വിഷയം: പിതാവിനോടുള്ള ബാധ്യത
എന്‍റെ പിതാവ് എന്‍റെ മാതാവിനെ എന്‍റെ കുഞ്ഞുനാളിൽ തന്നെ വിവാഹമോചനം ചെയ്തതാണ്. അതിന്‍റെ കാരണം ഉപ്പാക്ക് മാനസികാസ്വസ്ഥ്യമാണെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതിനാൽ ഉപ്പയുമായുള്ള ഓർമയോ പിതൃസ്നേഹമോ എനിക്കറിയില്ല. ഞാൻ ഇത്ര കാലം വളർന്നത് ബന്ധുക്കളുടെ തണലിലാണ്. ഉപ്പ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എനിക്ക് ഉപ്പയോട് എന്തൊക്കെ ബാധ്യതകൾ ഉണ്ട്?
ചോദ്യകർത്താവ്
MUHAMMAD SAVAD
Oct 13, 2020
CODE :Par9989
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മാതാവും പിതാവും തമ്മിലുള്ള വിവാഹബന്ധം മുറിഞ്ഞാലും അവരും മക്കളും തമ്മിലുള്ള ബന്ധം മുറിയുകയില്ലല്ലോ. നിങ്ങളുടെ പിതാവ് മാതാവിന് വിവാഹമോചനം ചെയ്തെങ്കിലും പിതാവിന്‍റെ മകനായ നിങ്ങളെ വളര്‍ത്തേണ്ടതും പരിപാലിക്കേണ്ടതുമെല്ലാം പിതാവിന്‍റെ തന്നെ ബാധ്യതയാണെന്നതു പോലെ, പിതാവിനോട് തിരിച്ചുള്ള എല്ലാ ബാധ്യതകളും മകനെന്ന നിലക്ക് താങ്കളും തിരിച്ചു നല്‍കേണ്ടതുണ്ട്.
മഹാനായ അബൂബകര്‍ സ്വിദ്ദീഖ്(റ)ന്‍റെ മകളായ അസ്മാഅ്(റ) എന്നവരുടെ മാതവായിരുന്ന ഖബീല എന്നവരെ അബൂബകര്‍(റ) ജാഹിലിയ്യാ കാലത്ത് വിവാഹമോചനം ചെയ്തതായിരുന്നു. പില്‍ക്കാലത്ത് മാതാവ് ഖബീല തന്‍റെ അടുക്കലേക്ക് ചില പാരിതോശികങ്ങളുമായി കടന്നുവന്നപ്പോള്‍ അസ്മാഅ്(റ) അവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കാനും അവരില്‍ നിന്ന് പാരിതോശികം സ്വീകരിക്കാനും മടി കാണിച്ചു. വിഷയം നബി(സ്വ)യോട് ചോദിക്കാന്‍ ആളെ അയക്കുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) മാതാവിനെ വീട്ടില്‍ പ്രവേശിപ്പിക്കാനും പാരിതോശികം സ്വീകരിക്കാനും കല്‍പ്പിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഇതരമതസ്ഥരായ മാതാപ്പിതാക്കളോട് പോലും ബാധ്യതകള്‍ നിറവേറ്റണമെന്നറിയിക്കുന്ന വിശുദ്ധഖുര്‍ആന്‍ സൂക്തം (സൂറതുല്‍ മുംതഹിന: 8) അവതരിക്കുകയുണ്ടായി: ''ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വസതികളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നിങ്ങള്‍ നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുന്നില്ല. നിശ്ചയം, അല്ലാഹു നീതിനിഷ്ഠയുള്ളവരെ സ്‌നേഹിക്കുന്നു''.
പിതാവിനെ സ്നേഹിക്കുക, ബഹുമാനിക്കുക, പിതാവിന്‍റെ കുടുംബബന്ധം ചേര്‍ക്കുക, പിതാവിന് സേവനം ചെയ്യുക, പരിചരിക്കുക, രോഗസുശ്രൂഷ നടത്തുക, ആവശ്യമെങ്കില്‍ ചെലവ് നല്‍കുക തുടങ്ങി എല്ലാവിധകടമകളും നിര്‍വഹിക്കല്‍ മകനെന്ന നിലക്ക് താങ്കള്‍ക്ക് അനിവാര്യമാണ്.
അല്ലാഹുവിനെ ആരാധിക്കാനുള്ള കല്‍പനയോടൊപ്പംചേര്‍ത്തിയാണ് മാതാപ്പിതാക്കളോടുള്ള ബാധ്യതയെ വിശുദ്ധഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചിട്ടുള്ളത് എന്നത് ഈ വിഷയത്തിന്‍റെ ഗൌരവം ഉണര്‍ത്തുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.