വിഷയം: ‍ ആയിഷാ(റ)വിന്‍റെ വിവാഹ പ്രായം

ആഇശ (റ) യെ തിരു നബി (സ) വിവാഹം കഴിച്ചത് ആറാമത്തെ വയസ്സിലും, അവർ ഒരുമിച്ച് താമസം തുടങ്ങിയത് ഒമ്പതാമത്തെ വയസ്സിലുമാണെന്നാണ് സ്വഹീഹായ ഹദീസുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ആധുനിക കാലത്തെ യുക്തിവാദികളും ഇസ്‌ലാംവിമർശകരും ഈ പ്രായക്കുറവിനെ പ്രവാചകത്വത്തിനെതിരെയുള്ള ഒരു പ്രധാന ആയുധമായി ഉയർത്തിക്കാട്ടാറുണ്ട്. ഇതേതുടർന്ന്, ആധുനിക ചരിത്രഗവേഷകരിൽ ചിലർ ഈ വിമർശനങ്ങളെ പ്രതിരോധിക്കാൻ വേണ്ടി, വിവാഹസമയത്ത് ആഇശ (റ) യുടെ പ്രായം 19 വയസ്സായിരുന്നു എന്നൊരു ബദൽ ചരിത്രവാദം മുന്നോട്ട് വെക്കുന്നതായും കാണാം. ആഇശ (റ) യുടെ യഥാർത്ഥ വിവാഹപ്രായം എത്രയായിരുന്നു എന്ന് ഹദീസുകളുടെ ആധികാരികത മുൻനിർത്തി വ്യക്തമാക്കാമോ? ഒപ്പം, വിമർശകരുടെ ഇത്തരം ചോദ്യങ്ങളെ ചരിത്രപരവും യുക്തിസഹവും അതിലുപരി വൈകാരികവുമായ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഒരു വിശ്വാസി സമീപിക്കേണ്ടത് എന്ന് വിശദീകരിക്കാമോ

ചോദ്യകർത്താവ്

MUBEENA

Jul 8, 2026

CODE :Pro16376

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ആധുനിക യുക്തിവാദികളും ഇസ്‌ലാംവിമർശകരും തിരു നബി (സ) യുടെ ജീവിതത്തെ ആക്ഷേപിക്കാൻ നിരന്തരം ഉയർത്തുന്ന ഒന്നാണ് ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ വിവാഹപ്രായം.  സത്യത്തിൽ, ഒരു ചരിത്ര സംഭവത്തെ വിലയിരുത്തുമ്പോൾ ആധുനിക കാലത്തെ നിയമങ്ങളോ സങ്കൽപ്പങ്ങളോ വെച്ച് 1400 വർഷം മുമ്പുള്ള കാലഘട്ടത്തെ അളക്കുന്നത് തീർത്തും അയുക്തിപരമാണ്. ഇവിടെ പ്രധാനമായും 'അനക്രോണിസം (ഒരു കാലഘട്ടത്തിലെ മൂല്യങ്ങൾ വെച്ച് മറ്റൊരു കാലഘട്ടത്തെ അളക്കൽ) എന്ന യുക്തിഭംഗം സംഭവിക്കുന്നുമുണ്ട്. ചരിത്രത്തെ എന്നും കൺറ്റക്ഷ്റ്റുവൽ റീടിങ്ങ് നടത്താനായിരിക്കണം എന്നും ശ്രമിക്കേണ്ടത്. ചരിത്രത്തൊടുള്ള നീതിയും അതു തന്നെ. അന്ന് ഇതൊരു പ്രശ്നമുള്ള കാര്യമേ ആയിരുന്നില്ലെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. പ്രവാചകനെ നിന്ദിക്കാനും ജനമധ്യത്തിൽ അവഹേളിക്കാനും മക്കയിലെ ഖുറൈശികളും മദീനയിലെ ജൂതന്മാരും കപടവിശ്വാസികളും എപ്പോഴും അവസരം പാർത്തിരുന്നവരാണ്. എന്നാൽ, അക്കാലത്തെ  ശത്രുക്കളാരും തന്നെ ഈ വിവാഹത്തെ ഒരു അസ്വാഭാവികതയായി കാണുകയോ പ്രവാചകനെതിരെ ആയുധമാക്കുകയോ ചെയ്തിട്ടില്ല എന്നതും ചരിത്രപരമാണ്.

രണ്ടാമതായി,  ഇസ്‌ലാമിക നിയമപ്രകാരം വിവാഹപ്രായം എന്നത് കേവലമൊരു അക്കമല്ല, മറിച്ച് ശാരീരികവും മാനസികവുമായ  പക്വതയാണ്. അഥവാ, ബയലോജിക്കൽ മെച്ചൂറിട്ടി ആണ് വിവാഹത്തിനുള്ള മാനദണ്ഡം എന്നർത്ഥം. അന്ന് അറേബ്യ പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പെൺകുട്ടികൾ വളരെ നേരത്തെ ശാരീരിക പക്വത പ്രാപിക്കാറുണ്ടായിരുന്നു എന്നതാണ് സത്യം. ആറാമത്തെ വയസ്സിൽ വിവാഹ ഉടമ്പടി (അഖ്ദ്) നടന്നിട്ടുണ്ടെങ്കിലും, ആഇശ (റ) ശാരീരികവും മാനസികവുമായ പൂർണ്ണ പക്വത കൈവരിച്ച ശേഷമാണ് (ഒമ്പതാം വയസ്സിൽ) തിരുമേനി(സ്വ)യുടെ വീട്ടിലേക്ക് താമസത്തിനായി കൊണ്ടു വന്നതും. ഇമാം ബുഖാരി(റ) യുടെ ഹദീസ് കാണുക: ആഇശ (റ) പറയുന്നു: "പ്രവാചകൻ എന്നെ വിവാഹം കഴിക്കുമ്പോൾ എനിക്ക് ആറ് വയസ്സായിരുന്നു. മദീനയിൽ വന്ന് ഞങ്ങൾ വീടുകൂടുമ്പോൾ ഒമ്പത് വയസ്സായിരുന്നു." (ബുഖാരി: 5133, മുസ്‌ലിം: 1422). ആഇശ (റ) തന്നെ നേരിട്ട് വ്യക്തമാക്കുന്ന, ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഈ സ്വഹീഹായ (ഏറ്റവും ആധികാരികമായ) ചരിത്രവസ്തുതയെ വിശ്വാസികൾക്ക് തള്ളിക്കളയേണ്ടതില്ല. കാരണം അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഇതിൽ യാതൊരു ധാർമ്മികച്യുതിയോ തെറ്റോ ഉണ്ടായിരുന്നുമില്ല.

ആധുനിക കാലത്തെ ചില ചരിത്ര ഗവേഷകരും പണ്ഡിതന്മാരും ആഇശ (റ) യുടെ പ്രായം വിവാഹസമയത്ത് 16-19 വയസ്സായിരുന്നു എന്ന് സമർത്ഥിക്കാൻ ചില ചരിത്രഗ്രന്ഥങ്ങളിലെ വരികൾ വെച്ച് കണക്കുകൾ മുന്നോട്ട് വെക്കാറുണ്ട്. ആഇശ (റ) യുടെ ജ്യേഷ്ഠത്തി അസ്മാഅ് (റ) ന് ഹിജ്‌റ ഒന്നാം വർഷം 27 വയസ്സായിരുന്നുവെന്നും, അവർ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നുമുള്ള ചില ചരിത്ര പരാമർശങ്ങളെ (ഉദാഹരണത്തിന് ഇബ്നു അസാകിർ) അടിസ്ഥാനമാക്കിയാണ് ഈ വാദം ഉയരുന്നത്. ഇതനുസരിച്ച് കണക്കാക്കിയാൽ വീടുകൂടുമ്പോൾ ആഇശക്ക് 17-19 വയസ്സ് വരുംഎന്നാണ് അവരുടെ കണക്കു കൂട്ടലുകൾ.

 എന്നാൽ ഭൂരിഭാഗം മുൻകാല-പിൻകാല ഹദീസ് പണ്ഡിതന്മാരും ഈ '19 വയസ്സ് വാദം' അംഗീകരിക്കുന്നില്ല. കാരണം, ചരിത്രഗ്രന്ഥങ്ങളിലെ പരോക്ഷമായ വരികൾ വെച്ചുള്ള ഇത്തരം കണക്കുകൂട്ടലുകളേക്കാൾ (Deductions) എത്രയോ മുകളിലാണ് സ്വഹീഹുൽ ബുഖാരിയിലും മുസ്‌ലിമിലും ആഇശ (റ) സ്വന്തം നാക്കുകൊണ്ട് വ്യക്തമാക്കിയ ഹദീസിന്റെ ആധികാരികത. വിമർശകരുടെ ചോദ്യങ്ങളിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടാൻ വേണ്ടി ഹദീസുകളുടെ ആധികാരികതയെ ബലിനൽകേണ്ടതില്ല എന്നാണ് പണ്ഡിതപക്ഷം.

തിരുനബിക്ക്(സ്വ) തന്റെ ഭാര്യമാരിൽ ഏറ്റവും പ്രിയം ആഇശ (റ) യോടായിരുന്നു. അവരുടെ ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളും സ്നേഹപ്രകടനങ്ങളും ഹദീസുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ എവിടെയും ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയോ മാനസിക പീഡനമോ കാണാൻ കഴിയില്ല.

ഈ വിവാഹബന്ധം കേവലമൊരു വൈവാഹിക ജീവിതത്തിനപ്പുറം വലിയൊരു വിജ്ഞാന വിപ്ലവത്തിനുള്ള തയാറെടുപ്പുമായിരുന്നു. ചെറുപ്പം മുതൽക്ക് തന്നെ തിരുനബിയുമായി ഒപ്പം കൂടി ആയിഷ(റ)വിന് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്.  ഇസ്‌ലാമിലെ സ്ത്രീകളുടെ സ്വകാര്യ ജീവിതം, കുടുംബ നിയമങ്ങൾ, ആത്മീയ കാര്യങ്ങൾ എന്നിവ ലോകത്തിന് കൃത്യമായി പഠിപ്പിച്ചു കൊടുക്കാൻ അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശക്തിയുമുള്ള ഒരു പെൺകുട്ടിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. പ്രവാചകന്റെ മരണശേഷവും ദശാബ്ദങ്ങളോളം ഇസ്‌ലാമിക ലോകത്തിന് വലിയൊരു വഴിവിളക്കായി നിന്നത് ആഇശ (റ) ആയിരുന്നു. ഏറ്റവും കൂടുതൽ ഹദീസുകൾ നിവേദനം ചെയ്തവരിൽ പ്രമുഖ സ്ഥാനത്താണ് അവർ.

ചുരുക്കത്തിൽ, യുക്തിവാദികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നമ്മൾ ഹദീസുകളെ വളച്ചൊടിക്കുകയോ ചരിത്രത്തെ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല. ആറാമത്തെ വയസ്സിൽ വിവാഹവും ഒമ്പാതാമത്തെ വയസ്സിൽ വീടുകൂടലും എന്നത് അന്നത്തെ കാലഘട്ടത്തിലെ ചരിത്രപരമായ യാഥാർത്ഥ്യമായിരുന്നു എന്നും, അന്നത്തെ സമൂഹത്തിൽ അത് തികച്ചും സ്വാഭാവികവും ധാർമ്മികവുമായിരുന്നു എന്നും വ്യക്തമാക്കുകയാണ് വേണ്ടത്. ഒപ്പം, ആഇശ (റ) എന്ന പണ്ഡിതയെ പ്രവാചകൻ വളർത്തിയെടുത്ത രീതിയും അവർ ലോകത്തിന് നൽകിയ വിജ്ഞാന സംഭാവനകളും ഉയർത്തിക്കാട്ടിക്കൊണ്ട് ഈ വിമർശനങ്ങളെ യുക്തിഭദ്രമായി നേരിടാൻ വിശ്വാസികൾക്ക് സാധിക്കും.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter