റബീഅ് രണ്ട് , സവാദ്(റ) ആവശ്യപ്പെട്ട പ്രതികാരം

ബദ്റ് യുദ്ധത്തിന്റെ വേള. സ്വഹാബികള്‍ യുദ്ധത്തിന് സജ്ജമായി, അച്ചടക്കമുള്ള ഒരു പടയണി പോലെ അണിയൊപ്പിച്ച് നില്‍ക്കുകയാണ്. സൈനിക തലവനായ പ്രവാചകര്‍(സ്വ) അവസാനമായി എല്ലാം ഒന്ന് കൂടി വീക്ഷിച്ച് ഉറപ്പ് വരുത്തുകയാണ്. കൈയ്യില്‍ ഒരു അമ്പും പിടിച്ച് പ്രവാചകര്‍ ഓരോ വരിയുടെയും അടുത്തെത്തി എല്ലാവരും നില്ക്കുന്നത് കൃത്യമാണെന്ന് നോക്കി. 

അപ്പോഴാണ് ഒരു വരിയില്‍ ഒരാള്‍ അല്‍പം തെറ്റി നില്ക്കുന്നത് കണ്ടത്. അന്‍സാരികളില്‍ പെട്ട സവാദുബ്നു ഗസിയ്യ ആയിരുന്നു അത്. അല്പം മുന്നോട്ട് കയറി വരി തെറ്റി നില്ക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രവാചകര്‍ തന്റെ കൈയ്യിലുള്ള അമ്പ് കൊണ്ട് അദ്ദേഹത്തിന്റെ വയറില്‍ തട്ടി പറഞ്ഞു, ശരിക്ക് നില്ക്കൂ സവാദേ. 

ഉടനെ സവാദ്(റ) പറഞ്ഞു, പ്രവാചകരേ, അങ്ങെന്നെ വേദനിപ്പിച്ചിരിക്കുന്നു. സത്യവും നീതിയും നടപ്പാക്കാനാണല്ലോ അല്ലാഹു താങ്കളെ നിയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ എനിക്ക് പകരം ചെയ്യാന്‍ അവസരം വേണം. 

കേട്ട് നിന്നിരുന്ന സ്വഹാബികളെല്ലാം അല്‍ഭുതം കൂറി മൂക്കത്ത് വിരല്‍ വെച്ചു. പക്ഷെ, നീതിയുടെ പ്രയോക്താവായിരുന്ന പ്രവാചകര്‍ ഇത് കേട്ടതും പ്രതികാരം ചെയ്യാനായി സൌകര്യം ചെയ്ത് കൊടുത്തു. അവിടുന്ന്, തന്റെ വയറ് ഭാഗത്ത് നിന്ന് വസ്ത്രം മാറ്റിക്കൊടുത്ത് സവാദ്(റ)നോട് പ്രതികാരമായി തന്നെയും വേദനിപ്പിച്ചോളൂ എന്ന മട്ടില്‍ നിന്നുകൊടുത്തു. 

Read More:ലാളിത്യത്തിന്റെ വിജയഭേരി

ഒരു നിമിഷം പോലും പാഴാക്കാതെ സവാദ്(റ) പ്രവാചകരെ അണഞ്ഞ് കൂട്ടി പിടിച്ച് ആ വയറ്റത്ത് തുരുതുരെ ചുമ്പിച്ചു. എല്ലാം കണ്ട ഒരു ചെറു പുഞ്ചിരിയോടെ പ്രവാചകര്‍ ചോദിച്ചു, സവാദേ, എന്തേ താങ്കള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ തോന്നിയത്. സന്തോഷം കൊണ്ട് നിറഞ്ഞൊലിക്കുന്ന കണ്ണുകളോടെ സവാദ്(റ) പ്രതിവചിച്ചു, പ്രവാചകരേ, ഇവിടെ സംജാതമായിരിക്കുന്ന രംഗം അങ്ങ് കാണുന്നുവല്ലോ (കൊല്ലപ്പെടാവുന്ന വിധമുള്ള യുദ്ധ രംഗം, അങ്ങനെയെങ്കില്‍ ഭൂമിയില്‍ വെച്ച് അങ്ങയെ കാണാനുള്ള അവസാന അവസരമാണ് ഇത്). ഈ ഭൂമിയില്‍ അവസാനമായി അങ്ങയുമായി സംഗമിക്കുന്നത്, താങ്കളുടെ ചര്‍മ്മവുമായി എന്റെ ചര്‍മ്മം ചേര്‍ന്ന് കൊണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ഇത് കേട്ട പ്രവാചകര്‍ സവാദ്(റ)ന് നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് പറഞ്ഞു, ഇനി നേരെ നില്‍ക്കൂ സവാദ്. 

നമുക്കും സ്നേഹിക്കാം ആ പ്രവാചകരെ... ഈ ആദ്യവസന്തത്തിലെ നമ്മുടെ ശ്രമങ്ങളെല്ലാം ആ സ്നേഹവൃദ്ധിക്കായിരിക്കട്ടെ... നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter