രോഗികൾക്ക് ആശ്വാസം നൽകൂക   : മാലാഖമാരുടെ പ്രാർത്ഥനാ വചസ്സുകൾക്കർഹരാവൂ

മുസ്ലീംകൾ പരസ്പരം സഹോദര തുല്യരാണ്. പരസ്പരം സ്നേഹിക്കാനും സഹോദര്യത്തിൽ വർത്തിക്കാനും ഇസ്ലാം നിഷ്കർശിക്കുന്നുണ്ട്. പരസ്പരം സഹായിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഒരാൾ രോഗി ആവുന്ന സമയം. രോഗത്താൽ വലയുന്ന ഒരാളെ സന്ദർശിക്കുന്നത് വഴി അയാൾക്ക് വലിയ ആശ്വാസം നൽകാൻ സന്ദർശകന് സാധിക്കും. മുഹമ്മദ് നബി സ പറയുന്നു, "5 കാര്യങ്ങൾ തന്റെ സഹോദരന് ചെയ്തു കൊടുക്കൽ ഒരോ മുസ്ലിമിനും ബാധ്യതയാണ്.

1.സലാം മടക്കൽ 2.തുമ്മിയവന് തശ്മീത് ചെയ്യൽ (യർഹമുകുമുല്ലാഹ് എന്ന് ദുആ ചെയ്യൽ) 3. ക്ഷണം സ്വീകരിക്കൽ 4. നാല് രോഗിയെ സന്ദർശിക്കൽ 5. ജനാസയെ അനുഗമിക്കൽ ഇവ ഓരോ മുസ്ലിമും തൻറെ ജീവിതത്തിൽ പൂർണ്ണമായും അനുവർത്തിക്കാൻ ബാധ്യസ്ഥരാണ്. മറ്റൊരു ഹദീസിൽ നബി തങ്ങൾ പറയുന്നു, "രാവിലെ സമയത്ത് ഏതെങ്കിലും ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സന്ദർശിച്ചാൽ വൈകുന്നേരം വരെ അവന്റെ മേൽ മലക്കുകളുടെ പ്രാർത്ഥന വർഷം ഉണ്ടാവുന്നതാണ്. വൈകുന്നേര സമയത്താണ് സന്ദർശിക്കുന്നതെങ്കിൽ അടുത്ത പ്രഭാതം വരെ ആ പ്രാർത്ഥന അവനിൽ പെയ്തിറങ്ങുന്നതാണ്. രോഗിയെ സന്ദർശിക്കാത്തവനെ അള്ളാഹു പരലോകത്ത് വെച്ച് നേരിട്ട് ചോദ്യം ചെയ്യുന്നതാണെന്ന് ഹദീസിൽ പറയുന്നുണ്ട്.

അന്ത്യനാളിൽ അല്ലാഹു ചോദിക്കും, "അല്ലയോ ആദം സന്തതി, ഞാൻ രോഗിയായി കിടന്നപ്പോൾ സന്ദർശിക്കാൻ വരാതിരുന്നത് എന്തുകൊണ്ടാണ്? അപ്പോൾ മനുഷ്യൻ പറയും അല്ലാഹുവേ, നിന്നെ എങ്ങനെയാണ് സന്ദർശിക്കാൻ സാധിക്കുക, നീ ലോകരക്ഷിതാവ് അല്ലേ? അല്ലാഹു പറയും എൻറെ അടിമയായ ഇന്ന വ്യക്തി രോഗി ആയിരുന്ന സമയത്ത് നീ അവനെ സന്ദർശിച്ചിരുന്നില്ല, നീ അതിന് തയ്യാറായിരുന്നുവെങ്കിൽ നിനക്കെന്നെ അവിടെ കണ്ടെത്താമായിരുന്നു". അല്ലാഹു വീണ്ടും പറയും, "ഞാൻ നിന്നോട് ഭക്ഷണത്തിന് അപേക്ഷിച്ചപ്പോൾ നീ എനിക്ക് ഭക്ഷണം തരാതിരുന്നത് എന്തുകൊണ്ടാണ്? മനുഷ്യൻ പറയും, "അല്ലാഹുവേ നിനക്ക് എങ്ങനെയാണ് ഞാൻ ഭക്ഷണം തരിക, നീ ലോകരക്ഷിതാവല്ലേ? അല്ലാഹു പറയും, "നിന്നോട് ഇന്ന വ്യക്തി ഭക്ഷണത്തിന് അപേക്ഷിച്ചിരുന്ന സമയത്ത് നീ അവനു ഭക്ഷണം കൊടുക്കാൻ തയ്യാറായില്ല. നീ അവന് ഭക്ഷണം നൽകിയിരുന്നെങ്കിൽ നിനക്കെന്നെ അവിടെ കണ്ടെത്താമായിരുന്നല്ലോ". അല്ലാഹു വീണ്ടും പറയും,"മനുഷ്യാ ഞാൻ നിന്നോട് വെള്ളത്തിന് അപേക്ഷിച്ചപ്പോൾ നീ വെള്ളം നൽകാൻ വിസമ്മതിച്ചിരുന്നില്ലേ? "അല്ലാഹുവേ നിന്നെ എങ്ങനെയാണ് വെള്ളം കുടിപ്പിക്കുക, നീ ലോകരക്ഷിതാവ് അല്ലേ? അല്ലാഹു പറയും,"ഇന്ന വ്യക്തി നിന്നോട് വെള്ളത്തിന് അപേക്ഷിച്ചപ്പോൾ നീ അവന് വെള്ളം നൽകാൻ തയ്യാറായില്ല. അവന് വെള്ളം നൽകാൻ തയ്യാറായിരുന്നെങ്കിൽ നിനക്കെന്നെ അവിടെ കണ്ടെത്താമായിരുന്നല്ലോ". ഈ ഹദീസിൽ നിന്ന് നമുക്ക് കണ്ടെത്താനാവുന്ന വലിയ സന്ദേശം അല്ലാഹുവിനുള്ള ആരാധനകൾ മസ്ജിദുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ഇസ്ലാമിലെ പുണ്യപ്രവർത്തികൾ സർവതല സ്പർശിയാണെന്നുമാണ്.

Also read:https://islamonweb.net/ml/04-June-2017-82

മനുഷ്യനെ കാണാത്ത, ദുരിതങ്ങളിൽ സഹായം നൽകാത്ത, വേദനകളിൽ ആശ്വാസം നൽകാത്തവരെ അള്ളാഹു പരിഗണിക്കില്ല എന്ന് ചുരുക്കം. മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം, ആരെങ്കിലും ഒരു രോഗിയെ സന്ദർശിച്ചാൽ ആകാശ ലോകത്ത് നിന്ന് വിളിച്ചു പറയപ്പെടും, , "നീ ചെയ്തത് എത്ര നല്ല കാര്യം , നിന്റെ ചവിട്ടടികൾ അർത്ഥപൂർണ്ണമായിരിക്കുന്നു, സ്വർഗ്ഗീയ ലോകത്ത് ഇതുവഴി നീയൊരു വാസസ്ഥലം ഉറപ്പാക്കിയിരിക്കുന്നു". ഒരു ഹദീസിൽ ഇങ്ങനെ പഠിപ്പിക്കുന്നു, ആരെങ്കിലും രോഗിയുടെ സവിധത്തിൽ പ്രവേശിച്ചാൽ അവൻ അനുഗ്രഹത്തിൽ പ്രവേശിച്ചിരിക്കുന്നു. ആരെങ്കിലും രോഗിയുടെ സവിധത്തിൽ ഇരുന്നാൽ അവനെ അനുഗ്രഹം പൊതിഞ്ഞിരിക്കുന്നു. രോഗിയെ സന്ദർശിക്കുകയും രോഗിയുടെ അടുത്ത് ഇരിക്കുന്നതിനും രണ്ട് പ്രതിഫലങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് രോഗിയെ കണ്ട് പെട്ടെന്ന് പോകാതെ അവന്റെ അടുത്ത് ഇരിക്കാനും അൽപ സമയം ചെലവഴിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു.

ഇങ്ങനെ ചെയ്യുന്നത് വഴി അവന് കൂടുതൽ ആശ്വാസം നൽകാൻ സന്ദർശകന് സാധിക്കും. സന്ദർശന വേളയിൽ രോഗിക്ക് ആശ്വാസ വചനങ്ങൾ നൽകൽ വളരെ പുണ്യമുള്ള പ്രവർത്തിയാണ്. നബി തങ്ങൾ പറയുന്നു, "നിങ്ങളെ രോഗിയെ സന്ദർശിച്ചാൽ അവനോട് നല്ല വാക്കുകൾ പറയുക, കാരണം നിങ്ങളുടെ വാക്കുകൾക്ക് മലക്കുകൾ ആമീൻ പറയുന്നുണ്ട്". നബി സ രോഗികളെ സന്ദർശിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു, "സാരമില്ല ഇൻഷാ അള്ളാ രോഗം ഭേദമാകും". ഇത് പറയുന്നത് കാരണമായി രോഗിയുടെ മാനസികമായ ആരോഗ്യത്തെ ഉത്തേജിപ്പിക്കാൻ സന്ദർശകന് സാധിക്കും. പലപ്പോഴും പല ഗുരുതരമായ രോഗങ്ങളിലും രോഗിയുടെ മാനസികമായ കരുത്ത് അതി നിർണായകമാണ്.

Also read:https://islamonweb.net/ml/08-June-2017-78

രോഗി ഭയന്ന് പോയാൽ രോഗം ഭേദമാക്കാനുള്ള സാധ്യത കുറയുകയും കൂടുതൽ അപകടാവസ്ഥയിൽ എത്തുകയുമാണുണ്ടാവുക. അതുകൊണ്ട് രോഗിക്ക് പോസിറ്റീവ് ഊർജ്ജം പകർന്നു നൽകേണ്ടത് സന്ദർശകന് അനിവാര്യമാണ്. അതാണ് തൊട്ടുമുകളിലെ ഹദീസ് പഠിപ്പിക്കുന്നത്. രോഗിയെ സന്ദർശിച്ചാൽ അവന് വേണ്ടി ദുആ ചെയ്തു കൊടുക്കാനും സന്ദർശകൻ തയ്യാറാവണം. രോഗിയെ സന്ദർശിച്ച് ഇങ്ങനെ 7 പ്രാവശ്യം ഉരുവിടണം أسال الله العظيم رب العرش العظيم أن يشفيك ( അർശിന്റേ രക്ഷിതാവായ ഉന്നതനായ അല്ലാഹുവിനോട് നിന്റെ രോഗം ഭേദമാകാൻ ഞാൻ അപേക്ഷിക്കുന്നു). നബി സ പറയുന്നു, ആരെങ്കിലും ഇങ്ങനെ ചെയ്താൽ ആ രോഗിക്ക് അള്ളാഹു ശിഫ പ്രധാനം ചെയ്യുന്നതാണ്. നബി തങ്ങൾ രോഗികളെ സന്ദർശിക്കുമ്പോൾ തന്റെ വലതുകൈകൊണ്ട് അവരെ തടവുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യും, : اللَّهُمَّ رَبَّ النّاس، أَذْهِبِ البَاسَ، واشْفِ أَنْتَ الشافي، لا شِفاءَ إلا شِفَاؤُك، شِفَاءً لا يُغَادِرُ سَقَمَا (ജനങ്ങളുടെ രക്ഷിതാവേ, ബുദ്ധിമുട്ടുകൾ നീക്കിക്കളയണേ, രോഗത്തിന് ശമനം നൽകണേ, നിശ്ചയം നീ മാത്രമാണ് ശമനം നൽകുന്നവൻ, നിന്നിൽ നിന്ന് ഒഴികെയുള്ള മറ്റൊരു ശമനവും ഇല്ല, രോഗം മടങ്ങിവരാത്ത രീതിയിലുള്ള ശമനം നീ ചൊരിഞ്ഞ് നൽകേണമേ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter