വിഷയം: ‍ അവസാനമിങ്ങിയആയത്ത്

സൂറത്തുൽ മാഇദയിലെ മൂന്നാം വചനത്തിലെ 'اليَوْمَ اَكْمَلتُ لَكُم എന്ന ഭാഗത്തിൻ്റെ പ്രത്യേകതയെന്ത്?

ചോദ്യകർത്താവ്

Naseera v p

Dec 19, 2022

CODE :Qur11896

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മഹാനായ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെയടുത്ത്‌ ഒരു ജൂതന്‍ വന്നു ഇങ്ങനെ ബോധിപ്പിക്കുകയുണ്ടായി: അമീറുല്‍ മുഅ്‌മിനീന്‍, ഖുര്‍ആനില്‍ നിങ്ങള്‍ പാരായണം ചെയ്‌തുകൊണ്ടിരിക്കുന്ന മഹത്തായൊരു സൂക്തമുണ്ട്‌. ജൂതസമൂഹത്തിനാണ്‌ അതവതരിച്ചുകിട്ടിയിരുന്നതെങ്കില്‍ ഞങ്ങള്‍ക്ക ആ ദിവസം ഒരാഘോഷം തന്നെയാക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏത്‌ ആയത്താണ്‌ നീ ഉദ്ദേശിക്കുന്നത്‌? ജൂതന്‍: اليَوْمَ اَكْمَلتُ.. ഉമര്‍ പ്രതികരിച്ചു: ഈ സൂക്തം തിരുനബി (സ്വ)ക്ക്‌ അവതീര്‍ണമായ ദിവസവും സമയവുമൊക്കെ എനിക്കറിയാം. അറഫാദിവസം വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അത്‌. (മുസ്‌ലിംകള്‍ക്കത്‌ പുണ്യദിനം തന്നെയാണ്‌ എന്നര്‍ഥം.) ബുഖാരി, മുസ്‌ലിം. 

ദീന്‍ പൂര്‍ത്തിയാക്കി എന്നുവെച്ചാല്‍ ദീനില്‍ വിശ്വസിക്കേണ്ടതും ആചരിക്കേണ്ടതും എന്തൊക്കെയാണോ അതെല്ലാം അറിയിച്ചുതന്നു കഴിഞ്ഞു, ഇപ്പോള്‍ നിലവില്‍ വന്നിട്ടുള്ള രൂപം ഇസ്‌ലാമിന്റെ പൂര്‍ണരൂപമാണ്‌ എന്നത്രെ. അതിനാല്‍ ഇനിമേല്‍ യാതൊരു കാരണവശാലും അതില്‍ യാതൊരു മാറ്റവും വരുത്തരുത്‌. ഈ വാക്യം അവതരിച്ച ശേഷം ഹറാമിനെയോ ഹലാലിനേയോ വിവരിക്കുന്ന ആയത്തുകള്‍ അവതരിച്ചിട്ടില്ല. `അനുഗ്രഹം പൂര്‍ത്തീകരിച്ചു' എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം മതനിയമങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള എല്ലാ തടസ്സങ്ങളും എതിര്‍പ്പുകളും അവസാനിച്ചുവെന്നാണ്‌. ഇനി ആരെയും ഒട്ടും ഭയപ്പെടാതെ എല്ലാം നടത്തുവാന്‍ നിങ്ങള്‍ക്ക്‌ സൗകര്യമാക്കിത്തന്നു. മക്കാപട്ടണം നിങ്ങള്‍ക്കു കീഴ്‌പ്പെടുത്തിത്തന്നു എന്നൊക്കെ സാരം. ഇസ്‌ലാം നിങ്ങള്‍ക്കായി ഞാന്‍ തെരഞ്ഞെടുത്ത മതമാണ്‌. അതു സ്വീകരിച്ചു നടപ്പില്‍ വരുത്തി എന്റെ പൊരുത്തം നേടുക എന്നാണ്‌ തുടര്‍ന്ന്‌ അല്ലാഹു പറയുന്നത്‌. സുപ്രസിദ്ധവും അര്‍ഥഗര്‍ഭവുമായ ഈ സൂക്തം ഹജ്ജത്തുല്‍ വിദാഇല്‍ അറഫയില്‍ വെച്ചാണ്‌ ഇറങ്ങിയത്‌. നബി (സ്വ) അപ്പോള്‍ ഒട്ടകപ്പുറത്തായിരുന്നു. ഈ സൂക്തത്തിന്റെ ശ്രേഷ്‌ഠതയും ഗാംഭീര്യവും അര്‍ഥസമ്പുഷ്ടിയുമൊക്കെ കാരണമായി ആ ഒട്ടകം മുട്ടുകുത്തി വീണുപോയി (ബസ്വാഇര്‍ 1:178). (തഫ്സീറു ഫത്ഹുര്‍റഹ്മാന്‍)

ദീന്‍ പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞാല്‍ ഇനിയൊരു പ്രവാചകന്‍ വരില്ലെന്നും പുതിയ ശരീഅതോ ദീനോ വരില്ലെന്നുമാണ് ഈ ആയതിന്‍റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്.

കൂടുതലറിയാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter