കെ ഗര്‍ഭ സമയത്തും അല്ലാത്ത അവസരങ്ങളിലും പതിവാക്കുന്നത് നല്ലതാണ്.

പ്രസവസമയത്ത് എന്തു ചെയ്യണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നത് കാണാം. ഫത്ഹല്‍ മുഈനില്‍ പറയുന്ന:ു പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയുടെ അടുത്ത് ആയതുല്‍ കുര്‍സിയ്യും മുഅവ്വിദതൈനിയും സൂറത്ത് അഅ്‌റാഫിലെ  54ാം സൂക്തവും യൂനുസ് നബി(അ)മത്സ്യ വയറ്റില്‍ അകപ്പെട്ടപ്പോള്‍ പ്രാര്‍ത്ഥിച്ച  ലാ ഇലാഹ ഇല്ലല്ലാഹു സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ എന്ന ദിക്‌റും വര്‍ധിപ്പിക്കുന്നത് സുഖപ്രസവത്തിന് നല്ലതാണ്. (ഫത്ഹുല്‍മുഈന്‍, ഇആനത്ത്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter