ഇസ്ലാഹുല്‍ ഉലൂം,  താനൂര്‍
കാലത്തിന്റെ കാലൊച്ചകള്‍ കേട്ട വിജ്ഞാനത്തിന്റെ അക്ഷരമുറ്റമാണ് ഇസ്വ്‌ലാഹ്. വൈജ്ഞാനിക വിസ്‌ഫോടന ലോകത്ത് നൂതന സംരംഭങ്ങളാവിഷ്‌കരിച്ച് വിദ്യാവീഥിയില്‍ വിളക്കായി മാറിയ ഈ അക്ഷയഗോപുരത്തിന് പൈതൃകത്തിന്റെ പഴമയും പാരമ്പര്യത്തിന്റെ പ്രതാപവുമുണ്ട്. ഇസ്വ്‌ലാഹിന്റെ പൂര്‍വ്വരൂപം വലിയകുളങ്ങര പള്ളിദര്‍സാണെന്നത് ചരിത്രത്തിലെ വിശുദ്ധ ഏടാണ്. മലബാര്‍ ലഹളയുടെ തീക്ഷ്ണത അനുഭവിച്ചിരുന്ന ഇരുപത്തിയൊന്നുകളില്‍ ദര്‍സ് നിര്‍ണായകസന്ധിയായിരുന്നു. പള്ളിയിലെ ആദ്യമുഫ്തിയും മുദര്‍രിസുമായിരുന്ന ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്ലാഹില്‍ ഹള്‌റമിയാണ് ഹിജ്‌റ 675-ല്‍ വലിയകുളങ്ങര പള്ളിദര്‍സ് തുടങ്ങിയത്. അദ്ദേഹത്തിനു ശേഷം വെളിയങ്കോട് ഉമര്‍ഖാസി, അവുക്കോയ മുസ്‌ലിയാര്‍, ശൈഖ് അബ്ദുറഹ്മാന്‍ നഖ്ശബന്ദി, യൂസുഫുല്‍ ഫള്ഫരി തുടങ്ങിയ സ്വാതികരായ പണ്ഡിത പ്രതിഭകള്‍ ഈ ദര്‍സ് പാരമ്പര്യം കൊണ്ടുനടന്നു. പിന്നീട് പരീക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നേതൃത്വം ഏറ്റെടുത്തു. മലബാര്‍ കലാപത്തില്‍ മാപ്പിള മനസിന്റെ ഊര്‍ജ്ജം ആവാഹിച്ച് പൊരുതിയ പരീക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ ‘മുഹിമ്മാത്തുല്‍ മുഅ്മിനീന്‍’ എന്ന ഗ്രന്ഥമെഴുതിയത്. അതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന് താനൂര്‍ വിടേണ്ടിവരുകയും ചെയ്തു. ശേഷം ചില ശിഷ്യന്‍മാര്‍ ദര്‍സ് തുടര്‍ന്നെങ്കിലും ദര്‍സിന്റെ തന്‍മയത്വവും ഭാവുകത്വവും ക്ഷയിക്കാന്‍ തുടങ്ങി. തദവസരത്തില്‍ നാട്ടുകാരണവന്മാരും പണ്ഡിത പ്രമുഖരും ഒരുമിച്ചു കൂടി ദര്‍സ് നവോത്ഥാനത്തിനും നവോത്കര്‍ഷത്തിനുമായി പ്രസിദ്ധവാഗ്മിയും പണ്ഡിതനുമായ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരെ മുദര്‍രിസായി നിയമിച്ചു. കേരളത്തിലെ ഇസ്‌ലാമിക പ്രചാരകനായ ഹബീബുബ്‌നു മാലികിന്റെ പരമ്പരയില്‍ ജനിച്ച ഈ ദിവ്യജ്യോതിസ്സിന്റെ ആഗമനത്തോടെ മലബാറിന്റെ അഷ്ടദിക്കുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ താനൂരിലേക്കൊഴുകി. പരിമിത സൗകര്യങ്ങളുള്ള ദര്‍സിനെ വിപുലീകരിക്കാന്‍ 1924 ഒക്‌ടോബര്‍ 26ന് കൂടിയ യോഗത്തില്‍ അസാസുല്‍ ഇസ്‌ലാം സഭ രൂപീകരിക്കുകയും ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 1926-ല്‍ മുല്ലക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ സംഗമിച്ച സദസില്‍ വച്ച് ബാഖിയാത്തിന് തതുല്യമായ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുകയും തദ്‌സംബന്ധമായ ധനശേഖരണത്തിനു വേണ്ടി മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരെ ചുമതലപ്പെടുത്തുകയും ചെയ്തു. മൗലാനയുടെയും നിസ്വാര്‍ത്ഥരായ പണ്ഡിതന്മാരുടെയും പ്രമാണിമാരുടെയും കര്‍മ്മഫലമായി 1928-ല്‍ തുടങ്ങിയ കെട്ടിട നിര്‍മാണം 1931 ഓടെ പൂര്‍ത്തിയായി. എ.പി. അലവിക്കുട്ടി മുസ്‌ലിയാര്‍, വാളക്കുളം മുഹമ്മദ് മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ സഹായത്തോടെ മൗലാന ദര്‍സ് മുന്നോട്ടുകൊണ്ടുപോയി. നിര്‍ഭാഗ്യവശാല്‍ 1943-ല്‍ മൗലാനാ പാങ്ങില്‍ താനൂരിനോട് വിടപറഞ്ഞതോടെ ദര്‍സ്സിന്റെ യശസ്സും പെരുമയും മങ്ങാന്‍ തുടങ്ങി. എങ്കിലും അനവധി പണ്ഡിതവരേണ്യരുടെ കാല്‍പാദമേറ്റ് പുളകിതമാവാന്‍ ഇസ്വ്‌ലാഹിന് കഴിഞ്ഞു. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, വെള്ളിയാപുറം സൈതലവി മുസ്‌ലിയാര്‍, കെ.സി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, കെ.പി.എ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇവിടെ ദര്‍സ് നടത്തിയിരുന്നു. മലബാറിന്റെ സ്വാതന്ത്ര്യസമരക്കാലത്ത് കോളറ പടര്‍ന്നുപിടിച്ച ഘട്ടത്തില്‍ കോളറ അപഹരിച്ചവരുടെ അനാഥക്കുട്ടികള്‍ സെര്‍വന്റ് ഓഫ് ഇന്ത്യന്‍ സൊസൈറ്റിയുടെ അനാഥശാലകളില്‍ കഴിയുന്നതില്‍ നൊമ്പരപ്പെട്ട് കോളേജ് മാനേജറായിരുന്ന കെ.പി. ഉസ്മാന്‍ സാഹിബിന്റെ ചുമതലയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കോളേജ് കെട്ടിടത്തില്‍ മുസ്‌ലിം അനാഥശാല സ്ഥാപിച്ചു. ഇങ്ങനെ ചരിത്രത്തിന്റെ വിശാലവിതാനത്തില്‍ മറ്റൊരു നാഴികക്കല്ലാവാനുള്ള സുവര്‍ണാവസരവും ഇസ്‌ലാഹിന് കിട്ടി. 1950-ല്‍ സമസ്തയുടെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പള്ളിയും മദ്‌റസയും ഏറ്റെടുത്തെങ്കിലും പോയകാല പ്രതാപത്തിന്റെ പാരമ്യതയിലേക്കോ പരിസരത്തേക്കോ തിരിച്ചുവരാന്‍ ഭാഗ്യമുണ്ടായില്ലെന്നു മാത്രമല്ല, സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകാനും തുടങ്ങി. തദവസരത്തില്‍ ചിന്താകുലരായ നാട്ടുകാര്‍ 1954-ല്‍ താനൂര്‍ വെച്ച് നടന്ന സമസ്ത 20-ാം സമ്മേളനത്തില്‍ വെച്ച് സ്ഥാപനം സമസ്തക്ക് ഏല്‍പ്പിച്ചുകൊടുത്തു. സമസ്ത ഏറ്റെടുത്ത ശേഷം മൗലാനാ ഖുത്വ്ബി, പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ അനവധി വിജ്ഞാനരഥന്‍മാര്‍ കോളേജിലൂടെ ജൈത്രയാത്ര നടത്തി. ശംസുല്‍ ഉലമ സദര്‍മുദര്‍രിസായും കെ.കെ.ഹസ്‌റത്ത്, ബീരാന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മുദര്‍രിസുമാരായും മുഖ്തസര്‍, മുതവ്വല്‍ പാഠ്യപദ്ധതി പ്രകാരം ദര്‍സ് നടത്തികൊണ്ടു പോകാന്‍ സമസ്ത തീരുമാനിച്ചു. പരിണിതഫലമായി ദര്‍സ് ഔന്നത്ത്യത്തിന്റെ പടവുകള്‍ താണ്ടി. 1959 ഒക്‌ടോബര്‍ 30ന് അന്നത്തെ മാനേജറായിരുന്ന ശംസുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോളേജ് സമസ്തയുടെ മേല്‍നോട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ സമസ്തയും പ്രദേശവാസികളും കോളേജിന്റെ ഉയര്‍ച്ചക്കായി കൈമെയ് മറന്നു പ്രയത്‌നിച്ചു. തദ്വാരാ ഉയര്‍ന്ന കിതാബുകള്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ അന്ന് സ്ഥാപനത്തിലുണ്ടായിരുന്നു. പില്‍കാലത്ത് ശുദ്ധജലത്തിന്റെയും മറ്റും കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതോടെ ശംസുല്‍ ഉലമ കോളേജില്‍ നിന്നൊഴിഞ്ഞു. 1964-ല്‍ മഹാനായ കെ.കെ.ഹസ്‌റത്തിനെ ബാഖിയാത്തിലേക്ക് മുദര്‍രിസായി ക്ഷണിച്ചതിനാല്‍ അദ്ദേഹം കോളേജില്‍ നിന്ന് വിടവാങ്ങി. തുടര്‍ന്ന് ശൂന്യമായ കോളേജില്‍ പല പണ്ഡിതന്‍മാരും അനവധി പദ്ധതികള്‍ വഴി ആ വൈജ്ഞാനിക സദസ്സ് മുന്നോട്ടു നയിച്ചു. അങ്ങനെ 1996-ല്‍ സയ്യിദ് പി.പി തങ്ങള്‍, സി.കെ.എം. ബാവുട്ടി ഹാജി, സി.എം.അബ്ദുസ്സമദ് ഫൈസി തുടങ്ങിയവരുടെ കര്‍മ്മഫലമായി അപ്രശസ്തിയുടെ കാണാമറയത്തേക്ക് ആതപതിച്ചിരുന്ന സ്ഥാപനത്തില്‍ കര്‍മ്മനിരതയുടെ മാറ്റൊലി മുഴങ്ങി. ദഅ്‌വത്തിന്റെ അനന്തസാധ്യതകളില്‍ അന്തിച്ചു നില്‍ക്കാതെ കേരളീയ വൈജ്ഞാനിക നഭോമണ്ഡലങ്ങളിലേക്ക് കടന്നുവന്ന ദാറുല്‍ ഹുദായുടെ ഓരംപറ്റി നവീകൃത സിലബസിന് കീഴില്‍ ഈ മഹോന്നതര്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി. ആഗോളവത്കരണത്തിന്റെ കുതിച്ചുചാട്ടത്തില്‍ ഊരകുത്തിവീഴാതിരിക്കാന്‍ അറബി, ഇംഗ്ലീഷ്, ഉര്‍ദു, മലയാളം എന്നീ ഭാഷകളുടെ അക്ഷരക്കൂട്ടിലിട്ട് 12 വര്‍ഷത്തെ ബൃഹത്തായ സിലബസ്സ് പ്രകാരം വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുക എന്ന ഉത്തമ ഉദ്യമത്തിനാണ് കോളേജ് ചുക്കാന്‍ പിടിക്കുന്നത്. സമസ്തയുടെ മുഖ്യകാര്യദര്‍ശി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മാനേജറും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രിന്‍സിപ്പലുമായ സമിതിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പത്തു വര്‍ഷത്തെ ഇസ്വ്‌ലാഹ് പഠനജീവിതം കഴിഞ്ഞ് പുറത്തേക്കുവരുന്ന സന്തതികള്‍ക്ക് ‘അസ്വ്‌ലഹി’ ബിരുദം കോളേജ് നല്‍കിവരുന്നു. ചരിത്രത്തിന്റെ ഇടനാഴികളില്‍ സമൂഹത്തെ അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് വഴി നടത്തിയ ഇസ്വ്‌ലാഹിന്റെ ചിത്രം യശോധാവള്യം നിറഞ്ഞതാണ്. കരുണയുടെ നീരുറവ വറ്റാത്ത വിജ്ഞാന സ്‌നേഹികളുടെ സഹായത്താല്‍ ഇസ്വ്‌ലാഹ് മറ്റൊരു ചരിത്രനിമിഷത്തിന്റെ കരക്കെത്തിയിരിക്കുന്നു. നൂറോളം അസ്വ്‌ലഹികളെ പ്രബോധന പ്രവര്‍ത്തന രംഗത്തേക്ക് സംഭാവന ചെയ്ത സ്ഥാപനം വരുന്ന ഫെബ്രുവരി 24ന് മറ്റൊരു പണ്ഡിതവ്യൂഹത്തെയും സമൂഹത്തിനായി വിട്ടുതരുന്നു. ഈ വേളയിലാണ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമിന്റെ രണ്ടാം ബിരുദദാന സമ്മേളനം നടത്തപ്പെടുന്നത്. കോടികളുടെ ഗ്ലാമറോപണത്തിന്റെ കുത്തൊഴുക്കോ ഇല്ലാത്ത സ്ഥാപനത്തിന് എന്നും തണല്‍ വിശ്വാസത്തിന്റെ അമരജ്യോതി നെഞ്ചോടടുപ്പിച്ചു ഈ സമുദായം മാത്രമാണെന്ന് ഇസ്വ്‌ലാഹ് ഉറച്ചു വിശ്വസിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter