തൗഹീദ്; മാറി മറിയാത്ത വിശ്വാസധാര
തൗഹീദിന്റെ വചനം ലാഇലാഹ ഇല്ലല്ലാഹു (ആരാധനക്കര്‍ഹന്‍ അല്ലാഹുമാത്രം) എന്നതാണ്. ഈ വിശുദ്ധ വചനം പച്ചയായി ദുര്‍വ്യാഖ്യാനം ചെയ്തവരാണ് മുജാഹിദ് പ്രസ്ഥാനം. 'മനുഷ്യകഴിവിനതീതമായ കാര്യങ്ങളില്‍ സഹായമര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രം' എന്നാണ് ഈ വചനത്തിനവര്‍ അര്‍ത്ഥ കല്‍പന നടത്തിയത്. 'കാര്യകാരണങ്ങള്‍ക്കതീതം' എന്നും 'അഭൗതികകാര്യങ്ങള്‍' എന്നും 'മറഞ്ഞ കാര്യങ്ങള്‍' എന്നുമെല്ലാം മാറിമാറി മനുഷ്യകഴിവിനതീതമായ കാര്യങ്ങളെ അവര്‍ പരിചയപ്പെടുത്തി. ആശയം എല്ലാം ഒന്ന് തന്നെ. അഭൗതികവും അജ്ഞാതവും കാര്യകാരണബന്ധങ്ങള്‍ക്കതീതവും മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ക്കായി അല്ലാഹുവിനെ മാത്രമേ ആശ്രയിക്കാവൂ എന്നും അത്തരം കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിച്ചാല്‍ അത് 'തൗഹീദി'ന്ന് കടക വിരുദ്ധമാകുമെന്നും അവര്‍ സിദ്ധാന്തിച്ചു. എന്തിനാണവര്‍ വിശുദ്ധവചനം ഇപ്രകാരം വളച്ചൊടിച്ച് വികൃതമാക്കിയത്? ഉത്തരം വ്യക്തം. വിശുദ്ധാത്മാക്കളോട് സുന്നികള്‍ നടത്തുന്ന സഹായാര്‍ത്ഥനയും അനുബന്ധ കാര്യങ്ങളും ശിര്‍ക്കാണെന്ന് സ്ഥാപിക്കാന്‍ തന്നെ.
എന്നാല്‍, ഈ ദുര്‍വ്യാഖ്യാനത്തില്‍ നിന്ന് പിന്‍വാങ്ങാനും കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത ഈ നിര്‍വ്വചനം തിരുത്തിപ്പറയാനും മുജാഹിദ് പ്രസ്ഥാനം നിര്‍ബന്ധിതമായിരിക്കുന്നു. ജിന്ന്, പിശാചുകളുടെ ഒഴിവുകളും പ്രത്യേകതകളും അംഗീകരിച്ചതോടെയാണ് അടിസ്ഥാനപരമായ ഈ മാറ്റത്തിന് അവര്‍ തയ്യാറായത്.
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ പുതിയ തൗഹീദ് പഠിപ്പിക്കാനായി അവര്‍ എഴുതിയ പ്രഥമകൃതി പി. അബ്ദുല്‍ ഖാദിര്‍ മൗലവി എഴുതിയ 'അത്തൗഹീദ്' എന്ന ഗ്രന്ഥമാണ്. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണവിഭാഗം പുറത്തിറക്കിയ ഈ കൃതിയുടെ ആദ്യപ്രതി പുറത്തിറങ്ങിയത് 1944 ല്‍ ആണ്. പിന്നീട് പലതവണ റീപ്രിന്റ് ചെയ്ത ഈ ഗ്രന്ഥം ഇന്നും വിപണിയിലുണ്ട്. തൗഹീദിന്റെ വചനത്തിന് ആ കൃതിയില്‍ എഴുതിയ അര്‍ത്ഥം ഇപ്രകാരമാണ്.
''മനുഷ്യശക്തിക്കധീനമല്ലാത്തതും കാര്യകാരണബന്ധങ്ങള്‍ക്കതീതവുമായ കാര്യങ്ങള്‍ക്കായി സര്‍വ്വതിന്റെയും പ്രഥമകാരണമായ അല്ലാഹുവിനെ മാത്രമേ ആശ്രയിക്കാവൂ എന്നും കാര്യകാരണബന്ധത്തിന്റെ പരിധിക്കപ്പുറമായി സ്ഥിതിചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കുവാന്‍ അര്‍ഹതയുള്ളവന്‍ സാക്ഷാല്‍ദൈവമായ അല്ലാഹുവല്ലാതെ മറ്റുയാതൊന്നും തന്നെയില്ല എന്നുമാണ് 'ലാഇലാഹ ഇല്ലല്ലാഹു' എന്ന പരിശുദ്ധവാക്യം നമ്മെ പഠിപ്പിക്കുന്നത്.'' (അത്തൗഹീദ് പേജ്: 25)
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
മദ്രസകളില്‍ പഠിക്കുന്ന കുരുന്നുകളെ വികലമായ തൗഹീദ് പഠിപ്പിക്കാനും വിശുദ്ധാത്മാക്കളോട് ബന്ധപ്പെടുന്നത് ശിര്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാനും ഉദ്ദൃത വികൃതഅര്‍ത്ഥം ആധാരമാക്കി പ്രാര്‍ത്ഥനക്ക് പുതിയഅര്‍ത്ഥം പടച്ചുണ്ടാക്കി പാഠപുസ്ത്കങ്ങളില്‍ എഴുതിച്ചേര്‍ത്തു.
മൂന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തയ്യാറാക്കിയ പാഠപുസ്തകത്തില്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം ചോദ്യോത്തരരൂപത്തില്‍ ഇപ്രകാരം പഠിപ്പിക്കുന്നു:
അശ്‌റഫ്: ''ഉപ്പാ, അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്ന് മൗലവി ഇന്നലെ പറഞ്ഞുവല്ലോ. അപ്പോര്‍ പ്രാര്‍ത്ഥന എന്നാല്‍ എന്താണ്?''
പിതാവ്: ''മനുഷ്യരുടെ കഴിവില്‍പെടാത്ത കാര്യങ്ങള്‍ സഫലീകരിക്കുവാനായി മറ്റൊരു ശക്തിയോട് വിനയത്തോടും അതീവ താഴ്മയോടും കൂടി ചോദിക്കുന്നതിനാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്''. (സ്വഭാവപാഠങ്ങള്‍, പേജ്: 46, ക്ലാസ് 3)
ഈ നിര്‍വ്വചനപ്രകാരം 'ബദ്‌രീങ്ങളെ കാക്കണേ' എന്നിങ്ങനെ ഒരു സുന്നി സഹായം തേടിയാല്‍ അവന്‍ ബദ്‌രീങ്ങളോട് പ്രാര്‍ത്ഥിച്ചു. അവന്‍ ശിര്‍ക്കുകാരനായിത്തീരുകയും ചെയ്തു. കാരണം മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിലാണല്ലോ ഈ സഹായാര്‍ത്ഥന.
മനുഷ്യകഴിവനതീതം തന്നെ.
മദ്രസ നാലാംക്ലാസിലും പ്രാര്‍ത്ഥന എന്ന 12.ാം പാഠത്തില്‍ പറയുന്നതിപ്രകാരം തന്നെ.
''മനുഷ്യകഴിവിന്നപ്പുറമുള്ള മാര്‍ഗങ്ങളില്‍കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തോട് കൂടെയുള്ള അപേക്ഷക്കാണ് പ്രാര്‍ത്ഥന എന്ന് പറയുന്നത്''. (ഇസ്‌ലാമിക വിശ്വാസങ്ങള്‍, ക്ലാസ് 4, പേജ് 36)
മലക്കുകളോട് സഹായംതേടല്‍
മനുഷ്യ കഴിവിനതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്ന പുതിയ നിലപാടിനെ തുടര്‍ന്ന് മലക്കുകളോട് സഹായംചോദിക്കല്‍ 'ശിര്‍ക്കാ'ണെന്ന് മുജാഹിദ് വിഭാഗം പ്രചരിപ്പിച്ചു. ജിന്നുകളോട് സഹായം ചോദിക്കലും ശിര്‍ക്കാണെന്ന് പറഞ്ഞു. പിശാചുക്കളോട് തേടലും ശിര്‍ക്കാണെന്ന് വ്യക്തമാക്കി. മരണാനന്തരം ആത്മീയലോകത്ത് ജീവിക്കുന്ന വിശുദ്ധാത്മാക്കളോട് സഹായംതേടലും ശിര്‍ക്കാ(ബഹുദൈവവിശ്വാസം) ണെന്ന് നിരന്തരം പ്രചരിപ്പിച്ചു.
അവര്‍ എഴുതുന്നത് നോക്കൂ: ''മനുഷ്യകഴിവില്‍പെട്ട കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ അന്യോന്യം സഹായാര്‍ത്ഥന നടത്താന്‍ ഇസ്‌ലാം അനുവദിച്ചതാണ്. അവരന്യോന്യം സഹായിക്കേണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചതുമാണ്. എന്നാല്‍, മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ത്ഥന നടത്തുന്നത് ശിര്‍ക്കാണ്. (ബഹുദൈവാരാധനയാണ്) (അല്ലാഹുവിന്റെ ഔലിയാക്കള്‍)
തുടര്‍ന്ന് ഇതേ പുസ്തകത്തില്‍ മലക്കുകളോട് സഹായാര്‍ത്ഥന നടത്തല്‍ ശിര്‍ക്കാണെന്ന് സ്ഥാപിക്കാനായി വിശുദ്ധഖുര്‍ആനിലെ 17:56,57 സൂക്തങ്ങളും അവയുടെ അവതരണ പശ്ചാത്തലവും വിശദമായി ഉദ്ധരിക്കുന്നു. അവര്‍ എഴുതിയത് നോക്കൂ.
''ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഈ പരിശുദ്ധ വചനം ഈസാ, മര്‍യം, ഉസൈര്‍, മലക്കുകള്‍ (അ) എന്നീ മഹാന്‍മാരെ വിളിച്ച് സഹായമര്‍ത്ഥിച്ചിരുന്നവരെ സംബന്ധിച്ച് അവതരിച്ചതാണ് എന്നാണ്. അല്ലാഹുവിന്റെ മുഖര്‍റബായ മലക്കുകളോടോ മഅ്‌സൂമുകളായ പ്രവാചകന്മാരോടോ സഹായമര്‍ത്ഥിച്ചാല്‍ അര്‍ത്ഥിച്ചവന്റെ ദുരിതമകറ്റാനോ അതിന് എന്തെങ്കിലും മാറ്റം വരുത്താനെങ്കിലുമോ അവര്‍ക്ക് കഴിയുകയില്ല എന്ന് പറയുമ്പോള്‍ അവരെക്കാള്‍ താഴ്ന്ന പദവിയിലുള്ള മണ്‍മറഞ്ഞവര്‍ക്ക് കഴിയുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.'' (പേജ് 83)
ജിന്നുകളോട് സഹായംതേടല്‍
മുമ്പത്തെ ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശദീകരിച്ച് മലക്കുകളോടെന്നപോലെ ജിന്നുകളോട് സഹായംതേടലും ശിര്‍ക്കാ(ബഹുദൈവവിശ്വാസം) ണെന്ന് മുജാഹിദ് വിഭാഗം പ്രചരിപ്പിച്ചു. മുസ്‌ലിം ജിന്നുകളോട് സഹായാര്‍ത്ഥന നടത്തല്‍ പോലും വിശുദ്ധ ഖുര്‍ആന്‍ 17:56,57 സൂക്തങ്ങളുടെ പരിധിയില്‍ വരുമെന്നവര്‍ എഴുതി.
''ഈസാ, മര്‍യം, മലക്കുകള്‍, മുസ്‌ലിം ജിന്നുകള്‍ മുതലായവരെ വിളിച്ച് സഹായം തേടിയിരുന്നവരെ സംബന്ധിച്ചാണ് ഈ വചനമവതരിച്ചത് എന്നാണ് സര്‍വ്വ മുഫസ്സിറുകളും പ്രസ്താവിച്ചിട്ടുള്ളത്.'' (അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ, പേജ് : 105)
മനുഷ്യകഴിവിനതീതമായ കാര്യങ്ങളില്‍ അല്ലാഹുവല്ലാത്ത സൃഷ്ടികളോട് സഹായം ചോദിക്കല്‍ ശിര്‍ക്കാണെന്ന് മുജാഹിദ് നിലപാടാണ് ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്കാണെന്ന മുജാഹിദ് നിലപാടാണ് ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്കാണെന്ന് പറയാന്‍ അവര്‍ക്ക് ആധാരം. ഇതേ മാനദണ്ഡം വെച്ച് പിശാചുകളോട് സഹായാര്‍ത്ഥ നടത്തലും ശിര്‍ക്കാണെന്ന് അവര്‍ വ്യക്തമാക്കി.
'സിഹ്ര്‍' ചെയ്യല്‍ ശിര്‍ക്ക്
അദൃശ്യരും അഭൗതികരുമായ ജിന്നുകളോടും പിശാചുകളോടും സഹായം തേടല്‍ വരുന്നത് കൊണ്ട് 'സിഹ്‌റ്' ചെയ്യല്‍ ശിര്‍ക്കാണെന്ന് മുജാഹിദ് പണ്ഡിത സഭയുടെ മുന്‍ അധ്യക്ഷന്‍ വ്യക്തമായി പറയുന്നു.
''ആഭിചാരവും മന്ത്രവാദവും യഹൂദികളുടെ താവഴിയാണ്. നമ്മുടെ സമുദായത്തിലും അത് കടന്ന് കൂടിയിരിക്കുന്നു. അദൃശ്യലോകത്തില്‍ പെട്ട പിശാചുക്കളോടും ജിന്നുകളോടും സഹായം തേടുകയും അവരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി ചിലത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടുള്ളതാണ് ആഭിചാരവും മന്ത്രവാദവും. അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്ത്‌കൊണ്ട് താഴ്മകാണിക്കല്‍ ആരാധനയാണ്. അപ്പോള്‍ ജിന്നിനെയും പിശാചിനെയും ആരാധിക്കുക എന്ന ശിര്‍ക്ക് അതില്‍ വന്നുകൂടുന്നു. അത്‌കൊണ്ടാണ് ആഭിചാരവും മന്ത്രവാദവും ശിര്‍ക്കും കുഫ്‌റുമായിത്തീര്‍ന്നത്.''(ഫാത്തിഹയുടെ തീരത്ത്, പേജ്: 125)
സിഹ്ര്‍ ശിര്‍ക്കാകാനുള്ള കാരണം കെ. ഉമര്‍ മൗലവി ഇവിടെ വ്യക്തമായി പറയുന്നു: ''അദൃശ്യമായ മാര്‍ഗത്തില്‍ ഗുണം ആശിക്കുയോ ദോഷം ഭയപ്പെടുകയോ ചെയ്ത്‌കൊണ്ട് താഴ്മകാണിക്കല്‍ ആരാധനയാണ്.'' ഒരുകാര്യം കൂടി അദ്ദേഹം ഇവിടെ അസന്നിഗ്ദമായി പറയുന്നു. ജിന്നുകളും പിശാചുക്കളും തീര്‍ത്തും അദൃശ്യലോകത്തുള്ളവരാണ്. അദൃശ്യവും അഭൗതികവുമായ നിലയില്‍ സഹായം ചോദിക്കുകയെന്നതാണ് സിഹ്‌റില്‍ ശിര്‍ക്ക് വരാനുള്ള കാരണം.
'സിഹ്ര്‍' ശിര്‍ക്ക് തന്നെ
മുജാഹിദ് വിഭാഗത്തിന്റെ മദ്രസാപാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നതും സിഹ്ര്‍ ശിര്‍ക്കാണെന്ന് തന്നെ. അതിന് പറയുന്ന കാരണം ഗൂഢവും അജ്ഞാതവുമായ ശക്തികളെ ആശ്രയിക്കുന്നു എന്നതാണ് താനും. സിഹ്‌റില്‍ ആശ്രയിക്കുന്ന അജ്ഞാത ശക്തികള്‍ ജിന്ന്, പിശാചുക്കള്‍ ആണെന്ന കാര്യം തീര്‍ച്ച.
''മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള ശ്രമമെന്ന നിലക്ക് അത്തരം സിഹ്‌റുകള്‍ പാപമാണ്. അതിന് പുറമെ ഗൂഢവും അജ്ഞാതവുമായ വഴിക്കാണ് സിഹ്‌റിന്റെ ഫലം പ്രതീക്ഷിക്കുന്നത്. അജ്ഞാത ശക്തികളെ ആശ്രയിക്കുന്നത് കുഫ്‌റും ശിര്‍ക്കുമായിത്തീരും.'' (സ്വഭാവ പാഠങ്ങള്‍, പേജ്: 15, ക്ലാസ് 4)
മന്ത്രം, ഉറുക്ക് എന്നിവയും ശിര്‍ക്ക്
കാര്യകാരണബന്ധങ്ങള്‍ക്കതീതവും അഭൗതികവുമായ നിലയില്‍ അല്ലാഹുവല്ലാത്തവരില്‍ നിന്ന് ഗുണമോ ദോഷമോ പ്രതീക്ഷിക്കല്‍ ശിര്‍ക്കാണെന്ന മുജാഹിദ് വിഭാഗത്തിന്റെ ആദ്യകാല നിലപാടിനെ തുടര്‍ന്ന് മന്ത്രം, ഉറുക്ക്, നറുക്ക് തുടങ്ങിയ ആത്മീയ ചികിത്സകളെല്ലാം ശിര്‍ക്കിന്റെ ഗണത്തില്‍ പെട്ടതാണെന്നവര്‍ പ്രചരിപ്പിച്ചു.
മുജാഹിദ് പണ്ഡിതസഭയുടെ മുന്‍ അധ്യക്ഷന്‍ കെ. ഉമര്‍ മൗലവി എഴുതുന്നത് നോക്കൂ: ''അദൃശ്യസൃഷ്ടികളായ ജിന്നിന്റെയും ശൈത്താന്റെയും അദൃശ്യമായ നിലയിലുള്ള സഹായംതേടല്‍ അതിലുള്ളത് കൊണ്ടാണ് അത് (മന്ത്രവാദം) ശിര്‍ക്കായത്. (ഫാത്തിഹയുടെ തീരത്ത് പേജ് 69)
മന്ത്രവും ഉറുക്കും ശിര്‍ക്കാണെന്ന് അവര്‍ പ്രചരിപ്പിച്ചതിന് ഉദ്ധരണികള്‍ ആവശ്യമില്ലാത്തത്ര സ്പഷ്ടമാണ്.
ജിന്ന്, പിശാചുകള്‍, കൊതുകുകള്‍, രോഗാണുക്കള്‍
മനുഷ്യന്നതീതമായ കഴിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂവെന്നാണ് മുജാഹിദ് പ്രസ്ഥാനം മനസ്സിലാക്കിവെച്ചിരിക്കുന്നത്. ജിന്നിനെയും പിശാചിനെയും മലക്കുകളെയുമെല്ലാം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അതിനെല്ലാം പുതിയതരം വ്യാഖ്യാനങ്ങള്‍ നല്‍കുകയാണവര്‍ ചെയ്തിരുന്നത്. മഹാന്‍മാരുടെ പ്രത്യേക കഴിവുകള്‍ക്ക് കാരണമായ മുഅ്ജിസത്ത്, കറാമത്തുകളെ വളച്ചൊടിക്കുകയും ഭാഗികമായി നിഷേധിക്കുകയും ചെയ്തു. ജിന്ന് എന്നതിന്റെ അര്‍ത്ഥം രോഗാണു എന്നാണെന്നും മലക്ക് എന്നതിന്റെ അര്‍ത്ഥം ഉപകാരം ചെയ്യുന്ന അണുവാണെന്നും അവര്‍ വ്യാഖ്യാനിച്ചു. കേരളത്തിലെ ഇസ്‌ലാഹീ നവോത്ഥാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പണ്ഡിതത്രയങ്ങളില്‍ ഒരാളായ ശൈഖ് മുഹമ്മദ് അബ്ദയാണ് ജിന്നുകള്‍ക്കും മലക്കുകള്‍ക്കും ഈ പുതിയ അര്‍ത്ഥ കല്‍പന നടത്തിയത്. (അല്‍മനാര്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ പേജ്: 26)
ജിന്ന്, പിശാചുകള്‍ വരുത്തി വെക്കുന്ന രോഗങ്ങളെ ഒരുതരം ഹിസ്റ്റീരിയയായി അവര്‍ വിശദീകരിച്ചു. ജിന്ന് പിശാചുകള്‍ മനുഷ്യന് ശാരീരികമായ ഉപദ്രവമേല്‍പിക്കുമെന്നും മന്ത്രം കൊണ്ട് അതിന് ചികില്‍സിക്കാമെന്നും ഗള്‍ഫ് സലഫികള്‍ പോലും അംഗീകരിച്ചെങ്കിലും കേരള മുജാഹിദുകള്‍ അത് നിഷേധിക്കുകയായിരുന്നു. അവര്‍ എഴുതിയത് നോക്കൂ.
''ഗള്‍ഫിലെ സലഫികള്‍ ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നും ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്ര്‍ ചൊല്ലിയും ജിന്നുകളില്‍ നിന്ന് അത്തരം മനുഷ്യരെ മോചിപ്പിക്കാമെന്നും സിദ്ധാന്തിക്കുന്നു. എന്നാല്‍, കേരളത്തിലെ മുജാഹിദുകളും ജമാഅത്തുകാരും ഇതെല്ലാം ഹിസ്റ്റീരിയ എന്ന മാനസീക രോഗത്തിലാണ് ഉള്‍പ്പെടുത്തിയത്.'' (ഗള്‍ഫ് സലഫിസം: പേജ്: 42)
പിശാചിനെ ഭൗതികമായി വ്യാഖ്യാനിച്ച് കൊതുകും മണ്‍തരികളുമായി അവതരിപ്പിച്ചു. പ്രമുഖ ഹദീസ് പണ്ഡിതനെന്ന് അവര്‍ വിശേഷിപ്പിച്ചിരുന്ന അബ്ദുസ്സലാം സുല്ലമി എഴുതിയ സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയിലാണ് ഈ വിചിത്രവ്യാഖ്യാനങ്ങളുള്ളത്.
മലമൂത്ര വിസര്‍ജ്ജനസ്ഥലത്ത് പ്രവേശിക്കുമ്പോള്‍ 'അല്ലാഹുവേ, ആണ്‍പിശാചുക്കളില്‍ നിന്നും പെണ്‍പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു'എന്ന് നബി (സ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. സ്വഹീഹുല്‍ ബുഖാരിയിലെ ഈ ഹദീസിന്ന് സുല്ലമികൊടുത്ത അര്‍ത്ഥം ഇപ്രകാരം.
''എല്ലാതരം ആണ്‍-പെണ്‍ മലിന വസ്തുക്കളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു.'' തുടര്‍ന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നത് നോക്കൂ. ''പെണ്‍വര്‍ഗത്തില്‍ പെട്ട കൊതുകാണ് മിക്കരോഗങ്ങളും പരത്തുന്നത്. മലമൂത്രവിസര്‍ജ്ജന സ്ഥലത്ത് ഇത്തരം ജീവികളും മലിനവസ്തുക്കളും ഉണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് ഇപ്രകാരം അല്ലാഹുവിനോട് രക്ഷതേടുക.'' (ബുഖാരി പരിഭാഷ 1/44)
ചുവടുമാറ്റത്തിന്റെ പ്രാരംഭം
ഇതെല്ലാം പോയകാലം. ഇന്ന് ലോകം മാറി. മുജാഹിദുകള്‍ ഏറെമാറി. ജിന്നും പിശാചും യാഥാര്‍ത്ഥ്യമാണെന്നും ശാരീരികമായ ഉപദ്രവം അവ മനുഷ്യനെ ഏല്‍പിക്കുമെന്നും അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മാറ്റത്തിന് പ്രധാനമായി രണ്ട് കാരണമാണ്.
1. അനുഭവം തന്നെ. പൈശാചിക രോഗങ്ങള്‍ സുന്നികള്‍ക്ക് മാത്രം നിശ്ചയിക്കപ്പെട്ടതല്ലല്ലോ. ചില മുജാഹിദുകള്‍ക്കും ഇത്തരം രോഗങ്ങള്‍ വരുകയും പ്രതിവിധിയൊന്നും കാണാതെ വന്നപ്പോള്‍ സുന്നീപണ്ഡിതന്മാരെ സമീപിച്ച് സുഖപ്പെടുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുണ്ട്.
2. ഗള്‍ഫില്‍ പോവുകയും അവിടെയുള്ള പണ്ഡിതന്മാര്‍ നടത്തുന്ന ആത്മീയചികിത്സകള്‍ നേരില്‍ കാണുകയും ചെയ്തപ്പോള്‍ അത് അവരില്‍ സ്വാധീനം ചെലുത്തി.
അവര്‍ തന്നെ എഴുതുന്നത് നോക്കൂ.
''പിശാചുണ്ടെന്നും അവന്‍ നമ്മുടെ മനസ്സില്‍ പ്രവേശിച്ച് വഴിതെറ്റിക്കുന്നത്‌പോലെ തന്നെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പ്രവേശിച്ച് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും ഗള്‍ഫിലെ ചില അറബി ശൈഖന്‍മാര്‍ സിദ്ധാന്തിക്കുന്നുണ്ട്. എല്ലാ ഡോക്ടര്‍മാരും ഭൗതികകാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ കയ്യൊഴിച്ച ചില രോഗികളെ പിശാച് ബാധിച്ചവരായി ഇവര്‍ കണക്കാക്കുന്നു.'' (ജിന്ന് സേവയും പിശാച് ബാധയും, പേജ്: 27)
പിശാച് ശാരീരികമായ ഉപദ്രവങ്ങള്‍ വരുത്തിവെക്കുമെന്ന് അംഗീകരിച്ച മുജാഹിദ് പ്രസ്ഥാനം അതിന് പ്രതിവിധിയെന്തെന്ന് നിര്‍ദ്ദേശിക്കാനും നിര്‍ബന്ധിതരായി. എല്ലാ ഡോക്ടര്‍മാരും കയ്യൊഴിച്ച ചില കേന്ദ്രങ്ങളാണ് പിശാചബാധയുള്ളതായി കണക്കാക്കപ്പെടുന്നതെന്നവര്‍ എഴുതിയല്ലോ.
ഭൗതികമായി ഒരു നിലയിലും കണ്ടെത്താനാകാത്ത ഈ രോഗത്തിന് പ്രതിവിധി മന്ത്രം, ഉറുക്ക്, നറുക്ക് പിഞ്ഞാണമെഴുതി കുടിക്കല്‍ തുടങ്ങിയ ആത്മീയചികിത്സകള്‍ തന്നെ. പക്ഷെ, എട്ട് പതിറ്റാണ്ട് കാലം ശിര്‍ക്കായി കണ്ട മന്ത്രം എങ്ങിനെ അംഗീകരിക്കും? മന്ത്രിച്ചൂതുന്നതിനെ ചെവിയില്‍ ചൊല്ലിക്കൊടുക്കുകയെന്ന പുതിയ പേരിട്ട് അവര്‍ അംഗീകരിക്കാന്‍ പെടാപാട് പെടുന്നത്‌നോക്കൂ.
''രോഗിയുടെ തലയില്‍ കൈവെച്ച് ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളില്‍ വന്ന ദിക്‌റുകളും ഇത്തരം രോഗികളുടെ ചെവിയില്‍ ചൊല്ലിക്കൊടുത്ത് തൗഹീദില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ തന്നെ പിശാചിനെ ഒഴിവാക്കാനാകുമെന്ന് അവര്‍ പറയുന്നു. അത്തരം ചില സമ്പ്രദായങ്ങളും അവിടങ്ങളിലുണ്ട്.''
''ഈ ചികിത്സ പ്രാമാണികമായി തെറ്റാണെന്ന് ഖുര്‍ആന്‍ കൊണ്ടും ഹദീസ്‌കൊണ്ടും സ്ഥാപിച്ച്‌കൊടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ ചികിത്സാരീതി ഖുറാഫാത്ത് ആണെന്നും തീര്‍ത്ത് പറയാന്‍ ആരെയും നാം കാത്ത് നില്‍ക്കേണ്ടതില്ല. എന്നാല്‍ അത്തരം ഒരു ചര്‍ച്ച നമ്മുടെ പണ്ഡിതസംഘടനയില്‍ ഇത്‌വരെ നടന്നിട്ടേ ഇല്ല.''(ജിന്ന്‌സേവയും പിശാച്ബാധയും, പേജ് : 28)
മന്ത്രിച്ചൂതുന്നത് അതിവിദഗ്ദമായി അംഗീകരിക്കുകയാണിവിടെ. ഇത്‌കൊണ്ട് തൗഹീദില്‍ നിന്ന് ഒട്ടും വ്യതിചലിക്കുകയില്ലെന്ന വിശദീകരണവും ഈ ചികിത്സാരീതി ഖുറാഫാത്താണെന്ന് പറയാന്‍ ഖുര്‍ആനിലും ഹദീസിലും തെളിവുകള്‍ കണ്ടിട്ടില്ലപോല്‍. മാത്രമല്ല പണ്ഡിതസഭ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ലത്രെ!
എങ്ങിനെയുണ്ട്? ജിന്ന് ബാധയും പിശാച് ബാധയും ശരിവെക്കുകയും അതിന് മന്ത്രവും ആത്മീയചികിത്സകളും അനിവാര്യമാണെന്ന് സൂചിപ്പിക്കുയും ചെയ്യുകയാണിവിടെ. ഇതെഴുതിയത് ഔദ്യോഗികവിഭാഗം മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവപണ്ഡിതനേതാവ് സകരിയ്യാ സ്വലാഹിയാണ്.
ഇന്നിപ്പോള്‍ കേരളത്തില്‍ പലയിടങ്ങളിലും മന്ത്രവും പിശാചിനെ അടിച്ചിറക്കലും ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ മുജാഹിദ് മൗലവിമാര്‍ തന്നെ നടത്തിവരുന്നുണ്ട്. ചില കേന്ദ്രങ്ങളിലെ ചികിത്സകള്‍ ഈ ലേഖകന്‍ നേരില്‍ കണ്ടിട്ടുണ്ട്.
പിശാചിന്റെ ഉപദ്രവങ്ങള്‍ക്ക് ശമനം തേടി തങ്ങന്‍മാരെയോ മുസ്‌ല്യാന്‍മാരെയോ സമീപിക്കരുതെന്നും എന്നാല്‍ പ്രശ്‌നപരിഹാരം അനിവാര്യമാണെന്നും മനസ്സിലാക്കിയ മുജാഹിദ് വിഭാഗം അണികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് ശുദ്ധ മുജാഹിദ് മൗലവിമാരെ മാത്രം കണ്ട് ചികിത്സിപ്പിക്കണമെന്നാണ്. അവര്‍ പുതിയസാഹചര്യത്തില്‍ എഴുതിയത് നോക്കൂ:
''അപ്പോള്‍ രോഗശമനത്തിനോ മറ്റോ ഇത്തരക്കാരെ സമീപിക്കുന്നവര്‍ ശുദ്ധ കുഫ്‌റിലാണ് ചെന്ന് വീഴുന്നതെന്ന് ചുരുക്കം. അതിനാല്‍ ഹലാലായ പരിഹാരമാര്‍ഗങ്ങളേ ആകാവൂ... തൗഹീദില്‍ നിന്ന് വ്യതിചലിക്കാത്തവരും അല്ലാഹുവിനോട് മാത്രം സഹായംതേടുന്നവരുമായി മുവഹ്ഹിദുകളെ മാത്രമേ ഇക്കാര്യത്തില്‍ നാം ആശ്രയിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇസ്‌ലാം അനുവദിച്ച മന്ത്രങ്ങളിലൂടെ രോഗശമനം തേടുന്ന ഈ രീതിക്ക് പകരം പിശാച്‌സേവകരായ തങ്ങന്‍മാരെയോ മന്ത്രവാദികളെയോ ജ്യോത്സ്യന്‍മാരെയോ സമീപിക്കുന്നത് ഇസ്‌ലാം കഠിനമായി വിരോധിച്ചിട്ടുണ്ട്.'' (കുപ്രചരണങ്ങളെ കരുതിയിരിക്കുക, പേജ്: 1,2)
സഹായാര്‍ത്ഥം എന്ന് മാത്രമെ പറയാവു എന്നും അത്‌കൊണ്ടാണ് ശിര്‍ക്കല്ലന്നുമാണിവിടെ പറയുന്നത്. നോക്കൂന്നവര്‍ എഴുതിയ വിശദീകരണം.
പിശാചുക്കളോട് അവരുടെ സഹായം ആവശ്യപ്പെടുകയാണ് ചെയ്യുന്നത് എന്നും അവര്‍ പിശാചിനോട് പ്രാര്‍ത്ഥിക്കുന്നില്ലന്നുമാണ് മുജാഹിദുകള്‍ ഇതിനെ വിശദീകരിച്ചിരിക്കുന്നത്. (ഇസ്ലാഹ്, 2010.ജനു: പേ:42)
പിശാചിനോടും ജിന്നിനോടും വിളിച്ച് തേടിയാല്‍ അതിന് പ്രാര്‍ത്ഥന എന്ന് പറയില്ലന്ന് അവര്‍ വ്യക്തമാക്കുന്നു
പിശാച് എന്ന സൃഷ്ടിക്ക് പ്രകൃത്യാ നല്‍കപ്പെട്ടകഴിവില്‍ നിന്നും ആവശ്യപ്പെടുന്നത് കൊണ്ട് ഇതിനെ പ്രാര്‍ത്ഥന എന്ന് വിളിക്കരുത്. (ഇസ്ലാഹ് 2010 ജനു: പേ: 43)
മഹാത്മാക്കളോട് സഹായം തേടുകയാണ്. പ്രര്‍ത്ഥിക്കുന്നില്ല
ഈ തലവാചകത്തില്‍ പറഞ്ഞത് പോലെ മഹാത്മാക്കളോട് സഹായം ചോദിക്കുന്നതിനെ സുന്നികള്‍ വിശദീകരിച്ചാല്‍ ഇനി മുജാഹിദ് എന്ത് മറുപടിപറയും? സൃഷ്ടികള്‍ക്കാര്‍ക്കുമില്ലാത്ത കഴിവ് മഹാത്മാക്കള്‍ക്കുണ്ടന്ന് സുന്നികള്‍ വിശ്വസിക്കുന്നില്ല. മുഅ്ജിസത്ത്, കറാമത്തുകള്‍ മുഖേന ചിലപ്രത്യകകാര്‍ക്ക് നല്‍ക്കപ്പെട്ട കഴിവുകളാല്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ട് മാത്രമാണ് സുന്നികള്‍ സഹായം തേടുന്നത്. ജിന്നിനും, മലക്കിനും, എന്തിനേറെ പിശാചിന് പോലും പ്രകൃതി നല്‍കിയ കഴിവുകളില്‍ നിന്ന് ചോദിച്ചാല്‍ ശിര്‍ക്കാകില്ല. വിശുദ്ധാത്മാക്കള്‍ക്ക് നല്‍കപ്പെട്ട കഴിവില്‍നിന്ന് ചോദിച്ചാല്‍ അതെങ്ങനെ സാങ്കേതികമായ പ്രാര്‍ത്ഥനയാക്കും? ശിര്‍ക്കാക്കും? (സമസ്ത 85 ാം വാര്‍ഷികപ്പതിപ്പ്)
Leave A Comment