തട്ടിപ്പ് ഇബ്‌നു അറബി(റ)യുടെ പേരിലും

ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബി(റ)യുടെ പേരിലും തല്‍പരകക്ഷികള്‍ വ്യാജമറിമായങ്ങള്‍ നടത്തിയിട്ടുണ്ട്. ഇമാം ശഅ്‌റാനി(റ) അദ്ദേഹത്തെപ്പറ്റി എഴുതുന്നത് കാണുക: ശൈഖ് ഇബ്‌നു അറബി(റ) ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരും അതിന്റെ പരിധിയില്‍ മാത്രം നിലകൊള്ളുന്നവരുമായിരുന്നു. താന്‍ ഇങ്ങനെ വിളംബരപ്പെടുത്തുക കൂടിയുണ്ടായി-ആരൊരാള്‍ അല്‍പസമയം തന്നെയെങ്കിലും ശരീഅത്തിന്റെ തുലാസ് തന്റെ കൈയില്‍ നിന്ന് മാറ്റിവെച്ചുവോ അവന്‍ നശിച്ചതുതന്നെ… തസ്വവ്വുഫിന്റെയാളുകളുടെ വിശ്വാസം ഖിയാമനാള്‍ വരെയും ഇതുതന്നെയാണ്. എന്നാല്‍ ശൈഖിന്റെ പ്രസ്താവങ്ങളിലും വിവരണങ്ങളിലും നിന്ന് ജനങ്ങള്‍ക്ക് മനസ്സിലാകാതെ പോകുന്ന ഭാഗങ്ങളുണ്ടാകുന്നത് അദ്ദേഹത്തിന്റെ പദവികള്‍ സമുന്നതമായതുകൊണ്ടാകുന്നു.

അതേ സമയം, ശരീഅത്തിന്റെ ബാഹ്യപ്രതിപാദനങ്ങളോടും ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായങ്ങളോടും വിപരീതമായി ശൈഖിന്റെ കിതാബുകളില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് മഹാനവര്‍കളുടെ പേരില്‍ വ്യാജമായി കടത്തിക്കൂട്ടപ്പെട്ടതായിരിക്കും. മക്കാമുകര്‍റമയില്‍ വന്ന് സ്ഥിരതാമസമാക്കിയ മൊറോക്കോവിലെ ശൈഖ് സയ്യിദീ അബൂഥാഹിര്‍ ഇങ്ങനെയാണെന്നോട് പറഞ്ഞുതന്നത്. എന്നിട്ടദ്ദേഹം ഇബ്‌നു അറബിയുടെ അല്‍ഫുതൂഹാതുല്‍ മക്കിയ്യയുടെ ഒരു പ്രതിയെടുത്ത് എനിക്ക് കാണിച്ചുതന്നു. ഗ്രന്ഥകര്‍ത്താവിന്റെ സ്വന്തം കൈപ്പടയിലെഴുതപ്പെട്ടതും ഖൂനിയ(1)യില്‍ സൂക്ഷിക്കപ്പെടുന്നതുമായ കോപ്പിയുമായി ഒത്തുനോക്കി ശരിപ്പെടുത്തിയതായിരുന്നു അത്.

എന്നെ സംബന്ധിച്ചിടത്തോളം സംശയഗ്രസ്തമായ ചില സ്ഥലങ്ങള്‍ ഫുതൂഹാതിലുണ്ടായിരുന്നു. ആ ഭാഗങ്ങള്‍ പരതി നോക്കിയപ്പോള്‍ ഇതില്‍ കാണാനായില്ല. പിന്നീട് ഫുതൂഹാത് സംഗ്രഹിച്ചപ്പോള്‍ അവയൊക്കെ ഞാന്‍ നീക്കം ചെയ്യുകയുണ്ടായി… ഈ വസ്തുത നീ ഗ്രഹിച്ചുകഴിഞ്ഞാല്‍, ശൈഖിന്റെ കിതാബുകളിലൊക്കെ അസൂയാലുക്കള്‍ കൈകടത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരിക്കാന്‍ തന്നെയാണ് സാധ്യത. എന്റെ സ്വന്തം വിഷയമെടുത്താല്‍ സമകാലികരായ ആളുകള്‍ എന്റെ ഗ്രന്ഥങ്ങളില്‍ കടത്തിക്കൂട്ടലുകള്‍ നടത്തിയത് ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ. നമുക്കും അവര്‍ക്കും അല്ലാഹു പാപമോചനമരുളുമാറാകട്ടെ-ആമീന്‍.

സുപ്രസിദ്ധ ഹനഫീ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അലാഉദ്ദീന്‍ ഹസ്വ്കഫി(റ) എഴുതുന്നു: ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബിയുടെ വിവാദ ഗ്രന്ഥമായ ഫുസ്വൂസ്വുല്‍ ഹികം ഇസ്‌ലാമിക ശരീഅത്തില്‍ നിന്നു പുറത്താണെന്നും ജനങ്ങളെ ദുര്‍മാര്‍ഗത്തിലാക്കാനാണ് അദ്ദേഹമത് വിരചിച്ചതെന്നും അത് വായിച്ചവന്‍ മതനിഷേധിയാകുമെന്നും ഒരാള്‍ പറഞ്ഞാല്‍ എന്തു ചെയ്യണം? മറുപടിയായി അദ്ദേഹം എഴുതി: അതെ, ശരീഅത്തിനോട് വിപരീതമായ ചില പ്രസ്താവങ്ങള്‍ അതിലുണ്ടെന്നത് ശരി തന്നെ. മതബദ്ധരായ ചിലയാളുകള്‍ അവ ശരീഅത്തിന് വഴങ്ങുന്നതാക്കാന്‍ കഠിന ശ്രമം ചെയ്തുനോക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ദൃഢമായി മനസ്സിലാക്കുന്നത് ചില യഹൂദികള്‍ മഹാനവര്‍കളുടെ പേരില്‍ വ്യാജമായി ചമച്ചതാണ് അവയത്രയുമെന്നാണ്. അതുകൊണ്ട് അത്തരം പ്രസ്താവങ്ങള്‍ പാരായണം ചെയ്യുന്നത് ഉപേക്ഷിച്ച് സൂക്ഷ്മത പുലര്‍ത്തിയേ തീരൂ.

ശൈഖ് ഹസ്വ്കഫിയുടെ ഈ പ്രതിപാദനം വിശദീകരിച്ചുകൊണ്ട് ഇബ്‌നു ആബിദീന്‍(റ) എഴുതുന്നു: ‘ഞാന്‍ ദൃഢമായി മനസ്സിലാക്കുന്നത്’ എന്നദ്ദേഹം പറഞ്ഞത് പല നിലക്കുമാകാം. ഒന്നുകില്‍ അതിനു മതിയായ തെളിവ് അദ്ദേഹത്തിന് ലഭിച്ചിരിക്കും; അല്ലെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ വഴി ശൈഖിന്റെ ഉദ്ദേശ്യമെന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാവാം. ഒരു നിലക്കും വ്യാഖ്യാനത്തിനു വഴങ്ങുന്നില്ല എന്നതാകാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നപ്പോള്‍ അവ വ്യാജനിര്‍മിതമാണെന്ന് ഉറപ്പാക്കാം. ഇമാം അബ്ദുല്‍വഹ്ഹാബിശ്ശഅ്‌റാനി(റ)ക്കും ഇതേ തിക്താനുഭവമുണ്ടായിട്ടുണ്ടല്ലോ:

കാഫിറോയിപ്പോകുന്ന കാര്യങ്ങള്‍  വരെ ചില അസൂയാലുക്കള്‍ ശഅ്‌റാനി(റ)യുടെ പേരില്‍ വ്യാജമായി കെട്ടിച്ചമക്കുകയും അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളില്‍ അവ തിരുകിക്കയറ്റുകയും ചെയ്തു. അങ്ങനെ സമകാലിക പണ്ഡിതന്മാരുമായി അദ്ദേഹം സന്ധിക്കുകയും ഗ്രന്ഥത്തിന്റെ ഒറിജിനല്‍ കൈയെഴുത്ത് പ്രതി അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമുണ്ടായി. അതില്‍ അവരുടെ കുറിപ്പുകളും കൈയൊപ്പുകളുമുണ്ടായിരുന്നു. എന്നാല്‍ ആ പ്രതിയിലാകട്ടെ വ്യാജനിര്‍മിതമോ അപകടകരമോ ആയ യാതൊരു കാര്യവുമുണ്ടായിരുന്നില്ലതാനും.
ഇബ്‌നു ആബിദീന്‍ തുടരുന്നു: അത്തരം പ്രസ്താവങ്ങള്‍ പാരായണം ചെയ്യുന്നത് ഉപേക്ഷിച്ച് ‘സൂക്ഷ്മത പുലര്‍ത്തിയേ തീരൂ’ എന്ന് ഹസ്വ്കഫി പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്: അവ കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ടതാണെന്ന് തെളിഞ്ഞാല്‍ പിന്നെ അസ്പൃശ്യതയൊന്നുമില്ല. അങ്ങെനയല്ലെങ്കില്‍, എല്ലാവര്‍ക്കും അതിന്റെ ഉദ്ദേശ്യം മനസ്സിലാവില്ല; അപ്പോള്‍ പാരായകന്റെ കാര്യത്തില്‍ പേടിക്കണം-ഒന്നുകില്‍ ശൈഖിന്റെ ഉദ്ദേശ്യത്തിനു വിപരീതമാണ് മനസ്സിലാക്കിവെക്കുക; അല്ലെങ്കില്‍ അദ്ദേഹത്തെപ്പറ്റി വെറുപ്പും(1) അനിഷ്ടവുമുണ്ടാകും.

ശൈഖ് ഇബ്‌നു അറബിയെ സംബന്ധിച്ച് തന്നെ മറ്റൊരു വ്യാജപ്രസ്താവം പ്രചാരത്തിലുണ്ട്. നരകാവകാശികള്‍ നരകത്തില്‍ പ്രവേശിക്കുക വഴി ആസ്വാദനമനുഭവിക്കുന്നവരാണെന്നും അതില്‍ നിന്ന് പുറത്തിറക്കപ്പെടുകയാണെങ്കില്‍ അവര്‍ക്കത് ഒരു ശിക്ഷയായാണ് അനുഭവപ്പെടുക എന്നും അദ്ദേഹം പറഞ്ഞു എന്നതാണാരോപണം. ഇമാം ശഅ്‌റാനി(റ) ഇതു സംബന്ധിച്ച് രേഖപ്പെടുത്തുകയാണ്: ഇത്യാദി എന്തെങ്കിലും വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലുണ്ടെങ്കില്‍ അത് വ്യാജമായി കുത്തിച്ചെലുത്തപ്പെട്ടതാണ്. കാരണം ഫുതൂഹാത്തുല്‍ മക്കിയ്യ മുഴുക്കെ ഞാന്‍ കണ്ണോടിച്ചു. ആ ഗ്രന്ഥത്തില്‍ മുഴുവന്‍ നരകക്കാരുടെ ശിക്ഷകളെ സംബന്ധിച്ച് അദ്ദേഹം സംസാരിക്കുന്നതായാണ് ഞാന്‍ കണ്ടത്.

ഇമാം ശഅ്‌റാനി(റ) മറ്റൊരിടത്തു പറയുന്നു: കിതാബുല്‍ ഫുസ്വൂസ്വിലും ഫുതൂഹാത്തിലും മായം ചേര്‍ത്തവര്‍ നുണയാണ് പറഞ്ഞിരിക്കുന്നത്. നരകാവകാശികള്‍ നരകം കൊണ്ട് ആസ്വാദനമനുഭവിക്കുമെന്നും പുറത്തുകൊണ്ടുവരപ്പെട്ടാല്‍ അതിലേക്കു തന്നെ തിരിച്ചയക്കാനായി അവര്‍ കരഞ്ഞ് സഹായം തേടുമെന്നും ശൈഖവര്‍കള്‍ പ്രസ്താവിച്ചതായി ഞാന്‍ തന്നെ ഈ രണ്ടു ഗ്രന്ഥങ്ങളിലും കണ്ടിട്ടുണ്ട്. ഫുതൂഹാത് സംഗ്രഹിച്ചപ്പോള്‍ ഞാനാ ഭാഗം വിട്ടുകളഞ്ഞിരിക്കുകയാണ്. തല്‍പരകക്ഷികള്‍ ശൈഖ് ഇബ്‌നു അറബിയുടെ ഗ്രന്ഥങ്ങളില്‍ മറ്റു ചിലരുടെ വക്രമായ വിശ്വാസസംഹിതകള്‍ കടത്തിക്കൂട്ടിയിട്ടുണ്ടെന്ന് ശൈഖ് ശംസുദ്ദീന്‍ ശരീഫ് പറഞ്ഞതായി കാണാം.

കാരണം ശൈഖ് ഇബ്‌നു അറബി(റ) സമ്പൂര്‍ണരായ ആത്മജ്ഞാനികളില്‍ പെട്ട മഹാനാണെന്ന് തസ്വവ്വുഫിന്റെ ആളുകള്‍ ഏകകണ്ഠരായഭിപ്രായപ്പെട്ടതാണ്. സദാസമയവും തിരുമേനി(സ്വ)യുടെ കൂടെക്കഴിഞ്ഞിരുന്ന(1) വ്യക്തിയാണദ്ദേഹം. ഈ നിലക്ക് നബി(സ്വ)യുടെ ശരീഅത്തിന്റെ സ്തംഭം തകര്‍ത്തുകളയുന്ന ഒരു കാര്യം അദ്ദേഹമെങ്ങനെ സംസാരിക്കും? അടിസ്ഥാനരഹിതമായ മതങ്ങളെയും നബി(സ്വ)യുടെ മതത്തെയും അദ്ദേഹമെങ്ങനെ തുല്യമായിക്കാണും? സുഖലോക സ്വര്‍ഗത്തിന്റെ അവകാശികളെയും നിര്‍ഭാഗ്യരായ നരകത്തിന്റെ ആളുകളെയും അദ്ദേഹമെങ്ങനെ സമാനരാക്കും? തലക്ക് വെളിവ് നഷ്ടപ്പെട്ടവര്‍ മാത്രമേ ഇബ്‌നുഅറബി അങ്ങനെയൊക്കെ പറഞ്ഞതായി കരുതൂ.

‘അതുകൊണ്ട് സഹോദരാ, ഈ ഗണത്തില്‍ പെട്ട എന്തെങ്കിലും വക്രമായ വിശ്വാസകാര്യങ്ങള്‍ മഹാനായ ശൈഖ് ഇബ്‌നു അറബി(റ)യിലേക്ക് ചേര്‍ത്തു പറയുന്നത് നീ സൂക്ഷിച്ചുവേണം. നിന്റെ കണ്ണും കാതും ഹൃദയവും ഈ വിപത്തില്‍ നിന്ന് സംരക്ഷിച്ചുകൊള്ളണം. നിനക്ക് സദുപദേശം തരികയാണ് ഞാന്‍. ശൈഖ് അവര്‍കളുടെ അല്‍അഖീദത്തുല്‍ വുസ്ഥാ എന്ന ഗ്രന്ഥത്തില്‍ എനിക്ക് ഇങ്ങനെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്: സ്വര്‍ഗക്കാരും നരകക്കാരും തങ്ങളുടെ ഭവനങ്ങളില്‍ (ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍) ശാശ്വതരായി കഴിയുന്നവരാണ് എന്നത്രേ നമ്മുടെ വിശ്വാസം. ഒരിക്കലും അവരില്‍ നിന്ന് യാതൊരാളും കാലാക്കാലവും അതില്‍ നിന്ന് പുറത്തു കടക്കുകയില്ല. അതായത്, നരകക്കാര്‍ എന്നു വെച്ചാല്‍ ദൈവനിഷേധികള്‍, ബഹുദൈവവിശ്വാസികള്‍, കപടവിശ്വാസികള്‍, മതനിഷേധികള്‍ മുതലായ സ്ഥിരപ്പെട്ട നരകാവകാശികളത്രേ; സത്യവിശ്വാസികളിലെ പാപികള്‍ അല്ല. ഖുര്‍ആന്റെയും സുന്നത്തിന്റെയും സ്പഷ്ട പ്രമാണങ്ങളനുസരിച്ച് അവര്‍ (തങ്ങളുടെ ശിക്ഷ കഴിഞ്ഞ്) നരകത്തില്‍ നിന്ന് പുറത്തുകൊണ്ടുവരപ്പെടുന്നതാണല്ലോ.’

നരകക്കാരെ സംബന്ധിച്ച് ശൈഖ് ഇബ്‌നു അറബി(റ) പറഞ്ഞതായി നേരത്തെ ഉദ്ധരിക്കപ്പെട്ടത് തന്റെ പേരില്‍ വ്യാജനിര്‍മിതമായി കടത്തിക്കൂട്ടപ്പെട്ടതാണ് എന്നതിന് ‘അല്‍ഫുതൂഹാതുല്‍ മക്കിയ്യ’യിലെ പ്രതിപാദനവും പിന്‍ബലമേകുന്നുണ്ട്. അവിടെ മൂന്നൂറ്റി എഴുപത്തി ഒന്നാം അധ്യായത്തില്‍ അദ്ദേഹം പറയുന്നു: നരകത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ അതിനകത്തുള്ള നിവാസികളുടെ അവസ്ഥ എന്താകും? നരകം അവരെയും കൊണ്ട് തിളക്കുകയും അത് അടിമേലായി മറിയുകയും ചെയ്യുമ്പോള്‍ മാംസക്കഷ്ണങ്ങളായി ഛിന്നഭിന്നമാകും അവര്‍.

ശൈഖ് ഇബ്രാഹീമുല്‍ ബാജൂരി ജൗഹറത്തുത്തൗഹീദിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞതും അതിന് ഉപോല്‍ബലകം തന്നെ. അദ്ദേഹം എഴുതുന്നു: നരകാവകാശികള്‍ ശിക്ഷകളുടെ വിവിധ ഇനങ്ങള്‍ മേല്‍ക്കുമേല്‍ ഏറ്റുവാങ്ങി അവരതില്‍ പരിശീലനം സിദ്ധിച്ചവരും അങ്ങനെ ശിക്ഷ ഒരു വിഷയമല്ലാതാവുകയും ചെയ്യുന്ന ഒരവസ്ഥ വന്നെത്തുമെന്ന് ചിലര്‍ പറയുന്നുണ്ട്; എത്രവരെയെന്നാല്‍ ഇവരെ വഴിയെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതുമൂലമാണവര്‍ക്ക് വേദന അനുഭവപ്പെടുകയത്രേ. സ്വൂഫികള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതായാണ് ഉദ്ധരിക്കപ്പെടുന്നത്. എന്നാല്‍ അവരുടെ പേരില്‍ ഇത്തരമൊരഭിപ്രായം കെട്ടിച്ചമക്കപ്പെട്ടതത്രേ. ഖുര്‍ആനു വിരുദ്ധമായ ഒരു സിദ്ധാന്തം അവരെങ്ങനെ പറയും? അല്ലാഹു നരകക്കാരോട് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്:(1) …ശരി, നിങ്ങള്‍ നരകശിക്ഷ രുചിച്ചുകൊള്ളുക; നിശ്ചയമായും നിങ്ങള്‍ക്ക് നാം ശിക്ഷ വര്‍ധിപ്പിച്ചുതരിക മാത്രമേ ചെയ്യൂ.(2)
വസ്തുത ഇതായിരിക്കെ, അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസസംഹിതക്കെതിരായ മേല്‍കാര്യം ഒരു മുസ്‌ലിം എങ്ങനെ വിശ്വസിക്കും? ശൈഖ് മുഹമ്മദുബ്‌നു യൂസുഫല്‍ കാഫിത്തൂനിസി(റ) ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സ്വര്‍ഗക്കാരെയും അവരുടെ ആനന്ദാഹ്ലാദാര്‍ഭാടങ്ങളെയും അവര്‍ അതില്‍ ശാശ്വതവാസികളാണെന്നും വിവരിച്ച ശേഷം നരകാവകാശികളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതുകയാണ്: കത്തിജ്ജ്വലിക്കുന്ന നരകത്തിന്റെ അവകാശികള്‍ എന്നുമെന്നും അതില്‍ തന്നെ കഴിഞ്ഞുകൂടുന്നതാണ്. ശിക്ഷയുടെ വേദന ഒരിക്കലും അവരില്‍ നിന്ന് വിച്ഛേദിതമാകുന്നതല്ല.

എന്നാല്‍ ചിലയാളുകള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘കുറെ കഴിയുമ്പോള്‍ ശിക്ഷ അവരില്‍ നിന്ന് അപ്രത്യക്ഷമാവുകയും അവര്‍ക്കത് ആസ്വാദ്യകരമായി പരിണമിക്കുകയും ചെയ്യും. എത്രവരെ എന്നാല്‍ പിന്നീട് സ്വര്‍ഗം അവരുടെ മുമ്പില്‍ വെച്ചുനീട്ടപ്പെട്ടാലും അവരത് തിരസ്‌കരിച്ചുകളയും; നരകശിക്ഷയില്‍ അവര്‍ക്കനുഭവപ്പെടുന്ന ആസ്വാദ്യത നിമിത്തമായിരിക്കും അത്.’ ഇങ്ങനെ വിശ്വസിക്കുന്നവന്‍ കാഫിറാണ് എന്നതില്‍ സന്ദേഹം ഒട്ടുമേ ഇല്ല. കാരണം, ഖുര്‍ആനിലുള്ള പ്രഖ്യാപനത്തെ വ്യാജമാക്കുകയാണവന്‍ ചെയ്യുന്നത്. അല്ലാഹു പ്രസ്താവിക്കുകയുണ്ടായി: നിശ്ചയമായും സത്യനിഷേധം കൈക്കൊള്ളുകയും കാഫിറായിത്തന്നെ മരിച്ചുപോവുകയും ചെയ്തവരുണ്ടല്ലോ, അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും മുഴുവന്‍ ശാപം അവര്‍ക്കുണ്ടായിരിക്കും. ആ ശാപത്തില്‍ ശാശ്വതരുമായിരിക്കും അവര്‍. നരകശിക്ഷ അവരില്‍ നിന്ന് ലഘൂകരിക്കപ്പെടുകയേ ഇല്ല; പിന്തിച്ചു വെക്കപ്പെടുന്നതുമല്ല ആ ശിക്ഷ.(

മറ്റൊരിടത്ത് പടച്ചവന്‍ പറയുന്നത് ഇങ്ങനെയാണ്: നമ്മുടെ സൂക്തങ്ങളും ദൃഷ്ടാന്തങ്ങളും നിഷേധിച്ചവരായ ആളുകളെ നാം നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരുടെ ചര്‍മങ്ങള്‍ വെന്തുപോകുമ്പോഴൊക്കെയും അവയല്ലാത്ത പുതിയ ചര്‍മങ്ങള്‍ നാം പകരം നല്‍കുന്നതായിരിക്കും-ആ ശിക്ഷ നന്നായി ആസ്വദിക്കുന്നതിനാണ്(2) ഇത്.(3) ഇങ്ങനെ വേറെയും ആയത്തുകള്‍ ഖുര്‍ആനില്‍ കാണാം. നരകാവകാശികളുടെ ശിക്ഷയുടെ നൈരന്തര്യമാണ് അവയിലുള്ളത്.

മഹാനായ ശൈഖ് മുഹ്‌യിദ്ദീനിബ്‌നു അറബി(റ)യിലേക്ക് മറ്റൊരു കടുത്ത വ്യാജവും ചേര്‍ത്തുപറയപ്പെട്ടിരിക്കുന്നു-അല്ലാഹുവിന്റെ വിധിവിലക്കുകള്‍ (തക്‌ലീഫ്) അടിമയില്‍ നിന്ന് എടുത്തു മാറ്റപ്പെടും എന്ന ഗുരുതരമായ വ്യാജാരോപണമാണ് അത്. ഇമാം ശഅ്‌റാനി(റ) ഇക്കാര്യത്തെയധികരിച്ച് സംസാരിക്കവെ ഇങ്ങനെ വ്യക്തമാക്കുന്നു: തനിക്ക് ലഭ്യമായ ഒരു കശ്ഫിന്റെയടിസ്ഥാനത്തില്‍ ധൃതിപ്പെട്ട് പാപം ചെയ്യാന്‍ ഒരു വലിയ്യിനും പാടില്ല.(5) റമളാന്‍ പത്തിന് (ഉദാഹരണം) തനിക്ക് കലശലായ രോഗമുണ്ടാകുമെന്ന് ഒരാള്‍ക്ക് കശ്ഫുണ്ടായാല്‍ അന്നേ ദിവസം നോമ്പ് അനുഷ്ഠിക്കാതിരിക്കാനോ നേരത്തെ നോമ്പ് മുറിക്കാനോ പാടില്ല എന്നത് മേല്‍പറഞ്ഞതുപോലെ തന്നെയാണ്. റമളാന്‍ പത്ത് വന്നെത്തിയാല്‍ തന്നെയും രോഗം പിടിപെടുമ്പോള്‍ മാത്രമേ നോമ്പ് ഉപേക്ഷിക്കാവൂ. കാരണം റമളാനിലെ നോമ്പ് ഉപേക്ഷിക്കുന്നതിന് അനുമതി ലഭിക്കുക രോഗമോ മറ്റു അനുവദനീയ കാര്യങ്ങളോ ആയി ബന്ധപ്പെടുമ്പോള്‍ മാത്രമാകുന്നു. നമ്മുടെയും ആത്മജ്ഞാനികളില്‍ ദൃഢവിജ്ഞാനികളായവരുടെയും കാഴ്ചപ്പാടും ഇപ്പറഞ്ഞതത്രേ.

സമുന്നത സ്വൂഫിവര്യനായ ശൈഖ് ഇബ്രാഹീം ദസൂഖി(റ)യുടെ പേരിലും(2) വ്യാജാരോപണങ്ങളുണ്ട്. ഞാന്‍ അല്ലാഹുവാണ് എന്ന് പറയാനും സംസാരിക്കാനും എനിക്ക് നാഥന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ! ‘ഞാന്‍ അല്ലാഹുവാണ് എന്നു പറയുക, ഒട്ടും പ്രശ്‌നമാക്കേണ്ട’ എന്നായിരുന്നുവത്രേ പടച്ചവന്റെ അനുശാസനം. നീട്ടിപ്പറയേണ്ടതില്ലാത്ത വിധം കഠോരാവസ്ഥയും ധാര്‍ഷ്ട്യവും ഇതിലുണ്ടല്ലോ.(

ആത്മജ്ഞാനികളിലും സാഹിദുകളിലും മുന്‍നിരക്കാരിയായ സയ്യിദ റാബിഅത്തുല്‍ അദവിയ്യ(റ)യെക്കുറിച്ചുമുണ്ട് വ്യാജമായ ആരോപണങ്ങള്‍. ഭൂമിയില്‍ വെച്ച് ആരാധിക്കപ്പെടുന്ന ബിംബമാണ് കഅ്ബ എന്ന് ബീവി പറഞ്ഞു എന്നാണ് തല്‍പരകക്ഷികള്‍ തട്ടിവിടുന്നത്.(4) ഇത്തരമൊരു പ്രസ്താവം ബീവിയിലേക്ക് ചേര്‍ത്തിപ്പറയുന്നതിനെ ഇബ്‌നു തൈമിയ്യ പോലും തള്ളിപ്പറഞ്ഞിട്ടുണ്ട്. മഹതിയുടെ പേരില്‍ വ്യാജമായി ആരോപിക്കപ്പെട്ടതും തിരുകിക്കയറ്റപ്പെട്ടതുമാണ് അതെന്നാണ് ഇബ്‌നു തൈമിയ്യ പ്രതിപാദിച്ചിരിക്കുന്നത്. മഹതിയെക്കുറിച്ച് ചോദിക്കപ്പെട്ടതിന് അദ്ദേഹം നല്‍കിയ മറുപടി കാണുക: ഭൂമിയില്‍ ആരാധിക്കപ്പെടുന്ന ബിംബമാണ് കഅ്ബ എന്ന് ബീവി പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെടുന്നതുണ്ടല്ലോ, അതീവഭക്തയും സത്യവിശ്വാസിനിയുമായിരുന്ന മഹതിയെക്കുറിച്ച് വ്യാജമായി ഉന്നയിക്കപ്പെട്ടതാണത്. ഇങ്ങനെ ഏതെങ്കിലുമൊരാള്‍ പറഞ്ഞാല്‍ അവന്‍ കാഫിര്‍ (മുര്‍തദ്ദ്-മതഭ്രഷ്ടന്‍) ആയിത്തീരുന്നതാണ്. അങ്ങനെ ചെയ്തവനോട് പശ്ചാത്തപിച്ചു മടങ്ങാനാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അനുശാസനം. പശ്ചാത്തപിച്ചാല്‍ കുഴപ്പമില്ല, ഇല്ലെങ്കില്‍ അവനെ കൊല ചെയ്യപ്പെടണം. ആ പ്രസ്താവം വാസ്തവവിരുദ്ധമാണ്. കാരണം മുസ്‌ലിംകള്‍ കഅ്ബയെ ആരാധിക്കുന്നില്ല. പ്രത്യുത, കഅ്ബയെ ഥവാഫു ചെയ്തുകൊണ്ടും അതിലേക്ക് തിരിഞ്ഞുനമസ്‌കരിച്ചുകൊണ്ടും മുസ്‌ലിംകള്‍ ആരാധിക്കുന്നത് അതിന്റെ അധിപനായ അല്ലാഹുവിനെയാണ്.

ഇസ്‌ലാമിക ചരിത്രത്തിലും അധ്യാത്മശാസ്ത്രത്തിലും തിരുകിക്കയറ്റപ്പെട്ട കാര്യങ്ങളും വ്യാജാരോപണങ്ങളും നാം പരിശോധിച്ച് നിര്‍ണയിക്കാന്‍ മുതിരുകയാണെങ്കില്‍ ഈ ഗ്രന്ഥം നമുക്ക് മതിയാകാതെ വരും. കാരണം, തസ്വവ്വുഫ് ആയിരുന്നു മറ്റു വിജ്ഞാനശാഖകളേക്കാള്‍ ഈ ദുഷ്ടലാക്കിന് തല്‍പരകക്ഷികള്‍ വിധേയമാക്കിയത്. ഇതിന് കാരണങ്ങളുണ്ട്: തസ്വവ്വുഫാണ് ഇസ്‌ലാമിന്റെ ആത്മാവും ചൈതന്യവും എന്ന് തല്‍പരകക്ഷികള്‍ മനസ്സിലാക്കിയതാണ് ഒന്ന്. ദീനിന്റെ പ്രബലമായ ശക്തിസ്രോതസ്സും സ്വാധീനശേഷിയും സ്വൂഫികള്‍ക്കാണ് എന്ന് പ്രതിയോഗികള്‍ ഗ്രഹിക്കുകയും ചെയ്തു. ശരീഅത്തിന്റെ ജാജ്ജ്വല്യമായ കൈത്തിരിയും ആത്മജ്ഞാനികള്‍ തന്നെ എന്നവര്‍ക്ക് ബോധ്യപ്പെട്ടു. തന്മൂലം ആ പ്രകാശം ഊതിക്കെടുത്താന്‍ അവരുദ്ദേശിക്കയുണ്ടായി. എന്നാല്‍ ഖുര്‍ആന്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: തങ്ങളുടെ വായകള്‍ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താന്‍ അവരുദ്ദേശിക്കുന്നു; എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും ശരി, അല്ലാഹു തന്റെ  പ്രഭ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യുന്നതാണ്.

അച്ചടി എന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടാതിരുന്നതാണ് ഇത്യാദി വ്യാജാരോപണങ്ങളും കടത്തിക്കൂട്ടലുകളും വ്യാപകമാകാന്‍ നിമിത്തമായത് എന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കുന്നില്ല. അതുപോലെത്തന്നെ-ഇന്ന് നിലവിലുള്ള പോലെ-കഴിഞ്ഞുപോയ വിഷയങ്ങളെക്കറിച്ചുള്ള ശക്തമായ നിരീക്ഷണ ശൈലിയും അന്ന് നിലവിലില്ല.(2) ഗ്രന്ഥകാരന്റെ അനുമതിയില്ലാതെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് ഇന്ന് നിമയപരമായ അച്ചടക്കനടപടികളും ശിക്ഷകളുമുണ്ടല്ലോ. ഗ്രന്ഥങ്ങള്‍ കൈയെഴുത്തായി പകര്‍ത്തിയെടുക്കപ്പെട്ടിരുന്ന പൗരാണിക കാലത്ത് ഇങ്ങനെയൊന്നുമില്ലായിരുന്നു.(3) ഈ പശ്ചാത്തലത്തിലാണ് മായം ചേര്‍പ്പുകാരും വ്യാജപ്രചാരകരും നിക്ഷിപ്ത താല്‍പര്യക്കാരും പല വിധ ഗ്രന്ഥങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്തൊക്കെ നുണകളും പച്ചക്കള്ളങ്ങളുമാണതിലുള്ളത് എന്ന് പടച്ചവനു മാത്രമേ അറിയുമായിരുന്നുള്ളൂ. പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ വിശിഷ്യ ആധ്യാത്മികരംഗത്തുള്ള സ്വൂഫീശ്രേഷ്ഠരുടെ രചനകളില്‍ അടിസ്ഥാനരഹിതമായ വിവിധ കാര്യങ്ങളും ബാലിശമായ പ്രസ്താവങ്ങളും ആ പ്രതിലോമകാരികള്‍ കടത്തിക്കൂട്ടുകയുണ്ടായി.

എങ്കിലും സര്‍വശക്തനായ അല്ലാഹു ഇസ്‌ലാമിക ഗ്രന്ഥങ്ങളെ ഈ ദയനീയ പരിണതിയില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കാനും അതിനായി ഉറക്കമൊഴിച്ച് അധ്വാനിക്കാനും സന്നദ്ധരായ ഒരു വിഭാഗം പണ്ഡിതരെ സജ്ജീകരിക്കുകയും അവയിലെ നെല്ലും പതിരും അവര്‍ വേര്‍തിരിച്ചെടുക്കുകയും ചെയ്തു.

ഇസ്‌ലാമിക തസ്വവ്വുഫിനോട് ഒട്ടിച്ചേര്‍ന്ന മാലിന്യങ്ങളിലും അതില്‍ കൂടിക്കലര്‍ന്ന മായങ്ങളിലും നിന്ന് അതിനെ സ്ഫുടം ചെയ്‌തെടുക്കുക എന്ന ധര്‍മത്തിലുള്ള ഒരു ഭാഗഭാഗിത്വമാണ് ഈ എളിയ രചനയിലൂടെ നാമും ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെ തനതായ വിശുദ്ധിയും തിളക്കവും അതിന് തിരിച്ചുകിട്ടണം. അസ്തിത്വവാദത്തിന്റെ(1)യും മതനിഷേധത്തിന്റെയും കുത്തൊഴുക്കുകളും അധാര്‍മികതയുടെ കുറ്റകൃത്യങ്ങളും ഭൗതികതയുടെ അന്ധകാരങ്ങളും തമ്പടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതിലെ സത്യവിശ്വാസത്തിന്റെ മന്ദമാരുതനില്‍ നിന്നും ആത്മികമായ സ്രോതസ്സുകളില്‍ നിന്നും ജനങ്ങള്‍ക്ക് ഉപകാരം ലഭിക്കുമാറാകണമെന്ന് നാം പ്രത്യാശിക്കുന്നു.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter