മുജാഹിദുകളുടെ ആദര്‍ശം

പ്രവാചക കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ കേരളീയ മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്നുവന്ന സര്‍വ്വ മതമൂല്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ഐക്യസംഘവും അവരുടെ പിന്‍മുറക്കാരായ മുജാഹിദ് പ്രസ്ഥാനവും രംഗത്തു വന്നത്. ഇസ്‌ലാമിക വിരുദ്ധ ലോബിയുടെ അജണ്ടകള്‍ മുസ്‌ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്യുകയും മാസോണിസ്റ്റ് ചാരന്മാരായി പ്രവര്‍ത്തിക്കുകയും ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണവര്‍ ആശയങ്ങള്‍ സ്വീകരിച്ചത്. വാസ്തവത്തില്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് ശുദ്ധ വഹാബിസമായിരുന്നില്ല. അതിനെ ഒന്നുകൂടി പരിഷ്‌കരിച്ച് യുക്ത്യാധിഷ്ഠിതമാക്കിയ അഫ്ഗാനിയും അബ്ദയും റിളയുമാണ് ഇവിടുത്തെ മതനീവകരണ ചിന്തയുടെ സ്രോതസ്സുകള്‍.
സീതീ സാഹിബ് എഴുതി: ”സുപ്രസിദ്ധ മതപണ്ഡിതനായിരുന്ന സയ്യിദ് റശീദ് റിദായുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന ‘അല്‍ മനാറി’ന്റെ ഒരു വായനക്കാരനായിരുന്നു (വക്കം) മൗലവി സാഹിബ്. സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ, മുതലായ സച്ചരിതന്മാരുടെ നായകത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രഥമ പ്രബോധകന്‍ മൗലവി സാഹിബായിരുന്നു.” (അല്‍ മനാര്‍ 1995 ജൂണ്‍)
”കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ കാലം മുതല്‍ കേരളത്തിലെ നവീകരണ പ്രസ്ഥാനത്തെ സ്വാധീനിച്ചിരുന്ന അറേബ്യന്‍ സ്രോതസ്സ് ഈജിപ്ത് ആയിരുന്നതിനാല്‍ ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ തുടങ്ങിയവരെ വളരെ ആദരപൂര്‍വ്വമാണ് ഇസ്വ്‌ലാഹീ നേതാക്കള്‍ പരിചയപ്പെടുത്തിയിരുന്നത്.” (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും: 24, എം.കെ. മുഹമ്മദലി സുല്ലമി).
”ജമാലുദ്ദീന്‍ അഫ്ഗാനി, ശൈഖ് മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് റിദാ (അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ) തുടങ്ങിയവരുടെ ചിന്തകളാണ് കേരളത്തിലെ പരിഷ്‌കര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്. (Ibid: 14)
”ഈജിപ്ഷ്യന്‍ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിദാ തുടങ്ങിയവര്‍ക്ക് കേരളത്തിലെ മുജാഹിദുകള്‍ നല്‍കിയ ആദരവ്, അവരുടെ ആശയാദര്‍ശങ്ങള്‍ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അറബിക് കോളേജുകളില്‍ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്തു തൗഹീദ് അവയിലൊന്നാണ്.” (Ibid: 25)
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോതസ്സും മാതൃകയും ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളാണെന്ന് വളച്ചുകെട്ടില്ലാതെ സ്ഥാപിക്കുകയാണിവിടെ. നജ്ദില്‍ ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന വഹാബീ പ്രസ്ഥാനവുമായി കേരളത്തിലെ മതനവീകരണ പ്രസ്ഥാനങ്ങള്‍ക്ക് നേരിട്ടു ബന്ധമുണ്ടായിരുന്നില്ല. അടുത്ത കാലമാത്രമാണ് ഗള്‍ഫു സലഫികളുമായി ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്. ഈ വസ്തുത സുല്ലമി തന്നെ രേഖപ്പെടുത്തുന്നത് കാണുക. ”ഗള്‍ഫ് സലഫികളുമായി നാം അടുത്ത കാലത്താണ് ബന്ധപ്പെട്ടത്. ഗള്‍ഫില്‍ എണ്ണപണമുണ്ടാവുകയും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അവര്‍ രംഗത്തു വരികയും ചെയ്തത് മുതലാണ് അതാരംഭിച്ചത്. അങ്ങനെയാണ് നമ്മെ കുറിച്ച് നാം ‘സലഫികള്‍’ എന്നു വിശേഷിപ്പിക്കുന്നത് വ്യാപകമായത്. അതിനു മുമ്പ് അവരുമായുള്ള നമ്മുടെ ബന്ധം പരിമിതമായിരുന്നു. എന്തിനധികം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിനു ശേഷം അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പ്രചരിപ്പിച്ചിരുന്ന പരിഷ്‌കര്‍ത്താക്കളെ നമുക്കറിഞ്ഞുകൂടാ. അവരുടെ ഗ്രന്ഥങ്ങളും രചനകളും നാം വായിച്ചിട്ടില്ല. നമ്മുടെ കോളേജുകളിലോ മതപാഠശാലകളിലോ അവ പഠിപ്പിക്കുന്നുമില്ല. ഗള്‍ഫ് സലഫികളുടെ നായകന്മാരുമായുള്ള നമ്മുടെ ഈ അകല്‍ച്ചയും ഈജിപ്തിലെ നവോത്ഥാന പ്രസ്ഥാനവുമായും അവടത്തെ പണ്ഡിതരുടെ ഗ്രന്ഥങ്ങളുമായുള്ള നമ്മുടെ ബന്ധവും ഗള്‍ഫ് സലഫികളുടെ പല വീക്ഷണങ്ങളോടും വിയോജിക്കാന്‍ നമ്മെ പേരിപ്പിച്ചു. ജിന്ന് ബാധ, അതിനുള്ള ചികിത്സ, സിഹ്‌റ്, അതിനുള്ള പ്രതിവിധി, വെള്ളത്തില്‍ മന്ത്രിച്ചൂതല്‍, സ്ത്രീകളുടെ സാമൂഹ്യ പ്രവര്‍ത്തന നിഷേധം തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്.” (ഗള്‍ഫ് സലഫിസം: 29)
നജ്ദിലെ പ്യൂരിറ്റന്‍ വഹാബിസത്തിന്റെ നിന്നല്ല, ഈജിപ്തിലെ നവീകരിക്കപ്പെട്ട വഹാബിസത്തില്‍ നിന്നാണ് കേരളത്തില്‍ ബിദ്അത്ത് പടര്‍ന്നതെന്ന് ഇവിടെ വ്യക്തമാണ്. മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ എഴുതുന്നു.
”1979-ല്‍ പുളിക്കലില്‍ ചേര്‍ന്ന ഒന്നാം മുജാഹിദ് സമ്മേളനം ലോക ശ്രദ്ധയാകര്‍ഷിച്ചു. സഊദി അറേബ്യയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരുടെ സാന്നിധ്യം സമ്മേളനത്തിന്റെ ഗംഭീര്യം വര്‍ദ്ധിപ്പിച്ചു. അതുവരെ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് സംഘടനകള്‍ ‘സലഫി പ്രസ്ഥാനം’ എന്ന് വ്യാപകമായി അറിയപ്പെടാന്‍ തുടങ്ങിയത് പുളിക്കല്‍ സമ്മേളനം മുതലാണ്. അറബിയില്‍ സലഫി സംഘടനാ സമ്മേളനം എന്നര്‍ത്ഥം വരുന്ന പദങ്ങള്‍ ബനറില്‍ തന്നെ അറിയപ്പട്ടിരുന്നു. ഈജിപ്ത് കേന്ദ്രീകരിച്ച് രൂപപ്പെട്ടുവന്ന മുഹമ്മദ് അബ്ദു, റശീദ് റിള, ജമാലുദ്ദീന്‍ അഫ്ഗാനി എന്നിവരുടെ നവോത്ഥാന സംരംഭങ്ങളാണ് കേരളത്തിലെ ഇസ്വ്‌ലാഹീ ചലനങ്ങള്‍ക്ക് പ്രചോദനമായത്. റശീദ് റളയുടെ അല്‍മനാര്‍ അറബി മാസികയുടെ പേരാണ് നമ്മുടെ അല്‍മനാര്‍ മാസികയുടേത് എന്നത് ഈ ബന്ധത്തെ ദൃഢീകരിക്കുന്നു. ഈ ചരിത്ര സത്യം പഴയകാല മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ എമ്പാടും കാണാം.” (മുജാഹിദ് സമ്മേളന സപ്ലിമെന്റ് 2008 ഫെബ്രുവരി 10 ഞായര്‍ ചന്ദ്രിക).
മുജാഹിദുകളുടെ ആശയങ്ങളോരോന്നും മജല്ലത്തുല്‍ മനാറില്‍ നിന്നും തഫ്‌സീറുല്‍ മനാറില്‍ നിന്നും കടംകൊണ്ടതാണ്. പല വിഷയങ്ങളിലും വഹാബിസം മുസ്‌ലിം മുഖ്യധാരയുടെ കൂടെ നിന്നപ്പോള്‍ കേരളത്തിലെ മുജാഹിദുകള്‍ വിഘടിച്ചു നില്‍ക്കുകയായിരുന്നു. ഈ വിഘടന വാദത്തിന് അവര്‍ക്കു പ്രചോദനമേകിയത് ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ ആശയങ്ങളായിരുന്നു. ഈ വസ്തുത അവര്‍ തന്നെ തുറന്നു പറയുന്നത് കാണുക.
”മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്(റ) അറേബ്യയില്‍ വിശ്വാസ രംഗത്ത് സൃഷ്ടിച്ച പരിവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച കേരളത്തിലെ ഇസ്വ്‌ലാഹീ നായകര്‍ക്ക്, ഒട്ടേറെ വിഷയങ്ങളില്‍ ശൈഖിന്റെയും അനുചരന്മാരുടെയും പിന്‍ഗാമികളുടെയും വീക്ഷണങ്ങളെ തള്ളിക്കളയേണ്ടിവന്നിട്ടുണ്ട്. അവര്‍ സുന്നത്തുകളായി അനുഷ്ഠിക്കുന്ന ചില കാര്യങ്ങള്‍ മുജാഹിദുകളായ നാം ബിദ്അത്തുകളായി കാണുന്നുണ്ട്. വെള്ളിയാഴ്ചയിലെ രണ്ട് വാങ്കുകള്‍, പെരുന്നാളിന്റെ രണ്ടു ഖുതുബകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.” (ഗള്‍ഫ് സലഫിസം: 15)
”നമ്മുടെ ആശയാദര്‍ശങ്ങള്‍ ഗള്‍ഫിലെ അറബികള്‍ ഗ്രഹിക്കുകയാണെങ്കില്‍ അവര്‍ നമ്മെ സലഫികളായി അംഗീകരിക്കില്ല. ബിദ്അത്തുകാരും മുഅ്തസിലുകളുമായി പരിഗണിച്ചേക്കും. എന്തിനധികം നമ്മുടെ ആശയങ്ങള്‍ സൂക്ഷ്മമായി അവര്‍ ഗ്രഹിച്ചാല്‍ നമ്മെ അവര്‍ മുസ്‌ലിംകളായി പോലും അംഗീകരിച്ചുകൊള്ളണമെന്നില്ല. അവര്‍ വ്യക്തമായ കുഫ്‌റും മതപരിത്യാഗവുമായി കാണുന്ന കാര്യങ്ങള്‍ നാം അപ്രകാരം ഗണിക്കുന്നില്ല.” (Ibid: 58)
ഗള്‍ഫു വഹാബിസത്തിന്റെ വീക്ഷണത്തില്‍ നദ്‌വത്തുകാര്‍ മുസ്‌ലിംകള്‍ പോലുമല്ല. കാരണം അവര്‍ മാതൃക സ്വീകരിച്ചിരിക്കുന്നത് ഇബ്‌നു അബ്ദില്‍ വഹാബില്‍ നിന്നല്ല. ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളില്‍ നിന്നാണ്. ഈ മൂവര്‍ സംഘത്തെ ഗള്‍ഫ് വഹാബികള്‍ പോലും പാശ്ചാത്യന്‍ സംസ്‌കാരത്തെ മുസ്‌ലിംകളിലേക്ക് ഇറക്കുമതി ചെയ്തവരും മാസോണിസ്റ്റ് ചാരന്മാരുമായിട്ടാണ് കാണുന്നത്. അവരെയാണ് നദ്‌വത്തുകാര്‍ ‘തഖ്‌ലീദ്’ ചെയ്തത്. അതിന്റെ ഭാഗമായി മുജാഹിദുകളുയര്‍ത്തിയ ചില വാദങ്ങളിതാ.
1.    മനുഷ്യര്‍ക്ക് ജിന്നുബാധയും പിശാചുബാധയും ഏല്‍ക്കുകയില്ല. ജിന്ന്, പിശാച് തുടങ്ങിയവ ആധുനിക മൈക്രോസ്‌കോപ്പിലൂടെ കണ്ടെത്താവുന്ന ബാക്ടീരിയകളും വൈറസുകളുമാണ്.
2.    സിഹ്‌റ് (ആഭിചാരം) കേവലം തട്ടിപ്പും വഞ്ചനയും മാത്രമാണ്. അതു സംബന്ധമായി വന്ന ഹദീസുകള്‍ തള്ളപ്പെടേണ്ടവയാണ്.
3.    വെള്ളത്തില്‍ മന്ത്രിച്ചൂതല്‍ തെറ്റാണ്. ഉറുക്കും പിഞ്ഞാണമെഴുത്തുമെല്ലാം ഇങ്ങനെ തന്നെ.
4.    തറാവീഹ് എട്ടോ വട്ടപൂജ്യമോ ആകാം. ഇരുപത് കല്‍പിച്ച ഉമര്‍(റ) സുന്നത്തിനു വിരുദ്ധം പ്രവര്‍ത്തിച്ചു.
5.    ഉസ്മാന്‍(റ) നടപ്പിലാക്കിയ ജുമുഅയുടെ രണ്ട് വാങ്ക് നബിചര്യക്കു വിരുദ്ധമാണ്.
6.    യാത്രക്കാര്‍ സംഘടിച്ച് ജുമുഅ നിസ്‌കരിക്കുന്നത് ഇജ്മാഇനു വിരുദ്ധമാണെന്ന ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ഫത്‌വ ശരിയല്ല.
7.    പെരുന്നാളിനു രണ്ട് ഖുതുബ നിര്‍വഹിക്കുന്നതിനു തെളിവില്ല.
8.    സകാത്ത് കമ്മിറ്റി പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട പുണ്യകര്‍മ്മമാണ്. അതു പാടില്ലെന്ന ഗള്‍ഫ് സലഫികളുടെ വാദം ശരിയല്ല.
9.    നാളികേരം, റബ്ബര്‍, കരിമ്പ് തുടങ്ങിയവയിലെല്ലാം സകാത്ത് നല്‍കണം.
10.    ഗോളശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് മാസമുറപ്പിക്കേണ്ടതും നോമ്പും പെരുന്നാളുമെല്ലാം തീരുമാനിക്കേണ്ടതും.
11.    താടിയും തലപ്പാവും ഇസ്‌ലാമിന്റെ ചിഹ്നങ്ങളല്ല. അത് നിര്‍ബന്ധവുമില്ല. താടി വടിക്കുന്നവരെ ഇമാമത്ത് നിര്‍ത്തരുതെന്ന് പറയാവതല്ല.
12.    ഇസ്‌ലാമിക പ്രമാണങ്ങളില്‍ എല്ലാവര്‍ക്കും ഇജ്തിഹാദ് (ഗവേഷണം) നടത്താന്‍ അവകാശമുണ്ട്. മറ്റൊരു വ്യക്തിയെ തഖ്‌ലീദ് ചെയ്യാന്‍ പാടില്ല. ഇബ്‌നു തീമിയ്യയും ശൈഖ് നജ്ദിയും ഇബ്‌നു ബാസും മുജ്തഹിദ് മുത്വലഖുകളാകാത്തത് അവരുടെ തെറ്റാണ്.
13.    സ്ത്രീകള്‍ മുഖം മറക്കണം എന്നു കല്‍പ്പനയില്ല.
14.    മൂന്നു ത്വലാഖുകള്‍ ഒന്നിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമേ സംഭവിക്കൂ.
15.    സ്ത്രീ ജുമുഅ, ജമാഅത്ത് അനുവദനീയമെന്നു മാത്രമല്ല; പുണ്യകര്‍മ്മം കൂടിയാണ്.
16.    സ്വഹാബത്തിന്റെ വീക്ഷണങ്ങള്‍ മതത്തില്‍ പ്രമാണമല്ല.
17.    പരിമിത പരമ്പരകള്‍ മാത്രമുള്ള (ആഹാദ്) ഹദീസുകള്‍ തള്ളപ്പെടേണ്ടതാണ്.
18.    ബുദ്ധിക്കും ശാസ്ത്രത്തിനും യോജിക്കാത്ത ഹദീസുകളും ആയത്തുകളും തള്ളിക്കളയുകയോ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയോ ആകാം.
19.    അവസാന നാളില്‍ ഇസ്‌ലാമിന്റെ സംരക്ഷണത്തിന് ഇമാം മഹ്ദി വരും എന്ന വിശ്വാസം തെറ്റാണ്. സൂഫി-ശിയാക്കളും അബ്ബാസികളും മതത്തിന്റെ പേരില്‍ കടത്തിക്കൂട്ടിയതാണത്.
20.    സംസം വെള്ളത്തിനു യാതൊരു മഹത്വവുമില്ല.
ഈ വാദങ്ങളെല്ലാം ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ വിശിഷ്യാ റശീദ് റിളയുടെ സ്വാധീനവലയത്തില്‍ പെട്ട് മുജാഹിദുകള്‍ ഉന്നയിച്ചതാണ്. ആഗോള വഹാബിസം (സലഫിസം) പോലും ഈ വിഷയത്തില്‍ മുസ്‌ലിം മുഖ്യധാരയുടെ കൂടെയാണ്. കേരളത്തിലെ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളാക്കി ചിത്രീകരിക്കാന്‍ മുജാഹിദുകള്‍ മുഖ്യമായും അവലംബിക്കുന്നത് ‘ഇബാദത്തി’നു റശീദ് റിള നല്‍കിയ നിര്‍വചനമാണ്. ”ഇസ്‌ലാമിന്റെ മൗലികാദര്‍ശമായ തൗഹീദിന് നാം നല്‍കിവരുന്ന വ്യാഖ്യാന വിശദീകരണങ്ങളില്‍ പോലും ശൈഖ് മുഹമ്മദ് അബ്ദുവിനോടും അദ്ദേഹത്തിന്റെ ശിഷ്യന്‍ റശീദ് റിളയോടും നാം കടപ്പെട്ടിരിക്കുന്നു.” (Ibid: 26)
ബാങ്ക് പലിശ ഹലാലാക്കിക്കൊണ്ട് രംഗത്തുവന്ന ഐക്യസംഘത്തിനും കെ.എം. മൗലവിക്കും പ്രചോദനം അല്‍ മനാര്‍ തന്നെയായിരുന്നു. ബാങ്ക് പലിശ ഹലാലാക്കിയ മൗലവി ‘രിസാലത്തുല്‍ ഫില്‍ ബാങ്ക്’ എഴുതിയത് അല്‍ മനാറിലെ റിളയുടെ ലേഖനങ്ങള്‍ ആശ്രയിച്ചുകൊണ്ടായിരുന്നു. തഫ്‌സീറുല്‍ മനാര്‍ വായിച്ചാല്‍ മാത്രമേ ഖുര്‍ആനിന്റെ ആശയം ശരിക്കും മനസ്സിലാക്കാനാകൂ എന്നാണ് മുജാഹിദുകള്‍ കേരളത്തെ പഠിപ്പിച്ചത്. എടവണ്ണ അലവി മൗലവിയുടെ മകന്‍ സലാം സുല്ലമി പറയുന്നു: ‘പരിശുദ്ധ ഖുര്‍ആനിന്റെ ശരിയായ ആശയവും സത്യവും മനസ്സിലാക്കുവാന്‍ ഇമാം റശീദ് റിള(റ)യുടെ തഫ്‌സീറുല്‍ മനാര്‍ വായിക്കണമെന്ന് ഉപ്പ എപ്പോഴും ഉപദേശിക്കാറുണ്ട്. ഇമാം മുഹമ്മദ് അബ്ദു(റ), ഇമാം റശീദ് റിള(റ) തുടങ്ങിയവരെ ഇബ്‌നു തീമിയ്യയെക്കാളും ഉപ്പ ആദരിച്ചിരുന്നു.” (മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? 19)
ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളെ അന്ധമായി അനുകരിക്കാന്‍ പഠിപ്പിക്കുകയാണിവിടെ മുജാഹിദുകള്‍. മദ്ഹബിന്റെ ഇമാമുകളെ തള്ളിപ്പറയുകയും അനാദരിക്കുകയും ചെയ്തവര്‍ സാമ്രാജ്യത്വ ചാരന്മാരെയും മാസോണിസ്റ്റ് ശിങ്കിടികളെയും ഇമാമുമാരാക്കി പൂജിക്കുകയാണിവിടെ. അവരുടെ ചിന്തകളെ മലയാളീകരിച്ചതിനപ്പുറം നദ്‌വത്തുകാര്‍ കേരളത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു താരതമ്യ പഠനത്തിലൂടെ ആര്‍ക്കും മനസ്സിലാക്കാവുന്ന കേവല സത്യമാണ്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter