ഏക സിവില്‍കോഡ്; പോരാട്ടത്തിന് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം’- സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുളള ശക്തമായ പോരാട്ടത്തിനെ കോണ്‍ഗ്രസ് മുമ്പില്‍ നിന്ന് നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. രാജ്യപുരോഗതിക്ക് വേണ്ടി മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും
കോണ്‍ഗ്രസ് ബഹുസ്വര സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും എങ്ങനെ കൊണ്ടുപോകണമെന്ന് ഭരണകാലഘട്ടത്തില്‍ കാണിച്ചുതന്ന പ്രസ്ഥാനമാണെന്നും ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ല എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.ഏക സിവില്‍ കോഡ് വിരുദ്ധ കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.

ഏക സിവില്‍ കോഡ് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഓരോ മതവിഭാഗത്തിനും ഗോത്രങ്ങള്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ടാകും അത് വ്രണപ്പെടുത്താന്‍ സമ്മതിക്കില്ല. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്‍ത്തണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിന്തുണ ഇതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉണ്ടായിരിക്കുമെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷിക്കുന്ന ദിവസമാണിത്, രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലേക്ക് മടങ്ങി വരാനായെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍കൊള്ളുന്നതാണ് ഇന്ത്യയുടെ സൗന്ദര്യം. മണിപ്പൂരിലേയും ഹരിയാനയിലേയും സംഭവങ്ങളില്‍ വിശ്വാസമുളളവരും വിശ്വാസമില്ലാത്തവരും പ്രതികരിക്കാന്‍ തയ്യാറാകണം. നമുക്ക് ശാന്തിയാണ് ആവശ്യമെന്നും ജിഫ്‌രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter