ഹൃദയം തുറന്നാല്‍ ശ്യാം ഗൗതം ഉമറാകും

ഇയ്യിടെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഇസ്‍ലാമിക പ്രബോധകന്‍ ഉമര്‍ ഗൌതമിനെ പരിചയപ്പെട്ടത്, ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‍ലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‍വി ഓണ്‍വെബ് വായനക്കാരുമായി പങ്ക് വെക്കുന്നു.

2015 നവംബര്‍ ആദ്യവാരം മ്യാന്മറിലെ തമുവില്‍ സന്ദര്‍ശനം നടത്തി ഞങ്ങള്‍ അഞ്ചുപേര്‍ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹത്തയിലുള്ള താജ്‌ഹോട്ടലില്‍ ഡിന്നറിനെത്തിയതായിരുന്നു. അവിടെ അതിഥികളായ പുതുമുഖങ്ങള്‍ക്ക്   ദാറുല്‍ഹുദായെയും അതിന്റെ കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളെയും മറ്റു വിവിധ ദഅ്‌വാ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്നതിനിടെ ഡോ. സയ്യിദ് ബുര്‍ഹാനുദ്ദീന്‍ സാഹിബ് ചോദിച്ചു:

മുഹമ്മദ് ഉമര്‍ ഗൗതമിനെ അറിയുമോ?

ഇല്ല, ആരാണദ്ദേഹം?

നമുക്ക് ഇപ്പോള്‍ തന്നെ പരിചയപ്പെടാം

ഡോ. ബുര്‍ഹാന്‍ സാഹിബ് ഫോണില്‍ സംസാരം തുടങ്ങിയ ശേഷം എന്നെ പരിചയപ്പെടുത്തുകയും മൊബൈല്‍ എനിക്ക് തരികയും ചെയ്തു. അങ്ങനെയാണ് ഉമര്‍ ഗൗതമുമായി ബന്ധപ്പെടുന്നത്.  കൃത്യം ഒരാഴ്ച കഴിഞ്ഞ് ന്യൂദല്‍ഹിയിലെത്തിയ ഞാന്‍ ജാമിഅ നഗറിലെ അദ്ദേഹത്തിന്റെ ആസ്ഥാനം സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിശദമായി മനസ്സിലാക്കുകയും ചെയ്തു. നിസ്തുല വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹത്തിന്റെ ആത്മകഥ എവര്‍ക്കും പഠനാര്‍ഹമായ ഒരധ്യായമാണ്.

 ഉത്തര്‍ പ്രദേശിലെ ഫത്ഹ്പൂര്‍ ജില്ലയിലെ  രംവാനിനടുത്ത പന്തുവ ഗ്രാമത്തിലാണ് ജനനം. പ്രതാപം വിളിച്ചോതുന്ന രജപുത്ര കുടുംബാംഗമാണ് മുഹമ്മദ് ഉമര്‍ ഗൗതം. പഴയ പേര് ശ്യാം പ്രതാപ് സിങ്. പിതാവ് ധന്‍ രാജ് സിങും മാതാവ് ശാന്തി സിങ് ഗൗതമും -മകന്റെ മാര്‍ഗദര്‍ശനത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ ഭാഗ്യം സിദ്ധിച്ച പൊന്നുമ്മയാണവര്‍. ആറ് സഹോദരങ്ങളാണ് ആകെ. മുതിര്‍ന്നയാള്‍ ഉദയ്‌രാജ സിങ് ഗാസിയാബാദില്‍ എഞ്ചിനീയറായി ജോലിചെയ്യുന്നു. രണ്ടാമന്‍  മിര്‍സാപൂരിലെ അമോണിയം ഫാക്ടറിയില്‍ ഉദ്യോഗസ്ഥനായ  ഉദയ്  പ്രതാപ് സിങ്. മുന്നാമന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന് കീഴിലുള്ള വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്ന ഉദയ് നാഥ്  സിങ്. നാലാമനാണ് ഉമര്‍ ഗൗതം. അഞ്ചാമന്‍ പി ബി എല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന ശ്രീനാഥ് സിങ്. ഇളയവനായ ധ്രുവ പ്രതാപ് സിങ് കാണ്‍പൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ അധ്യാപകനാണ്. പ്രൗഢി നിറഞ്ഞ കുടംബ പശ്ചാത്തലം പരിചയപ്പെടുത്തിയത്, അദ്ദേഹം ഇസ്‌ലാമിലേക്ക് കടന്നുവന്ന വഴികളെക്കുറിച്ച് ബോധം സൃഷ്ടിക്കാന്‍ മാത്രമാണ്. പ്രലോഭനങ്ങളോ നിര്‍ബന്ധങ്ങളോ അല്ല ഗൗതമിനെ ഇസ്‌ലാമിന്റെ തീരത്തെത്തിച്ചതെന്ന് ചുരുക്കം.

അതി വിശിഷ്ട രജപുത്ര കുടുംബത്തില്‍ 1964 ജൂലൈ 30 നായിരുന്നു ജനനം. ബാല്യം പിന്നിട്ടപ്പോള്‍ തിരിച്ചറിവിന്റെ അനുരണനങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പ്രപഞ്ച നാഥനെ കണ്ടെത്താന്‍ പരിശ്രമിച്ച ഉമര്‍ ഗൗതം പറയുന്നു:  നാം ആരെയാണ് ആരാധിക്കേണ്ടതെന്നതിനെക്കുറിച്ചൊന്നും എന്റെ കുടുംബം പറഞ്ഞു തന്നിട്ടില്ലായിരുന്നു. പാരമ്പര്യമായി ലഭിച്ചു പോന്ന മതം മാത്രമായിരുന്നു എന്റേത്. പൂര്‍വ്വ പിതാക്കളില്‍ നിന്നു പകര്‍ന്ന് കിട്ടിയ കേവലം ചില ആചാരാനുഷ്ഠാനങ്ങള്‍. ഹിന്ദു മതത്തിലെ അയിത്ത ദര്‍ശനത്തെയും ദുരാഭിജാത്യവീക്ഷണങ്ങളെയും ജാതി ചിന്തകളെയും കുറിച്ച്  ബോധവാനായത് മുതലാണ് ഞാന്‍ മാറിചിന്തിക്കാന്‍ തുടങ്ങിയത്. ഹൈന്ദവാചാരങ്ങളെക്കുറിച്ച്  വേണ്ടപ്പെട്ടവരോട് അന്വേഷിച്ചപ്പോഴൊന്നും തൃപ്തികരമായ മറുപടി എനിക്ക് ലഭിച്ചില്ല; എന്റെ സന്ദേഹങ്ങള്‍ നീങ്ങിയതുമില്ല.

 

മത പഠനം

ഇത്തരം ചിന്തകളില്‍ മുഴുകിയിരിക്കെയാണ് മതങ്ങളെ കുറിച്ച പഠനത്തിലേക്ക് ഗൗതം തിരിയുന്നത്. 1978ല്‍ രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തീകരിക്കുന്നതിന്ന് വേണ്ടി യു.പിയിലെ അലഹാബാദിലായിരിക്കെയാണ് വിവിധ മത ഗ്രന്ഥങ്ങള്‍ വായിക്കാന്‍ സാധിച്ചത്. ശ്രീകൃഷ്ണഗാഥ പറയുന്ന ഗീത, തുളസീദാസിന്റെ  ബാലിയും അയോധ്യയും ഉത്രുവും പ്രതിപാദിക്കുന്ന രാമചരിത മാനസം, തുടങ്ങി ഖരക്പൂരിലെ ഗീതാ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ വിവിധ ഹൈന്ദവ പുസ്തകങ്ങള്‍ ഹിന്ദു മതത്തെക്കുറിച്ച് ഗൗരവമായ ചിന്തകള്‍ പകര്‍ന്ന് നല്‍കി.

എങ്കിലും  ഇവയൊന്നും ശ്യാം പ്രതാപ് സിങ് എന്ന യുവ സത്യാന്വേഷിയുടെ മനസ്സിന് സമാധാനം പകര്‍ന്നില്ല. ഗൗതം തന്നെ പറയട്ടെ: ഞാനീ മതഗ്രന്ഥങ്ങളില്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ ദര്‍ശിച്ചപ്പോള്‍ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ ഉടലെടുത്തു. മുപ്പത്തിമൂന്ന് കോടിയോളം വരുന്ന ദൈവങ്ങളും എട്ട് മില്യണിലധികം വരുന്ന അവതാരങ്ങളും! ഹൈന്ദവ പുസ്തകങ്ങള്‍ വായിക്കും തോറും സംശയങ്ങളും വര്‍ധിച്ചുവന്നു. ഇത്തരം  കണക്കുകളാണ് എന്നെ സത്യാന്വേഷണത്തിന്റെ പാതയില്‍ വീണ്ടും മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത്.

 ''ഹിന്ദുസമുദായത്തില്‍ നടമാടുന്ന ഒരുപാട് അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ജാതീയത തുടങ്ങി മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ട് പണിയുന്ന ദുര്‍നടപ്പുകള്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്.  ബ്രാഹ്മണര്‍, ക്ഷത്രിയര്‍, ശൂദ്രര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍. ഞങ്ങളാണ് ഉന്നതരെന്ന് ബ്രാഹ്മണര്‍ വാദിക്കുന്നു. വേദങ്ങള്‍ കൂട്ട് പിടിച്ചുള്ള അവരുടെ  ദുരഭിമാനം എന്നെ വ്യാകുല ചിത്തനാക്കി. നന്മകളൊന്നും ചെയ്യാതെ അവരെങ്ങനെ ഉന്നതരാകുമെന്ന് പലവുരു ചിന്തിച്ചു. അതേസമയം, തെറ്റുകള്‍ ചെയ്യാത്ത മറ്റു പലരും നീചരായതും എന്നെ അലട്ടി. മരുഭൂമിയിലെ  തൂവലിനെ പോലെ എന്റെ ചിന്തകള്‍ തെന്നിത്തെറിച്ച് നടന്നു. എന്റെ വീട്ടില്‍ ജോലിക്കാരായി ചില ശൂദ്ര ജാതിക്കാരുണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങളുടെ കൂടെ ഇരിക്കാനോ ഭക്ഷണം കഴിക്കാനോ, ഞങ്ങളുടെ കിണറില്‍ നിന്ന് വെള്ളം കോരാനോ സമ്മതമുണ്ടായിരുന്നില്ല. മൃഗതുല്യ ജീവിതം നയിക്കുന്ന പാവം ജനങ്ങള്‍. ജോലിക്കു ഹാജറാകാനോ കടം വീട്ടാനോ വൈകിയാല്‍ അവര്‍ക്ക് ലഭിക്കുക മാരക പ്രഹര വര്‍ഷമായിരിക്കും. ഇത്തരം വിവേചന വ്യവഹാരങ്ങള്‍ എന്റെ മനസ്സിനെ മഥിച്ചു, മുറിവേല്‍പിച്ചു; എന്നെ മാറി ചിന്തിപ്പിച്ചു. ഈ മതം അപൂര്‍ണമാണെന്നും സന്മാര്‍ഗ പ്രവേശികയല്ലെന്നും ഞാന്‍ തിരിച്ചറിഞ്ഞു''.

 

ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നവിധം

 ''അലഹാബാദ് നഗരത്തിലേക്ക് കൃഷിയില്‍ ബി.എസ്.സി ബിരുദം പൂര്‍ത്തീകരിക്കാന്‍ ചെന്ന എനിക്ക് ഒരുപാട് ഗ്രന്ഥശേഖരമുള്ള ലൈബ്രറി സന്ദര്‍ശിക്കാന്‍ സാധിച്ചു. തത്വചിന്തയും മതവും മഹച്ചരിതങ്ങളും നിറഞ്ഞ ബൃഹത്തായ ഗ്രന്ഥപ്പുര. നവോത്ഥാനത്തിന് വഴിതെളിച്ച യുഗപുരുഷന്മാരുടെ ജീവിതം അവിടെ വെച്ച് ഞാന്‍ വായിച്ചുതീര്‍ത്തു. ബുദ്ധന്‍, പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര. എന്നാല്‍ ഇസ്‌ലാമിനെ എനിക്ക് പരിചയപ്പെടാനേ സാധിച്ചില്ല. കേവലം വെറുപ്പും നീരസവും നിറഞ്ഞ ചിന്തകളായിരുന്നു എന്നെ നയിച്ചത്. ചെറുപ്പം മുതലേ കേട്ട ചില കാര്യങ്ങള്‍ മാത്രമായിരുന്നു എന്റെ കൈമുതല്‍. മുസ്‌ലിംകള്‍ ഹൈന്ദവരെ ആക്ഷേപിക്കുന്നവരാണെന്നും രക്തദാഹികളാണെന്നും  അവരെ നാം അകറ്റണമെന്നും തുടങ്ങി വെറുപ്പും പകയും കലര്‍ന്ന ചില വിശ്വാസങ്ങള്‍. ഇത്തരം ചിന്തകളാല്‍ കുത്തിവെക്കപ്പെട്ട ഒരാള്‍ ഇസ്‌ലാം മതത്തെ കുറിച്ച് പഠിക്കാന്‍ തയ്യാറാകുമോ? ഒരിക്കലുമില്ല''.

 

നാഥനിലേക്ക് മടങ്ങുക അവനോട് സഹായം തേടുക

1980 മുതല്‍ 1982 വരെയുള്ള കാലയളവില്‍ ബിരുദ പഠനത്തിലെ രണ്ടാം വര്‍ഷം ഗൗതം  അസാധാരണ ചിന്തകളില്‍ വ്യാപൃതനായി. ബുദ്ധനെപ്പോലെ മലയടിവാരങ്ങളിലും ഗുഹാമുഖങ്ങളിലും മന്ത്രം ജപിച്ച് അലയാനുള്ള തൃഷ്ണ അദ്ദേഹത്തില്‍ ശക്തിയായി. ഇത്തരം ചിന്താവ്യാകുലതകള്‍ക്കിടയില്‍ തന്റെ പഠനസപര്യ അവസാനിപ്പിക്കുന്നതിനുള്ള വഴികളാലോചിച്ചു. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പിതാവിനയക്കുക; കൂടെ  ഞാന്‍ സ്വത്വം തേടി പുറപ്പെടുകയാണെന്നും ജീവിതത്തിന്റെ രഹസ്യങ്ങള്‍ ആവാഹിക്കുന്ന കേന്ദ്രബിന്ദുവിലേക്ക് ലക്ഷ്യം വെച്ച് നീങ്ങുകയാണന്നുമറിയിക്കുകയും ആയതിനാല്‍ എന്നെ സ്വതന്ത്രമായി വിടണമെന്നപേക്ഷിക്കുകയും ചെയ്യുന്ന വിശദമായ എഴുത്ത് അയക്കുക-ഇതായിരുന്നു ചിന്ത.

 ഇത്തരം ചിന്തകള്‍ അലട്ടുന്നതിനടിയിലാണ് ലക്ഷ്യസാക്ഷാത്കാരത്തിന് മുമ്പ്  മരണപ്പെടുമോയെന്ന ഉള്‍ഭയം അദ്ദേഹത്തെ ഗ്രസിക്കുന്നത്. പക്ഷെ മരണം പുല്‍കും മുമ്പ് സത്യം തിരിച്ചറിഞ്ഞേ പറ്റുവെന്ന്  ഉറപ്പിച്ചിരുന്ന ഗൗതം പിന്മാറാന്‍ തയ്യാറായിരുന്നില്ല.

 അദ്ദേഹം പറയുന്നു ''എന്റെ ഹൃദയത്തിന്റെ അകതാരില്‍ പല അശരീരികളും ഉയര്‍ന്ന് കേള്‍ക്കാനിടയായി: 'സത്യം തേടുന്ന നീ അവനിലേക്ക് കൈനീട്ടാന്‍ താമസിക്കുകയാണോ? സത്യവും വിജ്ഞാനവും അവന്റെ കനിവില്‍ നിന്നല്ലേ ഉയിര്‍കൊള്ളുന്നത്?' ഇത് കേട്ടയുടനെ പ്രപഞ്ച നാഥന് ഞാന്‍ സാഷ്ടാംഗം ചെയ്തു. സന്മാര്‍ഗ പ്രവേശനത്തിനായി അവനു മുമ്പില്‍ കേണു, ദുരിതക്കയങ്ങളില്‍ നിന്ന് ശാന്തിതീരത്തെത്തിക്കാന്‍ അപേക്ഷിച്ചു.''

 ഹൃദയം തുറന്നുവെച്ച് അന്വേഷണം നടത്തുന്നവരെ  സന്മാര്‍ഗത്തിലെത്തിക്കുമെന്ന വചനം സാര്‍ഥകമാക്കി അല്ലാഹു ഗൗതമിന് മോചന മാര്‍ഗം കാണിച്ചു കൊടുത്തു. ദുരിത പര്‍വ്വങ്ങളില്‍ നിന്ന് പതുക്കെ നീന്തിക്കയറി.

 തന്റെ ജീവിത്തെ വഴിതിരിച്ച് വിട്ട സംഭവം അദ്ദേഹം വിവരിക്കുന്നു. '' ആ കഥയുടെ തുടക്കം എന്റെ കാലില്‍ പറ്റിയ പരിക്കില്‍ നിന്നായിരുന്നു. അത് മൂലം ആശുപത്രിയില്‍ ശയ്യാവലംബിയാകേണ്ടി വന്നു.  ആശുപത്രിയില്‍ എന്നെ പരിചരിക്കാനും ശുശ്രൂശിക്കാനും എന്റെ ഹോസ്റ്റലില്‍ തന്നെ താമസിക്കുന്ന മുസ്‌ലിം സഹോദരന്‍ കടന്നുവന്നു. ഭക്ഷണവും വെള്ളവുമായി ദിനേന വരുമായിരുന്ന ബിജുനൂര്‍കാരനായ നാസ്വിര്‍ ഖാന്‍ എന്നെ സേവിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് മാത്രം മിണ്ടിയില്ല. എങ്കിലും സ്‌നേഹിക്കാന്‍ മാത്രം പരിചയിച്ച നാസ്വിര്‍ ഖാന്റെ സ്വഭാവ സവിശേഷതകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു.

 ഒരിക്കല്‍ ഞാനദ്ദേഹത്തോട് ചോദിച്ചു; ഈ ഉന്നതമായ മാനവിക മൂല്യങ്ങള്‍ താങ്കെളെവിടെ നിന്ന് സമ്പാദിച്ചു? അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു: ഞാന്‍ മുസ്‌ലിമായിട്ടാണ് ജനിച്ചതും വളര്‍ന്നതും. സ്‌നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന മതത്തിന്റെ അനുയായിയാണ് ഞാന്‍. ഈ പരിചരണവും സേവനവും എന്റെ നിര്‍ബന്ധ കടമകളുടെ പൂര്‍ത്തീകരണം മാത്രമാണ്!''

 

മാറ്റത്തിന്റെ പ്രചോദകങ്ങള്‍

 ജാതിയും മതവും പരിഗണിക്കാതെ അയല്‍പക്ക മര്യാദകള്‍ക്കും സൗഹൃദബന്ധങ്ങള്‍ക്കും സ്ഥാനം നല്‍കിയ ഇസ്‌ലാമിന്റെ പാഠങ്ങള്‍ മനസ്സില്‍ തിരയിളക്കത്തിന് കാരണമായി. അന്ത്യ നാളില്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് അവന്‍ തന്നെ ഉത്തരവാദിയാകേണ്ടി വരുമെന്ന ഇസ്‌ലാമിന്റെ അധ്യാപനവും എന്നെ വല്ലാതെ ആകര്‍ഷിച്ചു.  ഏക ദൈവികത, പ്രവാചക സന്ദേശം, അന്തിമ വിജയം തുടങ്ങിയ ജീവിതത്തിന്റെ മൂല്യമേറിയ അധ്യാപനങ്ങള്‍ പുണ്യമതം എനിക്കു പകര്‍ന്നുതന്നു.

 സ്രഷ്ടാവ് അവന്റെ സൃഷ്ടികളില്‍ നിന്ന് വിഭിന്നനാണെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും അന്തിമ വിജയം കൈവരിക്കുക അല്ലാഹുവിനെയും പ്രവാചകനെയും വഴിപ്പെട്ടവരാണെന്നുമുള്ള  മൂന്ന് സാര്‍ഥകമായ പാഠങ്ങള്‍- ഇപ്രകാരമാണ് നാസ്വിര്‍ ഖാന്‍ ഇസ്‌ലാമിനെ വിവരിച്ച് തന്നത്.

 

വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നു

 ഗൗതം ഇസ്‌ലാമിക പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും സമയം കണ്ടെത്തി. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം വായിച്ച് തീര്‍ത്തു.  ഇലാ ഫഹ്മില്‍ ഇസ്ലാം ( ഇസ്‌ലാം വായന),  ഇസ്‌ലാം ഇന്‍ ഫോകസ്, ഇസ്‌ലാം:ബിലീഫ് ആന്‍ഡ് ടീച്ചിംഗ്‌സ്, ഹിന്ദിയില്‍ രചിക്കപ്പെട്ട 'മരണാനന്തരം' തുടങ്ങി പ്രവാചക ചരിതങ്ങള്‍, സച്ചരിതരായ ഖലീഫമാരുടെ ജീവിത കഥകള്‍ -ഇവയും  അദ്ദേഹത്തിന്റെ വായനാ പരിധിയില്‍ ഉള്‍പെട്ടിരുന്നു.

 ഗൗതം പറയുന്നു. ''ഏകദേശം ആറ് മാസം കഴിഞ്ഞപ്പോള്‍ നാസ്വിറെനിക്ക് ത്രിഭാഷയിലെഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനം കൊണ്ടുവന്നു. എന്നിട്ട്, ഇത് ലോക രക്ഷിതാവിന്റെ വചനമാണെന്ന് പറയുകയും പരിപൂര്‍ണ ശുദ്ധിയോടെയും ആത്മാര്‍ഥതയോടെയും പാരായണം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ പ്രചോദിതനായി ഞാന്‍ വായന തുടങ്ങി. ഓരോ അധ്യായം വായിക്കും തോറും കാന്തിക വലയത്തികപ്പെട്ടവനെപ്പോലെ ഞാന്‍ അതിലേക്കടുത്തു. ഹൃദയ താളങ്ങളില്‍ ആത്മീയത ഉയരാന്‍ തുടങ്ങി. മനസ്സ് വിമലീകൃതമായി. ദുഷിച്ച വിശ്വാസങ്ങളുടെയും  ചിന്തകളുടെയും കട്ടികരിമ്പടങ്ങള്‍ അകന്നുപോയി. അനന്തരം ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തില്‍ മുഴുകി. ജ്ഞാനികളോടൊപ്പം സഞ്ചരിച്ച് സന്ദേഹങ്ങളകറ്റി''.

 

തര്‍ക്കങ്ങളില്‍ നിന്നകന്ന്

 ''നാസ്വിര്‍ ഖാന്റെ പെരുമാറ്റം ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഈ ആറ് മാസക്കാലത്തിനിടയിലും ഇസ്‌ലാമിക മൂല്യങ്ങളിലൂന്നിയ തര്‍ക്കങ്ങളിലേക്കൊന്നും അദ്ദേഹമുണ്ടായിരുന്നില്ല. മാസ്മരികതയും ആകര്‍ഷണീയതയും സംഗമിക്കുന്ന ഈ രീതിയിലൂടെതന്നെ മറ്റുള്ളവര്‍ ഇസ്‍ലാമിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയും. അതാണല്ലോ യഥാര്‍ത്ഥ പ്രബോധനം, മുന്‍ഗാമികളെല്ലാം കാണിച്ചതും ആ വഴി തന്നെയല്ലേ.'.

സത്യസാക്ഷ്യം

പരിചരണ വഴിയില്‍ ആറ് മാസം പിന്നിട്ടെങ്കിലും നാസ്വിര്‍ ഖാന്‍ ഇസ്‌ലാമിലേക്ക് കടന്ന് വരണമെന്ന് എന്നോട് ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല. മറിച്ച്, സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിരൂപമായി വര്‍ത്തിച്ചു, അദ്ദേഹത്തിന്റെ ഓരോ ചലനവും മനസ്സില്‍ തട്ടി പ്രതിഫലിച്ചു. ഒടുവില്‍ മുസ്‌ലിമാകാനുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തോട് ഞാന്‍ അങ്ങോട്ട് പങ്കുവെക്കുകയാണുണ്ടായത്. ഈ വഴിയിലെന്ന സഹായിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. അദ്ദേഹമിത് ഗൗരവമായി കണ്ടു. ധൃതിപ്പെട്ട് തീരുമാനമെടുക്കരുതെന്നും അല്‍പം ആലോചിക്കണമെന്നും  ഉപദേശിച്ചു, എന്റെ കുടുംബങ്ങളിലും ബന്ധുക്കളിലും ഈ പരിവര്‍ത്തനം ആളിപ്പടരുമെന്ന്  ഭയപ്പെട്ടത് മൂലമാണ് അവധാനത കൊകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചത്. എങ്കിലും ധൈര്യം കൈവിടാതെ ഞാന്‍ മനസ്സ് തുറന്നു പറഞ്ഞു: 'സത്യത്തിന്റെ  വഴിയില്‍ നിര്‍ഭയം ഞാന്‍ സഞ്ചരിക്കും. പ്രയാസങ്ങളും പ്രാരബ്ധങ്ങളും മറികടന്ന് മുന്നേറും'. പ്രപഞ്ച നാഥനില്‍ ഭരമേല്‍പിച്ച് ഞാന്‍ മുന്നോട്ടിറങ്ങി. അവസ്ഥാന്തരങ്ങളെ ആരെയും  പേടിക്കാതെ നേരിടാമെന്നുറപ്പിച്ചു.

ഹൃദയത്തില്‍ കുളിര്‍ പടര്‍ന്ന നിമിഷങ്ങളായിരുന്ന് ഇത്. ശാന്തിയും സമാധാനവും അകമ്പടി സേവിച്ച മനോഹര നിമിഷങ്ങള്‍. 1984 ജൂലൈ മാസം പ്രിയ സഹോദരന്‍ നാസിറിന് മുമ്പാകെ വിശുദ്ധ വാക്യം ചൊല്ലി ഞാന്‍ ഇസ്‌ലാം പുല്‍കി. അദ്ദേഹമെന്ന പള്ളിയിലേക്ക് ആനയിച്ചു. എന്റെ ആഗമനം വിശ്വാസികളില്‍ കുളിര്‍മഴ പെയ്യിച്ചെങ്കിലും എന്റെ മിക്ക കാമ്പസ് സുഹൃത്തുക്കളും ഒടുങ്ങാത്ത ഭീതിയിലായിരുന്നു. ചിലര്‍ അറിയാത്ത ഭാവം നടിച്ചു, അങ്ങനെ ഞാന്‍ ഗൗതമില്‍ നിന്ന് ഉമറിലേക്ക് വഴിമാറി, നീതിയുടെ ആള്‍രൂപമായി  പരിണമിച്ച രണ്ടാം ഖലീഫയായ ഇസ്‌ലാമിക നായകനോട് പ്രിയം വെച്ച്.

 ഭീഷണികള്‍, പ്രകോപനങ്ങള്‍

വികാരങ്ങളെ അതിജയിക്കും വിധം ഇസ്‌ലാം എന്നില്‍ പ്രതിഫലിച്ചു. എനിക്ക് നവജീവന്‍ നല്‍കി കൊണ്ട് നന്മയും പ്രതീക്ഷയും സാഹസികതയും വീണ്ടും നാമ്പെടുത്തു തളിര്‍ത്തു. രണ്ട് അതിശക്ത ബോധനങ്ങള്‍ എന്റെ സിരകളില്‍ കുടിയിരുന്നു. ഈമാന് വേണ്ടി കേഴുന്ന ഹൃദയങ്ങള്‍ക്ക് വഴികാട്ടണമെന്ന ബോധനം. നരകാഗ്നിയിലേക്ക് വീഴാനടുത്ത പാവങ്ങളെ കൈപിടിച്ച് കരകയറ്റണമെന്ന അതിയായ മോഹവും എന്നില്‍ ഉടലെടുത്തിരുന്നു. അത് വഴിയവര്‍ സ്വര്‍ഗ ലോകത്തേക്ക് സഞ്ചരിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു.

എങ്കിലും തീവ്ര വിഭാഗങ്ങള്‍ക്ക് ക്ഷമയുണ്ടായിരുന്നില്ല. എന്റെ വഴിയില്‍ തടയണ സൃഷ്ടിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചു, എന്റെ മതം മാറ്റം ഇടിത്തീയായിട്ടാണ് അവരില്‍ നിപതിച്ചത്. ബഹിഷ്‌കരണത്തിന്റെയും ഭ്രഷ്ടിന്റെയും പുതിയ പരീക്ഷണങ്ങള്‍ക്ക് ഞാന്‍ വിധേയനായി. ഒരു കൊല്ലമായിരുന്നു ഈ പരീക്ഷണങ്ങളുടെ കാലഘട്ടം. പ്രയാസങ്ങള്‍ അനുദിനം വര്‍ധിച്ചുവെങ്കിലും ഞാന്‍ പഠനം തുടര്‍ന്നിരുന്നു. ചിലര്‍ എന്നെ തട്ടികൊണ്ട് പോയി. മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നു താക്കീതു ചെയ്യുകയും പുതുമതം ഉപേക്ഷിക്കുന്നില്ലെങ്കില്‍ വെടിവെച്ചിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവിതമോ സത്യസാക്ഷ്യമോ ഞാന്‍ തീരുമാനിക്കണമത്രേ.

ഈ ഭീഷണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പസ് വിടാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ അലഹാബാദ് ക്യാമ്പസ് വിടുകയും ഡല്‍ഹിയില്‍ ജാമിഅ മില്ലിയ്യയില്‍ മതപഠന വിഭാഗത്തില്‍ അഡ്മിഷന്‍ വാങ്ങുകയും ചെയ്തു.  എങ്കിലും പ്രയാസങ്ങളും ഭീഷണികളും  വിട്ടൊഴിഞ്ഞിരുന്നില്ല. കാരുണ്യവാനായ അല്ലാഹുവിന്റെ കടാക്ഷം കൊണ്ട് മാത്രമാണ് വ്യാഘ്രദംഷ്ട്രങ്ങളില്‍ നിന്നു രക്ഷപ്പെട്ടത്. അത്ഭുതകരമെന്ന് പറയട്ടെ,

സത്യമാര്‍ഗത്തില്‍ അനുഭവിക്കേണ്ടിവന്ന കനലുകള്‍ വിശ്വാസം ഊട്ടിയുറപ്പിച്ചു. മനസ്സില്‍ ശാന്തി പകര്‍ന്നു നല്‍കി. സ്വന്തം കുടുംബം എനിക്ക് മുമ്പില്‍ ആനുകൂല്യങ്ങളുടെ കവാടം കൊട്ടിയടച്ചിരുന്നു. ഞാന്‍ സാമ്പത്തിക ഞെരുക്കത്താല്‍ പൊറുതി മുട്ടി. അവര്‍ക്കെന്റെ മതം മാറ്റം അലോസരം സൃഷ്ടിക്കുക സ്വാഭാവികമാണല്ലോ.

എന്നാല്‍  അല്ലാഹുവാണ് പ്രജകളെ സംരക്ഷിക്കുന്നതെന്നും ഒരു കവാടമടഞ്ഞാല്‍ മറ്റൊന്ന് അവന്‍ തുറന്ന് നല്‍കുമെന്നും ഞാന്‍ ഉറച്ചു വിശ്വസിച്ചു. അങ്ങനെ ഉസ്താദ് അബ്ദുല്‍ ആലമിന്റെ സ്ഥാപനത്തില്‍ ജോലിയില്‍ കയറി. മാസം ആയിരമായിരുന്നു വേതനം. സുഖാഡംബരത്തില്‍ ജനിച്ച് വളര്‍ന്ന എനിക്കിത് വളരെ തുച്ഛമായിരുന്നെങ്കിലും ഇതും ലഭിക്കാത്തവരുടെ ദുരിതാവസ്ഥകള്‍ ഞാന്‍ ഓര്‍ത്തെടുത്തു. വിശ്വാസം കുടിയിരുന്ന എന്റെ ഹൃദയം ധൂര്‍ത്തിന്റെ അലോസര ചിന്തകളില്‍ നിന്ന് മോചിതമായിരുന്നു.

 

മത പഠന പൂര്‍ത്തീകരണം

കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പടിയിറങ്ങിയ ഗൗതം 1988 ല്‍ ഡല്‍ഹി ജാമിഅ മില്ലിയയിലെ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തില്‍ പഠനം പുനരാരംഭിക്കുകയും 1990 ല്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തീകരിക്കുകയും ചെയ്തു. അനന്തരം മത താരതമ്യ പഠനത്തില്‍ ഡോക്ടറേറ്റിന് ശ്രമിച്ചെങ്കിലും സാഹചര്യങ്ങളദ്ദേഹത്തെ അനുവദിച്ചില്ല. പിന്നീട് ന്യൂ ഡല്‍ഹിയിലെ മര്‍കസുല്‍ മആരിഫില്‍ മാനേജറായി ജോലി തുടര്‍ന്നു. കമ്പ്യൂട്ടര്‍ വിഭാഗത്തിന് അറബിയിലും ഇംഗ്ലീഷിലും സിലബസ് തയ്യാറാക്കലായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.

 പ്രബോധന വീഥിയില്‍

മുസ്‌ലിമാവാന്‍ സൗഭാഗ്യം സിദ്ധിച്ചത് മുതല്‍ അദ്ദേഹത്തിനുണ്ടായ വലിയ ആഗ്രഹമായിരുന്നു ഇസ്‌ലാമിനെ മനസ്സിലാക്കാത്ത തന്റെ  അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഈ സന്ദേശമെത്തിക്കുകയെന്നത്. ആസാമിലും മുംബൈയിലും ഡല്‍ഹിയിലും അല്ലാഹുവതിന് അവസരം നല്‍കി. അദ്ദേഹത്തിന്റെ ശ്രമഫലമായി ഒട്ടേറെ  പേര്‍ ഇസ്‍ലാമിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞു. അങ്ങനെ മുഹമ്മദ് ഉമര്‍ ഗൗതം നിസ്വാര്‍ഥ സേവകനായി പ്രബോധന വഴിയില്‍ നിറഞ്ഞ് നിന്നു. പുതുവിശ്വാസികള്‍ക്ക് ഗവണ്‍മെന്റ് തലത്തില്‍ മതം മാറ്റത്തിന് അംഗീകാരം നേടിക്കൊടുത്തും  അത്തരക്കാര്‍ക്ക് വിശിഷ്യ വനിതകള്‍ക്ക് വിവാഹപ്രക്രിയകള്‍ നിയമാനുസൃതം നടത്തികൊടുത്തും വ്യത്യസ്ത മതപ്രബോധന പരിപാടികള്‍ നിര്‍വഹിച്ചും ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ ആസ്ഥാനമാക്കി  ഉമര്‍ ഗൗതം ഈ സത്യധാരയില്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു.

 

മാതാവിന്റെ പ്രാര്‍ഥന

 ഗൗതം തുടരുന്നു: കുടുംബം എനിക്കെതിരെ തിരിഞ്ഞെങ്കിലും വന്ദ്യ മാതാവ് എനിക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ടു. സ്‌നേഹവും സഹനവും വാത്സല്യവും കൈമുതലാക്കിയ മാതാവ് സഹോദരങ്ങളേക്കാള്‍ എന്നെ ഏറെ സ്‌നേഹിച്ചിരുന്നു. എന്റെ പഠനത്തിലും മറ്റു കാര്യങ്ങളിലും താത്പര്യ പൂര്‍വ്വം അവര്‍ ഇടപെട്ടു. എന്റെ മതകാര്യങ്ങളില്‍ ശല്യമുണ്ടാക്കാന്‍ മറ്റുള്ളവരെ സമ്മതിച്ചില്ല. അല്ലാഹുവിന്റെ അപാരമായ കടാക്ഷം അവരെ പൊതിഞ്ഞു. മരിക്കുന്നതിന് മുമ്പ് വിശുദ്ധ ഇസ്‌ലാം പുല്‍കാനും അവര്‍ക്ക് ഭാഗ്യമുണ്ടായി, അല്‍ഹംദുലില്ലാഹ്.

 

വിവാഹം

1983 ല്‍ തന്നെ എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രൗഢ പാരമ്പര്യമുള്ള രാജകുടുംബാംഗവുമായിട്ടാണ് ഉറപ്പിച്ചിരുന്നത്. പക്ഷെ ഞാന്‍ മുസ്‌ലിമായത് മൂലം പല കുടുംബാംഗങ്ങളും ഈ ബന്ധത്തിനു പ്രതിബന്ധം സൃഷ്ടിച്ചു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും അതേ കുടുംബത്തില്‍ നിന്നു തന്നെ വിവാഹം നടന്നു. എന്റെ ഭാര്യ ദീനീ ചിട്ടയുള്ളവളാണ്.  പ്രബോധന മാര്‍ഗങ്ങളില്‍ അവളും തണലായി എനിക്ക് കൂടെയുണ്ട്. മൂന്ന് മക്കളാണെനിക്ക്.  ഒരു പെണ്ണും രണ്ട് ആണും. തഖ്ദീസ് ഫാത്വിമ, ആദില്‍ ഉമര്‍, അബ്ദുല്ലാ ഉമര്‍. എല്ലാവരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധന്യരായി ജീവിക്കുന്നു.

 

സത്യവിശ്വാസികളേ, ഒരു നിമിഷം

 താങ്കളെന്താണ് മുസ്‌ലിംകള്‍ക്ക് നല്‍കുന്ന സന്ദേശമെന്ന ചോദ്യത്തിന് ഗൗതമിന്റെ മറുപടി ചിന്തോദ്ദീപകമാണ്: ഇസ്‌ലാം അമൂല്യവും അപാരവുമായ അനുഗ്രഹം തന്നെയാണ്.  ജീവിതത്തിന്റെ സര്‍വ്വ തലങ്ങളിലും നാമതിനെ ഗൗനിച്ചേ തീരൂ.  ഇസ്‌ലാമിന്റെ വൃത്ത പരിധിയില്‍ നാമൊതുങ്ങണം, സര്‍വോല്‍കൃഷ്ട സ്വഭാവങ്ങളുടെ ആള്‍ രൂപമായി നാം പരിണമിക്കണം. കാരുണ്യവാന്റെ മാലാഖമാരായി നാം മാറണം. അങ്ങനെ ഹൃദയത്തില്‍ കൂട് കെട്ടിയ പിശാചിന്റെ ആത്മാക്കളെ വിപാടനം ചെയ്യണം. അങ്ങനെ, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമസമൂഹമായി നാം മാറുക തന്നെ വേണം. അതിലൂടെ ജനങ്ങള്‍ ഇസ്‍ലാമിന്റെ സുന്ദര മുഖം തിരിച്ചറിയട്ടെ.

 

അമുസ്‌ലിം സുഹൃത്തുക്കളോട്

തന്റെ പ്രിയപ്പെട്ട അമുസ്‌ലിം സുഹൃത്തുക്കളോട് ഗൗതം നല്‍കുന്ന സന്ദേശമിതാണ്: ''ജീവിതലക്ഷ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കുക. കേവല ഭൌതിക ജീവിതം മാത്രമായി ഒതുങ്ങാനാണെങ്കില്‍, നമുക്ക് ലഭിച്ച ഈ ബുദ്ധിശക്തിയോ ചിന്താശേഷിയോ ഒന്നും വേണ്ടതില്ലല്ലോ. സ്രഷ്ടാവിനെ കുറിച്ചും മരണാനന്തര കാര്യങ്ങളെ കുറിച്ചും ആത്മാര്‍ത്ഥമായി ചിന്തിച്ചു നോക്കുക. തീര്‍ച്ചയായും നിങ്ങള്‍ പരിഹാരം തേടി പുറപ്പെടാതിരിക്കില്ല. ആത്മാര്‍ത്ഥമായ സത്യാന്വേഷണത്തിനൊടുവില്‍ നിങ്ങള്‍ യഥാര്‍ത്ഥ പാതയിലെത്തുക തന്നെ ചെയ്യും. ''.

''അനേകം ശവസംസ്‌കാര ചടങ്ങുകളില്‍ നാം പങ്കെടുത്തിട്ടുണ്ട്. ഒരു ദിവസം നമ്മളും സംസ്‌കരിക്കപ്പെടും. അതിനാല്‍ നമുക്ക് അല്ലാഹുവിലേക്ക് മടങ്ങാം. നന്മകളെ കൂട്ട് പിടിക്കാം. പരലോക രക്ഷക്കായി പാഥേയം ഒരുക്കിവെക്കാം. ദൈവ പ്രീതിക്കായി നമുക്ക് മത്സരിക്കാം, അറിയുക, ഇസ്‌ലാം അത് പ്രശ്നമല്ല, മറിച്ച് പരിഹാരമാണ്, എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരേയൊരു പരിഹാരം''.

താന്‍ കണ്ടെത്തിയ നിത്യവെളിച്ചത്തിലേക്ക്, മതേതര ഇന്ത്യയുടെ എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിച്ച്, തന്റെ സഹോദരങ്ങളെകൂടി കൂട്ടാന്‍ ശ്രമിച്ചു എന്നത് മാത്രമാണ് സഹോദരന്‍ ഉമര്‍ ഗൌതം ചെയ്ത തെറ്റ്. അതിന്റെ പേരില്‍ മാത്രമാണ് ഇപ്പോള്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതും. ഇരുട്ടിന്റെ വക്താക്കള്‍ കാലാകാലങ്ങളായി ചെയ്തുപോന്നതിന്റെ തനിയാവര്‍ത്തനം. നമുക്ക് അദ്ദേഹത്തിന്റെ മോചനത്തിനായി കഴിയുന്നതൊക്കെ ചെയ്യാം. സര്‍വ്വോപരി, ഏകരായി കടന്നുവന്ന പ്രവാചകര്‍ക്കും അവരെ പിന്തുടര്‍ന്ന പ്രബോധകര്‍ക്കുമെല്ലാം രക്ഷാകവചമൊരുക്കിയ നാഥനോട് പരാതി പറയാം, അവന്‍ തന്റെ അടിമകളെ ഒരിക്കലും കൈവിടില്ല, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter