ഇസ്‌ലാമിക നിയമങ്ങളും ഇന്‍ഷൂറന്‍സ് പദ്ധതിയും

കേവല ഭൗതിക നിയമ വ്യവസ്ഥകളുടെ സൃഷ്ടികളിലൊന്നാണ് ഇന്‍ഷൂറന്‍സ് പദ്ധതി. വര്‍ത്തമാന കാലഘട്ടത്തില്‍ വ്യാപാര വ്യവസായങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് അനിവാര്യമായതിനാലും ഇക്കാലത്ത് സാര്‍വ്വത്രികമായ അംഗീകാരം അവക്ക് ലഭ്യമായിക്കഴിഞ്ഞിരിക്കുന്നതിനാലും ഇന്‍ഷൂറന്‍സ് ഇസ്‌ലാമിക നിയമങ്ങളുടെ വെളിച്ചത്തില്‍ അനുവദനീയമാണെന്ന് പല ആധുനിക പണ്ഡിതന്മാരും മതവിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അനുവാദമാണ് ഏതൊരു കാര്യത്തിന്റെയും മൂലവിധി എന്നാണ് ഇതിന്നായി അവര്‍ എടുത്ത് കാട്ടുന്ന ന്യായം.

വ്യാപാരം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഡോക്ടര്‍ അബുല്‍ ഗനീ റാജിഹീ ഒരു മാസികയെ ഉദ്ധരിച്ച് ഇങ്ങനെ എഴുതുന്നു: സ്ഥലംമാറ്റം സാധ്യമായ കച്ചവടച്ചരക്കിന്മേലുള്ള ഇന്‍ഷൂറന്‍സില്‍ ചരക്കുടമ ചരക്കിന്റെ വിലയുടെ നിശ്ചിത ശതമാനം ഇന്‍ഷുറന്‍സ് കമ്പനിയിലടക്കുന്നു. ചരക്കിന്റെ സഞ്ചാരത്തെയും അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനെയും കമ്പനി നിരീക്ഷിക്കുന്നു. ചരക്ക് സുരക്ഷിതമായി സ്ഥലത്തെത്തിയാല്‍ ഉടമക്ക് യാതൊന്നും തന്നെ കമ്പനിയില്‍ നിനിന്നും കിട്ടുകയില്ല. വഴിയില്‍ വെച്ച് ചരക്കിന്ന് വല്ല നഷ്ടവും സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനി ആ നഷ്ടം ഏറ്റെടുക്കുകയും തക്കതായ പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇവിടെ ചരക്കിന്റെ സുരക്ഷിതത്വം ഏറ്റെടുത്തതിന്ന് പ്രതിഫലമെന്നോണം ചരക്കുടമ കമ്പനിക്ക്  നല്‍കിയ സംഖ്യയെ ഒരു കമ്മീഷനോ (ജുഅല്‍) കൂലിയോ (ഉജ്‌റത്ത്) ആയി ക്കണക്കാക്കാം. ചരക്ക് അപകടത്തില്‍ കുടുങ്ങുമ്പോള്‍ കമ്പനി നല്‍കുന്ന സംഖ്യയെ സൂക്ഷിപ്പുകാരന്‍ നല്‍കുന്ന നഷ്ടപരിഹാരമായും കണക്കാക്കാം. സംരക്ഷണം ഏറ്റെടുത്ത സാധനങ്ങള്‍ നഷ്ടപ്പെടുകയാണല്ലോ ഉണ്ടായത്. ഇങ്ങനെ നോക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് ഇസ്‌ലാമില്‍ അനുവദനീയങ്ങളായ ഇടപാടുകളോട് സാമ്യമുള്ളതായി കാണുന്നു. കമ്മീഷന്‍ കരാറും(ജുഅല്‍) സംരക്ഷിത സ്വത്തിന് നഷ്ടപരിഹാരം നല്‍കുക എന്നതും ഇസ്‌ലാമില്‍ അനുവദനീയമായ ഇടപാടുകളാണല്ലോ. ചരക്കുകളെ സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ഇന്‍ഷൂറന്‍സ് കമ്പനിക്ക് എന്തെങ്കിലും അദ്ധ്വാനമോ ചെലവോ വരുന്നുവെങ്കിലാണ് ഈ പറഞ്ഞകാര്യങ്ങള്‍ ശരിയാവുന്നത്. അല്ലാത്ത പക്ഷം (ഈ പ്രശ്‌നത്തെ മറ്റൊരു വിധത്തില്‍ വിശദീകരിക്കാം) കച്ചവട സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ മേലിലുള്ള ഇന്‍ഷൂറന്‍സുകളില്‍ ഇടപാടുകാരന്‍ മാസംതോറുമോ കൊല്ലത്തിലൊരിക്കലോ നിശ്ചിത സംഖ്യ അടക്കുന്നു. ഇന്‍ഷൂറന്‍സ് ചെയ്യപ്പെട്ട വസ്തുവിന്ന് അപകടമൊന്നും പിണഞ്ഞില്ലെങ്കില്‍ ഉടമക്ക് യാതൊന്നും തിരിച്ച് കിട്ടുകയില്ല. അപകടംപറ്റിയാല്‍ നഷ്ടപരിഹാരം ലഭിക്കുന്നു. ഇവിടെ ഇടപാടുകാരന്‍ നല്‍കുന്ന സംഖ്യ പരസ്പരം സഹായം ചെയ്യുന്ന കമ്പനിയെ പ്രോത്സാഹിപ്പിക്കുവാനുള്ള സംഭാവനയായും അപകടം വരുമ്പോള്‍ കമ്പനി നല്‍കുന്ന  നഷ്ടപരിഹാരം ആപത്തില്‍ പെട്ട് ഉഴലുന്നവര്‍ക്കുള്ള സഹായ ധനമായും കണക്കാക്കാം. ഇങ്ങനെ വീക്ഷിക്കുമ്പോള്‍ ഇസ്‌ലാമില്‍ ഇത് നിഷിദ്ധമാണെന്നു    പറയാന്‍ വ്യക്തമായ കാരണമൊന്നും കാണുന്നില്ല. ഇഷ്ടാനുസരണം നല്‍കുന്ന വെറുമൊരു സംഭാവനയും പരസ്പര സഹായവും മാത്രമാണിത്. ഈ കൂട്ടുകെട്ടില്‍ തങ്ങള്‍ സംപൃതരാണെന്ന് പ്രഖ്യാപിക്കുന്നതിലപ്പുറം യാതൊന്നും തന്നെ ഈ വിഷയത്തില്‍ നടക്കുന്ന കരാറിലില്ല. പരസ്പര സഹായാധിഷ്ടിത കൂട്ടുകെട്ട് എന്നതിലുപരി മറ്റൊന്നുമല്ല ഇത്.

വര്‍ത്തമാന കാലത്തെ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് ഇന്നു നടക്കുന്ന ഒരു പൊതുവായനയാണിത്. എല്ലാറ്റിനെയും അതേപോലെ ഇസ്‌ലാമികമായി ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് എവിടെയും നടന്നുകൊണ്ടിരിക്കുന്നത്.

ആളുകളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും വ്യാപാരികളുമെല്ലാം തങ്ങളുടെ സ്വത്ത് അപകടത്തില്‍പെട്ട്‌പോകുന്നതിനെതിരില്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ ഇന്ന് നിര്‍ബന്ധിതരായിരിക്കുകയാണെല്ലോ. ഇതിന്ന് വേണ്ടി അവര്‍ നല്‍കുന്ന സംഖ്യയാണെങ്കില്‍ സംഭവിച്ചേക്കാവുന്ന നഷ്ടത്തിനോട് ചേര്‍ത്തുനോക്കുമ്പോള്‍ വളരെ തുഛവുമാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിവിധതരം ഇന്‍ഷൂറന്‍സുകള്‍ മുഖേന ശേഖരിക്കുന്ന പണം അതി ഭീമമാണ്. അനവധി തവണകള്‍ വഴി നഷ്ടപരിഹാരങ്ങള്‍ നല്‍കിയ ശേഷവും അവര്‍ക്ക് വമ്പിച്ച തുകകള്‍തന്നെ ലാഭമായി ലഭിക്കുന്നു. ഇന്‍ഷൂറന്‍സ് ഇടപാട് സ്വേഷ്ടമനുസരിച്ചാണ് നടക്കുന്നത്. സാമൂഹ്യസേവന രംഗത്ത് വലിയൊരു സേവനമാണിത്. ആളുകള്‍ക്ക് സ്വത്തുക്കള്‍ നഷ്ടപ്പെടാതെ നോക്കുന്നതിനോടൊപ്പം കമ്പനിക്ക് വലിയ ലാഭവും നേടിക്കൊടുക്കുന്നു. അപ്പോള്‍ ഇന്‍ഷൂറന്‍സ് അനുവദനീയം തന്നെ (അത്തളാമുനുല്‍ ഇസ്‌ലാമീ; വാല്യം: 29 ലക്കം: 4,5).

ഇസ്‌ലാമിക നിയമ ദൃഷ്ട്യാ ഇന്‍ഷൂറന്‍സ് അനുവദനീയമാണെന്ന് വാദിച്ചുകൊണ്ട് ശൈഖ് അലിയ്യുല്‍ ഖലീഫ് സുദീര്‍ഘമായി എഴുതിയ തന്റെ ന്യായ വാദങ്ങളെ താഴെ പറയുന്ന അഞ്ചുകാര്യങ്ങളില്‍ സംഗ്രഹിക്കാം:

1) ശരീഅത്തില്‍ പ്രത്യേകമായി നിരോധിക്കുകയോ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ഇടപാടാണ് ഇന്‍ഷൂറന്‍സ്. അത്തരം കാര്യത്തിലുള്ള മൂലവിധി അനുവാദമാണ്. 2) സുവ്യക്തമായ ഗുണഫലങ്ങളുള്ള ഒരു ഇടപാടാണത്. അതിന്റെ പിന്നില്‍ യാതൊരുവിധ ദോഷവുമില്ല. ഗുണഫലം എവിടെ ഉറച്ചിരിക്കുന്നുവോ അവിടെ അല്ലാഹുവിന്റെ വിധിയുണ്ട്.         3) സാമൂഹ്യ ക്ഷേമത്തിനും വ്യക്തിപരമായ ക്ഷേമത്തിനും ആവശ്യമായ നടപടിക്രമമാണത്. അത്തരം നടപടിക്രമം ശറഇന്റെ രേഖകളില്‍ പെട്ടതത്രെ. 4) അനിവാര്യതയോടടുത്ത ഒരാവശ്യമാണത്. അതോടൊപ്പം യാതൊരുവിധ അവ്യക്തയും അതിലില്ല. 5) വാഗ്ദാനത്തെക്കാള്‍ ശക്തമായ ബാധ്യതയേല്‍ക്കലാണ് അതിലുള്ളത്. വാഗ്ദാനം പോലും നിറവേറ്റല്‍ നിര്‍ബന്ധമാണെന്ന് മാലിക്കികള്‍ പറയുന്നു.

മേല്‍ പറഞ്ഞവയും അല്ലാത്തതുമായ പലതരം കാരണങ്ങള്‍ എടുത്ത് കാണിച്ചുകൊണ്ട് ഇന്‍ഷൂറന്‍സ് ഇസ്‌ലാമില്‍ അനുവദനീയമാണെന്ന് ഒരു വിഭാഗം ആളുകള്‍ വാദിക്കുമ്പോള്‍ അതിന്റെ മറുവശം വെളിപ്പെടുത്തിക്കൊണ്ട് അത് അനിസ്‌ലാമികമാണെന്ന് സ്ഥാപിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇസ്‌ലാമിക നിയമങ്ങളെ സംബന്ധിച്ച് ശരിയായ ബോധമുള്ളവര്‍ക്ക് ഇതില്‍ സത്യം ഏതു ഭാഗത്താണെന്ന് കണ്ടുപിടിക്കുവാന്‍ യാതൊരു പ്രയാസവുമില്ല. എതിര്‍ വിഭാഗത്തിന്റെ വാദഗതികളില്‍ ചിലത് ഇവിടെ ഉദ്ധരിക്കാം.

തിട്ടമായ അളവ് അറിയാത്തതും സ്ഥാപിച്ച് കഴിഞ്ഞതുമായ ഒന്നിന്റെ ജാമ്യമേല്‍ക്കലണ് ഇന്‍ഷൂറന്‍സിലുള്ളത്. അവരണ്ടും ഇസ്‌ലാമിക നിയമപ്രകാരം അസാധുവാണ്. ഒരു മുസ്‌ലിമിന്റെ ധനം സംതൃപ്തിയോടുകൂടിയല്ലാതെ സ്വീകരിക്കുവാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇത് നബി തങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. നിശ്ചിതമായ അളവ് അറിഞ്ഞതിലല്ലാതെ സംതൃപ്തിയുണ്ടാകുവാന്‍ തരമില്ലല്ലോ. നീ വാങ്ങുവാന്‍ പോകുന്ന കടത്തിന് ഞാന്‍ ജാമ്യം നിന്നുകൊള്ളുമെന്ന് പറയുന്നത് ശരീഅത്ത് പ്രകാരം സാധുവായ കൂട്ടുകെട്ടല്ല. ഇന്‍ഷൂറന്‍സ് ഇടപാടുകള്‍ ഇപ്രകാരമുള്ള അനിശ്ചിതത്വവും അപകടവും അടങ്ങിയതാണ്. അതിനും പുറമെ അതില്‍ പലിശയുമുണ്ട്. ലൈഫ് ഇന്‍ഷൂറന്‍സില്‍ പ്രീമിയങ്ങള്‍ അടച്ചയാള്‍ കാലാവധിക്ക് ശേഷം തന്റെ ജീവിത കാലത്ത് തന്റെ തുക തിരിച്ച് വാങ്ങുന്നത് പലിശയടക്കമാണല്ലോ. സംഭരിച്ച ധനത്തെ പലതരം പലിശയിടപാടുകളില്‍ കമ്പനി പ്രയോഗിക്കുകയും ചെയ്യുന്നു. പലിശ ഇസ്‌ലാമില്‍ എത്രകണ്ട് നിഷിദ്ധമാണെന്ന് എല്ലാവരും അറിഞ്ഞ കാര്യമാണ്.

കൈറോ യൂനിവേഴ്‌സിറ്റിയിലെ ശരീഅത്ത് വിഭാഗത്തിന്റെ മേധാവിയായ ഉസ്താദ് ശൈഖ് അഹ്മദ് ഇബ്രാഹീമിന്റെ  അഭിപ്രായത്തില്‍ ഇന്‍ഷൂറന്‍സ് ചൂതാട്ടമാണ്. ലൈഫ് ഇന്‍ഷൂറന്‍സിനെപ്പറ്റി അദ്ദേഹം പറയുന്നു: തവണകളില്‍ ഒന്ന് മാത്രം അടച്ച ശേഷം ഒരു ഭീമ വരിക്കാരന്‍ മരണപ്പെട്ടുപോയാല്‍ കരാറനുസരിച്ചുള്ള മുഴുവന്‍ സംഖ്യയും കമ്പനി മരിച്ചയാളുടെ അവകാശിക്ക് നല്‍കുന്നു. കമ്പനിയാണെങ്കില്‍ മരിച്ചയാളില്‍ നിന്നും ഒരു ചെറിയ സംഖ്യ മാത്രമേ ഈടാക്കിയിട്ടുള്ളൂ. കൊടുക്കുന്നതോ ഒരു ഭീമമായ തുകയും. ഇതില്‍ ചൂതാട്ടമില്ലേ? സാക്ഷാല്‍ ചൂതാട്ടം ഇതിലല്ലെങ്കില്‍ മറ്റെവിടെയാണ് അതുണ്ടാവുക? കാരണം വരാനിരിക്കുന്ന കാര്യത്തെ സംബന്ധിച്ച് കമ്പനിക്ക് യാതൊരു ഉറപ്പുമില്ല. ചിലപ്പോള്‍ അപകടമുണ്ടാവും. അന്നേരം നഷ്ടപരിഹാരത്തിന് തുക നല്‍കും. അടച്ചു കഴിഞ്ഞ പ്രീമിയവുമായി ആ തുകയ്ക്ക് പുലബന്ധംപോലുണ്ടായിരിക്കുകയില്ല! ചിലപ്പോള്‍ തവണകള്‍ മുഴുവന്‍ അടച്ചിരിക്കും. വരിക്കാരന് യാതൊന്നും തിരികൊടുക്കുവാനുണ്ടായിരിക്കുകയില്ല. ഇതൊക്കെത്തന്നെയല്ലേ ചൂതുകളിയും? വാസ്തവത്തില്‍ ചൂതുകളിക്കാരന്‍ നല്‍കുന്ന അടവു ഫീസാണ് പ്രീമിയം. അഗ്നിബാധ, നാശ നഷ്ടം, മരണം തുടങ്ങിയ വല്ലതുമുണ്ടായാല്‍ അവന്‍ വലിയൊരു സംഖ്യ നേടുകയുണ്ടായി. അല്ലാത്തപക്ഷം അവന്റെ അടവു സംഖ്യ നഷ്ടപ്പെടുന്നു. അതായത് പ്രീമിയം.

അവ്യക്തമായ നാളെയെപ്പറ്റി മനുഷ്യര്‍ക്കുള്ള ഭീതി ചൂഷണം ചെയ്യലാണ് ഇന്‍ഷൂറന്‍സ് എന്ന് പറയാറുണ്ട്. സത്യം, അതൊരു ചൂഷണവും കച്ചവടവുമാണ്. ജൂതന്മാര്‍ സര്‍വ്വകാര്യത്തിലും ബിസിനസ്സ് നടത്തി. മനുഷ്യരുടെ അഭയത്തില്‍ പോലും! മനുഷ്യരുടെ ജീവിതത്തില്‍ അവരുടെ രക്ഷാബോധത്തിനു വേണ്ടി പുതിയൊരു ചൂഷണമാര്‍ഗ്ഗമായ ഇന്‍ഷൂറന്‍സ് അവര്‍ കണ്ടുപിടിച്ചു. പലിശാതിഷ്ഠിതമായ ഒരു വ്യവസ്ഥിതിയാണിത്. ചരിത്രത്തിന്റെ പ്രാരംഭദശ തൊട്ടുതന്നെ യഹൂദികള്‍ അതിന്റെ പിന്നിലുണ്ട്. ഏതൊരു ഇന്‍ഷുറന്‍സ് കമ്പനിയും സംഭരിക്കുന്ന തുകയും നഷ്ടപരിഹാരമായി നല്‍കുന്ന തുകയും തമ്മില്‍ എപ്പോഴും അജഗജാന്തരമാണുണ്ടായിരിക്കുക. ചൂഷണത്തിന്റെ ഈ ആധുനിക വഴിയെ ഒരു ഉദാഹരണത്തില്‍ കൂടി നമുക്ക്്് ഗ്രഹിക്കാം. ഒരു ഇന്‍ഷൂറന്‍സ് കമ്പനിക്ക് ആയിരം ഭീമ വരിക്കാര്‍ ദശലക്ഷം ഉറുപ്പിക നല്‍കുന്നു എന്നിരിക്കട്ടെ. ഇരുപത് വരിക്കാര്‍ക് നാശനഷ്ടം സംഭവിച്ച വകയില്‍ രണ്ട് ലക്ഷം ഉറുപ്പിക കമ്പനി നല്‍കുന്നു. എന്നാല്‍, ദശലക്ഷം-രണ്ടു ലക്ഷം= എട്ടു ലക്ഷം. ദശലക്ഷം ഈടാക്കി രണ്ട് ലക്ഷം മാത്രം ചിലവാക്കുകയും എട്ട് ലക്ഷം ലാഭിക്കുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് കൊള്ള ലാഭവും ചൂഷണവുമല്ലെങ്കില്‍ മറ്റെന്താണ്?

കാലിക സമ്പദ്ഘടനയുടെ ഒരു അവിഭാജ്യഘടകമാണ് ഇന്‍ഷൂറന്‍സ് എന്ന് പലരം ധരിച്ചുവശായിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ലോകത്തില്‍ ഏതെങ്കിലുമൊരു രാഷ്ട്രം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അതിന്റെ തീവണ്ടികളെ ഇന്‍ഷൂര്‍ ചെയ്യാത്തത് എന്ത്‌കൊണ്ടാണ്? ശതദശലക്ഷങ്ങള്‍ വിലമതിക്കുന്ന അതിന്റെ കെട്ടിടങ്ങളും മറ്റു സാമഗ്രികളും ഇന്‍ഷൂര്‍ ചെയ്യാത്തത് എന്തുകൊണ്ടാണ്? ഇവയൊക്കെ അഗ്നിബാധക്കും അപകടങ്ങള്‍ക്കും ഇരയാവില്ലേ? സത്യം പറഞ്ഞാല്‍, ഇവിടെ ഗവര്‍മെന്റിനറിയാം ഇന്‍ഷൂറന്‍സ് അതിന്ന് ഗുണം ചെയ്യുകയില്ലെന്ന്. ആധുനിക സമ്പദ്ഘടനയില്‍ ഇന്‍ഷൂറന്‍സ് ഒരു അനിവാര്യഘടകമല്ലെന്ന് ഇതിനാല്‍ വ്യക്തമാകുന്നു.

പരിഹാരം നിലവിലുള്ള ഇന്‍ഷൂറന്‍സ് സമ്പ്രദായം ഇസ്‌ലാമിക നിയമദൃഷ്ട്യാ പലിശയുടെയോ ചൂതാട്ടത്തിന്റെയോ പരിധിക്കുള്ളിലാണ് നിലകൊള്ളുന്നതെന്ന് മേല്‍വിവരിച്ച വസ്തുതകളില്‍ നിന്നും കണ്ടുകഴിഞ്ഞു. എന്നാല്‍ വ്യക്തികള്‍ക്കും സമൂഹത്തിന്നും നന്മയേകുന്ന പലവശങ്ങളും അതില്‍ അടങ്ങിയിരിക്കുന്നുവെന്നത് അനിഷേധ്യം തന്നെ. അതേ അവസരം അത്തരം നന്മകളെല്ലാം തന്നെ ശരിയായ ഒരു ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥിതിയില്‍ നിലവിലുള്ള രൂപത്തിലും ഭാവത്തിലുമുള്ള ഇന്‍ഷൂറന്‍സേതര മാര്‍ഗ്ഗത്തില്‍ കൂടിയും പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടെന്നതാണ് സത്യം. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സാമൂഹ്യക്രമം നടപ്പിലില്ലാത്തതാണ് ചൂഷണത്തിന്റെയും പലിശയുടെയും അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സ്വീകരിക്കുവാന്‍ ലോകം നിര്‍ബന്ധിതമായിരിക്കുന്നത്. പരസ്പരോത്തരവാദിത്വത്തിന്റെയും പരസ്പര സഹായത്തിന്റെയും അസ്ഥിവാരത്തിലധിഷ്ടിതമാണ് ഇസ്‌ലാമിക സമൂഹം. റസൂല്‍(സ) ഇങ്ങനെ അരുളുന്നു: പരസ്പര സ്‌നേഹത്തിന്റെയും പരസ്പര കാരുണ്യത്തിന്റെയും കാര്യത്തില്‍ ഒരൊറ്റ ശരീരത്തിന് തുല്യമാണ് വിശ്വാസികള്‍. അതിന്റെ ഏതെങ്കിലുമൊരു അവയവത്തിന് ദീനം ബാധിച്ചാല്‍ പനിച്ചുകൊണ്ടും ഉറക്കമൊഴിച്ചുകൊണ്ടും മുഴുവന്‍ അവയവങ്ങളും അതിനോട് അനുഭാവം പുലര്‍ത്തുന്നു. ഇസ്‌ലാമില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഖലീഫ ഉമര്‍(റ) പൊതു ഖജനാവില്‍ നിന്ന് വേദനം നിശ്ചയിച്ചുകൊടുത്തത് ചരിത്ര പ്രസിദ്ധമാണ്. ഒരിക്കല്‍ ഒരു യഹൂദി പട്ടണത്തില്‍ യാചിക്കുന്നതായി കണ്ടപ്പോള്‍ ദിമ്മിയ്യുകള്‍ക്ക് പോലും അദ്ദേഹം വേതനം നിശ്ചയിച്ച് കൊടുക്കുകയുണ്ടായി.

