ഥരീഖത്ത്: അര്‍ത്ഥവും ആശയവും
അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുകയും നിരോധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നതിനാണ് ശരീഅത്ത് എന്നു പറയുന്നത്. ശരീഅത്തിന്റെ പൂര്‍ണ്ണതയാണ് ത്വരീഖത്ത്. നിര്‍ബന്ധവും സുന്നത്തുമായ മുഴുവന്‍ കാര്യങ്ങളും അനുഷ്ഠിക്കലും വിരോധിക്കപ്പെട്ടതും അനുവദിക്കപ്പെട്ടതില്‍ തന്നെ ആവശ്യമില്ലാത്തതും ഉപേക്ഷിക്കലും ത്വരീഖത്തിന്റെ ഭാഗമാണ്. വിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് ചെന്നുചേരുമോ എന്ന ഭയത്താല്‍ അനുവദിക്കപ്പെട്ടത് പലതും വര്‍ജ്ജിക്കേണ്ടിവരും. അതോടൊപ്പം  വിശപ്പും ദാഹവും സഹിച്ച് ശരീരത്തെ ആരാധനക്ക് സജ്ജമാക്കുകയാണ് ത്വരീഖത്തിന്റെ രീതി.
മനുഷ്യനില്‍ ദൈവികവും പൈശാചികവുമായ വിരുദ്ധ ശക്തികള്‍ സ്വാധീനം ചെലുത്തുന്നു. പൈശാചിക പ്രേരണകളെ തടഞ്ഞു നിര്‍ത്തുകയാണ് വിജയം നേടാനുള്ള വഴി. ഇതിന് ഒരു വ്യക്തിക്ക് സ്വന്തമായി സാധ്യമാവുക ദുഷ്‌കരമാണ്. ശരീരത്തിന്റെ ഇഛകളെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല എന്നതുതന്നെ കാരണം. ഇവിടെയാണ് ത്വരീഖത്തിന്റെ പ്രസക്തി. തെറ്റില്‍നിന്ന് മനുഷ്യനെ തടഞ്ഞുനിര്‍ത്തുകയാണ് ഇബാദത്തിലേക്ക് വഴികാട്ടുന്നതോടൊപ്പം ശൈഖ് ചെയ്യുന്നത്. അല്ലാഹുവിലേക്ക് മനുഷ്യനെ അടുപ്പിക്കുകയാണ് ശൈഖ് ചെയ്യുന്നത്. ഇതിനു കഴിവുള്ള ശൈഖുമാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചവരത്രെ മുരീദുമാര്‍.
ശൈഖുമാര്‍ പലതരത്തിലുണ്ട്.  തബര്‍റുകിന്റെ ശൈഖുമാരാണ് ഒരുവിഭാഗം. തങ്ങള്‍ക്കു ലഭ്യമായ ദൈവാനുഗ്രഹങ്ങള്‍ ശിഷ്യഗണങ്ങള്‍ക്കു നല്‍കി അവരോട് ആത്മബന്ധം സ്ഥാപിക്കുകയാണ് ഇവര്‍. ഇത്തരത്തിലുള്ള ഗുരുവര്യന്മാര്‍ എക്കാലത്തും ഉമ്മത്തില്‍ നിലനില്‍ക്കും. മനുഷ്യനെ തെറ്റില്‍നിന്നു സ്ഫുടം ചെയ്‌തെടുക്കുന്ന ശൈഖുമാരുമുണ്ട്. ഇവര്‍ അപൂര്‍വമായി മാത്രമേ ഉണ്ടാകൂ. ഇവര്‍ ഉന്നതസ്ഥാനീയരാണെന്നതു തന്നെ കാരണം. അമൂല്യരത്‌നങ്ങളോടാണ് ഇവരെ പണ്ഡിതന്മാര്‍ ഉപമിച്ചിരിക്കുന്നത്. സാധാരണ കല്ലു പോലെയല്ലല്ലോ വജ്രക്കല്ല്. ഒട്ടേറെ ഗുണകണങ്ങള്‍ ഇവര്‍ക്ക് ഒത്തിരിക്കണം. അറിവുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശരീഅത്തു സംബന്ധമായ അറിവ് നേടാത്ത ഒരാള്‍ക്ക് മുരീദിനെ സംസ്‌കരിക്കാന്‍ സാധ്യമല്ലല്ലോ. അറിവില്ലാതെ സംസ്‌കരണത്തിനിറങ്ങുന്നത് ഇസ്‌ലാമികമായി തെറ്റാണ്. അതുപോലെ തര്‍ബിയത്ത് നേടുന്നവരും ശരീഅത്തിന്റെ വിജ്ഞാനങ്ങള്‍ ആര്‍ജിച്ചിരിക്കണം.
ഇമാം ശഅ്‌റാനി പറയുന്നു: ശാദുലി ത്വരീഖത്തിലെ പ്രമുഖ ശൈഖുമാരായ അബുല്‍ ഹസനുശ്ശാദുലി, അബുല്‍ അബ്ബാസില്‍ മര്‍സി, യാഖൂത്തുല്‍ അര്‍ശ്, താജുദ്ദീന്‍ ഇബ്‌നു അത്വാഉല്ലാ(റ) മുതലായവര്‍ ഇല്‍മുശ്ശരീഅത്തില്‍ അവഗാഹം നേടിയവരെ മാത്രമേ ത്വരീഖത്തില്‍ പ്രവേശിപ്പിക്കുമായിരുന്നുള്ളൂ. വാദപ്രതിവാദ സദസ്സുകളില്‍ വ്യക്തമായ ഉത്തരം മുട്ടിക്കാന്‍ സാധിക്കുന്നവിധം അവഗാഹം നേടിയിരിക്കണം. അല്ലാത്തവര്‍ക്ക് ബൈഅത്ത് നല്‍കുമായിരുന്നില്ല. മിഹനുല്‍ കുബ്‌റയുടെ മുഖദ്ദിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. (കിഫായതുല്‍ അത്ഖിയാ)
ജുനൈദ്(റ) പറയുന്നു: നമ്മുടെ ഈ വിജ്ഞാനം കിതാബും സുന്നത്തും കൊണ്ട് നിബന്ധിതമാണ്. അതിനാല്‍ കിതാബും സുന്നത്തും പഠിക്കാത്തവരും ദീനീ വിജ്ഞാനവും സൂഫികളുടെ സാങ്കേതിക നിയമജ്ഞാനവും നേടാത്തവനും ശൈഖാവാന്‍ അര്‍ഹനല്ല (ഖലാഇദുല്‍ ജവാഹിര്‍)
ശൈഖിന് ആഴത്തിലുള്ള അറിവൊന്നും ആവശ്യമില്ലെന്ന് ചിലര്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ തര്‍ബിയത്തിന്റെ ശൈഖാവാന്‍ ഖുര്‍ആനിലും സുന്നത്തിലും സൂക്ഷ്മമായ അറിവുതന്നെ വേണമെന്നാണ് പിണ്ഡിതന്മാരുടെ പക്ഷം.
എന്നുമാത്രമല്ല ഖുര്‍ആന്‍ - സുന്നത്തുകളുടെ വ്യാഖ്യാനമായ കര്‍മശാസ്ത്രത്തിലെ മസ്അലകള്‍ അപഗ്രഥിക്കാന്‍ ശൈഖിനു സാധ്യമാകണം.
ശൈഖ് ഒരിക്കലും പേരും പ്രശസ്തിയും തേടരുത്. ആളുകള്‍ തന്നെത്തേടി വരുമ്പോള്‍ തന്നെ അല്ലാഹുവിന്റെ പരീക്ഷണമാണെന്നു തിരിച്ചറിയണം. ആളുകളെ ആകര്‍ഷിച്ചും വശീകരിച്ചും വശത്താക്കുന്ന ഏര്‍പ്പാട് ഒരിക്കലും ഒരു ശൈഖില്‍ നിന്നുണ്ടാകാവതല്ല. പ്രകടനപരത ത്വരീഖത്തിന്റെ ശൈഖുമാരെ സംബന്ധിച്ച് വന്‍ അപരാധം തന്നെയാണ്.
വരുന്നവര്‍ക്കൊക്കെ ത്വരീഖത്ത് കൊടുക്കുന്നത് യഥാര്‍ത്ഥ ശൈഖിന്റെ ലക്ഷണമല്ല. താന്‍ നല്‍കുന്നത് സ്വീകരിക്കാന്‍ പാനപാത്രം വലുതാണോ എന്നു പരിശോധിച്ച ശേഷമേ ത്വരീഖത്തു നല്‍കാവൂ.
Also Read:എന്താണ് തസ്വവ്വുഫ്?
ഇന്നത്തെ രീതിയില്‍ നാം കാണുന്ന ത്വരീഖത്തുകളൊക്കെ ഏജന്‍സി രീതിയില്‍ ആളുകളെ കൂട്ടുന്ന തരത്തിലേക്ക് അധഃപതിച്ചു പോവുകയാണ്. അതിനാല്‍ തന്നെ പക്വതയും പാകതയുമില്ലാത്ത പാവം മുരീദുമാര്‍ ചെണ്ടകൊട്ടി ചാടുന്നു. സ്വര്‍ഗം കൈയില്‍ കിട്ടിയ പോലെ ആളുകളുടെ ഈമാന്‍ തൂക്കി നോക്കുന്നു. ദീനിന്റെ നിലനില്‍പിന് അല്ലാഹു സംവിധാനിച്ച മാര്‍ഗങ്ങളെ പുഛിക്കുന്നു.
ഹി: 824 മുതല്‍ സാങ്കേതികാര്‍ത്ഥത്തിലുള്ള തര്‍ബിയത്ത് നിലച്ചുപോയതായി ഒരുപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യാജ ശൈഖുമാരും ത്വരീഖത്തുകളും വ്യാപിച്ചതിനാല്‍ യഥാര്‍ത്ഥ ശൈഖുമാര്‍ രംഗത്തുവരാതെ സ്വന്തം ആത്മാവിന്റെ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് മറഞ്ഞിരിക്കുന്നു. അത്തരം ശൈഖുമാര്‍ തന്നെ പലവിധത്തിലും തങ്ങളെ സമീപിക്കുന്നവര്‍ക്ക് തബര്‍റുകിന്റെ ബൈഅത്തേ നല്‍കൂ. (ശാലിയാത്തി(റ)യുടെ ഫതാവല്‍ അസ്ഹരിയ്യയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്) സ്വപ്ന ദര്‍ശനം, അസാധാരണ സംഭവങ്ങള്‍, പ്രവചനങ്ങള്‍ -ഇതൊന്നും ഒരാള്‍ മുറബ്ബിയായ ശൈഖാവാന്‍ മതിയായ കാര്യങ്ങളല്ല.
''അമാനുഷികവും അസാധാരണവുമായ ഒരു വ്യക്തി വായു മണ്ഡലത്തിലൂടെ പറവകളെപ്പോലെ പറന്നാലും അയാള്‍ക്കു നിങ്ങള്‍ സ്ഥാനവും മതിപ്പും കല്‍പിക്കരുത്. അയാള്‍ ശരീഅത്തിന്റെ നിയമങ്ങളും ശാസനകളും ശരിക്കു പാലിക്കുന്നുവെന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടാകുന്നതുവരെ അയാളെ നിങ്ങള്‍ അംഗീകരിക്കരുത്.'' (രിസാലത്തുല്‍ ഖുശൈരി)
ത്വരീഖത്തുകള്‍ കേരളത്തില്‍
കേരളത്തില്‍ പണ്ടുമുതലേ ത്വരീഖത്തുകള്‍ പ്രചാരം നേടിയിരുന്നു. മഹാന്മാരായ പണ്ഡിതന്മാരും സയ്യിദുമാരും വളരെ പവിത്രമായ രീതിയിലാണ് അതു കൈകാര്യം ചെയ്തത്. വളരെ ആലോചനക്കു ശേഷമേ ഇജാസത്തും ബൈഅത്തും നല്‍കാന്‍ പൗരാണികര്‍ സമ്മതിച്ചിരുന്നൊള്ളൂ. ത്വരീഖത്ത് ഒരു പ്രസ്ഥാനമായി  വളര്‍ത്തിയെടുക്കാന്‍ ആ കാലഘട്ടത്തില്‍ ശ്രമങ്ങളുണ്ടായിരുന്നില്ല. ത്വരീഖത്തിന്റെ പേരില്‍ ഇപ്പോള്‍ ചില പാവങ്ങള്‍ പലതരത്തിലുള്ള കച്ചവട സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സ്ഥിതി കാണുമ്പോള്‍ പഴയ പണ്ഡിതരുടെ സൂക്ഷ്മത എന്തുമാത്രം ഉപകാരപ്രദമായിരുന്നുവെന്നു നമുക്ക് ബോധ്യമാവും. ഭൗതികമായ താല്‍പര്യക്കാര്‍ ദീന് വിറ്റ് ജീവിക്കുന്നത് നമ്മുടെ നാടുകളില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണ സംഭവമാണ്. ത്വരീഖത്തുകളുടെ പേരില്‍ നല്ലതു മാത്രം  ചിന്തിച്ചു ഇത്തരക്കാരുടെ കെണികളില്‍ പെട്ടുപോകുന്നവര്‍ പിന്നീട് എല്ലാം ന്യായീകരിക്കുന്നതാണ് സഹതാപാര്‍ഹമായ കാര്യം. വ്യാജ ത്വരീഖത്തുകളുടെ കേരളീയ ചരിത്രം വളരെ പഴക്കമുള്ളതാണ്. മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ നിലനിന്ന പൊന്നാനി കുണ്ടോട്ടി കൈത്തര്‍ക്കം സത്യത്തില്‍ വ്യാജത്വരീഖത്തിന്റെ സൃഷ്ടിതന്നെയായിരുന്നു. അതിന്റെ പേരില്‍ പരസ്പരം കുഫ്‌റ് ആരോപണങ്ങളും ചേരിതിരിവും കാലങ്ങള്‍ നീണ്ടുനിന്നിട്ടുണ്ട്.
ത്വരീഖത്തിന്റെ പേരില്‍ കുറെയാളുകളെ മയക്കിക്കിടത്തി ശൈഖിനെ സുജൂദ് ചെയ്യിക്കാന്‍ പോലും അക്കാലങ്ങളില്‍ ഫത്‌വ ഇറങ്ങിയിരുന്നു. ഈ ത്വരീഖത്തിന്റെ വളര്‍ച്ചയില്‍ ശിയായിസത്തിന്റെ സ്വാധീനമുണ്ടായിരുന്നു. എതിര്‍ക്കുന്നവരെ മുഴുവന്‍ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവം അന്നുമുതലേ നിലവിലുള്ളതാണ്. അക്കാലത്ത് പ്രമുഖരായ പൊന്നാനി ഇമാമുമാരാണ് വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ പടവെട്ടിയത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് കാര്യം ബോധ്യപ്പെട്ടു. അങ്ങനെയാണ് അബദ്ധങ്ങള്‍ തിരുത്തി കൊണ്ടോട്ടി വിഭാഗവും പൊന്നാനി വിഭാഗവും രമ്യതയിലെത്തിയത്.
പൊന്നാനി ആലിമീങ്ങള്‍ക്കു ശേഷം കേരളത്തിലെ മുസ്‌ലിംകളുടെ നേതൃത്വം ഏറ്റെടുത്തത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ രൂപീകരണത്തിനുശേഷം പല വ്യാജന്മാരും രംഗത്തുവന്നിട്ടുണ്ട്. വളരെ വിചിത്രമായ വാദങ്ങളായിരുന്നു പലര്‍ക്കും. പല തരത്തിലുള്ള അത്ഭുതങ്ങളും കാട്ടി ആളുകളെ വീഴ്ത്തുകയായിരുന്നു ഇവരില്‍ പലരും. കൊരൂര്‍, ചോറ്റൂര്‍ ത്വരീഖത്തുകള്‍ക്ക് എതിരെ 1933ല്‍ ഫറോക്കില്‍ നടന്ന സമസ്ത സമ്മേളനം തീരുമാനം കൈക്കൊണ്ടിരുന്നു.
അതിനാല്‍ തന്നെ അതില്‍നിന്ന് ആളുകള്‍ വിട്ടുനിന്നു. 1970 കളില്‍ സമസ്ത നൂരിഷാ ത്വരീഖത്തിനെതിരെ തീരുമാനമെടുത്തപ്പോഴും കേരള മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ ആ തീരുമാനം അംഗീകരിച്ചു.
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു വിഭാഗം എക്കാലവും നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ഇപ്പോഴും അതു നിലനില്‍ക്കുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആത്മ വിമര്‍ശനത്തിനു തയ്യാറാവുകയാണ് ഏവരും ചെയ്യേണ്ടത്. അതിനു പകരം ചീര്‍ക്കുന്ന സ്വഭാവമാണ് വ്യാജ ത്വരീഖത്തുകളുടെ ഭാഗത്തുനിന്നുണ്ടാവാറുള്ളത്.
വിവരദോഷികളായ മുരീദുമാരാണ് ത്വരീഖത്തുകളെ മുഴുവന്‍ നശിപ്പിച്ചതെന്നതാണ് ചരിത്രം. ആളുകളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ത്വരീഖത്തിന്റെ നിലനില്‍പ്പിനു പാടുപെടുന്നവര്‍ സഹതാപമര്‍ഹിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter