ഇസ്‌ലാമിന്റെ ലക്ഷ്യമാണ് തസ്വവ്വുഫ് (ഖുതുബ സഹായി)
തിരുമേനിയുടെ നിയോഗംകൊണ്ട് ലോകത്തിന് നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നത് വളരെ വ്യക്തമാണല്ലോ.
എന്നാല്‍, പ്രവാചക നിയോഗത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരുന്നു? മഹാനായ ഇബ്‌റാഹീം നബി (അ) ന്റെ പ്രാര്‍ത്ഥനയിലൂടെ ഇത് മനസ്സിലാകുന്നുണ്ട്. അഥവാ, കഅ്ബ നിര്‍മിച്ചതിനു ശേഷം അദ്ദേഹം ഹറമില്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آَيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (البقرة
ആളുകളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനാണ് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എന്ന് ഈ ദുആ പഠിപ്പിക്കുന്നു. വേറെ മൂന്നു സ്ഥലങ്ങളിലും ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (جمعة
َقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِنْ أَنْفُسِهِمْ يَتْلُو عَلَيْهِمْ آَيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ (ال عمران)
كَمَا أَرْسَلْنَا فِيكُمْ رَسُولًا مِنْكُمْ يَتْلُو عَلَيْكُمْ آَيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُمْ مَا لَمْ تَكُونُوا تَعْلَمُونَ (البقرة
നബി തങ്ങള്‍ മാത്രമല്ല, എല്ലാ പ്രവാചകന്മാരും കടന്നുവന്നത് ജനങ്ങളുടെ ഹൃദയ-ആത്മ സംസ്‌കരണത്തിനാണ്. ഒരിക്കല്‍ അവിടന്ന് ജിബ് രീലിനോട് ചോദിച്ചു: എല്ലാ പ്രവാചകന്മാര്‍ക്കും ഒരുപോലെ കൈമാറപ്പെട്ട വല്ല സന്ദേശങ്ങളുമുണ്ടോ? അപ്പോഴാണ് സൂറത്തുല്‍ അഅ്‌ലായിലെ പതിമൂന്നു മുതല്‍ 19 വരെയുള്ള വചനങ്ങള്‍ അവതരിച്ചത്. ഇത് സ്വഹാബത്തിനെ ഓതിക്കേള്‍പിച്ചുകൊണ്ട് നബിതങ്ങള്‍ ഇങ്ങനെ പറഞ്ഞു:
“كان كل هذا-أو: كان هذا-في صحف إبراهيم وموسى” (ابن كثير
ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഹൃദയസംസ്‌കരണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്: സൂറത്തു ശുഅറാഅ് 89, ശംസ് 9
നാം അവയവങ്ങള്‍കൊണ്ടുള്ള ധാരാളം ഇബാദത്തുകള്‍ ചെയ്യുന്നവരാണല്ലോ. സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ഇവയൊക്കെ ചെയ്യാന്‍ കല്‍പിക്കപ്പെട്ടതിന്റെ പിന്നിലുള്ള യുക്തി ആത്മസംസ്‌കരണമാണെന്നു മനസ്സിലാകും.
ഉദാ: നിസ്‌കാരം. എന്തിനാണ് നാം നിസ്‌കരിക്കുന്നത്? അല്ലാഹു പറയുന്നു:
وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ (عنكبوت
സ്വഹാബികളില്‍പെട്ട ഒരാള്‍ പല വൃത്തികേടുകളും ചെയ്യുന്നതായി ആളുകള്‍ പ്രവാചകരോട് പരാതി പറഞ്ഞു. അവിടന്ന് മറുപടി കൊടുത്തു: അയാളുടെ നിസ്‌കാരം അയാളെ തെറ്റുകളില്‍നിന്ന് സംരക്ഷിച്ചുകൊള്ളും. വൈകാതെ അങ്ങനെത്തന്നെ സംഭവിച്ചു.
നിസ്‌കാരംകൊണ്ട് ഒരു മാറ്റവുമില്ലാത്ത ഒരാളുടെ ഇബാദത്തുകള്‍ നിഷ്ഫലമാണ്.
” من لمْ تَنْهَهُ صَلاتُهُ عن الفحشاء والمنكر لم يَزْدَدْ من الله إلا بُعْداً ” رواه الطبراني
നോമ്പ്: അല്ലാഹു എന്തിനാണ് നോമ്പ് നോല്‍ക്കാന്‍ പറഞ്ഞതെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (بقرة
ഹൃദയത്തിലുണ്ടാകേണ്ടത് എന്ന് നബി തങ്ങള്‍ വിരല്‍ ചൂണ്ടി പഠിപ്പിച്ച (അത്തഖ് വാ ഹാഹുനാ) തഖ് വയാണ് നോമ്പിന്റെ ലക്ഷ്യം. ഇതില്ലെങ്കില്‍ നോമ്പ് നോമ്പല്ല.
كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْجُوعُ وَكَمْ مِنْ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ (احمد)
സക്കാത്ത്: ഖുര്‍ആന്‍ പറയുന്നു:
خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا (توبة
ഈ ആയത്ത് പഠിപ്പിക്കുന്നത് ഒരു മനുഷ്യന്റെ ആന്തരികമായ ശുദ്ധീകരണവും സംസ്‌കരണവുമാണ് സക്കാത്തിലൂടെ സംഭവിക്കുന്നതെന്നാണ്. സക്കാത്ത് എന്ന പദത്തിന്റെ തന്നെ അര്‍ത്ഥം സംസ്‌കരണം എന്നാണല്ലോ.
ഹജ്ജ്: ഹജ്ജിലൂടെയും കൈവരുന്നത് സംസ്‌കരണം തന്നെയാണ്. ഒരാള്‍ സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്താല്‍ ശിശുസഹജമായ മനസ്സോടെ അവന് മടങ്ങിവരാം.
ദിക് റ് ചൊല്ലല്‍: സര്‍വ്വ സാധാരണമായി പല തരം ദിക്‌റുകള്‍ ചൊല്ലുന്നവരാണ് നാമെല്ലാവരും. എന്തിനാണ് ദിക്‌റ്? അവിടന്ന് പഠിപ്പിക്കുന്നു: ഹൃദയത്തിന് ലോഹങ്ങളെപ്പോലെ തുരുമ്പ് പിടിക്കാം. അതിനുള്ള മരുന്നാണ് ദിക്‌റുല്ലാഹ്.
ചുരുക്കത്തില്‍, നാം നിര്‍വഹിക്കുന്ന എല്ലാ ഇബാദത്തുകളും ലക്ഷ്യമാക്കുന്നത് തസ്‌കിയത്തുല്‍ ഖുലൂബ് ആണ്.
എന്തുകൊണ്ടാണ് പ്രവാചകന്മാരും ഇസ്‌ലാമും ഇതിനു ഇത്രയധികം സ്ഥാനം നല്‍കിയത്? പണ്ഡിതന്മാര്‍ ധാരാളം മറുപടികള്‍ പറഞ്ഞുതന്നിട്ടുണ്ട്:
1. അല്ലാഹു എപ്പോഴും നോക്കുന്നത് ശരീര ചലനങ്ങളിലേക്കോ അവയവങ്ങളിലേക്കോ അല്ല, മറിച്ച് ഹൃദയത്തിലേക്കാണ്.
إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ وَلَا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ (مسلم
2. ഹൃദയമാണ് ശരീരത്തിന്റെ കേന്ദ്രം. കേന്ദ്രമാണല്ലോ എപ്പോഴും നന്നാവേണ്ടത്.
إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ وَلَا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ (مسلم
3. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഏറെ ശ്രദ്ധയോടെ ശുശ്രൂഷിക്കേണ്ടിവരുന്നവിധം സൂക്ഷ്മമാണ്. ഉദാഹരണത്തിന് അഹങ്കാരത്തെപ്പറ്റി നബിതങ്ങള്‍ പറഞ്ഞു:
لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ (مسلم
കേവലം അണു അളവോളം അഹങ്കാരമുണ്ടാവാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അതുപോലെ ശിര്‍കുന്‍ ഖഫിയ്യിനെ പറ്റി അവിടന്ന് പറഞ്ഞത്, അത് രാത്രി ഒരു കരിമ്പാറയിലൂടെ സഞ്ചരിക്കുന്ന കറുത്ത ഉറുമ്പിനെക്കാള്‍ സൂക്ഷ്മമാണെന്നാണ്. ഇങ്ങനെ ഹൃദയരോഗങ്ങള്‍ വളരെ നേര്‍ത്തതായതുകൊണ്ട് ഹൃദയത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുന്നു.
4. അല്ലാഹു എപ്പോഴും കൂലി തരുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍പെട്ട വിചാരം (നിയ്യത്ത്) അനുസരിച്ചാണ്.
إِنَّمَا الْأَعْمَالُ بِالنِّيَّاتِ (بخاري
ഒരാള്‍ക്ക് നന്മ ചെയ്യാനുള്ള ആഗ്രഹമുണ്ടായി, നടപ്പിലാക്കാന്‍ കഴിയാതെവന്നാല്‍ അയാള്‍ക്ക് കൂലി കിട്ടുമെന്ന് നമുക്കറിയാമല്ലോ. അതുപോലെ, ഒരാള്‍ ആളുകള്‍ കാണാന്‍ വേണ്ടിയോ താല്‍പര്യമില്ലാതെയോ മനസ്സാന്നിധ്യമില്ലാതെയോ വല്ലതും ചെയ്താല്‍ അവയവങ്ങള്‍കൊണ്ട് ചെയ്‌തെങ്കിലും കൂലി കിട്ടിക്കൊള്ളണമെന്നില്ല.
5. മനുഷ്യന്റെ ആജന്മശത്രുവായ ഇബ്‌ലീസും അനുയായികളും ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് നമ്മുടെ ഹൃദയങ്ങളെയാണ്. വസ് വാസാണല്ലോ പിശാചിന്റെ വലിയ ഒരായുധം. അവന്‍ വസ് വാസ് തോന്നിക്കുന്നത് ഹൃദയത്തിലാണ്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു:
الشيطان جاثم على قلب ابن آدم، فإذا سها وغفل وسوس، فإذا ذكر الله خَنَس (ابن كثير
ചുരുക്കത്തില്‍, ആത്മസംസ്‌കരണമാണ് ഇസ്‌ലാമിന്റെ/ പ്രവാചക നിയോഗത്തിന്റെ ആത്മാവ്. ഈ പ്രക്രിയയെയാണ് തസ്വവ്വുഫ് എന്നു വിളിക്കുന്നത്. ഇത് സ്വഫാഅ് (തെളിമ) എന്ന പദത്തില്‍ നിന്ന് ലോപിച്ചതാണ്. ഇങ്ങനെ സംസ്‌കരണ പ്രക്രിയക്ക് വിധേയമായവരെ സ്വൂഫികള്‍ എന്നു വിളിക്കാം. ആദ്യമായി സ്വൂഫി എന്നു വിളിക്കപ്പെട്ടത് ഹസനുല്‍ ബസ്വരിയാണ് എന്നു പറയപ്പെടുന്നു.
ഇവിടെ ഉന്നയിക്കപ്പെടാറുള്ള വലിയൊരു സംശയമാണ് ഈ പദവും അതുള്‍കൊള്ളുന്ന ആശയവും പ്രവാചകന്റെ കാലത്തുണ്ടായിരുന്നോ എന്നത്. തസ്വവ്വുഫ് എന്ന ഇസ്ഥിലാഹ് പില്‍ക്കാലത്ത് വന്നതാണെങ്കിലും അതുള്‍കൊള്ളുന്ന ആശയം നേരത്തെത്തന്നെയുണ്ടായിരുന്നു. ഇസ്‌ലാമിലെ വിവിധ ജ്ഞാന/ കര്‍മ ശാഖകളുടെ പേരുകളെല്ലാംതന്നെ ഇങ്ങനെയാണല്ലോ. ഉദാഹരണത്തിന്, ഇല്‍മുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ അഖീദ, ഇല്‍മുത്തജ് വീദ്. പേരുകൊണ്ട് ഇവയൊന്നും ആദ്യകാല നൂറ്റാണ്ടില്‍ ഇല്ലായിരുന്നെങ്കിലും പ്രയോഗംകൊണ്ട് ഉണ്ടായിരുന്നു.
എന്നതുപോലെ, ആത്മസംസ്‌കരണം എന്ന പ്രക്രിയ സ്വഹാബികള്‍ക്കിടയില്‍ വ്യാപകവും അറിയപ്പെട്ടതുമായിരുന്നു. എന്നാല്‍, ഇതിന് ഇഹ്‌സാന്‍ എന്നാണ് വിളിച്ചിരുന്നതെന്നു മാത്രം. വളരെ പ്രശസ്തമായ ഒരു ഹദീസില്‍ നബിതങ്ങളോട് ജിബ് രീല്‍ അന്വേഷിക്കുന്നുണ്ടല്ലോ, എന്താണ് ഇഹ്‌സാന്‍ എന്ന്. അപ്പോള്‍, അവിടന്ന് കൊടുത്ത മറുപടി:
أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ (بخاري
എപ്പോഴാണ് നമ്മുടെ മനക്കണ്ണുകള്‍ കൊണ്ട് അല്ലാഹുവിനെ കാണാന്‍ കഴിയുക? ഇനി, ഇതിനു പറ്റിയില്ലെങ്കില്‍ ചുരുങ്ങിയത് അല്ലാഹു നമ്മെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് മനസ്സിലുറപ്പിക്കുക. അത് നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും സ്ഫുടം ചെയ്‌തെടുക്കുമ്പോഴാണ്. ഇതുതന്നെയാണ് ഇഹ്‌സാനും തസ്വവ്വുഫും.
ഇങ്ങനെ, ആത്മാവിനെ സംസ്‌കരിക്കാന്‍ പലതരം മാര്‍ഗങ്ങളും വഴികളും മഹാന്മാരായ മുന്‍ഗാമികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചില പ്രത്യേക ദിക് റുകള്‍ വര്‍ദ്ധിപ്പിക്കുക, അംഗീകരിക്കപ്പെടുന്ന ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിക്കുക, ആദ്ധ്യാത്മിക കൃതികളും ചരിത്രങ്ങളും നിരന്തരം വായിക്കുക, ചില പ്രത്യേക തരം രിയാള (പരിശീലനം) കളിലൂടെ കടന്നുപോവുക…….
യഥാര്‍ത്ഥത്തില്‍, ഇവയെല്ലാം തസ്വവ്വുഫിന്റെ ലക്ഷ്യങ്ങളോ പരമ ഉദ്ദേശ്യങ്ങളോ അല്ല, മറിച്ച് തസ്വവ്വുഫിലേക്ക് (ആത്മസംസ്‌കരണം) എത്തിക്കുന്ന ചില പടികള്‍ മാത്രം. മുന്‍ഗാമികളായ പണ്ഡിതന്മാരാണ് കാലഘട്ടത്തിനനുസരിച്ച് ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഇവ ആവിഷ്‌കരിച്ചത്. അതുകൊണ്ട് ഇവയെ വിമര്‍ശിക്കേണ്ട കാര്യമില്ല. എങ്ങനെ ഖുര്‍ആനോതണം എന്ന് പ്രത്യേകമായി നിയമങ്ങള്‍ വെച്ച് നാം തജ് വീദിലൂടെ പഠിക്കാറുണ്ടല്ലോ. എന്നാല്‍, പ്രവാചകന്‍ അങ്ങനെ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ഇല്ല. പിന്നെ, എന്തിനു നാം അത് പഠിക്കുന്നു. പ്രവാചകന്‍ ഓതിയതുപോലെ ഖുര്‍ആന്‍ ഓതാന്‍.
അതുപോലെ, ഹൃദയ ശുദ്ധീകരണം അനിവാര്യമാണ്. അതിനു പണ്ഡിതന്മാര്‍ കാണിച്ചുതന്ന വിവിധ വഴികള്‍ ഒരാളുടെ ഇഷ്ടാനുസരണം സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. അതിന് തസ്വവ്വുഫിനെയോ ആത്മസംസ്‌കരണ വൈജ്ഞാനിക ശാഖയെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
Leave A Comment