സ്വൂഫികളായ കര്‍മശാസ്ത്രപണ്ഡിതന്മാര്‍

ഹദീസ് ശാസ്ത്രപണ്ഡിതന്മാരും കര്‍മശാസ്ത്രപടുക്കളും മറ്റുമായ ഇസ്‌ലാമിക ശരീഅത്ത് സംബന്ധിച്ച് അഭിജ്ഞരായ മഹാന്മാര്‍ നബിതിരുമേനി(സ്വ)യുടെ കാല്‍പാടുകള്‍ പിന്തുടര്‍ന്നാണ്  സഞ്ചരിച്ചിരുന്നത്. അങ്ങനെ ശരീഅത്തും ഥരീഖത്തും ഹഖീഖത്തും അവര്‍ സമഞ്ജസമായി സമ്മേളിപ്പിച്ചു. കര്‍മപരമായ ആരാധനകള്‍ അവര്‍ നിര്‍വഹിച്ചിരുന്നത് അവയിലെ ഇഖ്‌ലാസ്വിന്റെ രഹസ്യം പൂര്‍ണമായി സാക്ഷാല്‍കരിച്ചും അവയുടെ മാധുര്യമാസ്വദിച്ചും കാതല്‍ കണ്ടെത്തിയുമായിരുന്നു. സ്വന്തം ഹൃദയങ്ങള്‍ ഉദാത്തവല്‍ക്കരിക്കാനും മനസ്സുകള്‍ സംസ്‌കരിച്ചെടുക്കാനുമായി മനസ്സമരമുറകളനുഷ്ഠിച്ചിരുന്നവരാണവര്‍. അങ്ങനെ, ആത്മജ്ഞാനവും ഭക്തിയും നന്മയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതു കൊണ്ടാണ് ഈ ഉന്നതമായ വൈജ്ഞാനിക പദവികള്‍ അവര്‍ക്ക് നേടിയെടുക്കാനായത്. തന്റെ പവിത്രഗ്രന്ഥം ഗ്രഹിക്കുവാനും ശരീഅത്തില്‍ അവഗാഹം നേടുവാനും അല്ലാഹു അവര്‍ക്ക് ഔദാര്യമേകുകയുമുണ്ടായി. നാളുകളും ആണ്ടുകളും പിന്നിട്ടുപോയിട്ടും അവരുടെ വിജ്ഞാനം കൊണ്ട് പടച്ചവന്‍ ഉമ്മത്തിന് ഉപകാരം ചെയ്തു. തങ്ങളുടെ അനുഗൃഹീതമായ ആ വൈജ്ഞാനിക സേവനങ്ങളും അനശ്വരമായ കാല്‍പാടുകളും മുഖേന എന്നെന്നും ജീവിച്ചിരിക്കുന്നവരെപ്പോലെയായിരിക്കയാണവര്‍.

ദുര്‍റുല്‍ മുഖ്താറിന്റെ രചയിതാവായ അലാഉദ്ദീന്‍ മുഹമ്മദ് ഹസ്വ്കഫി എന്ന ഹനഫി പണ്ഡിതന്‍ ഇമാം അബൂഅലിയ്യിനിദ്ദഖ്ഖാഖില്‍(റ) നിന്നുദ്ധരിക്കുകയാണ്-അദ്ദേഹം പറഞ്ഞു: ഞാന്‍ ഈ ഥരീഖത്ത് സ്വീകരിച്ചത് അബുല്‍ഖാസിമിന്നസ്വ്‌റാബാദിയില്‍ നിന്നാകുന്നു. അബുല്‍ ഖാസിം വ്യക്തമാക്കിയത്, താനത് ശിബ്‌ലിയില്‍ നിന്നും അദ്ദേഹം സരിയ്യുസ്സഖഥിയില്‍ നിന്നും അദ്ദേഹം മഅ്‌റൂഫുല്‍ കര്‍ഖിയില്‍ നിന്നും അദ്ദേഹം ദാവൂദുത്ത്വാഈയില്‍ നിന്നും അത് സ്വീകരിച്ചു എന്നാണ്; ദാവൂദുത്ത്വാഈ വിജ്ഞാനവും ഥരീഖത്തും കൈവരിച്ചതാകട്ടെ ഇമാം അബൂഹനീഫ(റ)യില്‍ നിന്നും. ഇവരില്‍ ഓരോരുത്തരും ഇമാമവര്‍കളെ ശ്ലാഘിച്ചു പറയുകയും അദ്ദേഹത്തിന്റെ മഹത്ത്വം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു…

ഹസ്വ്കഫി തുടരുന്നു: സഹോദരാ, എന്തൊരു വിസ്മയമാണിത്? മേല്‍പറഞ്ഞ സമുന്നതരായ ഈ മഹാന്മാരിലൊന്നും നിനക്ക് ഉദാത്തമാതൃകയില്ലേ? ഉപര്യുദ്ധൃത അഭിമാനപ്രസ്താവങ്ങളിലും അംഗീകാരങ്ങളിലും തെറ്റിദ്ധരിക്കപ്പെടുന്നവരാണോ അവര്‍? ശരീഅത്തിന്റെയും ഥരീഖത്തിന്റെയും ഹഖീഖത്തിന്റെയും നേതാക്കളാണല്ലോ ആ മഹാന്മാര്‍. വഴിയെ അവര്‍ ആ പൂര്‍വികരുടെ അനുധാവകന്മാരാവുകയായിരുന്നു. അവര്‍ പ്രബലമാക്കിയ അഭിപ്രായങ്ങളോട് യോജിക്കാത്തവ പുത്തന്‍ നിര്‍മിതവും തള്ളപ്പെട്ടതുമായാണ് കണക്കാക്കപ്പെടുന്നത്.

മഹോന്നതനായ കര്‍മശാസ്ത്ര പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ അബൂഹനീഫത്തന്നുഅ്മാന്‍(റ) മേല്‍പറഞ്ഞ പോലുള്ള അത്യുന്നത സ്വൂഫിവര്യര്‍ക്ക് ഥരീഖത്ത് നല്‍കുന്ന വിവരം കേള്‍ക്കുമ്പോള്‍ നിനക്കത് അത്ഭുതകരമായി തോന്നുന്നുണ്ടാകും അല്ലേ? അതുകൊണ്ട് കര്‍മശാസ്ത്രപണ്ഡിതന്മാര്‍ എന്തുകൊണ്ട് ഈ ഇമാമിനെ മാതൃകയാക്കുകയും അദ്ദേഹത്തിന്റെ വഴിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നില്ല? ഭക്തിയുടെയും സൂക്ഷ്മതയുടെയും പ്രഭവകേന്ദ്രമായ അല്‍ഇമാമുല്‍ അഅ്ഌിന്റെ വിജ്ഞാനം കൊണ്ട് അല്ലാഹു ഉപകാരം ചെയ്തതുപോലെ തങ്ങളുടെ പാണ്ഡിത്യം മുഖേന പടച്ചവന്‍ വ്യാപകഗുണം നല്‍കാനായി എന്തുകൊണ്ട് ശരീഅത്തും ഹഖീഖത്തും അവര്‍ സമന്വയിപ്പിക്കുന്നില്ല?

ഹസ്വ്കഫിയുടെ മേല്‍പ്രസ്താവം വ്യാഖ്യാനിക്കവെ ഇമാം അബൂഹനീഫ(റ)യെപ്പറ്റി സംസാരിച്ചുകൊണ്ട് ശൈഖ് ഇബ്‌നു ആബിദീന്‍(റ) എഴുതുന്നു: അദ്ദേഹം ഈ മൈതാനത്തെ കുതിരപ്പടയാളിയാണ്. കാരണം, വിജ്ഞാനം, കര്‍മം, മനഃശുദ്ധീകരണം എന്നിവയിലാണ് ഹഖീഖത്ത് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. സലഫുസ്സ്വാലിഹുകള്‍ മുഴുവന്‍ ഹഖീഖത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്. ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍(റ) നമ്മുടെ കഥാപുരുഷനെ സംബന്ധിച്ച് വിലയിരുത്തിയതിങ്ങനെയാണ്: വിജ്ഞാനം, സൂക്ഷ്മത, ഭൗതിക പരിത്യാഗം, പരലോകത്തിന് മുന്‍ഗണന നല്‍കല്‍ എന്നീ വിഷയങ്ങളില്‍ മറ്റൊരു മനുഷ്യനും നേടാനാകാത്ത പദവിയാണ് ഇമാം അബൂഹനീഫ(റ) കരസ്ഥമാക്കിയിരുന്നത്. ന്യായാധിപസ്ഥാനം വെച്ചുനീട്ടിയപ്പോള്‍ താനത് തിരസ്‌കരിച്ചു.(2) അതിന്റെ പേരില്‍ ചാട്ടവാറടിക്കു വരെ മഹാന്‍ വിധേയനായി. പക്ഷേ, തന്റെ ഭക്തിയും സൂക്ഷ്മതയും കാരണമായി താനൊരിക്കലും അതിന് സന്നദ്ധനായില്ല.

ഇമാം അബ്ദുല്ലാഹിബ്‌നുല്‍ മുബാറക്(റ) പ്രസ്താവിച്ചത് കാണുക: പിന്തുടരപ്പെടാന്‍ ഇമാം അബൂഹനീഫ(റ)യെക്കാള്‍ അര്‍ഹരായി മറ്റൊരാളുമില്ല. കാരണം, ഭക്തനും വിശുദ്ധനും സൂക്ഷ്മാലുവും പണ്ഡിതനും കര്‍മശാസ്ത്രനിപുണനുമായ ഇമാമായിരുന്നു മഹാന്‍. വിജ്ഞാനം തനിക്ക് ഉള്‍വിളിയായി ലഭിക്കയുണ്ടായി. കണ്ണുകൊണ്ടോ ഗ്രാഹ്യത കൊണ്ടോ ബുദ്ധികൂര്‍മ കൊണ്ടോ ഭക്തി കൊണ്ടോ മറ്റൊരാള്‍ക്കും അങ്ങനെ കശ്ഫ് ഉണ്ടായിട്ടില്ല! താന്‍ ഇമാം അബൂഹനീഫ(റ)യുടെ സമീപത്തുനിന്നാണ് വരുന്നത് എന്നറിയിച്ച ഒരാളോട് ഇമാം സുഫ്‌യാനുസ്സൗരി(റ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ഭൂമിയിലെ ഏറ്റമധികം ഇബാദത്ത് ചെയ്യുന്ന വ്യക്തിയുടെയടുത്തു നിന്നാണ് നീ വന്നത്!

ഇതുവരെ പറഞ്ഞതില്‍ നിന്ന്, മുജ്തഹിദുകളായ ഇമാമുകളും കര്‍മകുശലരായിരുന്ന പണ്ഡിതന്മാരും തന്നെയായിരുന്നു സാക്ഷാല്‍ സ്വൂഫികള്‍ എന്ന് ഗ്രഹിക്കുവാന്‍ കഴിയും. എന്നാല്‍ ചിലര്‍ക്ക് ഇങ്ങനെയൊരു സംശയം തോന്നാം: തസ്വവ്വുഫിന്റെ മാര്‍ഗം ഇങ്ങനെ ഒരു നിയമാനുസൃത കാര്യമായിരുന്നുവെങ്കില്‍ മുജ്തഹിദുകളായ ഇമാമുകള്‍ തദ്വിഷയകമായി ഗ്രന്ഥങ്ങള്‍ രചിക്കേണ്ടതായിരുന്നില്ലേ? തസ്വവ്വുഫില്‍ അവര്‍ ഗ്രന്ഥങ്ങളൊന്നും എഴുതിയതായി കാണുന്നില്ലല്ലോ?

ഇമാം അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനി(റ) ഈ ചോദ്യത്തിന് മറുപടി പണ്ടേ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: മുജ്തഹിദുകളായ ഇമാമുകള്‍ തസ്വവ്വുഫില്‍ ഗ്രന്ഥരചന നടത്താതിരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു-ഹൃദയപരമായ രോഗങ്ങള്‍ തങ്ങളുടെ കാലത്ത് കുറവായിരുന്നു; ലോകമാന്യത, കാപട്യം തുടങ്ങിയവയില്‍ നിന്ന് അധികപേരും അന്ന് സുരക്ഷിതരായിരുന്നു; മാനസിക ന്യൂനതകളില്‍ നിന്ന് സുരക്ഷിതരല്ലാത്തവരും ഉണ്ടായിരുന്നു എന്ന വാദമെടുത്താല്‍ തന്നെ അത്തരക്കാര്‍ വളരെ തുച്ഛമായിരുന്നു, പ്രത്യക്ഷമാവാന്‍ മാത്രമില്ലായിരുന്നു അത്; മാത്രമല്ല, മുജ്തഹിദുകളായ ഇമാമുകള്‍ സര്‍വപ്രധാനമായ ചില മൗലിക ബാധ്യതകള്‍ നിര്‍വഹിക്കുകയായിരുന്നു അന്ന്: മുഴുവന്‍ വിജ്ഞാന ശാഖകള്‍ക്കും അടിത്തറയാകേണ്ട ദീനിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ ക്രോഡീകരണമായിരുന്നു അത്.(2) താബിഉകളും തബഉത്താബിഉകളുമായ നേതാക്കള്‍വശം നഗരങ്ങളിലും അതിര്‍ത്തികളിലും പരന്നുകിടക്കുകയായിരുന്ന പ്രമാണങ്ങള്‍ ശേഖരിക്കേണ്ടതുണ്ടായിരുന്നു; അവ മുഖേനയേ മുഴുവന്‍ വിധിവിലക്കുകളുടെയും മാനദണ്ഡങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളുവല്ലോ. ഏതാനും ചില വ്യക്തികളുടെ ഹൃദയങ്ങളിലുള്ള രോഗങ്ങളെപ്പറ്റി ചര്‍ച്ചകളും പഠനങ്ങളും നടത്തുന്നതില്‍ വ്യാപൃതമാകുന്നതിനേക്കാള്‍-അതുവഴി ദീനിന്റെ ഒരു ചിഹ്നം (ശിആറ്) വെളിപ്പെടുകയോ ചിലപ്പോഴവര്‍ മുഖ്യധാരയിലുള്‍പ്പെടുകതന്നെയോ ചെയ്യില്ല-മേല്‍പറഞ്ഞതായിരുന്നു സുപ്രധാനമായത്.

ഇമാം ശഅ്‌റാനി തുടരുന്നു: എന്തായാലും ഒരു കാര്യം സ്പഷ്ടമാണ്-മഹാന്മാരായ അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍(റ) തുടങ്ങിയവരില്‍ ഏതെങ്കിലും ഒരാള്‍ തന്റെ സ്വന്തം മനസ്സില്‍ ലോകമാന്യത, തന്‍പോരിമ, അഹംഭാവം, അസൂയ, കാപട്യം മുതലായവ ഉണ്ട് എന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ആത്മപരിശോധന നടത്താതെയും മനസ്സമരമുറകളനുഷ്ഠിക്കാതെയും വിട്ടുകളയുമായിരുന്നു എന്ന് ബുദ്ധിയുള്ളവരാരും പറയുകയില്ല. ഹൃദയപരമായ ന്യൂനതകളിലും മാനസികമായ രോഗങ്ങളിലും നിന്ന് തങ്ങള്‍ മുക്തരാണ് എന്ന യാഥാര്‍ഥ്യം അവര്‍ക്കറിയില്ലായിരുന്നുവെങ്കില്‍, മറ്റു വിജ്ഞാനശാഖകളെക്കാള്‍ മുന്‍ഗണന നല്‍കി, മേല്‍പറഞ്ഞ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതില്‍ അവര്‍ വ്യാപൃതരാകുമായിരുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter