സ്വാലിഹത്തായ ഇണയെ ലഭിക്കാന്‍ എന്തു ചെയ്യണം?
ചോദ്യകർത്താവ്
ANU
Feb 12, 2019
CODE :Oth9149
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഏത് കാര്യം നിറവേറാനും അല്ലാഹുവിന്റെ കാരുണ്യവും സഹായവും ആവശ്യമാണ്. അതിനാല്‍ അവനോട് പ്രാർത്ഥിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അവനോട് എന്തും ചോദിച്ചോളൂ, അവന്‍ ഉത്തരം ചെയ്യുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ വാഗ്ദാനം ചെയ്യപ്പെട്ട കാര്യമാണ്. പക്ഷേ നമ്മുടെ വിളി അവന്‍ കേള്‍ക്കണമെങ്കില്‍ നാം അവന്റെ വിധിവിലക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച് ജീവിക്കണം. അങ്ങനെ അവന്റെ ഇഷ്ടം നേടണം. അപ്പോള്‍ അവന്‍ നാം ഉദ്ദേശിച്ചതിലേക്കുള്ള വഴികള്‍ എളുപ്പമാക്കിത്തരം (സൂറത്തുല്ലൈല്‍).
നബി (സ്വ) അരുള്‍ ചെയ്തു: ‘ഞാന്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ഏറ്റവും നല്ല നിധിയേതാണെന്ന് പറഞ്ഞുതരട്ടേ, അത് സത്യവതിയായ ഭാര്യയാണ്. അവന്‍ അവളിലേക്ക് നോക്കിയാല്‍ അവനെ അവള്‍ സന്തോഷിപ്പിക്കും, അവളില്‍ നിന്ന് മറഞ്ഞാല്‍ അവള്‍ അവന്റെ (വീടും മക്കളും അഭിമാനവും) സംരക്ഷിക്കും, അവന്‍ വല്ലതും ചെയ്യാന്‍ പറഞ്ഞാല്‍ അവള്‍ അനുസരിക്കും’, (അബൂദാവൂദ്, ഹാകിം). ഇത്തരം ഒരു ഭാര്യയെ കിട്ടണമെങ്കില്‍ എന്തു ചെയ്യണമെന്നും നബി (സ്വ) അരു ചെയ്തിട്ടുണ്ട്: ‘നാലു കാര്യങ്ങള്‍ നോക്കിയിട്ട് പൊതു വെ ജനങ്ങള്‍ സ്ത്രീകളെ കല്യാണം കഴിക്കാറുണ്ട്. അവള്‍ക്ക് ധനം ഉണ്ടായി എന്ന കാരണത്താലും അവള്‍ ഉന്നത തറവാട്ടുകാരിയാണ് എന്ന കാരണത്താലും അവള്‍ സുന്ദരിയാണ് എന്ന കാരണത്താലും അവള്‍ മത നിഷ്ഠയുള്ളവളാണ് എന്ന കാരണത്താലും. എന്നാല്‍ ഇവയില്‍ മതനിഷ്ഠയുള്ള സ്ത്രീയെ നീ കല്യാണം കഴിക്കണം. അങ്ങനെ നീ ചെയ്താല്‍ നിന്റെ ദാമ്പത്യത്തില്‍ ആളുകള്‍ അസൂയപ്പെടും വിധം അല്ലാഹു തആലാ വലിയ തോതില്‍ ബറകത്ത് ചെയ്യും.’ (ബുഖാരി, മുസ്ലിം, ബുജൈരിമി). അതിനാല്‍ അല്ലാഹുവുമായിട്ടുള്ള ബന്ധം നന്നാക്കുകയും ദീനുള്ള പെണ്ണിനെ അന്വേഷിക്കുകയും ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.