സക്കാത്ത് നല്‍ക്കപ്പെടേണ്ടവരില്‍ ഒരു വിഭാഗം കടക്കാരാണ്. അനുവദനീയമായ വഴിയില്‍ കടപ്പെട്ട് കുടുങ്ങിക്കിടക്കുന്നവരാണവര്‍. സമുദ്ര ക്ഷോഭം നമിത്തമോ മറ്റുവല്ല ആപത്തില്‍ കുടുങ്ങിപ്പോയത് കൊണ്ടോ കടപ്പെട്ടുപോയവന്റെ സഹായത്തിനായി ഇസ്‌ലാമിക പൊതുനിധി വന്നെത്തുമെന്നത് തീര്‍ച്ചയാണ്. ഇത്തരം ആപത്തില്‍ കുടുങ്ങിയിരിക്കുന്നത് തവണകള്‍ അടച്ചവനോ അല്ലയോ എന്നൊന്നും ഇസ്‌ലാമിക ഗവണ്‍മെന്റ് നോക്കുകയില്ല. കാരണം മനുഷ്യകാരുണ്യമാണിവിടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. അല്ലാതെ ബിസിനസ് മനോഭാവമല്ല. കടത്തിന് നാം കാണുന്നതിലും വിപുലമായ അര്‍ത്ഥമാണ് സാമൂഹ്യബാധ്യതയുടെ വെളിച്ചത്തില്‍ ഇസ്‌ലാം നല്‍കിയിരിക്കുന്നത്. ആളുകള്‍ക്കിടയില്‍ സമാധാനം സംസ്ഥാപിക്കുന്നതിന് വേണ്ടി കടം വാങ്ങിയവന് പണക്കാരനായാല്‍ പോലും ഇസ്‌ലാമിക സക്കാത്ത് നിധിയില്‍ നിന്ന് കടത്തിനു സമാനമായ തുക വാങ്ങുവാന്‍ അവകാശമുണ്ട്.

സുരക്ഷിതത്വത്തിന്ന് വേണ്ടിയുള്ള ഇസ്‌ലാമിക പദ്ധതികളില്‍ ചിലതാണിപ്പറഞ്ഞത്. മരണം, ശക്തിഹീനത, അനാഥത്വം തുടങ്ങിയ എല്ലാ അപകട സാധ്യതകള്‍ക്കും ഇസ്‌ലാം പരിഹാരം ഏര്‍പ്പെടുത്തി വെച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴില്‍ വസിക്കുന്ന എല്ലാ മനുഷ്യര്‍ക്കും അത് ലഭ്യമാവുകയും ചെയ്യുന്നു. അങ്ങനെ ക്ഷേമം സര്‍വ്വരും പങ്കിട്ടെടുക്കുകയും നന്മയില്‍ പരസ്പരം സഹകരിക്കുകയും ചെയ്യുന്ന സമുന്നത വ്യക്തികള്‍ അടങ്ങിയ ഒരു സമൂഹത്തെയാണ് ഇസ്‌ലാം വാര്‍ത്തെടുക്കുന്നത്. അല്ലാതെ ആയിരം വാങ്ങി ഒരു രൂപ മാത്രം കൊടുക്കുന്ന ചൂഷണ സ്ഥാപനങ്ങളെയോ അതിന്റെ പിണിയാളുകളെയോ അല്ല. മനുഷ്യ കാരുണ്യവും മനുഷ്യ ദ്രോഹവും തമ്മിലുള്ള അന്തരമാണിവിടെയുള്ളത്. ദ്രോഹം ഇസ്‌ലാമിന്റെ നിഘണ്ടുവില്‍ ഇല്ലതന്നെ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter