കൂടെനില്‍ക്കുന്നവരുടെ ആവശ്യം പ്രധാനമാണ്
ജലീല്‍ ഫൈസി പുല്ലങ്കോട്
അബൂമസ്ഊദ്(റ) പറയുന്നു: ''ഒരു മനുഷ്യന്‍ വന്ന് നബി(സ)യോട് പറഞ്ഞു: ഞാന്‍ സുബ്ഹി നിസ്‌കാരത്തിന് വൈകിയാണ് എത്താറുള്ളത്. ഞങ്ങളുടെ ഇമാം ദീര്‍ഘമായി ഓതുന്നതാണ് കാരണം.''
അബൂ മസ്ഊദ്(റ) പറയുന്നു: അന്ന് നബി(സ) കോപിച്ചത് പോലെ മറ്റൊരു ദിവസവും ഞാന്‍ കണ്ടിട്ടില്ല. നബി(സ) പറഞ്ഞു: ''ജനങ്ങളെ, നിങ്ങളില്‍ ആളുകളെ വെറുപ്പിക്കുന്ന ചിലരുണ്ട്. ജനങ്ങള്‍ക്ക് ഇമാമായി നിസ്‌കരിക്കുന്നവര്‍ ചുരുക്കി ഓതട്ടെ. കാരണം, അവരുടെ പിന്നില്‍ വൃദ്ധരും കുട്ടികളും പല ആവശ്യക്കാരുമുണ്ടായിരിക്കും'' (ബുഖാരി-മുസ്‌ലിം)
മനുഷ്യരുടെ പ്രയാസങ്ങളെ നബി(സ) എത്രമേല്‍ പരിഗണിച്ചിരുന്നുവെന്നും അതില്ലാതെയാക്കാന്‍ അതീവ ഗൗരവം കാണിച്ചിരുന്നുവെന്നും ഉദ്ധൃത സംഭവം വ്യക്തമാക്കുന്നുണ്ട്. ആരാധനാകര്‍മ്മങ്ങളില്‍ അതിശ്രേഷ്ഠമായതാണ് നിസ്‌കാരം. ജമാഅത്തായി നിര്‍വഹിക്കുന്നത് അതിന്റെ പൂര്‍ണരൂപവും. ആ വേളയില്‍ പോലും കൂടെയുള്ള ആളുകള്‍ക്ക് പ്രയാസങ്ങള്‍ നേരിടുന്ന വിധം അത് നിര്‍വഹിച്ചുകൂടാ. നേതൃത്വം നല്‍കുന്നവരോടുള്ള പ്രവാചക കല്‍പനയാണത്. ഉന്മേഷത്തോടെയും ഹൃദയസാന്നിധ്യത്തോടെയുമാണ് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടത്. ഭക്തിയും വിനയവും ഇബാദത്തിന്റെ കാതലായവശമാണ്. വെറുപ്പും നീരസവും ഉണ്ടാകുന്ന വിധം അത് നിര്‍വഹിക്കുന്നത് ഫലശൂന്യമാകാനും അസാധുവാകാനും ഇടവരുത്തും. നേതൃത്വം നല്‍കുന്ന ഇമാം അതിന് കാരണക്കാരനാകരുത്. അത് അക്ഷന്തവ്യമായ അപരാധമാണ്. പ്രവാചകോപദേശത്തിന്റെ പൊരുള്‍ അതാണ്.
''നിങ്ങളില്‍ ജനങ്ങളെ വെറുപ്പിക്കുന്ന ചിലരുണ്ട്'' എന്ന പ്രവാചക വചനത്തെ സാധൂകരിക്കുന്ന തരത്തില്‍ കാട്ടിക്കൂട്ടുന്ന ചിലയാളുകളെ ഇന്നും കാണാന്‍ കഴിയും. അങ്ങാടികള്‍, കവലകള്‍ തുടങ്ങി അപരിചിതരായ ജനങ്ങള്‍ സംബന്ധിക്കുന്ന സ്ഥലങ്ങളിലെ പള്ളികളില്‍ പ്രത്യേക സുന്നത്തില്ലാത്ത വലിയ സൂറത്തുകള്‍ പാരായണം ചെയ്ത് നിസ്‌കാരത്തിന്ന് ഇമാം നില്‍ക്കുന്നവരാണവര്‍. നിസ്‌കാരത്തില്‍ ഓതാന്‍ വേണ്ടി വലിയ സൂറത്തുകള്‍ മനഃപാഠമാക്കുന്നവരാണവര്‍. തനിക്കു പിന്നില്‍ വൃദ്ധരും വേഗത്തില്‍ സ്ഥലംവിടേണ്ട ആവശ്യക്കാരും നിസ്‌കരിക്കുന്നുണ്ടെന്ന വിചാരം അവര്‍ക്കില്ല. നീട്ടിവലിച്ച് ഓത്ത് തന്നെ. അവരോടാണ് ചുരുക്കി ഓതണമെന്ന് പ്രവാചകന്‍(സ) കര്‍ശനമായി ഉപദേശിക്കുന്നത്.
സമ്മേളനസ്ഥലങ്ങള്‍, മരണവീടുകള്‍ തുടങ്ങി ധാരാളം ആളുകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലെ ചെറിയ പള്ളികളില്‍ നിസ്‌കരിക്കാന്‍ സ്ഥലം ലഭിക്കാതെ പുറത്തു കാത്ത് നില്‍ക്കുന്ന ആളുകളുണ്ടെങ്കില്‍ പോലും നിസ്‌കരിച്ചു കഴിഞ്ഞു നീണ്ട ദുആയും ചെയ്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന ഇമാമുകളുണ്ട്. പഠിച്ചുവെച്ചതു മുഴുവന്‍ പ്രാര്‍ത്ഥിച്ച ശേഷമേ അവര്‍ സ്ഥലം കാലിയാക്കുകയുള്ളൂ. ചുരുങ്ങിയ സമയം മാത്രമുള്ള മഗ്‌രിബ് നിസ്‌കാര സമയത്ത് പോലും ഈ പ്രവണത കാണാറുണ്ട്. ചെറിയ ദുആ നടത്തി സ്ഥലം ഒഴിവാക്കികൊടുക്കേണ്ട സന്ദര്‍ഭമാണിതെന്ന പരിസരബോധം തീരെയില്ലാത്ത ഈ പ്രവണത നബിതിരുമേനി(സ) അധ്യാപനം ചെയ്ത മാതൃകക്ക് വിരുദ്ധമാണ്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് നിസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം പോലും ചുരുക്കണമെന്നാണല്ലോ തിരുവാക്യം പഠിപ്പിക്കുന്നത്.
ദുആ ചെയ്യാന്‍ ലഭിക്കുന്ന അവസരം മുതലെടുത്ത് നീണ്ട ദുആ ചെയ്ത് 'വലുപ്പം' കാണിക്കുന്നതും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. ദുആയുടെ നീളമനുസരിച്ചാണ് ചെയ്യുന്നവന്റെ വലുപ്പം എന്നായിരിക്കുന്നു അവസ്ഥ. വീട്ടില്‍ നിന്നും മയ്യിത്തെടുക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥന നടത്തുക മുന്‍ഗാമികള്‍ ചെയ്തുവന്ന നല്ല സമ്പ്രദായമാണ്. പക്ഷേ, ഈ സമയത്ത് പോലും നീണ്ട ദുആ നടത്തി ബുദ്ധിമുട്ടുണ്ടാക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. മയ്യിത്ത് സംസ്‌കരണവും കൊണ്ടുപോക്കുമൊക്കെ കഴിവതും താമസം വരുത്താത്തവിധമായിരിക്കണമെന്നാണ് പ്രവാചകചര്യ പഠിപ്പിക്കുന്നത്. സംബന്ധിച്ച ആളുകള്‍ സംതൃപ്തിയോടെ 'ആമീന്‍' പറയുന്ന അവസ്ഥയാണുണ്ടാവേണ്ടത്. മരിച്ച വ്യക്തിക്കും ആമീന്‍ പറയുന്നവനും ഫലം ചെയ്യാന്‍ അങ്ങനെ വേണം. നീണ്ടുപോകുന്ന കാരണത്താല്‍ 'ഇതൊന്ന് തീര്‍ന്നുകിട്ടിയെങ്കില്‍' എന്ന മനസ്ഥിതിയിലേക്ക് ആളുകളെ എത്തിക്കുന്ന ദുആ കൊണ്ട് ആര്‍ക്കാണ് പ്രയോജനമുണ്ടാക്കുക?
ദുആക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ പരിപാടികളിലോ സദസ്സുകളിലോ എത്ര നീണ്ട പ്രാര്‍ത്ഥന നടത്തുന്നതും ആക്ഷേപാര്‍ഹമാകുന്നില്ല. കാരണം, ജനങ്ങള്‍ അത് പ്രതീക്ഷിച്ച് വരുന്നവരാണ്. അതിനാല്‍ അവര്‍ക്ക് വെറുപ്പോ വിഷമമോ ഉണ്ടാകുന്ന പ്രശ്‌നമില്ല.
അല്ലാഹുവിന് അര്‍പ്പിക്കുന്ന ആരാധനാകര്‍മ്മങ്ങളാണെങ്കില്‍ പോലും ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന തരത്തില്‍ അവ നിര്‍വഹിക്കപ്പെട്ടുകൂടാ. ആരാധനകളില്‍ അല്ലാഹു തന്നെ പല ഇളവുകളും നല്‍കിയത് ജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ്. പിന്നെ അവയില്‍ നമ്മള്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് അരുതാത്ത കാര്യമാണ്. സ്വന്തമായി നിര്‍വഹിക്കുന്ന നിസ്‌കാരത്തില്‍ ദീര്‍ഘമായി ഓതുന്നതും പ്രത്യേക സുന്നത്തുള്ള നീണ്ട സൂറത്തുകള്‍ അതാത് സമയങ്ങളില്‍ പാരായണം ചെയ്യുന്നതും മേല്‍പറഞ്ഞ പരിധിയില്‍ ഉള്‍പ്പെടുകയില്ല.
Leave A Comment