വിജ്ഞാനസമ്പാദനം

വിജ്ഞാനം കര്‍മങ്ങളുടെ അടിത്തറയും സാരഥിയും അവയെ ശരിപ്പെടുത്തുന്നതുമാണ്. കര്‍മങ്ങളില്ലാത്ത വിജ്ഞാനം കൊണ്ട് ഒരു ഫലവുമില്ലെന്നതുപോലെ വിജ്ഞാനമില്ലാതെ കര്‍മം ചെയ്യലും നിഷ്ഫലമായിരിക്കും. ഒരു കവി പറയുന്നത് കാണുക:

(തന്റെ വിജ്ഞാനത്തിനനുസരിച്ച് കര്‍മങ്ങളനുഷ്ഠിക്കാത്ത എത്ര പണ്ഡിതന്മാര്‍, ബിംബാരാധകര്‍ക്കും മുമ്പേ ശിക്ഷിക്കപ്പെടുന്നവരായുണ്ട്! അറിവില്ലാതെ കര്‍മങ്ങളനുഷ്ഠിക്കുന്നവനാകട്ടെ, അവന്റെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ തള്ളപ്പെടുന്നതായിരിക്കും.)

അപ്പോള്‍ കര്‍മവും വിജ്ഞാനവും പരസ്പരം വേര്‍പ്പെടാത്ത ഇരട്ടകളാണ്. വിശ്വാസത്തിന്റെയും ദൈവികജ്ഞാനത്തിന്റെയും വഴിയില്‍ പ്രവേശിക്കുന്നവനും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുദ്ദേശിക്കുന്നവനും-ഇവയുടെ ഏതേതു മേഖലകളിലാണെങ്കിലും-വിജ്ഞാനമില്ലാതെ സാധ്യമല്ല. തന്റെ ആധ്യാത്മികയാത്രയുടെ തുടക്കത്തില്‍ വിശ്വാസപരമായും ആരാധനകള്‍ കുറ്റമറ്റതാക്കുന്നതിനും ഇടപാടുകള്‍ ശരിയാക്കുന്നതിനുമുള്ള വിജ്ഞാനം അവന്നനിവാര്യമാണ്. യാത്രാമധ്യേയാകട്ടെ, ഹൃദയത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചും സല്‍സ്വഭാവസംബന്ധമായും മനസ്സിന്റെ സംസ്‌കരണപരമായും ഉള്ള അറിവ് അവന് കൂടിയേ കഴിയൂ.

ഇക്കാരണത്താലാണ്, തസ്വവ്വുഫിന്റെ പ്രായോഗിക കര്‍മപദ്ധതിയില്‍ അനിവാര്യവിജ്ഞാനത്തിന്റെ സമ്പാദനം സുപ്രധാനമായ ഒരടിസ്ഥാനബിന്ദുവായത്. എന്തുകൊണ്ടെന്നാല്‍ ഇസ്‌ലാമിന്റെ കര്‍മപരമായ പ്രയോഗം മാത്രമാണ് തസ്വവ്വുഫ്; അതുതന്നെ അതിന്റെ ആന്തരിക-ബാഹ്യമായ മുഴുവന്‍ പാര്‍ശ്വങ്ങളിലും യാതൊരു കുറവുമില്ലാതെ പൂര്‍ണമായി വേണംതാനും. വിജ്ഞാനത്തിന്റെ പദവിയും മഹത്ത്വവും വെളിപ്പെടുത്തുന്ന ചില ആയത്തുകളും ഹദീസുകളുമാണ് താഴെ ഉദ്ധരിക്കുന്നത്:

അല്ലാഹു പറയുന്നു: നിശ്ചയമായും പണ്ഡിതന്മാര്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ. വിവരമുള്ളവരും വിവരമില്ലാത്തവരും സമന്മാരാകുമോ?(2) നിങ്ങളില്‍ നിന്ന് സത്യവിശ്വാസം കൈക്കൊണ്ടവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പദവികള്‍ ഉയര്‍ത്തുന്നതാണ്.

ഹ. അബുദ്ദര്‍ദാഇല്‍(റ) നിന്നുദ്ധരണം-അദ്ദേഹം പറഞ്ഞു: തിരുമേനി(സ്വ) ഇങ്ങനെ പ്രസ്താവിച്ചതായി ഞാന്‍ കേള്‍ക്കുകയുണ്ടായി-വിജ്ഞാനം തേടിക്കൊണ്ട് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ളൊരു മാര്‍ഗം അവന്നല്ലാഹു സുഗമമാക്കിക്കൊടുക്കുന്നതാണ്. വിദ്യാര്‍ഥിക്ക്-അവന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ സംതൃപ്തരായിക്കൊണ്ട്-മലക്കുകള്‍ ചിറക് വിരിച്ചുകൊടുക്കും. ഒരു പണ്ഡിതനുവേണ്ടി, ആകാശഭൂമികളിലുള്ള സര്‍വരും-സമുദ്രങ്ങളിലെ മത്സ്യങ്ങള്‍ വരെ-പൊറുക്കലിനെ തേടുന്നതാണ്. മറ്റു ഉപഗ്രഹങ്ങളെക്കാള്‍ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ് ആരാധകനെക്കാള്‍ പണ്ഡിതനുള്ള മഹത്ത്വം. നിശ്ചയം, പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. ദീനാറോ ദിര്‍ഹമോ അവര്‍ വിട്ടേച്ചുപോയിട്ടില്ല; ഇവിടെ അവര്‍ ഉപേക്ഷിച്ചുപോയത് വിജ്ഞാനം മാത്രമാണ്. അതുകൊണ്ട്, ആര് വിജ്ഞാനമാര്‍ജിച്ചുവോ അവന് സമ്പൂര്‍ണസൗഭാഗ്യമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

ഹ.അബൂദര്‍റില്‍(റ)നിന്നുദ്ധരണം-നബി(സ്വ) പ്രസ്താവിച്ചു: അബൂദര്‍, നീ പോയി അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരു ആയത്ത് പഠിക്കുന്നത് നൂറ് റക്അത്ത് നമസ്‌കരിക്കുന്നതിനേക്കാള്‍ നിനക്കുത്തമമാണ്. നീ പോയി ഇല്‍മിന്റെ ഒരധ്യായം പഠിക്കുന്നത്-അതനുസരിച്ച് കര്‍മങ്ങളനുഷ്ഠിക്കപ്പെട്ടാലും ഇല്ലെങ്കിലും-ആയിരം റക്അത്ത് നമസ്‌കരിക്കുന്നതിനെക്കാള്‍ നിനക്കത് മഹത്തരമായിരിക്കും.

ഹ. ഉസ്മാന്‍(റ)വില്‍ നിന്ന് നിവേദനം-റസൂല്‍(സ്വ) പ്രസ്താവിച്ചു: ഖിയാമനാളില്‍ മൂന്ന് വിഭാഗമാളുകള്‍ ശഫാഅത്ത് ചെയ്യുന്നതാണ്-പ്രവാചകന്മാരും പണ്ഡിതന്മാരും രക്തസാക്ഷികളും.(2) ഹ.ഇബ്‌നുമസ്ഊദ്(റ) തിരുനബി(സ്വ) അരുളിയതായി ഉദ്ധരിക്കുന്നു: ഒരു മനുഷ്യന് അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവനെ മതകാര്യങ്ങളില്‍ പണ്ഡിതനാക്കുകയും തന്റെ സന്മാര്‍ഗപ്രാപ്തിയുടെ വിഷയങ്ങള്‍ അവന് തോന്നിച്ചുകൊടുക്കുന്നതുമാണ്.

അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു-നബി തിരുമേനി(സ്വ) പ്രസ്താവിച്ചതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: നീ ഒന്നുകില്‍ പണ്ഡിതനാവുക. അല്ലെങ്കില്‍ വിദ്യാര്‍ഥിയോ വിജ്ഞാനം ശ്രവിക്കുന്നവനോ അറിവിനെ സ്‌നേഹിക്കുന്നവനോ ആവുക. അഞ്ചാമതൊരു ഗണത്തില്‍ നീ അകപ്പെട്ടുപോകരുത്; അപ്പോള്‍ നീ നശിച്ചുപോകുന്നതാണ്. ഇവിടെ ഇബ്‌നുമസ്ഊദ്(റ)ല്‍ നിന്ന് അഞ്ചാമതൊരു കാര്യം കൂടുതല്‍ ലഭിച്ചതായി അഥാഅ്(റ) വ്യക്തമാക്കിയിട്ടുണ്ട്. ഇല്‍മിനോടും അതിന്റെയാളുകളോടുമുള്ള വിദ്വേഷമാണതില്‍ പറഞ്ഞിട്ടുള്ളത്.

മതപരമായ വിധിയനുസരിച്ച് വിജ്ഞാനസമ്പാദനത്തെ അനുശാസിതം, നിരോധിതം, പുണ്യകരം എന്നിങ്ങനെ  മൂന്നായി തിരിക്കാവുന്നതാണ്. പഠിക്കാനായി അനുശാസിക്കപ്പെട്ടവ തന്നെ രണ്ടു വിഭാഗമുണ്ട്-ഒന്ന് ഫര്‍ള് ഐനും മറ്റൊന്ന് ഫര്‍ള് കിഫായയും. ശരീഅത്തിന്റെ നിയമങ്ങള്‍ ബാധകമായ ഓരോ മനുഷ്യനും (മുകല്ലഫ്) സ്വന്തമായി തന്നെ പഠിച്ചിരിക്കേണ്ടവയാണ് ഫര്‍ള് ഐന്‍.

മുകല്ലഫിന് ഫര്‍ള് ഐനായി പഠിക്കല്‍ അനിവാര്യമായ വിഷയങ്ങളെണ്ണുന്നതിനു മുമ്പേ ഇവ്വിഷയമായ ചില അടിസ്ഥാന സിദ്ധാന്തങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ‘നിര്‍ബന്ധകാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അനിവാര്യമായ വിഷയങ്ങളും നിര്‍ബന്ധം തന്നെയാണ്’ എന്നതത്രേ ഒരു നിയമം. ‘വിഷയത്തോട് അനുബന്ധിതമായിരിക്കും വിവരം’ എന്നും പറയാറുണ്ട്. അപ്പോള്‍ ഫര്‍ള് പ്രയോഗവല്‍ക്കരിക്കാനാവശ്യമായ അറിവ് നേടലും ഫര്‍ളാകും. വാജിബ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട വിദ്യയാര്‍ജ്ജിക്കല്‍ വാജിബും സുന്നത്ത് പ്രയോഗിക്കാന്‍ വേണ്ടത് സുന്നത്തും ആയിത്തീരുന്നതാണ്. ഈ സിദ്ധാന്തങ്ങളിലൂന്നി ഓരോ മുകല്ലഫിനും ഫര്‍ള് ഐന്‍ ആകുന്ന ചില വിജ്ഞാനശാഖകള്‍ നോക്കാം:

1) അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസകാര്യങ്ങള്‍: അന്ധമായ അനുകരണം എന്ന വൃത്തത്തില്‍ നിന്ന് പുറത്തുവരാനും ദുര്‍മാര്‍ഗികളും മതനിഷേധികളും ഇളക്കിവിടുന്ന സംശയങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങളില്‍ നിന്ന് വിശ്വാസകാര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി, വിശ്വാസപരമായ വിഷയങ്ങളിലെ ഓരോ കാര്യവും സാമാന്യപ്രമാണങ്ങളോടെ പഠിച്ചിരിക്കണം.

2) നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് മുതലായ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ അറിവുകള്‍ നേടിയിരിക്കണം.

3) കച്ചവടം, കൂലിക്ക് കൊടുക്കല്‍, വിവാഹം, ഥലാഖ് മുതലായ ഏതെങ്കിലും കാര്യങ്ങളുമായി ഇടപഴകുന്നവര്‍ അക്കാര്യം ഹറാമുകള്‍ വരാതെയും ദീനിന്റെ അതുസംബന്ധിച്ച നിയമങ്ങള്‍ പാലിച്ചുകൊണ്ടും ചെയ്യാന്‍ വേണ്ട അറിവുകള്‍ കരസ്ഥമാക്കിയിരിക്കണം.

4) കാര്യങ്ങള്‍ അല്ലാഹുവിനെ ഭരമേല്‍പിക്കല്‍, പടച്ചവനെ പേടിക്കല്‍, വിധികളിലുള്ള സംതൃപ്തി തുടങ്ങി ഹൃദയവുമായി ബന്ധപ്പെടുന്നവ പഠിക്കണം. കാരണം, ജീവിതത്തില്‍ ഹൃദയത്തിന്റെ മുഴുവന്‍ അവസ്ഥകളുമായി ഇടപെടേണ്ടവനാണല്ലോ മുസ്‌ലിം.

5) സല്‍സ്വഭാവപരമായ കാര്യങ്ങളേത്, ദുസ്സ്വഭാവങ്ങള്‍ എന്തെല്ലാം എന്നും അറിയണം. ഇവയില്‍ സല്‍സ്വഭാവങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും പ്രയോഗവല്‍ക്കരിക്കുകയുമാണ് വേണ്ടത്. അല്ലാഹുവിലുള്ള തവക്കുല്‍, അവന്റെ വിധി സംബന്ധിച്ച സംതൃപ്തി, അവനോടുള്ള വിധേയത്വം, വിനയം, സഹിഷ്ണുത മുതലായവ ഉദാഹരണം. ദുസ്സ്വഭാവങ്ങള്‍ ഗ്രഹിക്കുന്നത് അവ ദൂരീകരിക്കാന്‍ വേണ്ടിയാകുന്നു. അഹംഭാവം, വഞ്ചന, പിശുക്ക്, അസൂയ, സ്പര്‍ദ്ധ, ലോകമാന്യത തുടങ്ങിയവ ഉദാഹരണങ്ങളാണ്.(1) അതുകൊണ്ട് ഇത്തരം ദുസ്സ്വഭാവങ്ങളുടെ വിപാടനത്തിനായി സ്വന്തം മനസ്സിനോട് ധര്‍മസമര(മുജാഹദ)ത്തിലേര്‍പ്പെടണം. കാരണം, അത് ഓരോ മുകല്ലഫിനും ഫര്‍ളാണ്.

ശ്ലാഘനീയവും ആക്ഷേപാര്‍ഹവുമായ സ്വഭാവങ്ങള്‍ ഏതൊക്കെയാണെന്ന് വേര്‍തിരിച്ചറിയുകയും സ്വൂഫികളായ മഹാന്മാര്‍ അവക്കെതിരെയുള്ള ധര്‍മസമര മാര്‍ഗത്തില്‍ ഏതെല്ലാം ശൈലികളാണ് സ്വീകരിച്ചതെന്ന് മനസ്സിലാവുകയും ചെയ്യുമ്പോഴേ മേല്‍ പറഞ്ഞ മുജാഹദ നടത്തുവാന്‍ കഴിയൂ. അതാണ് ഇമാം അബുല്‍ ഹസനിശ്ശാദിലി(റ) ഇങ്ങനെ പ്രസ്താവിച്ചത്: നമ്മുടെ ഈ തസ്വവ്വുഫ് വിജ്ഞാനവുമായി ഇടപഴകാതെ ഒരാള്‍ മരണപ്പെട്ടാല്‍, താനറിയാതെ വന്‍കുറ്റങ്ങളില്‍ അകപ്പെട്ടുകൊണ്ടായിരിക്കും അയാളുടെ അന്ത്യം സംഭവിച്ചിട്ടുണ്ടാവുക!

മഹാപാതകങ്ങളും ഹീനപ്രവര്‍ത്തനങ്ങളും തന്നെ, വ്യഭിചാരവും മദ്യപാനവും പോലെ ബാഹ്യമായവയും, അഹംഭാവവും കാപട്യവും പോലെ ആന്തരികമായവയും ഉണ്ട്. അതുകൊണ്ടാണ് ഇവ എല്ലാറ്റിനെക്കുറിച്ചും അല്ലാഹു നമ്മെ നിരോധിച്ചത്. ഖുര്‍ആന്‍ പറഞ്ഞു: ഹീനപ്രവൃത്തികളില്‍ നിന്ന് ബാഹ്യമോ ആന്തരികമോ ആയ ഒന്നിനെയും നിങ്ങള്‍ സമീപിച്ചുപോകരുത്!(1) ഇവയില്‍ ബാഹ്യമായ കുറ്റകൃത്യങ്ങള്‍ ചെയ്തയാള്‍ പശ്ചാത്തപിക്കുന്നു; കാരണം അതിന്റെ ദൂഷ്യങ്ങള്‍ അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍, ആന്തരികപാതകങ്ങള്‍ നീണ്ട കാലം മനുഷ്യനില്‍ കുടികൊള്ളുന്നു. അതിന്റെ വിധിയെപ്പറ്റിയുള്ള അജ്ഞതയോ അങ്ങനെയൊരു കുഴപ്പം തനിക്കുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിക്കായ്കയോ കാരണമായി ആ പാതകത്തില്‍ നിന്നുള്ള പശ്ചാത്താപത്തെ സംബന്ധിച്ചുപോലും അവന്‍ ചിന്തിക്കുന്നില്ല!

അനുശാസിതവിജ്ഞാനങ്ങളില്‍ രണ്ടാമത്തേത് ഫര്‍ള് കിഫായ ആണ്. ചിലയാളുകള്‍ നിര്‍വഹിച്ചാല്‍ മറ്റെല്ലാവരും ബാധ്യതയില്‍ നിന്ന് ഒഴിവാകുന്നതാണ് ഇത്; ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാവുകയും ചെയ്യും. സമുദായത്തിന്റെ ക്ഷേമകരമായ നിലനില്‍പിന് സഹായകമായ വിജ്ഞാനശാഖകളാണ് ഫര്‍ള് കിഫായയിലുള്‍ക്കൊള്ളുക. ആവശ്യത്തില്‍ കൂടുതലായി കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടല്‍ ഉദാഹരണം(2). തഫ്‌സീര്‍, ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉസ്വൂലുല്‍ ഇഅ്തിഖാദ് മുതലായവയും ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതിക പരിജ്ഞാനങ്ങള്‍, പ്രതിരോധശാസ്ത്രം തുടങ്ങിയവയും ഇങ്ങനെത്തന്നെ.

വിജ്ഞാനങ്ങളില്‍ നിരോധിത ശാഖകളുമുണ്ട്. 1) വഴിപിഴച്ച വിശ്വാസസംഹിതകള്‍, സന്ദേഹജനകമായ ചിന്താധാരകള്‍, മാര്‍ഗഭ്രംശം വന്ന ദര്‍ശനങ്ങള്‍ തുടങ്ങിയവയിലെ അഗാധപഠനം ഇതില്‍ പെടുന്നു. അവയെ ഖണ്ഡിക്കുവാനും അവയുടെ അപകടങ്ങള്‍ തടുക്കാനും വേണ്ടിയാണെങ്കില്‍ കുഴപ്പമില്ല. എന്നുതന്നെയല്ല, സത്യമതത്തിന് ഉപരോധമായും വിശ്വാസശുദ്ധീകരണത്തിനായും അത്തരം വിഭാഗങ്ങളുടെ തെറ്റിദ്ധാരണകള്‍ക്ക് മറുപടി നല്‍കാനും മാര്‍ഗഭ്രംശരീതികള്‍ വിവരിക്കാനും വേണ്ടി അവയെക്കുറിച്ച പഠനം ഫര്‍ള് കിഫായയാകുന്നു.

2) ജ്യോതിഷം: അതിന്റെയാളുകളുടെ വാദപ്രകാരം മോഷ്ടിക്കപ്പെട്ട സാധനങ്ങളുള്ള സ്ഥലം, നിധികളും നിക്ഷേപങ്ങളുമുള്ള പ്രദേശം, കൈമോശം വന്ന സാധനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രം മുതലായവ അറിയാനുള്ളതാണീ വിജ്ഞാനം. ഇത് ജ്യോത്സ്യമാണ്. പരിശുദ്ധദീന്‍ ജ്യോത്സ്യന്മാരെ തള്ളിപ്പറയുകയും അവരെ അംഗീകരിക്കല്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ശാസ്ത്രീയ പഠനങ്ങള്‍ നടത്തുക, നമസ്‌കാരസമയങ്ങളും ഖിബ്‌ലയും മനസ്സിലാക്കുക മുതലായവക്കു വേണ്ടി നക്ഷത്രശാസ്ത്രം പഠിക്കുന്നതിന് വിരോധമില്ല.

3. ആഭിചാരം: നിരോധിക്കപ്പെട്ട വിജ്ഞാനമാണ് സിഹ്‌റ്. എന്നാല്‍, അത് ഏല്‍ക്കുന്നതിനെ തടുക്കാനാണെങ്കില്‍ അനുവദനീയമാണ്. ‘തിന്മ ചെയ്യാനല്ല, തടുക്കാനാണ് ഞാനത് പഠിച്ചത്; തിന്മ ഏതാണ്, എന്താണ് എന്ന് പഠിക്കാത്തവന്‍ അതിലകപ്പെട്ടുപോകും’ എന്ന കവിവാക്യമനുസരിച്ചാണിത്.

ശാരീരികവും മാനസികവുമായ പ്രവൃത്തികളുടെ മഹത്ത്വങ്ങള്‍, സുന്നത്ത് കറാഹത്ത് തുടങ്ങിയവ, ഫര്‍ളു കിഫായകള്‍, ഫിഖ്ഹും അതിന്റെ ശാഖകളും വിശ്വാസകാര്യങ്ങളും അതിന്റെ സവിസ്തര പഠനങ്ങളും മുതലായവ സംബന്ധിച്ച അറിവുകള്‍ കരഗതമാക്കല്‍ പുണ്യകരമായ ശാഖകളില്‍ പെട്ടതാകുന്നു.

ഇതുവരെ പറഞ്ഞതില്‍ നിന്ന് അല്ലാഹുവിന്റെ ദീനില്‍ വിജ്ഞാനത്തിനുള്ള പ്രാധാന്യവും അത് സമ്പാദിക്കുന്നതിന്റെ വിധികളും ഗ്രഹിക്കാന്‍ കഴിഞ്ഞു. അറിവ് നേടുന്നത് സംബന്ധിച്ച് സ്വൂഫികളായ മഹാന്മാരുടെ നിലപാട്, തെളിവുകള്‍ നിരത്തിപ്പറയേണ്ടതില്ലാത്ത വിധം പ്രസ്പഷ്ടമത്രേ. അവര്‍ വിജ്ഞാനശാഖകളുടെയും ജ്ഞാനമേഖലകളുടെയും ആളുകളും പ്രശോഭിത ഹൃദയങ്ങളുടെയും ലോലമനസ്സുകളുടെയും ഉടമകളുമാണ്. ഈമാനും ഇസ്‌ലാമും ഇഹ്‌സാനും സംബന്ധിച്ച സുദൃഢമായ ദര്‍ശനവും അവര്‍ക്കുണ്ട്. വ്യക്തിഗതവിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശേഷം അവ പ്രയോഗവല്‍ക്കരിക്കുന്നതിലേക്കാണവര്‍ ശ്രദ്ധ തിരിച്ചത്. ഹൃദയം നന്നാക്കിത്തീര്‍ക്കുന്നതിലും മനസ്സ് സംസ്‌കരിക്കുന്നതിലും നിഷ്‌കളങ്കമായി അല്ലാഹുവിനെ ലക്ഷ്യം വെക്കുന്നതിലും അവര്‍ ബദ്ധശ്രദ്ധരാവുകയും ചെയ്തു. ഇക്കാരണത്താലാണ് തന്റെ പൊരുത്തം, ജ്ഞാനം, പാപമോചനം, സംതൃപ്തി എന്നിവ കൊണ്ട് അല്ലാഹു അവരെ ആദരിച്ചത്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter