പരിത്യാഗം
അല്ലാഹുവിങ്കലേക്ക് ചെന്നെത്തുവാനുള്ള മാധ്യമങ്ങളിലൊന്നാണ് സുഹ്ദ് അഥവാ പരിത്യാഗം. സ്വൂഫീ പ്രമുഖരായ പണ്ഡിതന്മാര്‍ ഇതിന്റെ നിര്‍വചനങ്ങള്‍ ഭിന്ന രൂപങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവ പരസ്പരം സദൃശമാണ്. ശൈഖ് ഇബ്‌നുല്‍ ജല്ലാഅ്(റ) പറയുന്നു: ‘വ്യതിചലനാത്മകമാണെന്ന ദൃഷ്ടിയോടെ ദുന്‍യാവിനെ കാണലാണ് പരിത്യാഗം. എപ്പോഴും വ്യതിചലിക്കാമെന്ന കണ്ണോടെ നോക്കുമ്പോള്‍ അത് നിസ്സാരമായിത്തോന്നുകയും അവഗണിക്കല്‍ നിഷ്പ്രയാസകരമാവുകയും ചെയ്യും.’ മറ്റു ചിലര്‍ നിര്‍വചിക്കുന്നത്, സമ്മര്‍ദമൊന്നും ചെലുത്താതെ ദുന്‍യാവിനെക്കുറിച്ച് മനസ്സ് പ്രകടിപ്പിക്കുന്ന വിപ്രതിപത്തിയാണ് പരിത്യാഗം എന്നാണ്. ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) പറയുന്നു: ദുന്‍യാവിനെ നിസ്സാരമായി കാണലും അതിന്റെ ലക്ഷണങ്ങളെ ഹൃദയത്തില്‍ നിന്ന് മായ്ച്ചുകളയലുമാണ് പരിത്യാഗം.
സര്‍വസംഗപരിത്യാഗികളുടെ നേതാവായ ഇമാം ഇബ്രാഹീമുബ്‌നു അദ്ഹം(റ) പ്രസ്താവിച്ചു: കൈകള്‍ ദുന്‍യാവില്‍ നിന്ന് ശൂന്യമായിരിക്കാന്‍ വേണ്ടി ഹൃദയത്തില്‍ നിന്ന് അതിനെ ഒഴിവാക്കി നിറുത്തലാണ് പരിത്യാഗം. എന്നാല്‍ ഇത് ആത്മജ്ഞാനികളുടെ സുഹ്ദ് ആണ്. അല്ലാഹുവിന്റെ സമീപസ്ഥരായ ‘മുഖര്‍റബീങ്ങ’ളുടെ സുഹ്ദ് ഇതിനേക്കാള്‍ സമുന്നതമത്രേ. ഭൗതിക സുഖങ്ങളില്‍ നിന്നും സ്വര്‍ഗീയ സുഖങ്ങളില്‍ നിന്നും മറ്റ് ആഡംബരാനുഭൂതികളില്‍ നിന്നുമൊക്കെ പരിത്യാഗികളായിക്കഴിയുന്ന അവര്‍ അല്ലാഹുവില്‍ മാത്രം കേന്ദ്രീകൃതരായിരിക്കും. കാരണം, ഈ സുഹ്ദിന്റെ വക്താവിന് അല്ലാഹുവിങ്കലേക്ക് എത്തിച്ചേരലും അവന്റെ സാമീപ്യം നേടലും മാത്രമാണ് ലക്ഷ്യം.
അപ്പോള്‍ പരിത്യാഗം (സുഹ്ദ്) എന്നു വെച്ചാല്‍ ദുന്‍യാവിനോടുള്ള സ്‌നേഹത്തില്‍ നിന്നും ഭൗതികഭ്രമങ്ങളില്‍ നിന്നും ഹൃദയത്തെ ഒഴിപ്പിച്ചെടുക്കലും അല്ലാഹുവിനോടുള്ള സ്‌നേഹത്താലും അവനെക്കുറിച്ച ജ്ഞാനത്താലും ഹൃദയം നിറഞ്ഞുനില്‍ക്കലുമാകുന്നു. ഭൗതികമായ ജോലികള്‍, ദുന്‍യവിയ്യായ അലങ്കാരാര്‍ഭാടങ്ങള്‍ എന്നിവയുമായുള്ള ബന്ധങ്ങളില്‍ നിന്ന് ഹൃദയം എത്രമാത്രം സുരക്ഷിതമായിത്തീരുന്നുവോ അത്ര കണ്ടായിരിക്കും അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെ അഭിമുഖീകരിക്കലും നിരീക്ഷിച്ചിരിക്കലും അറിയലും ഹൃദയത്തില്‍ വര്‍ധിച്ചുവരുന്നത്. ഇതുകൊണ്ടാണ് ആത്മജ്ഞാനികളായ ആളുകള്‍ പരിത്യാഗത്തെ അല്ലാഹുവിങ്കലേക്ക് എത്തിച്ചേരാനുള്ള മാധ്യമവും അവന്റെ സ്‌നേഹവും സംതൃപ്തിയും കരസ്ഥമാക്കുന്നതിനുള്ള ഉപാധിയുമായി പരിഗണിച്ചത്. മറിച്ച് സുഹ്ദ് എന്നത് ഒരു അടിസ്ഥാന ലക്ഷ്യമല്ല.
ഇസ്‌ലാമില്‍ സുഹ്ദിന്റെ അസ്തിത്വം ഖണ്ഡിതമായി നിഷേധിച്ച ചിലരുണ്ട്. ദീനില്‍ കടത്തിക്കൂട്ടപ്പെട്ട ഒരു പുതുഞ്ചന്‍ നടപടിയാണതെന്നും ക്രിസ്ത്യാനിസത്തിലെ പൗരോഹിത്യത്തിലും ഭാരതീയ സന്യാസത്തിലും നിന്ന് നുഴഞ്ഞുകയറി വന്നതാണതെന്നും അവര്‍ പരിഗണിക്കുന്നു. ഇസ്‌ലാമിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള മൗഢ്യത്തോടൊപ്പം ഝടിതിയിലുള്ള ഒരു വിധിപ്രസ്താവമാണ് അവരുടെ ഈ നിലപാട് എന്നതില്‍ ഒട്ടുമേ സംശയമില്ല. ഈ നിഷേധികള്‍ പുണ്യനബി(സ്വ)യുടെ സുന്നത്തിലേക്ക് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍, അവിടന്ന് ഭൗതികപരിത്യാഗത്തിലേക്ക് സ്പഷ്ടമായി ക്ഷണിച്ചിരുന്നുവെന്നും അല്ലാഹുവിന്റെ സാമീപ്യം നേടുന്നതിനുള്ള ഒരു നിമിത്തമായി അതിനെ പരിഗണിച്ചിരുന്നുവെന്നും കാണാന്‍ കഴിയും.
പ്രമുഖ സ്വഹാബിവര്യന്‍ സഹ്‌ലുബ്‌നു സഅദ്‌നിസ്സാഇദി(റ) ഉദ്ധരിക്കുന്നു-തിരുമേനി(സ്വ)യുടെ അടുത്തുവന്ന് ഒരു മനുഷ്യന്‍ അപേക്ഷിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എനിക്ക് ഒരു കര്‍മം നിര്‍ദേശിച്ചുതന്നാലും! അത് ഞാനനുഷ്ഠിച്ചാല്‍ അല്ലാഹുവും ജനങ്ങളും എന്നെ സ്‌നേഹിക്കണം. നബി(സ്വ) പ്രതികരിച്ചു: നീ ദുന്‍യാവിനെക്കുറിച്ച് പരിത്യാഗിയാവുക, എങ്കില്‍ അല്ലാഹു നിന്നെ സ്‌നേഹിക്കും; ജനങ്ങളുടെ കൈയിലുള്ളതില്‍ നിന്ന് നീ പരിത്യാഗിയാവുക, എന്നാല്‍ അവരും നിന്നെ സ്‌നേഹിക്കുന്നതാകുന്നു.
അല്ലാഹുവിന്റെ പവിത്രഗ്രന്ഥം പരതിനോക്കുന്ന ഏതൊരു മുസ്‌ലിമിനും ഇവ്വിഷയകമായ നിരവധി പുണ്യസൂക്തങ്ങള്‍ കാണാന്‍ കഴിയും. ദുന്‍യാവിന്റെ കാര്യം നിസ്സാരമാക്കുകയും അതിന്റെ എളിമത്വം വ്യക്തമാക്കുകയും അത് പെട്ടെന്ന് അസ്തമിച്ചുപോകുമെന്ന് പഠിപ്പിക്കുകയുമാണ് അവയത്രയും. ദുന്‍യാവിലെ സുഖാഡംബരങ്ങള്‍ ക്ഷണികമാണെന്നും അത് വഞ്ചനയുടെ സങ്കേതമാണെന്നും അശ്രദ്ധരുടെ പരീക്ഷണ മാധ്യമമാണെന്നും ആ ഖുര്‍ആന്‍ ആയത്തുകള്‍ ദൃഢീകരിക്കുന്നു. ഇതുകൊണ്ടെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യം ഒന്നേയുള്ളൂ-ദുന്‍യാവിനോടുള്ള പ്രേമം അവരുടെ മനസ്സുകളില്‍ നിന്ന് ദൂരീകരിക്കുക. അല്ലാഹുവിനെക്കുറിച്ച് സൂക്ഷ്മമായി അറിയാനും അവന്റെ ദീനിനെ നിലനിറുത്താനുമാണല്ലോ മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്; ആ ലക്ഷ്യത്തില്‍ നിന്ന് ദുന്‍യാവ് മനുഷ്യനെ വഴിതെറ്റിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണിത്.
പരിശുദ്ധ ഖുര്‍ആനിലെ ചില മാര്‍ഗദര്‍ശനങ്ങള്‍ നോക്കുക: ഹേ ജനങ്ങളേ, നിശ്ചയം അല്ലാഹുവിന്റെ ഉടമ്പടി(1) സത്യം തന്നെയാകുന്നു. അതുകൊണ്ട് ഭൗതിക ജീവിതം നിങ്ങളെ വഞ്ചനയിലകപ്പെടുത്താതിരിക്കട്ടെ; അല്ലാഹുവിന്റെ കാര്യത്തില്‍ പിശാചും നിങ്ങളെ കബളിപ്പിച്ചുകളയാതിരിക്കട്ടെ.(2) മറ്റൊരിടത്ത് ഇങ്ങനെ കാണാം: ഈ ഭൗതിക ജീവിതം കളിയും വിനോദവും മാത്രമാണ്. പാരത്രിക ഭവനമാകട്ടെ, എന്നും നിലനില്‍ക്കുന്നതാകുന്നു. ഈ യാഥാര്‍ഥ്യം അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ!(3) വേറെ ഒരിക്കല്‍ പറഞ്ഞു: സമ്പത്തും സന്താനങ്ങളും ഭൗതികജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു. ശേഷിക്കുന്ന സല്‍ക്കര്‍മങ്ങളാണ് താങ്കളുടെ നാഥന്റെ പക്കല്‍ ഉദാത്തമായ പ്രതിഫലവും ഉത്തമ പ്രതീക്ഷയും ആയിട്ടുള്ളത്.(4) ഈ ഗണത്തില്‍ പെട്ട ആയത്തുകളും ഈ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സൂക്തങ്ങളുമൊക്കെ ഉള്ളടക്കത്തില്‍ മേല്‍പറഞ്ഞതുപോലെത്തന്നെയത്രേ.
ഇനി, തിരുമേനി(സ്വ)യുടെ ജീവചരിത്രം പരിശോധിച്ചുനോക്കിയാലോ? ദുന്‍യാവില്‍ നിന്ന് അകന്നുനില്‍ക്കാനും അതിന്റെ ആഡംബരങ്ങളില്‍ പരിത്യാഗ മനഃസ്ഥിതി കൈക്കൊള്ളാനുമാണ് പലപ്പോഴും സ്വഹാബത്തിനെ അവിടന്ന് മാര്‍ഗദര്‍ശനം ചെയ്തത്. അതാകട്ടെ, ദുന്‍യാവിന്റെ കാര്യം ചെറുതായി കാണാനും അതിന്റെ വശ്യതകള്‍ നിസ്സാരമാക്കാനും പഠിപ്പിച്ചുകൊണ്ടായിരുന്നു. അതിന്റെ പരമോദ്ദേശ്യം, ഏതൊരു ലക്ഷ്യത്തിനു വേണ്ടി അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ ആ ലക്ഷ്യത്തില്‍ നിന്ന് ദുന്‍യാവ് അവരെ വ്യതിചലിപ്പിച്ചുകളയാതിരിക്കുകയാണ്. പവിത്രമായൊരു ദൗത്യമാണ് മാനുഷ്യകത്തിന് നിര്‍വഹിക്കാനുള്ളത്; ആ ദൗത്യത്തില്‍ നിന്ന് ഐഹികലോകം അവരെ പിന്തിരിപ്പിച്ചു കളയാതിരിക്കാനാണ് ഉപര്യുദ്ധൃത അധ്യാപനങ്ങള്‍ റസൂല്‍(സ്വ) നല്‍കിയത്.
ചിലപ്പോള്‍ തിരുമേനി(സ്വ) ഇങ്ങനെ പഠിപ്പിക്കുന്നതായി കാണാം: അല്ലാഹു ഈ ഭൗതികലോകത്തെ നമ്മെ പരീക്ഷിക്കാനും നമ്മുടെ നിലപാട് പരിശോധിച്ചുനോക്കാനുമായി ഒരലങ്കാരമാക്കിയിരിക്കയാണ്. അല്ലാഹുവിന്റെ പ്രീതിയും താല്‍പര്യവുമനുസരിച്ചാണോ നാമതില്‍ കൈകാര്യകര്‍തൃത്വങ്ങള്‍ നിര്‍വഹിക്കുന്നത് അതോ മറിച്ചാണോ എന്നാണ് പടച്ചവന്‍ നോക്കുക. ഒരിക്കല്‍ തിരുമേനി(സ്വ) ഇങ്ങനെ പറയുകയുണ്ടായി: നിശ്ചയം ദുന്‍യാവ് മാധുര്യമുള്ളതും വശ്യവുമാണ്. അല്ലാഹു നിങ്ങളെയതില്‍ പ്രതിനിധികളാക്കി നിങ്ങളുടെ സമീപനങ്ങള്‍ നിരീക്ഷണവിധേയമാക്കുന്നതാണ്. അതുകൊണ്ട് ഭൗതികാഡംബരങ്ങളില്‍ കുടുങ്ങിപ്പോകുന്നതും സ്ത്രീകളുടെ കെണിവലകളിലകപ്പെട്ടുപോകുന്നതും നിങ്ങള്‍ സൂക്ഷിക്കുക.
സ്വഹാബികളോട് നബി(സ്വ) ഒരിക്കല്‍ ദുന്‍യാവിനെപ്പറ്റി പറഞ്ഞത്, നീങ്ങിപ്പോകുന്ന നിഴലും പെട്ടെന്നവസാനിക്കുന്ന ആസ്വാദനവസ്തുവുമാണത് എന്നായിരുന്നു. അതിലേക്കവര്‍ ചാഞ്ഞുവീണു പോയേക്കുമോ എന്നതിനാലാണിങ്ങനെ പഠിപ്പിച്ചത്. അങ്ങനെ വന്നാല്‍ അല്ലാഹുവിങ്കലെത്തിച്ചേരുന്നതില്‍ നിന്ന് അവര്‍ ഉപരോധിക്കപ്പെട്ടവരായിക്കളയുമല്ലോ. ഹ. ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവം കാണുക-അദ്ദേഹം പറയുന്നു: തിരുമേനി(സ്വ) എന്റെ ചുമലില്‍ പിടിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി-‘നീ ഈ ലോകത്ത് ഒരു വിദേശിയെപ്പോലെയോ യാത്രക്കാരനെപ്പോലെയോ ആകണം.’ ദുന്‍യാവിന്റെ ഈ ക്ഷണികത ദ്യോതിപ്പിക്കാനായി അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഇങ്ങനെ ഉപദേശിക്കുമായിരുന്നു-ഒരു ദിവസം സന്ധ്യയായാല്‍ അടുത്ത പ്രഭാതത്തില്‍ പ്രവേശിക്കുമെന്ന് നീ പ്രതീക്ഷിക്കരുത്; പ്രഭാതമായാല്‍ അടുത്ത സന്ധ്യയെയും കാത്തിരിക്കേണ്ട. രോഗാവസ്ഥ തനിക്ക് വന്നെത്താനുണ്ടെന്ന് കരുതി ആരോഗ്യാവസ്ഥ നീ മുതലെടുക്കണം; മരിക്കാനുണ്ടെന്ന വിചാരത്തില്‍ ജീവിതാവസ്ഥയെയും പരമാവധി ഉപയോഗപ്പെടുത്തണം.
ഹ. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ഒരിക്കല്‍ തിരുമേനി(സ്വ) ഒരു പായയില്‍ കിടന്നുറങ്ങുകയുണ്ടായി. ഉണര്‍ന്നു നോക്കുമ്പോള്‍ വാരിയില്‍ പായയുടെ അടയാളങ്ങള്‍ കണ്ട് ഞങ്ങള്‍ ചോദിച്ചു: അങ്ങേക്ക് ഞങ്ങള്‍ വിരിപ്പുണ്ടാക്കിത്തരട്ടെ? നബി(സ്വ)യുടെ പ്രതികരണം: എനിക്ക് ദുന്‍യാവില്‍ എന്ത് സുഖമിരിക്കുന്നു? ഈ ദുന്‍യാവില്‍ ഞാന്‍ മരച്ചുവട്ടിലെ തണലില്‍ വിശ്രമിക്കുന്ന ഒരു യാത്രക്കാരനപ്പോലെയാണ്; കുറച്ചുകഴിയുമ്പോള്‍ ആ തണലുപേക്ഷിച്ച് അയാള്‍ സ്ഥലം വിടും. സര്‍വശക്തനായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ദുന്‍യാവ് വളരെ നിസ്സാരമാണെന്ന് തിരുമേനി(സ്വ) പഠിപ്പിക്കുകയുണ്ടായി. അവിടന്ന് പ്രസ്താവിച്ചു: ദുന്‍യാവിന് അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന് സമാനമായ വിലയെങ്കിലുമുണ്ടായിരുന്നെങ്കില്‍ അതില്‍ നിന്ന് ഒരു സത്യനിഷേധിക്ക് ഒരിറക്ക് വെള്ളം അവന്‍ കുടിപ്പിക്കുമായിരുന്നില്ല.
പുണ്യറസൂലും(സ്വ) ഖുലഫാഉര്‍റാശിദുകളും മറ്റു സ്വഹാബിപ്രവരരുമെല്ലാം(റ) സമാദരണീയമായ ഈ ശൈലിയിലാണ് ജീവിച്ചത്. അതിനാല്‍ ദുന്‍യാവില്‍ അവര്‍ക്ക് വിപ്രതിപത്തിയുണ്ടായി; അവരുടെ ഹൃദയങ്ങള്‍ ഭൗതികാഡംബരങ്ങള്‍ പരിത്യജിക്കുകയും ചെയ്തു. പരീക്ഷണങ്ങളുടെയും കാഠിന്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഭിന്നഘട്ടങ്ങള്‍ അവരിലൂടെ കടന്നുപോയിട്ടുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ക്ക് ക്ഷമയും വിധേയത്വവും വിധിയിലുള്ള സംതൃപ്തിയും വര്‍ധിക്കുക മാത്രമാണുണ്ടായത്. എന്നാല്‍ പിന്നീട് ദുന്‍യാവ് അവരുടെ മുമ്പില്‍ തലകുനിച്ച് വന്നെത്തി. ഖജനാവുകളും ആഭരണങ്ങളുമെല്ലാം അത് അവരുടെ മുന്നില്‍ സമര്‍പ്പിച്ചു.(1) എന്നാല്‍ അവരതിനെ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള മാധ്യമവും ആഖിറത്തിലേക്കുള്ള ചവിട്ടുപടിയുമായി സ്വീകരിക്കുകയായിരുന്നു. മറിച്ച് അവര്‍ അല്ലാഹുവിലും അവന്റെ ആരാധനയിലും നിന്ന് വ്യതിചലിക്കുകയോ ആഡംബരത്തിലും താന്‍പോരിമയിലും വീണുപോവുകയോ അഹങ്കാരം, പിശുക്ക്, വഞ്ചന, ലോഭം എന്നിവയില്‍ നിപതിക്കുകയോ ചെയ്യുകയല്ല സംഭവിച്ചത്.
ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെ ഒരു സംഭവം നോക്കുക. അദ്ദേഹം തന്റെ മുഴുവന്‍ സമ്പത്തുമാണ് ധര്‍മയുദ്ധസംരംഭത്തിലേക്ക് കൊണ്ടുപോയിക്കൊടുത്തത്! തത്സമയം തിരുമേനി(സ്വ) ചോദിച്ചു: കുടുംബത്തിന് എന്താണ് ബാക്കിവെച്ചിരിക്കുന്നത്? ‘അല്ലാഹുവിനെയും റസൂലിനെയും’ എന്നായിരുന്നു മറുപടി.(2) ഹ. ഉമറുബ്‌നുല്‍ ഖത്ത്വാബാകട്ടെ ഈ വിഷയത്തില്‍ ആജാനബാഹുവാണ്. ധനവ്യയത്തിലും ഭൗതിക പരിത്യാഗത്തിലും മാതൃകായോഗ്യനും ഉപമകള്‍ പറയപ്പെടുന്ന വ്യക്തിയുമാണദ്ദേഹം. ഹ. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ആകട്ടെ, തബൂക്ക് യുദ്ധത്തിലേക്ക് സൈന്യത്തെ സജ്ജീകരിച്ചതുതന്നെ അദ്ദേഹമാണ്. അല്ലാഹുവിന്റെ പ്രീതിയുമായി തുലനം ചെയ്തപ്പോള്‍ താന്‍ അതിനു നീക്കിവെച്ച അതിഭീമന്‍ തുക ഒരു പ്രശ്‌നവുമായി തനിക്കനുഭവപ്പെട്ടില്ല.(3) ദുന്‍യാവിനെക്കുറിച്ച തന്റെ വൈമുഖ്യവും മികച്ച ത്യാഗമനഃസ്ഥിതിയും നന്മയുടെ തെരഞ്ഞെടുപ്പും കാരണമായി തിരുനബി(സ്വ) ഇത്രവരെ പറഞ്ഞു: ഇന്നേ ദിവസത്തിനു ശേഷം ഉസ്മാന്‍(റ) ഇനി എന്തു ചെയ്താലും അദ്ദേഹത്തിന് ഒരു കുഴപ്പവു) ഉണ്ടാകില്ല!
ജീവചരിത്രഗ്രന്ഥങ്ങളെടുത്തു നോക്കിയാല്‍ തിരുമേനി(സ്വ)യുടെയും മഹാന്മാരായ സ്വഹാബത്തിന്റെയും പരിത്യാഗപരമായ വിവരങ്ങളാല്‍ നിബിഡമാണവ. അവ പ്രതിപാദിക്കാന്‍ ഈ സ്ഥലം അപര്യാപ്തമാണ്. ചില സാമ്പിളുകള്‍ മാത്രം ഇവിടെ പറയാം-അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് താന്‍ ശ്രവിച്ചതായി നാഫിഅ്(റ) ഉദ്ധരിക്കുന്നു: തിരുനബി(സ്വ) വീട്ടിനകത്തോ പുറത്തോ മൂന്ന് വസ്ത്രം(1) ധരിച്ചിരുന്നില്ല. അബൂബക്ര്‍ സ്വിദ്ദീഖും(റ) അങ്ങനെ ധരിച്ചിട്ടില്ലായിരുന്നു. എന്നാല്‍, ഇഹ്‌റാം ചെയ്യുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഒരു അരയുടുപ്പ്, ഒരു പുതപ്പ്-ഇതാണവര്‍ക്കുണ്ടായിരുന്നത്. ഇതിനാകെ നിങ്ങളുടെ ഒരു അങ്കിയുടെ വിലയേ ഉണ്ടാകൂ.(2) അല്ലാഹു തന്നെ സത്യം, പുണ്യറസൂല്‍(സ്വ) വസ്ത്രത്തിന് കഷ്ണം വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്വിദ്ദീഖ്(റ) ഒരു കമ്പിളി ചെറുകമ്പ് കൊണ്ട് ബന്ധിച്ച്(3) ധരിച്ചതായും എനിക്ക് കാണാനായി. ഹ. ഉമര്‍(റ) അമീറുല്‍ മുഅ്മിനീന്‍ ആയിരിക്കവെ തന്റെ ജുബ്ബക്ക് തോലിന്റെ കഷ്ണം വെച്ചതും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് നൂറ് വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നത് അനുവദനീയമാക്കുന്നവരെ എനിക്കറിയാം, എന്നല്ല ആയിരം എന്നു തന്നെ പറയാം.
ഒരിക്കല്‍ പ്രിയപുത്രി ഹഫ്‌സ്വ ബീവി(റ) ഉമര്‍(റ)വിനോടുണര്‍ത്തി: ഹേ അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഇപ്പോഴുള്ളതിനേക്കാള്‍ മൃദുവായ വസ്ത്രം ധരിക്കുകയും ഇന്നത്തേക്കാള്‍ നല്ല ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! അല്ലാഹു ഇന്ന് ഭക്ഷണം വിശാലമാക്കുകയും സുഭിക്ഷതകള്‍ വര്‍ധിപ്പിച്ചുതരികയും ചെയ്തിട്ടുണ്ടല്ലോ? ഉമര്‍(റ) പ്രതികരിച്ചു: ഞാന്‍ നിന്നോട് വാദിച്ചുജയിക്കയാണ്-തിരുനബി(സ്വ) അഭിമുഖീകരിച്ചിരുന്ന ജീവിതകാഠിന്യങ്ങള്‍ നിനക്കറിയില്ലേ?-എന്നിട്ടദ്ദേഹം ആ ഗണത്തില്‍ ഓരോ സംഭവം വിവരിക്കാന്‍ തുടങ്ങി. ഇതുകേട്ട് ബീവി കരഞ്ഞുപോയി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: അല്ലാഹു തന്നെ സത്യം! നബിയും സ്വിദ്ദീഖും അഭിമുഖീകരിച്ച ജീവിതകാഠിന്യങ്ങളില്‍ എനിക്കും അവരോട് പങ്കു ചേരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവരൊന്നിച്ച് പരലോകത്ത് സുഭിക്ഷ ജീവിതം നയിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നേനെ.
ഹ. ഖത്താദ(റ) പറയുന്നു: ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ഒരു ദിവസം ജുമുഅക്ക് എത്താന്‍ വൈകി. വഴിയെ വന്ന് കാരണം ബോധിപ്പിച്ചുകൊണ്ട് താന്‍ വ്യക്തമാക്കി: എന്റെ ഈ വസ്ത്രം അലക്കിയിട്ടതാണ് വൈകാന്‍ കാരണം-അദ്ദേഹം തന്നെയാണ് സ്വന്തം വസ്ത്രങ്ങള്‍ കഴുകിയിരുന്നത്-ഇതല്ലാതെ എനിക്കു വേറെ വസ്ത്രമുണ്ടായിരുന്നതുമില്ല.(1) വന്ദ്യറസൂല്‍(സ്വ)യുടെയും മഹാന്മാരായ സ്വഹാബികളുടെയും ജീവിതം സമ്പൂര്‍ണമായ പ്രായോഗിക മാതൃക തന്നെയാണ്. സത്യസന്ധരായ വിശ്വാസികള്‍ ആ മാര്‍ഗത്തിലൂടെയാണ് സഞ്ചരിച്ചത്. തന്മൂലം അവര്‍ പരിത്യാഗത്തിന്റെയും പാതിവ്രത്യത്തിന്റെയും വിശുദ്ധിയുടെയും നേര്‍മാര്‍ഗത്തിന്റെയും മാതൃകകളാവുകയുമുണ്ടായി.
Leave A Comment