ഖാലിദ് ബിൻ വലീദ്(റ): അവസാനമായി നമ്മോട് പറഞ്ഞത്
അബൂബക്ർ (റ) ഒരിക്കൽ പറയുകയുണ്ടായി: “ഖാലിദ് ബിൻ വലീദ്(റ)വിനെ പോലെ ഒരാൾക്ക് ജന്മം നൽകാൻ ലോകത്തൊരു സ്ത്രീയ്ക്കും സാധിക്കുകയില്ല”.
പരിശുദ്ധ മക്കയിലായിരുന്നു ഖാലിദ് ബിൻ വലീദിന്റെ ജനനം. അബൂജഹലിന്റെ നേതൃത്വത്തിലുള്ള ബനൂ മഖ്‌സൂം ഗോത്രത്തിൽ ധനികനും പൗര പ്രമാണിയും പ്രമുഖനുമായിരുന്ന വലീദ്ബിൻ മുഗീറയാണ് അദ്ദേഹത്തിന്റെ പിതാവ്. ആദ്യകാലങ്ങളിൽ പ്രവാചകൻ(സ്വ)ക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ഖാലിദ്(റ). പൂർവികരുടെ വിശ്വാസത്തെ നിലനിർത്തുക എന്നതായിരുന്നു അദ്ദേഹത്തെ അബൂജഹലിനൊപ്പം മുസ്‍ലിംകൾക്കെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.
ചെറുപ്പ കാലത്ത് ഉമർ(റ)വുമായി മൽപ്പിടുത്തം നടത്തിയിരുന്നതായും അതിൽ ഖാലിദ്(റ) വിജയിച്ചിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മക്ക മുതൽ ത്വാഇഫ് വരെ നീണ്ടുകിടക്കുന്ന തോട്ടവും മറ്റനേകം സ്വത്തുക്കളുമുണ്ടായിരുന്ന ഖാലിദ്(റ)വിന്റെ പിതാവ് വലീദ് അന്നത്തെ ധനാഢ്യരില്‍ ഒരാളായിരുന്നു. അതിനാൽ, കച്ചവടത്തെയോ മറ്റു വരുമാനവഴികളെയോ ആശ്രയിക്കേണ്ട ആവശ്യം ഖാലിദ്(റ)വിന് ഉണ്ടായിരുന്നില്ല. എല്ലാം കൊണ്ടും സമൃദ്ധനായ ഖാലിദ്(റ) മഖ്‌സൂം ഗോത്രത്തിലെ പ്രമുഖരുടെ പാത പിന്തുടർന്ന് ആയോധന കലയിൽ പരിശീലനം നേടി. അതിലൂടെ, ബനൂമഖ്‌സൂം ഗോത്രത്തിന്റെ സൈനിക നേതൃസ്ഥാനത്തേക്ക് പാകമാകുക കൂടിയായിരുന്നു ഖാലിദ്(റ).
നബി(സ്വ)യും മുസ്‍ലിംകളും മക്ക വിട്ട് മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ ബനൂ മഖ്‌സൂം ഗോത്രം മുസ്‍ലിംകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഉഹ്ദ് യുദ്ധത്തില്‍ ശത്രുപക്ഷത്തെ സേനാനായകരില്‍ ഒരാളായിരുന്നു ഖാലിദ്(റ). അവിശ്വാസികള്‍ പിന്തിരിഞ്ഞോടിയപ്പോള്‍, അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലായിരുന്നു യുദ്ധത്തിന്റെ ഗതി മാറ്റിയത് എന്ന് പറയാം. ഖന്ദഖ് യുദ്ധത്തിലും അദ്ദേഹം ശത്രുപക്ഷത്ത് തന്നെയായിരുന്നു. ഹിജ്റ ആറാം വർഷം നടന്ന ഹുദയ്ബിയ്യ സന്ധിയാണ് ഖാലിദ്(റ)വിന്റെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാവുന്നത്. സന്ധി പ്രകാരം പ്രവാചകൻ(സ്വ) മക്കയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ ഖാലിദ്(റ), അത് ഇഷ്ടപ്പെടാതെ മക്കയിൽ നിന്ന് മാറി തമാസിക്കുക വരെ ചെയ്തു. പക്ഷെ, ഹുദൈബിയ്യാ സന്ധിയിലൂടെ മുസ്‍ലിംകളുടെ എണ്ണം വര്‍ദ്ധിക്കുകയും അത് വരെ എതിര്‍ത്തിരുന്ന പലര്‍ക്കും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അടുത്തറിയാന്‍ അതിലൂടെ അവസരമുണ്ടാവുകയും ചെയ്തു. ഇസ്‍ലാമിനോടുള്ള ഖാലിദ് (റ) ന്റെ ദേഷ്യവും തണുക്കുന്നത് അത്തരത്തില്‍ തന്നെയാണ്.
ഖാലിദ്(റ) ന്റെ സഹോദരന്‍ പ്രവാചകരോടൊപ്പം മദീനയിലേക്ക് ഹിജ്റ ചെയ്തവരിൽപ്പെട്ട ഒരാളായിരുന്നു. അദ്ദേഹം നിരന്തരം ഖാലിദ്(റ)ന് മക്കയിലേക്ക് കത്തുകൾ അയക്കുമായിരുന്നു. ഒരിക്കൽ ഇങ്ങനെ എഴുതുകയുണ്ടായി: “സഹോദരാ, പ്രവാചകർ മുഹമ്മദ്(സ്വ) അങ്ങ് മുസ്‍ലിമാകാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾക്ക് ഇസ്‍ലാമിലേക്ക് ഉള്ള വഴി തെളിഞ്ഞെന്ന് ഞാൻ കരുതുന്നു.” ഇതറിഞ്ഞ ഖാലിദ്(റ) ഇസ്‍ലാം സ്വീകരിക്കാൻ പ്രവാചകരുടെ അടുത്തേക്ക് പുറപ്പെട്ടു. അങ്ങനെ ആ തിരുസന്നിധിയിലെത്തി ഖാലിദ്(റ) മുസ്‍ലിമായി. തുടർന്നങ്ങോട്ട് ഇസ്‍ലാമിന് വേണ്ടി എല്ലാ പോരാട്ടങ്ങളിലും അദ്ദേഹം പങ്കെടുത്തു. മക്കാവിജയ യുദ്ധത്തിൽ മുസ്‍ലിം സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകൻ കൂടിയായിരുന്നു മഹാനായ ഖാലിദ് ബിന് വലീദ് (റ).
രണ്ടു ലക്ഷത്തോളം എതിരാളികൾ വന്ന മുഅ്ത യുദ്ധത്തിൽ ആയിരുന്നു ഖാലിദ്(റ)വിന്റെ ധീരപോരാട്ടം പ്രകടമായത്. യുദ്ധത്തിന്റെ നേതൃത്വം പ്രവാചകൻ(സ്വ) സൈദ്ബിൻ ഹാരിസ(റ)നെ ആയിരുന്നു ഏൽപ്പിച്ചത്. ദീർഘ നേരത്തെ പോരാട്ടത്തിനൊടുവിൽ ഇസ്‍ലാമിന്റെ പതാക വഹിച്ചിരുന്ന അദ്ദേഹം ശഹീദ് ആയി. തുടർന്ന് പ്രവാചക നിർദേശ പ്രകാരം ധീരനായ ജഅ്ഫർബിൻ അബീത്വാലിബ്(റ) യുദ്ധത്തിന്റെ സൈനിക നേതൃത്വം ഏറ്റെടുത്തു. അദ്ദേഹവും വൈകാതെ ശഹീദായി. ശേഷം നേതൃത്വം ഏറ്റെടുത്ത അബ്ദുല്ലാഹ് ബിൻ റവാഹ(റ)വും ശഹീദായി. ശേഷം, സാബിത്(റ)ന്റെ ആവശ്യപ്രകാരം, ഖാലിദ്(റ) പതാകയേന്തി നേതൃത്വം ഏറ്റെടുത്തതോടെ മുസ്‍ലിം പോരാളികൾക്ക് ധൈര്യം തിരിച്ചുകിട്ടുകയും അവര്‍ വിജയം വരിക്കുകയും ചെയ്തു. മുഅ്ത യുദ്ധത്തിലെ ഈ പ്രകടനം കാരണമായാണ് പ്രവാചകൻ(സ്വ) അദ്ദേഹത്തിന്ന് "സൈഫുല്ലാഹ്" (അല്ലാഹുവിന്റെ വാൾ) എന്ന നാമം നൽകിയത്. പ്രവാചകൻ(സ്വ) ഖാലിദ്(റ)നെ കുറിച്ച് പറയുകയുണ്ടായി: “അദ്ദേഹം അല്ലുഹുവിന്റെ നല്ലൊരു അടിമയാണ്. അല്ലാഹുവിന്റെ വാളുകളിൽപ്പെട്ടയാളാണ് ഖാലിദ്ബിൻ വലീദ്(റ). ശത്രുക്കൾക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടേയിരുന്നു.”
പ്രവാചകരുടെ വിയോഗത്തിന് ശേഷം അബൂബക്ർ(റ)വിന്റെ കാലത്തുനടന്ന യുദ്ധങ്ങളിലും ഖാലിദ്(റ) തന്നെയായിരുന്നു സേനാ നേതാവ്. പേര്‍ഷ്യ, റോം അടക്കമുള്ള പല ദിക്കുകളിലേക്കും വിശുദ്ധ ഇസ്‍ലാമിന്റെ വെള്ളിവെളിച്ചവും അധികാരപരിധിയും വ്യാപിക്കുന്നതില്‍ അദ്ദേഹത്തിന് തുല്യതയില്ലാത്ത പങ്കുകളുണ്ട്.
ഹിജ്‌റ 642 ൽ ആയിരുന്നു ഖാലിദ്(റ)വിന്റെ വഫാത്ത്. യുദ്ധത്തിൽ ശഹീദാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, കിടപ്പറയിൽ കിടന്നു മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അല്ലാഹുവിന്റെ വാള്‍ മറ്റൊരാള്‍ പൊട്ടിക്കപ്പെടരുതല്ലോ എന്നതായിരിക്കാം അതിന് പിന്നിലെ യുക്തിയെന്ന് ചില പണ്ഡിതര്‍ രേഖപ്പെടുത്തിയതായി കാണാം. മരണത്തെ സ്വാഗതം ചെയ്യുന്ന വേളയില്‍, അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്, എന്റെ ശരീരത്തില്‍ വാളിന്റെ വെട്ടോ കുന്തത്തിന്റെ ഏറോ ഏല്ക്കാത്ത ഭാഗങ്ങളില്ലെന്ന് തന്നെ പറയാം. എന്നിട്ടും ഞാനിതാ ഇങ്ങനെ വിരിപ്പില്‍കിടന്നാണ് മരിക്കുന്നത്. ആയതിനാല്‍ മരണത്തെ ഭയന്ന് യുദ്ധമുഖത്തേക്ക് പോകാത്ത ഭീരുക്കളുടെ കണ്ണുകള്‍ ഉറങ്ങാതിരിക്കട്ടെ.
സിറിയയിലെ ഹിംസ് നഗരത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഖബ്റിനോട് ചേര്‍ന്ന് വലിയൊരു പള്ളിയും ഒരു പഠന കേന്ദ്രവും പണി കഴിപ്പിച്ചിട്ടുണ്ട്.
മലപ്പുറം, മാണൂർ ദാറുൽ ഹിദായ ദഅ്‍വാ കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍
Leave A Comment