വാഫി വഫിയ്യ: പഴമയുടെ മഹിമയും പുതുമയുടെ ഗുണമേന്മയും
മത ഭൗതിക വിദ്യകളുടെ സമന്വയം അസാധ്യമാണെന്നും അവ പരസ്പര വിരുദ്ധമാണെന്നും വിചാരിക്കുന്നത് ധിഷണാ ദൗര്‍ബല്യംകൊണ്ടാണ്. നാം ഈ ചിന്തയെ തൊട്ട് അല്ലാഹുവില്‍ അഭയം തേടുന്നു. ഭൗതികവിദ്യ ഭക്ഷണവും മതവിദ്യ ഔഷധവുംപോലെ രണ്ടും അനിവാര്യമാണ്.’ പ്രത്യുല്‍പന്നമതിയായ ഇമാം ഗസാലി (റ) യുടെ പ്രസ്താവനയിലുള്ളതാണ് ഈ മൊഴികള്‍. കേരളത്തിലെ മതപ്രസംഗ സ്റ്റേജുകളില്‍ നിറസാന്നിധ്യമായിരുന്ന പണ്ഡിതനാണ് തഴവാ മൗലവി. കാല്‍ നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ചിന്താബന്ധുരമായ കാവ്യ ശകലങ്ങളിലെ ഈ വരി ശ്രദ്ധേയമാണ്. ‘ലൗകിക വിദ്യാ വാഹനം കൊള്ളാമെടോ ആത്മീയ വിദ്യകളാണതിന്റെ ബ്രേക്കെടോ സ്‌കൂള്‍ വിദ്യായില്ലാ എങ്കിലിന്നൊരു നഷ്ടമാ അതു മാത്രമേ ഉള്ളതെങ്കില്‍ കഷ്ടമാ രണ്ടും നിനക്ക് ലഭിക്കുമൊന്നില്‍നിന്നു എന്നാല്‍ ജയിച്ചിടും ലോകമില്‍ നീ അന്ന്.’ പണ്ഡിതന്റെ പ്രധാന ദൗത്യം പ്രബോധനമാണ്. പ്രബോധിതരുടെ ഭാഷയും സാഹചര്യവും അവരുടെ മുന്നിലുള്ള പ്രത്യയശാസ്ത്രപരമായ സമസ്യകളും ഗ്രഹിക്കേണ്ടതനിവാര്യമാണ്. സാംസ്‌കാരികമായ അധിനിവേശത്തിന്റെ തടവറകളിലെത്തുന്നവരാണിന്ന് പുത്തന്‍ തലമുറ. അതോടെ വ്യക്തിത്വം നഷ്ടപ്പെടാനിടയാകുന്നു. ഈ സൈദ്ധാന്തികമായ ഇടപെടലുകള്‍ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിയണം. കാലികമായ വിജ്ഞാനങ്ങള്‍ സ്വന്തപ്പെടുത്തേണ്ടത് ചെറുത്തുനില്‍പിന് ശക്തി പ്രധാനംചെയ്യുന്ന ആയുധമാണ്. സമന്വയ പഠനത്തിനുതകുന്ന കാലാവസ്ഥയാണിന്ന് കേരളത്തിലുള്ളത്. വിജ്ഞാന തല്‍പരരായ എല്ലാവരുമിന്ന് വിമര്‍ശനം വിട്ട് ഇതിനെ സ്വാഗതം ചെയ്യുന്നു. മതപഠനത്തിനു ഭൗതിക പഠനമോ ഭൗതിക പഠനത്തിനു മതപഠനമോ തടസ്സമാവാതെ സമന്വയം പരിഹാരമായി എല്ലാ ഉന്നത മതപഠന കേന്ദ്രങ്ങളും സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) വിഭാവനം ചെയ്യുന്ന വാഫി വഫിയ്യ കോഴ്‌സുകള്‍ക്ക് സമന്വയ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലിന്ന് ജനപ്രിയ കോഴ്‌സായി മാറിയിരിക്കുന്നു. 35 ഇസ്‌ലാമിക് ആന്റ് ആര്‍ട്‌സ് കോളജുകള്‍ ഈ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നാലെണ്ണം വനിതാ (വഫിയ്യ) കോളജുകളാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സി.ഐ.സിക്ക് നേതൃത്വം നല്‍കുന്നത്. ആദൃശ്ശേരി അബ്ദുല്‍ ഹക്കീം ഫൈസി കോ-ഓര്‍ഡിനേറ്ററും. എസ്.എസ്.എല്‍.സിക്കുശേഷം എട്ട് വര്‍ഷമാണ് കോഴ്‌സുകാലം. ആദ്യത്തെ രണ്ടുവര്‍ഷം തംഹീദിയ്യ (പ്രിപ്പറേറ്ററി), നാലു വര്‍ഷം ആലിയ്യ (ഡിഗ്രി), രണ്ടുവര്‍ഷം മുതവ്വല്‍ (പി.ജി), ആകെ 16 സെമസ്റ്റര്‍. തംഹീദി ക്ലാസില്‍ നഹ്‌വ് (ഗ്രാമര്‍), സര്‍ഫ് (മോര്‍ഫോളജി), കര്‍മ്മശാസ്ത്രം, തസവ്വുഫ് സാഹിത്യം, രണ്ട് ജുസുഅ് ഹിഫുളും ഫങ്ഷനല്‍ ഉര്‍ദുവും. കൂടെ +1, +2 ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്‌സ്. ആലിയ്യയില്‍ തഫ്‌സീര്‍ ഉലൂമുല്‍ ഖുര്‍ആന്‍, അഖാ ഇദ്ദ തസവ്വുഫ് മതങ്ങള്‍ ഇസങ്ങള്‍, ഫിഖുഹു നിദാന ശാസ്ത്രം, നിയമ നിര്‍മ്മാണ ചരിത്രം. ഗ്രാമര്‍ അലങ്കാര ശാസ്ത്രം, സാഹിത്യം, സാഹിത്യ ചരിത്രം, ചരിത്ര നിരൂപണം, വൃത്തശാസ്ത്രം, തര്‍ക്കശാസ്ത്രം, ഫങ്ഷണല്‍ അറബിക്, ഭാഷാ ശാസ്ത്രം, ചരിത്രം. കൂടെ യു.ജി.സി അംഗീകരിച്ച യൂനിവേഴ്‌സിറ്റി ഡിഗ്രിയും. തംഹീദിയ്യ ആലിയ്യാ ഘട്ടങ്ങളില്‍ സെമസ്റ്റര്‍ സിസ്റ്റവും മുതവ്വല്‍ (പി.ജി) ഘട്ടങ്ങളില്‍ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സ്‌കീമുമാണ് (സി.ബി.സി. എസ്.എസ്) ഈ കോഴ്‌സിന്നുള്ളത്. ഉസൂലുദ്ദീന്‍, ശരീഅ:, ലുഗ: ഹളാറ: എന്നീ ഫാക്കല്‍റ്റികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. (1) ഉസൂലുദ്ദീന്‍ ആധുനികവും പുരാതനവുമായ തഫ്‌സീറുകള്‍, ഹദീസ് അഖായിദ് മതങ്ങളുടെയും ഇസങ്ങളുടെയും താരതമ്യ പഠനം, തെറ്റിദ്ധാരണക്ക് മറുപടി, തസവ്വുഫ് തര്‍ക്കശാസ്ത്രം, ഫിലോസഫി എന്നീ വിഷയം പഠനത്തിന് വിധേയമാക്കും. (2) ശരീഅ: ഫിഖ്ഹ് മദ്ഹബുകളുടെ നിദാനം, ശരീഅത്തിന്റെ അന്തസത്ത, ആധുനിക കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍, ഇസ്‌ലാമിക സാമ്പത്തികശാസ്ത്രം, ബാങ്കിംഗ്, ന്യൂനപക്ഷ ഫിഖ്ഹ്, തുടങ്ങിയവയാണ് വിഷയം. (3) ലുഗ ഹളാറ: ഭാഷാ ശാസ്ത്രം, അലങ്കാര ശാസ്ത്രം, സാഹിത്യം, സാഹിത്യ നിരൂപണം, സാഹിത്യ ചരിത്രം, വൃത്തശാസ്ത്രം, ചരിത്രം, ഓറിയന്റലിസം, ട്രാന്‍സ്‌ലേഷന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളാണ് ഈ പറഞ്ഞ മൂന്ന് ഫാക്കല്‍റ്റികള്‍ക്കും. തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ്, സൈക്കോളജി എന്നീ വിഷയങ്ങള്‍ ഉണ്ടായിരിക്കും. പി.ജി പഠന കാലത്ത് ഡി.സി.എ നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ പഠനവും ഹിസ്ബ് ടീച്ചിംഗ് ട്രൈയിനിംഗ് (എസ്.കെ.ഐ.വി.ബി) ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ 100 പേജില്‍ കുറയാത്ത അറബി ഭാഷയില്‍ ഒരു ഗവേഷണ പ്രബന്ധം (ഡിസ്സര്‍ട്ടേഷന്‍) സമര്‍പ്പിക്കേണ്ടതാണ്. വിഷയം സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കും. വൈവേയും നടക്കും. എസ്.എസ്.എല്‍.സിക്കുശേഷം വനിതകള്‍ക്ക് നല്‍കുന്ന അഞ്ചുവര്‍ഷത്തെ കോഴ്‌സാണ് വഫിയ്യ. പത്ത് സെമസ്റ്റര്‍. രണ്ടുവര്‍ഷം പ്രിപ്പറേറ്ററി നഹ്ഖ് സര്‍ഫ് കര്‍മ്മശാസ്ത്രം, തസവ്വുഫ് സാഹിത്യം. ചരിത്രം. ഹിഫഌ (രണ്ട് ജുസുഅ്). എഴുത്ത്. കൂടെ +1, +2 ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്. ഡിഗ്രി മൂന്നുവര്‍ഷം. ഫതുഹുല്‍ മുഈന്‍, ഉസൂലുല്‍ ഫിഖ്ഹ് തഫ്‌സീര്‍ (ജലാലൈനി), ഹദീസ് (മിശ്ക്കത്ത്) അഖാഇദു, സാഹിത്യം, അലങ്കാര ശാസ്ത്രം, ഹോം സയന്‍സ്, ശൈശവ മന:ശാസ്ത്രം, ശാരീരിക വളര്‍ച്ച, വ്യക്തത്വ വികസനം, കുടുംബ ജീവിതം, സാമൂഹിക വികസനം, രോഗ പ്രതിരോധം, വാര്‍ധക്യം, രോഗ ശുശ്രൂഷ. കൂടെ യു.ജി.സി അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും. യൂനിവേഴ്‌സിറ്റി ഡിഗ്രി നേടിയവര്‍ക്കെ വാഫി വഫിയ്യ ബിരുദം നല്‍കപ്പെടുകയുള്ളൂ എന്നത് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ എം.ഒ.യു നേടിയ ഈ കോഴ്‌സിന് കൈറോ യൂനിവേഴ്‌സിറ്റിയുടെ ഈക്വലന്‍സും ലഭിച്ചിട്ടുണ്ട്. ജാമിഅ: മില്ലിയ്യ, അലീഗര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ വിശ്വോത്തര പഠന കേന്ദ്രങ്ങളുടെ അംഗീകാരവും ഈ കോഴ്‌സിനുണ്ട്. ബഹു.സമസ്ത കേന്ദ്ര മുശാവറ ശരിവെച്ച ഏക കോഴ്‌സാണ് കേരളത്തിലെ വാഫി സിലബസ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ വാഫികള്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ കൈറോ, ഡല്‍ഹിയിലെ ജെ.എന്‍.യു, ജാമിഅ: മില്ലിയ തുടങ്ങിയ മത ഭൗതിക മേഖലയിലെ വിശ്വോത്തര യൂനിവേഴ്‌സിറ്റികളില്‍ പി.എച്ച്ഡി ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രബോധന അധ്യാപന മാധ്യമ മേഖലകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. സാമൂഹിക സേവനം ഈ കോഴ്‌സിന്റെ പ്രധാന ഭാഗമായി അംഗീകരിച്ച ആദ്യത്തെ സമന്വയ സിലബസാണ് വാഫി. എല്ലാവര്‍ഷവും ഏപ്രില്‍-മെയ്‌ മാസങ്ങളിലാണ് പ്രവേശനം നല്‍കപ്പെടുന്നത്. കോഴ്സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും മറ്റുമായി സി.ഐ.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.wafycic.com – സെയ്തു മുഹമ്മദ് നിസാമി (ഡയറക്ടര്‍, വാഫി അക്കാദമിക് കൌണ്‍സില്‍ & പ്രിന്സിപാല്‍ റഷീദിയ്യ എടവണ്ണപ്പാറ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter