തബര്‍റുകിന്റെ ഇസ്‌ലാമിക മാനം
‘തബര്‍റുക്’ ബറകത്തെടുക്കുക എന്നത് കഴിഞ്ഞുപോയ സമൂഹത്തില്‍ മുഴുവനും അറിയപ്പെട്ടതും നിരാക്ഷേപം നടന്നുവരുന്നതുമാണ്.
ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുവില്‍ വര്‍ദ്ധിച്ച ഗുണമുണ്ടെങ്കില്‍ ബറകത്തുണ്ടെന്നു പറയും. ഒരു മനുഷ്യനില്‍ കൂടുതല്‍ സദ്ഗുണമുണ്ടാകുമ്പോള്‍ ബറകത്തുള്ള മനുഷ്യന്‍ എന്നു പറയും. ഈസാനബിയെ അല്ലാഹു ‘മുബാറക്’ ബറകത്തുള്ള ആള്‍ എന്നു പറഞ്ഞു. ഈ വാക്യം വ്യാഖ്യാനിച്ച പ്രമുഖ താബിഈ പണ്ഡിതന്‍ മുജാഹിദ്(റ) പറഞ്ഞത് നഫ്ഫാഅ് (കൂടുതല്‍ ഉപകാരം ചെയ്യുന്നവന്‍) എന്നാണ്.
ചില സമയങ്ങള്‍ക്ക് പ്രത്യേക ബറകത്തുണ്ടാകും. ‘നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അത്താഴത്തില്‍ ബറക്കത്തുണ്ട്’ എന്നു ഹദീസില്‍ കാണാം. ഭക്ഷണത്തിലെ ബറക്കത്താണിവിടെ ഉദ്ദേശ്യം. പ്രഭാതത്തില്‍ യാത്ര പുറപ്പെടുക പ്രഭാദത്തില്‍ എന്റെ സമുദായത്തിനു ബറകത്തുചൊരിഞ്ഞിരിക്കുന്നു എന്ന ഹദീസില്‍ സമയത്തിലുള്ള ബറക്കത്താണു വിവക്ഷ. വിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലേക്കു ഇറക്കപ്പെട്ട രാത്രിയെ കുറിച്ച് ബറകത്തുള്ള രാത്രി എന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, മനുഷ്യര്‍ക്കും ഇതര വസ്തുക്കളിലും ജീവികളിലും ബറക്കത്തുണ്ടെന്നു മനസ്സിലാക്കാം.
യൂസുഫ് നബിയുടെ ജുബ്ബ പിതാവായ യഅ്ഖൂബ് നബിയുടെ മുഖത്തിട്ടപ്പോള്‍ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടിയ സംഭവം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു. ബറകത്തിന്റെ കുപ്പായമാണത്. മസ്ജിദുല്‍ അഖ്‌സയുടെ ചുറ്റു ഭാഗവും ഞാന്‍ ബറകത്തു ചൊരിഞ്ഞിട്ടുണ്ടെന്നു അല്ലാഹു പറയുന്നു. ചില സ്ഥലത്തിനുള്ള ബറകത്താണിവിടെ ഉദ്ദേശിക്കുന്നത്.
നബി(സ)യുടെ ഉമിനീര്‍
ഖൈബര്‍ യുദ്ധ വേളയില്‍ അലി(റ)ക്കു ചെങ്കണ്ണ് ബാധിച്ചു. നബി(സ) അവിടത്തെ ഉമിനീര്‍ ആ കണ്ണില്‍ പുരട്ടുകയും കണ്ണു സുഖപ്പെടുകയും ചെയ്തു. (അശ്ശിഫാ 1/123) അബ്ദുല്ലാഹിബ്‌നു ഉനൈസി(റ)നു കാലിനു പൊട്ടലുണ്ടായപ്പോള്‍ നബി(സ)യുടെ ഉമിനീര്‍ പുരട്ടിയത് മൂലമാണ് സുഖപ്പെട്ടത്. ഖൈബറില്‍ സലമതുബ്‌നു അക്വഇ(റ)നു കണങ്കാലില്‍ മുറിവേറ്റപ്പോള്‍ നബി(സ)യുടെ ഉമിനീര്‍ പുരട്ടിയതിനാല്‍ അതു സുഖപ്പെട്ടു. (അശ്ശിഫാ 1/123)
ബറകത്തുള്ള മുടി
നബി(സ)യുടെ മുടി കൊണ്ടു സ്വഹാബത്ത് ബറക്കെടുത്തിരുന്നു. ഒരിക്കല്‍ ഹജ്ജിന്റെ വേളയില്‍ അവിടുന്ന് മുടി കളഞ്ഞപ്പോള്‍ നബി(സ) അത് അബൂ ത്വല്‍ഹ(റ)ക്കു കൊടുത്തു ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പറയുകയുണ്ടായി. ആദ്യം ആ മുടിയില്‍നിന്നെടുത്തത് അബൂത്വല്‍ഹ തന്നെയാണ്. (ബുഖാരി)
അല്ലാഹുവിന്റെ വാള്‍ എന്നറയപ്പെടുന്ന ഖാലിദുബ്‌നു വലീദ്(റ) താന്‍ നയിച്ച യുദ്ധങ്ങളിലെല്ലാം വിജയം കൈവരിച്ചു. യര്‍മൂഖ് യുദ്ധം മൂര്‍ഛിച്ചപ്പോള്‍ തന്റെ തൊപ്പി കാണാതായി. ആ സന്ദര്‍ഭത്തില്‍പോലും തന്റെ തൊപ്പി കണ്ടെത്താന്‍ അദ്ദേഹം ഉത്തരവിട്ടു. ആദ്യം കിട്ടാതിരുന്നപ്പോള്‍ രണ്ടാമതും ഉത്തരവിട്ടു. ഊര്‍ജ്ജിത അന്വേഷണത്തിലൂടെ അതു കണ്ടെടുത്തു. നോക്കുമ്പോള്‍ അതൊരു പഴയ തൊപ്പിയാണ്. ആ തൊപ്പി അന്വേഷിച്ചു കണ്ടെത്തിയതിന്റെ രഹസ്യം അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു. നബി(സ) തങ്ങള്‍ ഉംറക്കു ശേഷം മുടി കളഞ്ഞു വിതരണം ചെയ്തപ്പോള്‍ എനിക്കു ലഭിച്ച മുടി ഞാനീ തൊപ്പിയില്‍ തുന്നി വെച്ചു. ഈ തൊപ്പി ധരിച്ച് യുദ്ധം ചെയ്ത ഞാന്‍ അതില്‍ വിജയിക്കാറുണ്ട്. (അല്‍ ഖസ്വാഇസുല്‍ ഖുബ്‌റാ 2/68)
നബി(സ)യുടെ വിയര്‍പ്പ്, രക്തം, വുളൂഇനു വേണ്ടി ഉപയോഗിച്ച വെള്ളം, അവിടത്തെ നഖം എന്നിവ കൊണ്ടെല്ലാം സ്വഹാബത്ത് ബറക്കത്തെടുത്തിരുന്നു. പ്രമുഖ സ്വഹാബീവര്യന്‍ മുആവിയ(റ) താന്‍ മരണപ്പെട്ടാല്‍ തനിക്ക് അല്ലാഹുവിന്റെ റസൂല്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യപ്പെടണമെന്നും ആ വസ്ത്രം താന്‍ ഇതിനായി സൂക്ഷിച്ചതാണെന്നും വസ്വിയ്യത്ത് ചെയ്തിരുന്നു. ഇതിനു പുറമെ കഫന്‍ ചെയ്യുമ്പോള്‍ താന്‍ തങ്കംപോലെ സൂക്ഷിച്ചിരുന്ന നബി(സ)യുടെ ഏതാനും തലമുടികളും നഖച്ചീളുകളും തന്റെ വായയിലും മൂക്കിലും രണ്ടു കണ്ണുകളിലും കാതുകളിലും പ്രത്യേകം വച്ചേക്കണമെന്നും മുആവിയ(റ) വസ്വിയ്യത്ത് ചെയ്തിരുന്നു. (അല്‍ ബിദായത്തു വന്നിഹായ- 8/179)
ബറകത്ത് സജ്ജനങ്ങളെക്കാണ്ടും
നബിതങ്ങളിലോ മറ്റു അമ്പിയാക്കളിലോ മാത്രം പരിമിതമല്ല ബറകത്ത്. സാമാന്യതയില്‍ കവിഞ്ഞ സ്ഥാനവും വലിപ്പവും അല്ലാഹു നല്‍കിയിട്ടുള്ള എല്ലാ സജ്ജനങ്ങളിലും ബറകത്തുണ്ട്. ഒട്ടനവധി സംഭവങ്ങള്‍ സജ്ജനങ്ങളെക്കൊണ്ടു വിശ്വാസികള്‍ ബറകത്തെടുത്തതിനു ഉദ്ധരിക്കാന്‍ കഴിയും.
പ്രമുഖ പണ്ഡിതനും ശാഫിഈ മദ്ഹബിന്റെ മുഹര്‍രിറുമായ ഇമാം നവവി(റ) അശ്‌റഫിയ്യാ കോളേജില്‍ ദര്‍സെടുക്കുമ്പോള്‍ ഇരുന്ന സ്ഥലത്ത് മുഖം വെച്ചു തഖ്‌യുദ്ദീന്‍ സുബ്കി(റ) ബറക്കത്തെടുക്കാറുണ്ടെന്നു മകന്‍ താജുദ്ദീന്‍ സുബ്കി(റ) അനുസ്മരിക്കാറുണ്ട്. (അശ്ശിഫാ 1/186)
Leave A Comment