എന്താണ് തസ്വവ്വുഫ്?
ഖാളി ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി(റ) നിര്‍വചിക്കുന്നു: ശാശ്വതവിജയം കൈവരിക്കുന്നതിനുവേണ്ടി, ആത്മസംസ്‌കരണത്തിന്റെയും, വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ നിര്‍മിതിയുടെയും സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനുള്ള വിജ്ഞാനമാണ് തസ്വവ്വുഫ്.
ശൈഖ് അഹ്മദ് സര്‍റൂഖ്(റ) അതിനെ നിര്‍വചിച്ചുകൊണ്ട് എഴുതുന്നതിങ്ങനെയാണ്: ഹൃദയങ്ങളെ സംസ്‌കരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നൊക്കെ അവയെ മാറ്റി ഏകാഗ്രമാക്കലും ലക്ഷീകരിക്കുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ്. കര്‍മങ്ങള്‍ നന്നാക്കുന്നതിനും അവയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിനും വിധിവിലക്കുകളിലെ ദൈവികയുക്തി പ്രകടമാക്കുന്നതിനുമുള്ള വിജ്ഞാനമാണ് ഫിഖ്ഹ്. ഇല്‍മുത്തൗഹീദ് (വിശ്വാസശാസ്ത്രം) ആകട്ടെ, സിദ്ധാന്തങ്ങളെ ദൃഷ്ടാന്തങ്ങള്‍ വഴി സാക്ഷാല്‍ക്കരിക്കുന്നതിനും, ശരീരസംരക്ഷണത്തിന് വൈദ്യശാസ്ത്രമെന്ന പോലെയും ഭാഷാശുദ്ധീകരണത്തിന് വ്യാകരണമെന്ന പോലെയും വിശ്വാസത്തെ ദൃഢീകരണം കൊണ്ട് അലങ്കരിക്കുന്നതിനുമുള്ള അറിവാകുന്നു.
ശരീഅത്തിന്റെ പണ്ഡിതന്മാരുടെയും ഥരീഖത്തിന്റെ ശൈഖുമാരുടെയും സാരഥി എന്നറിയപ്പെടുന്ന ഇമാം ജുനൈദുല്‍ ബഗ്ദാദി(5) തസ്വവ്വുഫിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഉദാത്ത സ്വഭാവങ്ങളൊക്കെ പ്രയോഗവല്‍ക്കരിക്കലും ഹീനസ്വഭാവങ്ങള്‍ മുഴുവന്‍ കൈവെടിയലുമാണ് തസ്വവ്വുഫ്. മറ്റു ചില മഹാന്മാരുടെ വാക്കുകളില്‍ ‘മുഴുക്കെ സല്‍സ്വഭാവങ്ങളാണ് അത്; തന്മൂലം ആര് നിനക്ക് സല്‍സ്വഭാവസംബന്ധിയായ വിഷയങ്ങള്‍ കൂടുതല്‍ പഠിപ്പിച്ചുതരുന്നുവോ, അയാള്‍ തസ്വവ്വുഫ് അധികം പഠിപ്പിച്ചുതരുന്നു.’
ഇമാം അബുല്‍ഹസന്‍ അശ്ശാദിലി(റ) യുടെ ഭാഷയില്‍, അല്ലാഹുവിന് അടിമവൃത്തി ചെയ്യുന്നതിനും യജമാനന്റെ വിധിവിലക്കുകള്‍ അനുഷ്ഠിക്കുന്നതിനും ശരീരത്തെ പരിശീലിപ്പിച്ചെടുക്കലാണ് തസ്വവ്വുഫ്. ഇമാം ഇബ്‌നു അജീബ(റ)യുടെ കാഴ്ചപ്പാട് ഇതാണ്: രാജാധിരാജനായ റബ്ബിന്റെ സംതൃപ്ത സന്നിധിയില്‍ എങ്ങനെ എത്തിച്ചേരാമെന്നും നികൃഷ്ടസ്വഭാവങ്ങളില്‍ നിന്ന് അന്തരംഗങ്ങളെ എങ്ങനെ സ്ഫുടം ചെയ്‌തെടുക്കാമെന്നും ശ്രേഷ്ഠ സ്വഭാവങ്ങള്‍ വഴി അവയെ എങ്ങനെ സുന്ദരമാക്കാമെന്നും ഗ്രഹിക്കാന്‍ കഴിയുന്ന ഒരു വിജ്ഞാനശാഖയാണ് തസ്വവ്വുഫ്. പ്രഥമമായി വിജ്ഞാനവും തുടര്‍ന്ന് കര്‍മവുമാണതിനാവശ്യം. തുടര്‍ന്ന് ദൈവികവരദാനം കൈവരികയായി.
വിശ്വവിഖ്യാതഗ്രന്ഥമായ കശ്ഫുദ്ദുനൂനില്‍ പറയുന്നു: മര്‍ത്യസഞ്ചയത്തില്‍ നിന്ന് പൂര്‍ണത പ്രാപിച്ചവര്‍ തങ്ങളുടെ വിജയപാതകളില്‍ എങ്ങനെയൊക്കെയാണ് പുരോഗതി പ്രാപിച്ചത് എന്ന് ഗ്രഹിക്കാന്‍ സാധിക്കുന്ന വിജ്ഞാനശാഖയാണത്. തുടര്‍ന്ന് അദ്ദേഹം പറയുന്നു:
(സത്യനിഷ്ഠനും ബുദ്ധിമാനുമായ ഒരാള്‍ക്കുമാത്രമേ തസ്വവ്വുഫ് എന്താണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സ്വന്തമായി അനുഭവിച്ച ഒരാള്‍ക്കല്ലാതെ അത് എന്താണെന്നറിയുവാന്‍ കഴിയില്ല. കണ്ണു കാണാത്തൊരു വ്യക്തിക്ക് സൂര്യപ്രകാശം എങ്ങനെ ദര്‍ശിക്കുവാന്‍ സാധിക്കും?)
Also Read:മായം ചേര്‍ക്കപ്പെട്ട തസ്വവ്വുഫ്
വിവിധ നിര്‍വചനങ്ങള്‍ ഉദ്ധരിച്ചുകഴിഞ്ഞ ശേഷം ശൈഖ് സര്‍റൂഖ്(റ) അവയുടെ സംക്ഷേപം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: രണ്ടായിരത്തോളം രീതിയില്‍ തസ്വവ്വുഫ് വിവരിക്കപ്പെടുകയും നിര്‍വചനവിധേയമാവുകയും ചെയ്തിട്ടുണ്ട്. അവയുടെയൊക്കെ ആകെത്തുക, അല്ലാഹുവിനെ സത്യസന്ധമായി അഭിമുഖീകരിക്കാനുള്ളതാണ് ഈ വിജ്ഞാനശാഖ എന്നത്രേ. നിര്‍വചനങ്ങള്‍ അതിന്റെ ഭിന്നമായ അവതരണരീതികളാണ് എന്നുമാത്രം.
ചുരുക്കത്തില്‍, ഭൗതികതയുടെ മാലിന്യങ്ങളില്‍ നിന്ന് ഹൃദയത്തെ സ്ഫുടം ചെയ്‌തെടുക്കുക എന്നതാണ് തസ്വവ്വുഫിന്റെ സ്തംഭം. അതിന്റെ നിലനില്‍പാകട്ടെ മഹോന്നതനായ സ്രഷ്ടാവിനോട് മനുഷ്യനുള്ള ബന്ധമാണ്. അല്ലാഹുവിനു വേണ്ടി ഏതൊരാളുടെ ഹൃദയം തെളിമയുറ്റതായോ, അല്ലാഹുവിനോടുള്ള അവന്റെ സമീപനങ്ങള്‍ കളങ്കരഹിതമായോ അവനാണ് സ്വൂഫി. അങ്ങനെയാകുമ്പോള്‍ നാഥനായ റബ്ബിന്റെ പക്കല്‍ നിന്നുള്ള ആദരം അയാള്‍ക്ക് സ്വച്ഛമായി ലഭിക്കുകയും ചെയ്യും.
Leave A Comment