വിഘടിത ചേരികള്‍

നഹ്‌റുവാന്‍ യുദ്ധത്തോടെ ഛിന്നഭിന്നമായ ഖവാരിജുകള്‍ പിന്നീട് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുകയായിരുന്നു. പരസ്പര ബന്ധമില്ലാതിരുന്ന ഖവാരിജുകളില്‍ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ പല വാദങ്ങളും വിവിധ കാരണങ്ങളാല്‍ കടന്നുകൂടി. അതോടെ അവര്‍ ഒരേ സമയം വളരുകയും പിളരുകയും ചെയ്യുന്ന വിഭാഗമായി. ഉള്‍പ്പിരിവുകളും ഉപഘടകങ്ങളും ധാരാളം ഉടലെടുത്തു. ഹിജ്‌റ 64ന് ശേഷമാണ് ഖവാരിജുകള്‍ ഔദ്യോഗികമായി ഭിന്നിക്കുന്നത്.

ഖവാരിജുകള്‍ പ്രധാനമായും എട്ട് ചേരിയും ഇരുപത് വിഭാഗങ്ങളുമാണ്. ഈ ഇരുപത് വിഭാഗങ്ങള്‍ക്കിടയില്‍ പിന്നെയും ഉള്‍വഴികള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതുമായ ചില വിഭാഗങ്ങളെ പരിചയപ്പെടാം.
അസാരിഖ
ഖവാരിജുകളില്‍ ശക്തരും ക്രൂരരുമായിരുന്ന അസാറിഖുകള്‍. ഒരു കാലത്ത് ഖവാരിജുകളില്‍ ഏറ്റവും അംഗബലം ഉണ്ടായിരുന്നതും ഇസ്‌ലാമിക ലോകത്തിനെതിരെ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നതും ഇവരാണ്. അസാരിഖുകളുടെ വിഘടന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നിരവധി മുസ്‌ലിംകളുടെ ജീവിതം തകര്‍ത്തിട്ടുണ്ട്.
ഇറാനിലെ അഹ്‌വാസില്‍ നിന്നാണ് അസാരിഖുകള്‍ രംഗപ്രവേശം ചെയ്തത്. നാഫിഅ് ബിന്‍ അസ്‌റഖ് ആയിരുന്നു ഇവരുടെ നേതാവ്. അമീറുല്‍ മുഅ്മിനീന്‍ എന്നാണ് അദ്ദേഹത്തെ അനുയായികള്‍ വിളിച്ചിരുന്നത്. ഒമാനിലെയും യമനിലെയും ഖവാരിജുകളെ കൂടി വശത്താക്കിയ ഇവര്‍ ഇറാനിലെ അഹ്‌വാസ്, കിര്‍മാന്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഇതറിഞ്ഞ അബ്ദുല്ലാഹിബിന്‍ സുബൈര്‍(റ) സൈന്യത്തെ അയച്ച് അവരെ നേരിടുകയായിരുന്നു. ഒന്നു രണ്ടുവട്ടം മുസ്‌ലിം സൈന്യം പരാജയപ്പെട്ടെങ്കിലും ഹിജ്‌റ 65ല്‍ അഹ്‌വാസിനടുത്ത ദൂലാബ് എന്ന പ്രദേശത്തുവെച്ചുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ നാഫിഅ് ബിന്‍ അര്‍സഖ് അടക്കമുള്ള ഖവാരിജ് നേതാക്കള്‍ വധിക്കപ്പെടുകയും മുസ്‌ലിംകള്‍ വിജയം വരിക്കുകയും ചെയ്തു. പിന്നീട് പല ഘട്ടങ്ങളിലായി മുസ്‌ലിം സൈന്യത്തിനു ഖവാരിജുകളുമായി സുദീര്‍ഘമായ പത്തൊമ്പത് വര്‍ഷത്തോളം പോരാടേണ്ടി വന്നിട്ടുണ്ട്. ഇബ്‌നു സുബൈര്‍(റ)ന്റെ കാലത്തു തുടക്കം കുറിച്ച പ്രസ്തുത പോരാട്ടം അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്തും നീണ്ടുനിന്നു. അവസാനം ഹജ്ജാജിന്റെ ഭരണകാലത്ത് അസാറിഖുകള്‍ക്കിടയില്‍ ശക്തമായ ഭിന്നതയും ചേരിതിരിവും ഉണ്ടായി. ഇതു മുതലെടുത്ത ഹജ്ജാജ് ഒരു പോരാട്ടത്തിലൂടെ അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതെയാക്കി.
സങ്കുചിത വീക്ഷണവും തീവ്രവാദ സമീപനവുമായിരുന്നു അസാറിഖുകളുടെ മുഖമുദ്ര. തങ്ങളെ അംഗീകരിക്കാത്ത സര്‍വ്വരെയും അവര്‍ മുശ്‌രിക്കുകളും ശാശ്വതമായി നരകത്തില്‍ വസിക്കുന്നവരുമാക്കി ചിത്രീകരിച്ചു. മറ്റു മുസ്‌ലിംകള്‍ അറുത്തത് ഭക്ഷിക്കാനോ അവരുമായി വിവാഹ ബന്ധം നടത്താനോ അവരെ തുടര്‍ന്ന് നിസ്‌കരിക്കാനോ പാടില്ലെന്നു സിദ്ധാന്തിച്ചു. അവര്‍ക്ക് വിഗ്രഹാരാധകരുടെയും ബഹുദൈവ വിശ്വാസികളുടെയും സ്ഥാനം മാത്രം നല്‍കുകയും ചെയ്തു. കേഡര്‍ സ്വഭാവം വെച്ചുപുലര്‍ത്തിയിരുന്ന അസാരിഖുകള്‍ മറ്റുള്ളവരെ സംശയത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. അസാരിഖുകളിലേക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ എത്തുന്നവരെ പരീക്ഷിച്ചതിനു ശേഷം മാത്രമാണ് അംഗത്വം നല്‍കിയിരുന്നത്. തട്ടികൊണ്ടു വരികയോ തടവുകാരനായി പിടികൂടുകയോ ചെയ്ത ഒരു മുസ്‌ലിമിനെ പുതിയ അംഗത്തിനു മുന്നില്‍ നിര്‍ത്തുകയും അവനെ കൊല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യും. പ്രതിയെ കൊന്നാല്‍ അംഗത്വം നല്‍കും. കൊല്ലാന്‍ വിസമ്മതിച്ചാല്‍ അസ്വാരിഖുകള്‍ പുതിയ അംഗമാകാന്‍ വന്നവനെ തന്നെ വധിക്കും.
ഇമാം ശഹ്‌സതാനി (1153 മരണം) തന്റെ ‘അല്‍മിലലു വന്നിഹലി’ല്‍ അസാരിഖയുടെ പ്രധാനപ്പെട്ട എട്ടു വാദങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
1.    അലി(റ)യെ കാഫിറാക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ ഇബ്‌നു മുല്‍ജിമിനെ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വയം ജീവന്‍ സമര്‍പ്പിച്ചവനായി ചിത്രീകരിക്കുകയും ചെയ്യുന്നു. അലി(റ) സത്യത്തിന്റെ കഠിന വൈരിയാണെന്നും (2:204) ഇബ്‌നു മുല്‍ജിം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സ്വയം സമര്‍പ്പിച്ചവനാണെന്നും (2:207) ഖുര്‍ആന്‍ ഓതി വാദിക്കുന്നു. ഇതിനുപുറമെ ഉസ്മാന്‍, ത്വല്‍ഹ, സുബൈര്‍, ആയിശ, ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയ മുഴുവന്‍ മുസ്‌ലിംകളും കാഫിറുകളും ശാശ്വതമായി നരകാവകാശികളാണെന്നും ആരോപിക്കുന്നു.
2.     തങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ അസാരിഖുകളുടെ വാദങ്ങള്‍ അംഗീകരിക്കുന്നവരാണെങ്കില്‍ പോലും കാഫിറുകളാണ്.
3.     എതിരാളികളുടെ സ്ത്രീകളെയും കുട്ടികളെയും വധിക്കല്‍ അനുവദനീയമാണ്.
4.     വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞുകൊല്ലല്‍ ഇസ്‌ലാമികമല്ലെന്നു വാദിക്കുന്നു. പുരുഷന്മാര്‍ക്കെതിരെ വ്യഭിചാരാരോപണം നടത്തിയവരെ അടിക്കണമെന്ന നിയമവും ഇസ്‌ലാമികമല്ലെന്നു വാദിക്കുന്നു. ഖുര്‍ആനില്‍ അത്തരമൊരു നിയമത്തെക്കുറിച്ച് പറയുന്നില്ലെന്നതാണ് ന്യായം.
5.     ബഹുദൈവ വിശ്വാസികളുടെ സന്താനങ്ങള്‍ അവരുടെ പിതാക്കളോടൊപ്പം നരകത്തിലായിരിക്കും.
6.     വാക്കിലും പ്രവൃത്തിയിലും തഖിയ്യ (സത്യത്തെ മറച്ചുവെക്കല്‍) അനുവദനീയമല്ല.
7.     പ്രവാചകത്വ ലബ്ധിക്കു ശേഷം കാഫിറാകും എന്നറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കാം.
8.     മഹാപാപങ്ങള്‍ ചെയ്തവര്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്തുപോകുന്ന കാഫിറും ശാശ്വത നരകവാസിയുമായിരിക്കും. ഇബ്‌ലീസാണ് ഈ വിഷയത്തില്‍ അവര്‍ക്ക് തെളിവ്. ആദമിനു സുജൂദ് ചെയ്യാന്‍ വിസമ്മതിക്കുക എന്ന പാപം ചെയ്തതുകൊണ്ട് മാത്രമാണത്രെ അവന്‍ നരകാവകാശിയായത്.
ഇങ്ങനെ തീവ്രവും ഗുരുതരവുമായ വാദങ്ങള്‍ ഉന്നയിച്ച അസാറിഖുകള്‍ ആദ്യമൊന്ന് ആളികത്തിയെങ്കിലും പിന്നീട് എരിഞ്ഞൊടുങ്ങുകയാണ് ചെയ്തത്. ചാരക്കൂനകള്‍ മാത്രം അവശേഷിച്ച അസാറിഖയുടെ ചില വാദങ്ങളിപ്പോഴും സമൂഹത്തില്‍ ചിലര്‍ ഏറ്റുപിടിക്കുന്നുണ്ട്. തങ്ങളല്ലാത്തവരെ മുശ്‌രിക്കും കാഫിറുമാക്കി ചിത്രീകരിക്കുന്ന മതനവീകരണ വാദികള്‍, ഒരര്‍ത്ഥത്തില്‍ അസാറിഖയുടെ പിന്‍മുറക്കാരാണ്. വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന ഇസ്‌ലാമിക നിയമം ഖുര്‍ആനു വിരുദ്ധമാണെന്നു വാദിച്ചുകൊണ്ട് ചില മോഡേണിസ്റ്റുകള്‍ അടുത്ത കാലത്തായി സജീവമായിട്ടുണ്ട്. ഇസ്‌ലാമിക ക്രിമിനല്‍ കോഡിന്റെ നൈതികത സ്ഥാപിക്കാന്‍ പാടുപെടുന്ന ഈ ബുദ്ധിജീവികള്‍’ ക്കും സഹസ്രാബ്ദം മുമ്പ് ‘നീതിയുടെ കാവലാളു’കളെ മുസ്‌ലിം ലോകം തള്ളിക്കളഞ്ഞിട്ടുണ്ടെന്നാണ് അസാറിഖയുടെ ചരിത്രം ബോധ്യപ്പെടുത്തുന്നത്.
നജദാത്ത്
നജ്ദത്ത് ബിന്‍ ആമിര്‍ (മരണം 688) ന്റെ നേതൃത്വത്തില്‍ ഖവാരിജുകളില്‍ നിന്നു വിഘടിച്ച വിഭാഗമാണ് നജ്ദാത്തുകാര്‍. അസാറിഖ വിഭാഗത്തിന്റെ സ്ഥാപകനായ നാഫിഅ് ബിന്‍ അസ്‌റഖിന്റെ നേതൃത്വത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ഇവര്‍ രംഗപ്രവേശം ചെയ്തത്. പിന്നീട് ഇവര്‍ തന്നെ മൂന്ന് ഗ്രൂപ്പുകളായി പിരിഞ്ഞു.
മദ്യപാനിക്ക് ശിക്ഷയായി എണ്‍പത് അടി നല്‍കണമെന്ന ഇസ്‌ലാമിക വിധിയെ ഇവര്‍ തള്ളിക്കളയുന്നു. ചെറിയ തെറ്റുകള്‍ സ്ഥിരമായി ചെയ്യുന്നവര്‍ മുശ്‌രിക്കുകളാണ്. വ്യഭിചാരം, മോഷണം, കള്ളുകുടി എന്നിവ സ്ഥിരമാക്കാതെ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്നു പുറത്തുപോവുകയില്ല. എന്നിങ്ങനെ പലവാദങ്ങളും നജദാത്തുകള്‍ക്കുണ്ട്. ഈ വിഭാഗത്തിന്റെ സ്ഥാപകനായ നജ്ദത്തിനു സ്വന്തം അനുയായികളില്‍ നിന്നുതന്നെ അവസാനം അവഗണനയും ആക്ഷേപങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. സ്വന്തം അനുയായികളുടെ കരങ്ങള്‍ കൊണ്ടു തന്നെയാണ് അദ്ദേഹം കൊല്ലപ്പെട്ടതും.
സുഫ്‌രിയ്യ
സിയാദ് ബിന്‍ അസ്വ്ഫറിന്റെ അനുയായികളാണ് സുഫ്‌രിയ്യുകള്‍. എതിരാളികളുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വധിക്കല്‍ അനുവദനീയമാണെന്ന ‘അസാറിഖ’യുടെ വാദത്തെ ഇവര്‍ നിരാകരിക്കുന്നു. പില്‍ക്കാലത്ത് ‘സുഫ്‌രിയ്യ’യും മൂന്നു ഗ്രൂപ്പുകളായി പിരിഞ്ഞിട്ടുണ്ട്. ഒരു വിഭാഗം പാപം ചെയ്യുന്നവരെല്ലാം മുശ്‌രിക്കുകളാണെന്നു വാദിച്ചപ്പോള്‍ മറുവിഭാഗം ഹദ്ദ് ചെയ്യപ്പെടാന്‍ കാരണമാകാത്ത കുറ്റം ചെയ്തവര്‍ മാത്രമാണ് കാഫിറാകുക എന്നു വാദിച്ചു. ഭരണാധികാരി ശിക്ഷിക്കുന്നവര്‍ മാത്രമേ കാഫിറാകൂ എന്നായിരുന്നു മൂന്നാം കക്ഷിയുടെ വാദം.
അസാറിഖ, നജ്ദാത്ത്, ഇബാളിയ്യ എന്നീ മൂന്നു കക്ഷികളില്‍ നിന്നും സുഫ്‌രിയ്യുകളെ മാറ്റിനിര്‍ത്തുന്ന വാദങ്ങള്‍ ഇവയാണ്. 1) തങ്ങളോടൊപ്പം യുദ്ധത്തിനു പങ്കെടുക്കാത്തവര്‍ കാഫിറുകളല്ല. 2) വ്യഭിചാരിയായ വിവാഹിതനെ എറിഞ്ഞുകൊല്ലണം എന്ന വിധി ഇസ്‌ലാമികം തന്നെ. 3) മുശ്‌രിക്കുകളുടെ കുഞ്ഞുങ്ങളെ കാഫിറുകളെന്നോ മുശ്‌രിക്കുകളെന്നോ ശാശ്വതമായി നരകത്തില്‍ വസിക്കുന്നവരെന്നോ വിധിക്കാവതല്ല. 4) വാക്കുകളില്‍ ‘തഖിയ്യ’ അനുവദനീയമാണ്. കര്‍മ്മങ്ങളില്‍ പാടില്ല.
അജാരിദ
അബ്ദുല്‍ കരീം ബിന്‍ അജ്‌റദിന്റെ അനുയായികളാണിവര്‍. അസാസിഖയെ അപേക്ഷിച്ചു തീവ്രത കുറവാണിവര്‍ക്ക്. എതിരാളികളുടെ സ്വത്ത് ഏതു സമയത്തും കവര്‍ന്നെടുക്കാമെന്ന അറാസിഖയുടെ വാദം ഇവര്‍ അംഗീകരിച്ചില്ല. എതിരാളികളുടെ കുട്ടികളെ വധിക്കുന്നതും ഇവര്‍ അംഗീകരിച്ചില്ല. പ്രായപൂര്‍ത്തി വരെ കുട്ടിയെ വെറുതെ വിടണമെന്നും ഇവര്‍ പറയുന്നു. അജാരിദുകള്‍ പിന്നീട് പല വിഭാഗങ്ങളായി പിരിഞ്ഞു. അവയില്‍ പ്രധാന വിഭാഗങ്ങള്‍:
1.     ഖാസിമിയ്യ: വിധിവിശ്വാസത്തില്‍ സുന്നി വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണിവര്‍. ഖവാരിജുകളില്‍ നിന്നു ‘ഖദ്‌റി’നെ നിഷേധിച്ച ‘മൈമൂനിയ്യ’യെ ഇവര്‍ കാഫിറാക്കുന്നു.
2.     ശുഐബിയ്യ: – ഖദ്ര്‍, ഖളാഅ് (നന്മയും തിന്മയുമായ സര്‍വ്വ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍നിശ്ചയ പ്രകാരം ഉണ്ടാകുന്നു എന്ന വിശ്വാസം) വിഷയത്തില്‍ ‘ഖാസിമിയ്യ’യുടെ നിലപാടു തന്നെയാണിവര്‍ക്ക്. ഇവരുടെ നേതാക്കളായ ശുഐബ്, മൈമൂന്‍ എന്നിവര്‍ക്കിടയില്‍ വിധി വിശ്വാസ സംബന്ധിയായ ഒരു തര്‍ക്കമുണ്ടാവുകയും ശുഐബിയ മൈമൂനിയ്യ എന്നീ രണ്ടു കക്ഷികളായി പ്രവര്‍ത്തിക്കുകയും ചെയ്തു.
3.     ഖലഫിയ്യ: മൈമൂനികളുമായി തെറ്റിപ്പിരിഞ്ഞ ‘ഖലഫി’ന്റെ അനുയായികളാണിവര്‍. യുദ്ധം ചെയ്യാന്‍ ഒരു ഇമാമം നിര്‍ബന്ധമാണെന്നവര്‍ വാദിച്ചു.
4.     മഅ്‌ലൂമിയ്യ: ഖാസിമിയ്യയില്‍ നിന്നും വിഘടിച്ചുപോയവരാണിവര്‍. അല്ലാഹുവിനെ അവന്റെ എല്ലാ പേരുകളിലൂടെയും അറിയാത്തവര്‍ ‘ജാഹിലു’കളാണ്. ജാഹില്‍ നരകത്തിലുമാണ്. ഇതാണ് അവരുടെ പ്രധാന വാദം.
5.     മജ്ഹൂലിയ: ചില നാമങ്ങളിലൂടെ അല്ലാഹുവിനെ മനസ്സിലാക്കിയാല്‍ മതി എന്നവര്‍ വാദിക്കുന്നു. മഅ്‌ലൂമികളെ കാഫിറാക്കുന്നുണ്ടിവര്‍.
6.     സ്വല്‍ത്തിയ്യ: സ്വല്‍ത് ബിന്‍ ഉസ്മാന്‍ ആണ് ഇവരുടെ നായകനായി അറിയപ്പെടുന്നത്.
7.     ഹംസിയ്യ: ഹിജ്‌റ 176ല്‍ ഹാറൂണ്‍ റഷീദിന്റെ ഭരണകാലത്തു രംഗപ്രവേശം ചെയ്ത ഹംസ ബിന്‍ അക്‌റക്ക് ആണിതിന്റെ സ്ഥാപകന്‍. ഖദ്‌റിനെ നിഷേധിച്ചതു കാരണം ഇവരുടെ മാതൃത സംഘടനയായ ‘ഖാസിമിയ്യ’ വിഭാഗം ഇയാളെ കാഫിറാക്കി. മുശ്‌രിക്കുകളുടെ കുട്ടികള്‍ നരകത്തിലാണെന്നു വാദിച്ചതിനാല്‍ ഖദരിയ്യാക്കളും ഇയാളെ കാഫിറാക്കി.
സആലിബ
സഅ്‌ലബ ബിന്‍ മശ്ക്കാന്‍ ആണിവരുടെ നായകന്‍. അജ്‌റദുകളില്‍ പെട്ട ഒരാള്‍ സഅ്ബലയുടെ മകളെ വിവാഹാന്വേഷണം നടത്തി. തന്റെ മക്കള്‍ക്ക് എത്ര മഹ്ര്‍ നല്‍കുമെന്ന് അന്വേഷകനോട് സഅ്‌ലബ ചോദിച്ചു. കുട്ടിക്കു പ്രായപൂര്‍ത്തി എത്തിയിട്ടുണ്ടെങ്കില്‍ എത്രയും മഹ്ര്‍ നല്‍കാമെന്ന് അയാള്‍ മറുപടിയും പറഞ്ഞു. പ്രായപൂര്‍ത്തി എത്താത്തവര്‍ മുസ്‌ലിംകളല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ മറുപടി പറഞ്ഞത്. എന്നാല്‍ ഈ വാദം സഅ്‌ലബ അംഗീകരിച്ചില്ല. ഇതോടെയാണ് സഅ്‌ലബികള്‍ ഒരു പ്രസ്ഥാനമായി രംഗത്തുവന്നത്.
പിന്നീട് ‘സഅ്‌ലബിസം’ തന്നെ വിവിധ ഗ്രൂപ്പുകളായി ഭിന്നിച്ചു. മഅ്ബദിയ്യ, അഖ്‌നസിയ്യ, ശൈബാനിയ്യ, റുശൈദിയ്യ, മുക്‌റമിയ്യ എന്നീ അഞ്ചു വിഭാഗങ്ങള്‍ ‘സഅ്‌ലിബ’യില്‍ നിന്നു വിഘടിച്ചുപോയവരാണ്.
ഇബാളികള്‍; ആധുനിക ഖവാരിജുകള്‍
മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഖവാരിജു വിഭാഗങ്ങളെല്ലാം കാലങ്ങള്‍ക്കുശേഷം നശിച്ചു നാമാവശേഷമായെങ്കിലും ഖവാരിജുകളില്‍ ഇന്നും അവശേഷിക്കുന്ന വിഭാഗമാണ് ‘ഇബാളി’കള്‍. തങ്ങള്‍ ഖവാരിജുകളില്‍ പെട്ടവരാണെന്ന് ഇബാളികള്‍ അംഗീകരിക്കുന്നില്ല. ഖവാരിജുകളില്‍ പെട്ടവരല്ല തങ്ങളെന്നാണ് അവരുടെ വാദം. വാസ്തവത്തില്‍ ‘അസാരിഖ’യെ പോലെ തീവ്ര നിലപാടുകളൊന്നും ഇവര്‍ സ്വീകരിച്ചിട്ടില്ല എന്നതു ശരിയാണ്. എങ്കിലും ഖവാരിജിസത്തിന്റെ പല വാദങ്ങളും ഇവര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. മാത്രമല്ല, പൗരാണികരും ആധുനികരുമായ ചരിത്രപണ്ഡിതന്മാരെല്ലാം ഇബാളികളെ ഖവാരിജുകളുടെ ഗണത്തിലാണ് എണ്ണിയിട്ടുള്ളത്.
അമവീ ഭരണാധികാരിയായിരുന്ന മര്‍വാന്‍ ബിന്‍ മുഹമ്മദി (692-750)ന്റെ കാലത്തായിരുന്നു ഇവരുടെ രംഗപ്രവേശം. അബ്ദുല്ലാഹിബിന്‍ ഇബാളാണ് ആചാര്യന്‍. വടക്കേ ആഫ്രിക്കയിലാണ് ‘ഇബാളിസം’ കൂടുതല്‍ പ്രചാരം നേടിയത്. എ.ഡി. 761 മുതല്‍ 908 വരെയുള്ള നൂറ്റി മുപ്പതു വര്‍ഷത്തിലധികം നീണ്ടുനിന്ന ഒരു ഭരണകൂടം തന്നെ വടക്കേ ആഫ്രിക്കയില്‍ അവര്‍ സ്ഥാപിച്ചു. ‘റുസ്തമിയ്യ സാമ്രാജ്യം’ എന്നത് അറിയപ്പെടുന്നു. എ.ഡി. 751ല്‍ ഒമാനിലും ഇങ്ങനെ അവര്‍ ഭരണം പിടിച്ചടക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ ആധുനിക ഒമാനില്‍ ഇപ്പോഴും കാണാം. ‘സുല്‍ത്താനേറ്റ് ഓഫ് മസ്‌ക്കറ്റ് ആന്റ് ഒമാന്‍’ ഔദ്യോഗിക മദ്ഹബായി ഇബാളിസത്തെ അംഗീകരിച്ചിട്ടുണ്ട്. അള്‍ജീരിയ, ലിബിയ, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിലും ഇബാളികളുണ്ട്.
ഇബാളികളുടെ പ്രധാന വാദങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1.     മുസ്‌ലിം സമുദായത്തില്‍ തങ്ങളുടെ എതിരാളികള്‍ മുഅ്മിനും മുശ്‌രിക്കുമല്ലാത്ത കാഫിറുകളാണ്. എങ്കിലും അവരുമായി വിവാഹ ബന്ധവും അനന്തരവകാശവും അനുവദനീയമാണ്. അവരെ രഹസ്യമായി വധിക്കല്‍ നിഷിദ്ധമാണ്. യുദ്ധത്തിലൂടെ പരസ്യമായി വധിക്കാവുന്നതാണ്. യുദ്ധത്തില്‍ അവരുടെ ആയുധങ്ങളും വാഹനങ്ങളും ‘ഗനീമത്താ’യി പിടിച്ചെടുക്കാവുന്നതാണ്. ബാക്കിയുള്ളവ അവര്‍ക്കു തന്നെ തിരിച്ചുകൊടുക്കണം.
2.     പരലോകത്ത് വെച്ച് അല്ലാഹുവിനെ ദര്‍ശിക്കുകയില്ല.
3.     മീസാന്‍, സ്വിറാത്ത് പാലം എന്നിവയെക്കുറിച്ചു ഖുര്‍ആനിലും ഹദീസിലും വന്ന പരാമര്‍ശങ്ങള്‍ ആലങ്കാരികം മാത്രമാണ്. യാഥാര്‍ത്ഥ്യമല്ല.
4.     ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. (ഖവാരിജുകളെല്ലാം പൊതുവില്‍ ഈ വാദക്കാരായിരുന്നു.)
5.     മഹാപാപികള്‍ ഭാഷാപരമായി കാഫിര്‍ (അനുഗ്രഹത്തിനു നന്ദി കാണിക്കാത്തവന്‍) ആണ്.
6.     ജനങ്ങള്‍ മൊത്തത്തില്‍ മൂന്നു വിഭാഗമാണ്. എ) പൂര്‍ണാര്‍ത്ഥത്തിലുള്ള മുഅ്മിനുകള്‍. ബി) ബഹുദൈവത്വം വ്യക്തമാക്കിയ മുശ്‌രിക്കുകള്‍. സി) ഇസ്‌ലാമിനെ അംഗീകരിക്കുകയും ആരാധനകള്‍ അനുഷ്ഠിക്കുകയും ചെയ്യാത്തവര്‍. ഇവര്‍ തൗഹീദ് അംഗീകരിച്ചതു കാരണം ഇവിടെ മുസ്‌ലിംകളുടെ വിധിയനുസരിച്ചും പരലോകത്ത് മുശ്‌രിക്കുകളുടെ വിധിയനുസരിച്ചുമായിരിക്കും.
7.     മഹാപാപങ്ങള്‍ ചെയ്തവര്‍ മരണത്തിനു മുമ്പ് പശ്ചാതപിച്ചാല്‍ മാത്രമേ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയുള്ളൂ. അല്ലാത്തവര്‍ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ സാധ്യതയില്ല.
8.     നിബന്ധനകള്‍ പൂര്‍ത്തിയായ ഏതൊരാള്‍ക്കും മുസ്‌ലിംകളുടെ (ഇമാം) ഭരണാധികാരിയാകാം. അവര്‍ ഖുറൈശികളാകണമെന്നൊന്നുമില്ല.
9.     ഇമാമത്ത് ഉടമ്പടിയിലൂടെയും തിരഞ്ഞെടുപ്പിലൂടെയും മാത്രമാണ് ശരിയാകുക. വസ്വിയ്യത്തിലൂടെയുള്ള അധികാരോഹണം അസ്വീകാര്യമാണ്.
10.     അക്രമിയായ ഭരണാധികാരി (ഇമാം) ക്കെതിരെ വിപ്ലവം നയിക്കല്‍ നിര്‍ബന്ധമില്ല.
ഇബാളികള്‍ക്ക് ‘ഈറുവാന്‍’ എന്ന ഒരു കൂടിയാലോചന സമിതിയുണ്ട്. അവരുടെ പരമാധികാര സഭയാണത്. സകാത്തു പിരിച്ചെടുത്ത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ‘സകാത്തു കമ്മിറ്റി’കള്‍ കാലങ്ങളായി ഇബാളികളിലുണ്ട്. നമ്മുടെ നാടുകളിലെ ആധുനിക ‘സകാത്തു കമ്മിറ്റി’കള്‍ മാതൃക സ്വീകരിച്ചത് ഇവരില്‍ നിന്നായിരിക്കാം.
ഇബാളീ പണ്ഡിതന്മാരില്‍ പലരും ഫിഖ്ഹി നിലപാടുകളില്‍ ശാഫി, ഹനഫി, ഹമ്പലി, മാലിക്കി മദ്ഹബുകളെയാളെയാണ് അവലംബിച്ചിട്ടുള്ളത്. ഹിജ്‌റ 1332ല്‍ അന്തരിച്ച മുഹമ്മദ് ബിന്‍ യൂസുഫ് ഇത്വ്ഫയ്യിശി ന്റെ ‘അന്നീല്‍ വ ശിഫാഉല്‍ അലീല്‍’ ആണ് ഇബാളികളുടെ വിശ്വാസ കാര്യങ്ങളും കര്‍മ്മശാസ്ത്ര വീക്ഷണങ്ങളും വ്യക്തമാക്കുന്ന മുഖ്യകൃതി.
കാലാന്തരങ്ങളില്‍ ഇബാളികളും മൂന്നു ചേരികളിലായി ഹഫ്‌സിയ്യ, ഹാരിസിയ്യ, യസീദിയ്യ എന്നിവ. യസീദിയ്യാ വിഭാഗത്തെ ഇബാളികള്‍ അംഗീകരിക്കുന്നില്ല. ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്തുപോകുന്ന നിരവധി വാദങ്ങള്‍ യസീദികള്‍ ഉന്നയിച്ചു. യസീദ് ബിന്‍ അബൂഉനൈസയാണ് അതിന്റെ ആചാര്യന്‍. പേര്‍ഷ്യയില്‍ നിന്നു ഒരു പ്രവാചകന്‍ നിയുക്തനാകുമെന്നും അദ്ദേഹത്തിന് ഒരു വേദഗ്രന്ഥം അവതരിക്കപ്പെടുമെന്നും അയാള്‍ വാദിച്ചു. ആ പ്രവാചകന്റെ ആഗമനത്തോടെ മുഹമ്മദീയ ശരീഅത്ത് ദുര്‍ബലമാകുമെന്നും ഖുര്‍ആനില്‍ (2:62) പരാമര്‍ശിച്ച സാബിഉകള്‍ അവരാണെന്നും ജല്‍പ്പിച്ചു. ഇപ്രകാരം ‘അജാരിദ’യില്‍ നിന്നു വിഘടിച്ച ‘മൈമൂന്‍ ബിന്‍ ഇംറാ’ന്റെ മൈമൂനിയ്യയും ഇസ്‌ലാമിക വൃത്തത്തില്‍ നിന്നു പുറത്തുപോയവരാണ്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter