സ്വൂഫികളുടെ വിര്‍ദും അതിന്റെ തെളിവും

പാരായണമോ ചൊല്ലലോ മറ്റോ ആയി പതിവായി ചെയ്യുന്നതിനാണ് വിര്‍ദ് എന്ന് പറയുന്നത്; ബഹുവചനം ഔറാദ്. ഒരു ശൈഖ് തന്റെ ശിഷ്യനോട് രാവിലെ സ്വുബ്ഹ് നമസ്‌കാരാനന്തരവും വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരവും ചൊല്ലാനായി കല്‍പിക്കുന്ന ദിക്‌റുകള്‍ക്കാണ് സ്വൂഫികള്‍ വിര്‍ദ് എന്ന് പൊതുവെ വ്യവഹരിച്ചുവരുന്നത്.

വിര്‍ദുമായി ബന്ധപ്പെട്ട ‘വാരിദ്’ എന്ന ഒരു സംജ്ഞയുണ്ട്. വരുന്നത്, സമാഗതമാകുന്നത് എന്നൊക്കെയാണ് പദത്തിന്റെയര്‍ഥം. എന്നാല്‍, തന്റെ ആത്മമിത്രങ്ങളുടെ ഹൃദയങ്ങളില്‍ അല്ലാഹു നിക്ഷേപിക്കുന്ന ദിവ്യവരദാനങ്ങള്‍ക്കാണ് സാങ്കേതികാര്‍ഥത്തില്‍ വാരിദ് എന്ന് പ്രയോഗിക്കുന്നത്. ഇങ്ങനെയുള്ള വരദാനങ്ങളുണ്ടാകുമ്പോള്‍ വ്യക്തിക്ക് അത് ചലനാത്മകമായ ശക്തി പ്രദാനം ചെയ്യും. ചിലപ്പോള്‍ അതയാളെ പരിഭ്രമചിത്തനാക്കും; മറ്റു ചിലപ്പോള്‍ അബോധാവസ്ഥതന്നെ സംജാതമാകാം. പൊടുന്നനെ മാത്രമേ ഇതുണ്ടാകൂ; സംഭവിച്ചാല്‍ തന്നെ സ്ഥിരമായി നിലകൊള്ളുന്നതുമല്ല.

ദീനില്‍ ആവശ്യപ്പെട്ടതും പരിശുദ്ധ ഖുര്‍ആന്‍ പ്രേരണ നല്‍കിയതും തിരുസുന്നത്തിലൂടെ കൂലിയും പ്രതിഫലവും വിശദീകരിക്കപ്പെട്ടതുമായ ദിക്‌റിന്റെ പദങ്ങളില്‍ നിന്ന് മൂന്നെണ്ണമാണ് വിര്‍ദ് ഉള്‍ക്കൊള്ളുന്നത്. ഒന്ന്, പശ്ചാത്താപമാണ്: അസ്തഗ്ഫിറുല്ലാഹ് (അല്ലാഹുവോട് ഞാന്‍ പാപമോചനം അര്‍ഥിക്കുന്നു) എന്ന് നൂറു പ്രാവശ്യം ചൊല്ലലാണിത്. ചെയ്തുപോയ വീഴ്ചകളെക്കുറിച്ച് മനസ്സുമായി വിചാരണ നടത്തിയ ശേഷമായിരിക്കണം ഈ ഇസ്തിഗ്ഫാറ്. സ്വന്തം കര്‍മങ്ങളുടെ ഏടുകള്‍ വിശുദ്ധവും ധവളമയവും ആയിരിക്കാനാണിത്.

ഇങ്ങനെ പാപമോചനാപേക്ഷ നിര്‍വഹിക്കുവാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചിട്ടുള്ളതാണ്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ സ്വന്തത്തിനു വേണ്ടി എന്ത് സല്‍ക്കര്‍മങ്ങളനുഷ്ഠിച്ചിട്ടുണ്ടോ അത് നന്മയായും മഹത്തായ പ്രതിഫലാര്‍ഹമായും അല്ലാഹുവിങ്കല്‍ നിങ്ങള്‍ കണ്ടെത്തുന്നതാകുന്നു. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനമര്‍ഥിക്കുക; നിശ്ചയം അവന്‍ അങ്ങേയറ്റം പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

തിരുനബി(സ്വ) ഒട്ടേറെ തവണ പാപമോചനാര്‍ഥന നടത്താറുണ്ടായിരുന്നു. ഉമ്മത്തിനെ പഠിപ്പിക്കാനും അവര്‍ക്ക് മാര്‍ഗദര്‍ശനം ചെയ്യാനുമായിരുന്നു ഇത്. ഹ. അബൂഹുറൈറ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം-പുണ്യറസൂല്‍(സ്വ) പ്രസ്താവിച്ചു: നിശ്ചയമായും ഞാന്‍ ദിവസവും എഴുപതിലേറെ തവണ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് പാപമോചനമര്‍ഥിക്കുകയും ചെയ്യുന്നുണ്ട്.(2) തിരുമേനി(സ്വ) പറയുന്നത് താന്‍ ശ്രവിച്ചതായി അബ്ദുല്ലാഹിബ്‌നു ബുസ്‌റ്(റ)പറയുന്നു: പരലോകത്തു ചെല്ലുമ്പോള്‍ തന്റെ ഏടുകളില്‍ ധാരാളം പാപമോചനാപേക്ഷ കണ്ടെത്തിയവന്‍ മഹാഭാഗ്യവാനാകുന്നു.

മേല്‍സൂചിപ്പിച്ച ദിക്‌റിന്റെ പദങ്ങളില്‍ രണ്ടാമത്തേത് പുണ്യറസൂലി(റ)ന്റെ പേരിലുള്ള സ്വലാത്ത് ആകുന്നു.   (അല്ലാഹുവേ, ഞങ്ങളുടെ നേതാവും നിന്റെ അടിമയും ദൂതനും പ്രവാചകനും നിരക്ഷരനുമായ മുഹമ്മദ് നബി(സ്വ)യുടെയും കുടുംബത്തിന്റെയും സഹചാരികളുടെയും മേല്‍ നീ അനുഗ്രഹവും രക്ഷയും വര്‍ഷിക്കേണമേ) എന്ന പദം നൂറു പ്രാവശ്യം ചൊല്ലലാണിത്. തിരുമേനി(സ്വ)യുടെ മഹത്ത്വം ഹൃദയത്തില്‍ സന്നിഹിതമാക്കിയും അവിടത്തെ സല്‍സ്വഭാവങ്ങളും സദ്വിശേഷണങ്ങളും അനുസ്മരിച്ചും സ്‌നേഹവും അഭിനിവേശവും കൊണ്ട് പ്രവാചകീയമായ സമുന്നത സാന്നിധ്യത്തോട് ബന്ധപ്പെട്ടുകൊണ്ടും ആയിരിക്കണം സ്വലാത്ത് ചൊല്ലേണ്ടത്.

നബി(സ്വ)യുടെ പേരിലുള്ള സ്വലാത്ത് നിര്‍വഹണത്തിന് അല്ലാഹു നമ്മോട് കല്‍പിച്ചതാണ്. ഖുര്‍ആന്‍ പറയുന്നു: നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബിതിരുമേനിയുടെ പേരില്‍ സ്വലാത്ത് നിര്‍വഹിക്കുന്നുണ്ട്; ഹേ സത്യവിശ്വാസികളേ, നിങ്ങളും നബി(സ്വ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലുക.(4) തന്റെ പേരില്‍ സ്വലാത്തും സലാമും വര്‍ധിപ്പിക്കാനായി നബി(സ്വ)തന്നെ  പ്രോത്സാഹിപ്പിച്ചതായി കാണാം-എന്റെ പേരില്‍ ഒരാള്‍ ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാല്‍ തന്മൂലം അല്ലാഹു അയാള്‍ക്ക് പത്ത് അനുഗ്രഹങ്ങള്‍ ചെയ്യുന്നതാകുന്നു.

പുണ്യറസൂല്‍(സ്വ) അരുളിയതായി അനസുബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്നു: എന്റെ പേരില്‍ ഒരാള്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നതാണ്. പത്തു ദോഷങ്ങള്‍ അവനില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതും പത്ത് പദവികള്‍ അവന് ഉയര്‍ത്തപ്പെടുന്നതുമാകുന്നു. മറ്റൊരിക്കല്‍ അവിടന്ന് അരുളി: അന്ത്യനാളില്‍ ഞാനുമായി ഏറ്റം അടുത്തവര്‍ എന്റെ പേരില്‍ ഏറ്റമധികം സ്വലാത്ത് ചൊല്ലിയവരായിരിക്കും.

ദിക്‌റിന്റെ പദങ്ങളില്‍ മൂന്നാമത്തേത് കലിമത്തുത്തൗഹീദ് (അല്ലാഹുവിന്റെ ഏകത്വപ്രഖ്യാപന വചനം) ആകുന്നു.  (അല്ലാഹു അല്ലാതെ ഒരു ആരാധ്യനും ഇല്ല. അവന്‍ ഏകനാണ്, അവന് യാതൊരുവിധ പങ്കുകാരുമില്ല. രാജാധികാരവും സ്‌തോത്രങ്ങളഖിലവും അവന്നാണ്. സകല കാര്യങ്ങള്‍ക്കും കഴിവുറ്റവനാണവന്‍) എന്ന ദിക്‌റ് നൂറുവട്ടം ചൊല്ലലാണത്; അല്ലെങ്കില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്നു മാത്രം നൂറു പ്രാവശ്യം. സ്രഷ്ടാവും അന്നദാതാവും ഉപകാരമോ ഉപദ്രവമോ ചെയ്യുന്നവനും വിശാലത ചെയ്യുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നവനും മറ്റുമായി അല്ലാഹു മാത്രമേയുള്ളൂവെന്നും വേറെ യാതൊരാള്‍ക്കും അത്തരം കാര്യങ്ങളില്‍ ഒരു വിധ പങ്കുമില്ലെന്നുമുള്ള ചിന്തയോടെയാകണം ദിക്‌റ് ചൊല്ലുന്നത്. ഭൗതിക സ്‌നേഹം, തന്നിഷ്ടങ്ങളോടും ദേഹേച്ഛകളോടുമുള്ള ഭ്രമം, പൈശാചിക ദുര്‍ബോധനങ്ങള്‍, ഐഹിക കാര്യങ്ങളുമായി ബന്ധപ്പെട്ട ബഹുമുഖ ജോലികള്‍, ഏര്‍പ്പാടുകള്‍, പ്രതിബന്ധങ്ങള്‍ തുടങ്ങി ഹൃദയത്തില്‍ ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്ന വിഷയങ്ങളൊക്കെ മായ്ച്ചുകളയാനുള്ള പ്രയത്‌നവും ദിക്‌റ് ചൊല്ലുമ്പോള്‍ ഉണ്ടാകണം. മനസ്സ് അല്ലാഹുവിനു വേണ്ടി മാത്രമായി സമര്‍പ്പിതമാകാനും മറ്റൊരാള്‍ക്കും ഒരന്യവസ്തുവിനും അതില്‍ ഇടമുണ്ടാകാതിരിക്കാനും വേണ്ടിയാണിത്.

ഇക്കാരണത്താലാണ് കറ കളഞ്ഞ തൗഹീദിലേക്ക് പടച്ചവന്‍ നമ്മെ ക്ഷണിച്ചത്. അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനുമില്ല എന്ന് നീ അറിയണം എന്നാണ് ഖുര്‍ആന്റെ കല്‍പന. കലിമത്തുത്തൗഹീദ് ആവര്‍ത്തിച്ചു കൂടുതല്‍ ചൊല്ലാന്‍ തിരുമേനി(സ്വ)യും നമ്മെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിന്റെ മഹത്ത്വവും വര്‍ധിത പ്രതിഫലവും നബി(സ്വ) നമുക്ക് വിവരിച്ചുതന്നതായും കാണാം. ഏറ്റവും മഹത്ത്വപൂര്‍ണമായ ദിക്‌റ് ലാ ഇലാഹ ഇല്ലല്ലാഹ് ആകുന്നു എന്നാണ് റസൂല്‍(സ്വ) പഠിപ്പിച്ചത്.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ശൈഖ് ഇബ്‌നു അല്ലാന്‍(റ) എഴുതുന്നു: ദിക്‌റ് ചൊല്ലുന്നവന്റെ അന്തരംഗങ്ങളില്‍ രൂഢമൂലമായ മുഴുവന്‍ ദുഷിച്ച വിശേഷണങ്ങളില്‍ നിന്നും ഹൃദയത്തെ ശുദ്ധമാക്കുന്നതില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്‌റ് സ്പഷ്ടമായ പ്രതിഫലനമുണ്ടാക്കുകതന്നെ ചെയ്യും. കാരണം, അതിലെ ‘ലാ ഇലാഹ’ എന്ന പദം ദൈവങ്ങളുടെ സമുച്ചയത്തില്‍ നിന്നുള്ള ഓരോന്നിനെയും നിഷേധിക്കുന്നു. ‘ഇല്ലല്ലാഹ്’ എന്ന പദമാകട്ടെ, അനിവാര്യമായും ഉണ്ടാകേണ്ട ഏകനായ ഇലാഹിനെ സ്ഥാപിക്കുകയും അവന്റെ ഔന്നത്യത്തോടും മഹത്ത്വത്തോടും നിരക്കാത്ത സര്‍വ വിശേഷണങ്ങളില്‍ നിന്നും അവനെ പരിശുദ്ധനാക്കുകയും ചെയ്യുകയാണ്. ദിക്‌റ് ചൊല്ലുന്നവന്‍ ഈ വചനം പതിവാക്കുമ്പോള്‍ അവന്റെ നാക്കില്‍ നിന്ന് അന്തരംഗത്തേക്ക് അത് പ്രതിബിംബിക്കാന്‍ തുടങ്ങുകയും ക്രമേണ ഹൃദയത്തില്‍ അത് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യും. അങ്ങനെയത് ഹൃദയത്തെ പ്രകാശിപ്പിക്കുകയും അതിനെ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. പിന്നീടത് മറ്റു അവയവങ്ങളെ പ്രകാശിപ്പിക്കുന്നതും നന്നാക്കുന്നതുമാണ്. ഇതുകൊണ്ടാണ് മുരീദുമാരും മറ്റും ഈ ദിക്‌റ് വര്‍ധിപ്പിക്കാനും നിത്യമാക്കുവാനും കല്‍പിക്കപ്പെടുന്നത്.

ഹ. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം-തിരുമേനി(സ്വ) അനുശാസിച്ചു: ഈമാന്‍ നിങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കണം! സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് വിശ്വാസം നവീകരിച്ചുകൊണ്ടിരിക്കേണ്ടത്? അവിടന്ന് പ്രതികരിച്ചു-ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് വര്‍ധിപ്പിച്ചുകൊണ്ട്.

ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതായുണ്ട്: രാവിലെയും വൈകുന്നേരവുമുള്ള  ഈ ദിക്‌റ് നിര്‍വഹിക്കേണ്ടത്, പടച്ചവനുമൊത്ത് ഏകാന്തനായി ഇരുന്നുകൊണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ അവന്റെ പകലിന് തുടക്കം കുറിച്ചത് അല്ലാഹുവിന്റെ ദിക്‌റോടു കൂടിയായിരിക്കും; അതവസാനിപ്പിക്കുന്നതും നാഥന്റെ സ്മരണയോടും അനുസരണയോടും ആകും. ഇങ്ങനെ വരുമ്പോള്‍ ഖുര്‍ആന്‍ പറഞ്ഞ വിജയികളുടെ ഗണത്തില്‍ അവന്‍ ഉള്‍പ്പെട്ടേക്കാമല്ലോ: ‘…ധാരാളമായി അല്ലാഹുവിന്റെ ദിക്‌റ് ചൊല്ലുന്ന പുരുഷന്മാരും സ്ത്രീകളും-അവര്‍ക്ക് നാഥന്‍ പാപമോചനവും വമ്പിച്ച പ്രതിഫലവും തയ്യാര്‍ ചെയ്തുവെച്ചിരിക്കുന്നു!'(1) ഇങ്ങനെയാണ് നമ്മുടെ ശൈഖും ഗുരുശ്രേഷ്ഠരുമായ സയ്യിദ് മുഹമ്മദുല്‍ ഹാശിമിയില്‍(2) നിന്ന് നാം ഗ്രഹിച്ചിട്ടുള്ളത്. അവര്‍ സ്വന്തം ശൈഖ് അഹ്മദ് ബിന്‍ മുസ്ഥഫല്‍ അലവില്‍ മുസ്തഗാനമി(റ)യില്‍ നിന്ന് മനസ്സിലാക്കിയതും ഇങ്ങനെത്തന്നെ.

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ വഴിയില്‍ പ്രവേശിക്കുന്നവരുടെ വിര്‍ദുകള്‍ മേല്‍പറഞ്ഞ എണ്ണങ്ങളില്‍ പരിമിതമാകാന്‍ പാടില്ല. പ്രത്യുത അവര്‍ കൂടുതല്‍ ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരിക്കണം. കാരണം ഥരീഖത്തില്‍ പ്രവേശിക്കുന്നവന്റെ ഹൃദയം, പ്രാരംഭഘട്ടത്തില്‍ ഒരു കുട്ടിയെപ്പോലെയാണ്. അവന്‍ വലുതായിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ അളവില്‍ വര്‍ധന അനിവാര്യമായിത്തീരും. അതുപോലെ അല്ലാഹുവിങ്കലേക്കുള്ള പ്രയാണത്തില്‍ മുരീദ് വലുതായി വരുന്തോറൂം ദിക്‌റ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കണം. കാരണം, ദിക്‌റ് അവന്റെ ഹൃദയത്തിന്റെ ഭക്ഷണവും ജീവനുമാകുന്നു.

അല്ലാഹുവിങ്കലേക്കുള്ള വഴിയില്‍ പ്രവേശിച്ച് മുന്നോട്ട് നീങ്ങുന്നവരുടെ മാധ്യമമാണ് ഔറാദുകള്‍ എന്നതിനാല്‍ അവരുടെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കാനായി പിശാച് ചടഞ്ഞിരിക്കും. ബഹുമുഖമായ കാരണങ്ങള്‍ പറഞ്ഞും നിഗൂഢമായ കുതര്‍ക്കങ്ങള്‍ നിരത്തിയും ഭിന്നമായ അസ്പൃശ്യതകള്‍ സൃഷ്ടിച്ചും ദിക്‌റില്‍ നിന്ന് അവരെ തടയുക എന്നതായിരിക്കും അവന്റെ ലക്ഷ്യം. ചില മുരീദുമാര്‍ ഔറാദുകള്‍ ചൊല്ലുന്നത് ഉപേക്ഷിക്കുക ജോലിത്തിരക്കുകളുണ്ടെന്നും അവ ചൊല്ലാനുള്ള ഒഴിവ് കിട്ടുന്നില്ലെന്നുമുള്ള ന്യായീകരണം കണ്ടുകൊണ്ടായിരിക്കും. ഇത് നിയമാനുസൃതമായ കാരണമാണെന്നും എവിടെയും സ്വീകരിക്കപ്പെടുന്ന പ്രശ്‌നമാണെന്നും പിശാച് അവരുടെ മനസ്സില്‍ ദുര്‍ബോധനം നടത്തുകയും ചെയ്യും. ഒഴിവ് ലഭിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഔറാദുകള്‍ നീട്ടിവെക്കുന്നതിന് കുഴപ്പമില്ലെന്ന് അവര്‍ സമാധാനിക്കുന്നതുമാണ്.

എന്നാല്‍, സ്വൂഫികളായ മഹാന്മാര്‍ മുരീദുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. വരാന്‍ പോകുന്ന ഒഴിവു സമയം കാത്തിരിക്കുകയും ഔറാദുകള്‍ നീട്ടിവെക്കുകയും അവയെക്കുറിച്ച് അശ്രദ്ധ കാണിക്കുകയും ചെയ്യുന്നതിനെതിരെ ഥരീഖത്തില്‍ പ്രവേശിക്കുന്നവരെ അവര്‍ താക്കീത് ചെയ്തിരിക്കുന്നു. കാരണം, ആയുസ്സ് പെട്ടെന്ന് അവസാനിച്ചുപോകും. ജോലികളാകട്ടെ പുതിയവ ഉണ്ടായിക്കൊണ്ടേയിരിക്കയും ചെയ്യും.

ശൈഖ് ഇബ്‌നു അഥാഇല്ലാഹിസ്സികന്ദരി(റ) പ്രസ്താവിക്കയുണ്ടായി: ‘വരാന്‍പോകുന്ന ഒഴിവുസമയങ്ങള്‍ ഉണ്ടാകുമെന്ന് കരുതി നീ കര്‍മങ്ങള്‍ അങ്ങോട്ട് മാറ്റിവെക്കുന്നത് മനസ്സിന്റെ പരുക്കന്‍ സ്ഥിതി മൂലമാകുന്നു.’ ശൈഖ് ഇബ്‌നു അജീബ(റ) എഴുതി: അപ്പോള്‍ മനുഷ്യന് അനിവാര്യമായിട്ടുള്ളത് ഇതാണ്-ഭൗതികതയോടുള്ള ബന്ധങ്ങളും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള തടസ്സങ്ങളും അവന്‍ മുറിച്ചുനീക്കണം; ദേഹേച്ഛയോട് വിപരീതം പ്രവര്‍ത്തിക്കണം; തന്റെ നാഥന്റെ സേവനത്തിലേക്ക് ദ്രുതഗതിയില്‍ ചെല്ലണം. ഇവക്കൊന്നും മറ്റൊരു സമയം പ്രതീക്ഷിച്ചിരിക്കരുത്. കാരണം, സ്വൂഫി എന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ നിര്‍വഹിക്കുന്നവനാകുന്നു.

ഥരീഖത്തില്‍ പ്രവേശിക്കുന്ന ചിലയാളുകള്‍ക്ക് മറ്റൊരു ന്യായീകരണമാണ് പിശാച് അലംകൃതമാക്കിക്കൊടുക്കുക-മാനസിക ദുര്‍ബോധനങ്ങളിലും ചീത്ത വിചാരങ്ങളിലും നിന്ന് തന്റെ ദിക്‌റ് സുരക്ഷിതമാകുന്നില്ല എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്. അല്ലാഹുവൊന്നിച്ച സാന്നിധ്യമില്ലാതെ ദിക്‌റ് ചൊല്ലിയിട്ട് നേട്ടമൊന്നുമില്ലല്ലോ എന്നും അവര്‍ പറയും.

എന്നാല്‍, അത്യപകടകരമായ ഒരു പൈശാചിക കവാടമാണിത്. സ്വൂഫീനായകന്മാരായ മാര്‍ഗദര്‍ശികള്‍ തങ്ങളുടെ മുരീദുമാര്‍ക്ക് അപകടകരമായ ഈ ചിന്താഗതികളെക്കുറിച്ച് താക്കീത് നല്‍കിയിട്ടുണ്ട്. ഇമാം ഇബ്‌നു അഥാഇല്ലാഹ്(റ) എഴുതി: ദിക്‌റ് ചൊല്ലുമ്പോള്‍ അല്ലാഹുവൊന്നിച്ച സാന്നിധ്യം ലഭിക്കുന്നില്ലല്ലോ എന്നോര്‍ത്ത് നീ ദിക്‌റ് കൈവെടിയാന്‍ പാടില്ല. കാരണം, ദിക്‌റ് ഒട്ടുമേ ഇല്ലാതിരിക്കലും, മനസ്സാന്നിധ്യമില്ലാതെയാണെങ്കില്‍ തന്നെയും പേരിനെങ്കിലും ദിക്‌റ് ഉണ്ടാകലും താരതമ്യപ്പെടുത്തി നോക്കുകയാണെങ്കില്‍, തീരേ ദിക്‌റ് ഇല്ലാത്ത അവസ്ഥയാണ് കൂടുതല്‍ ഗൗരവതരം. അശ്രദ്ധാവസ്ഥയിലുള്ള ദിക്‌റില്‍ നിന്ന് സശ്രദ്ധാവസ്ഥയിലുള്ള ദിക്‌റിലേക്ക് പടച്ചവന്‍ നിന്നെ ഉയര്‍ത്തിയേക്കാം. ശ്രദ്ധയോടെയുള്ള ദിക്‌റില്‍ നിന്ന് ദിവ്യസാന്നിധ്യമുള്ള ദിക്‌റിലേക്കും തുടര്‍ന്ന് ദൈവേതരമായ മറ്റെന്തില്‍ നിന്നും നീ തെന്നിമാറി നില്‍ക്കുന്ന സ്ഥിതിയിലേക്കും അവന്‍ നിന്നെ ഉയര്‍ത്തിയേക്കാം. അവന് അതൊരു ബുദ്ധിമുട്ടുമുള്ള കാര്യമൊന്നുമല്ല.

തങ്ങള്‍ക്കുണ്ടാകുന്ന ദിവ്യവരദാനങ്ങള്‍ കൊണ്ട് മതിയാക്കി ഔറാദുകള്‍ കൈവെടിയുന്നവരും മുരീദുമാരിലുണ്ട്. അല്ലാഹുവുമായുള്ള സാമീപ്യമുണ്ടാകാന്‍ വിര്‍ദുകള്‍ ചൊല്ലിക്കൊണ്ടിരിക്കേണ്ടതാണെന്ന വസ്തുത അവര്‍ യഥായോഗ്യം ഗ്രഹിക്കുന്നില്ല. സ്വൂഫികളായ മഹാന്മാര്‍ എത്ര ഉന്നതമായ അവസ്ഥ കൈവരിച്ചാലും ഔറാദുകള്‍ ഉപേക്ഷിക്കുന്നവരല്ലായിരുന്നു.

അബുല്‍ ഹസനിദ്ദര്‍റാജ്(റ) പറയുന്നു: ആത്മജ്ഞാനികളായ ആളുകളെപ്പറ്റി ഇമാം ജുനൈദുല്‍ ബഗ്ദാദി(റ) പരാമര്‍ശിക്കാറുണ്ട്. അത്യുന്നത പദവികള്‍ നല്‍കി അല്ലാഹു ആദരിച്ച ശേഷവും അവര്‍ കര്‍ശനമായി മുറുകെ പിടിക്കാറുണ്ടായിരുന്ന ആരാധനാമുറകളെയും ഔറാദുകളെയും സംബന്ധിച്ചും അദ്ദേഹം സംസാരിക്കുമായിരുന്നു. ഒരിക്കല്‍ താന്‍ പ്രസ്താവിച്ചു: ‘രാജാക്കളുടെ ശിരസ്സുകളിലുള്ള കിരീടങ്ങളെക്കാള്‍ ആത്മജ്ഞാനികള്‍ക്ക് സുന്ദരമാകുന്നു അവരുടെ ആരാധനാമുറകള്‍.’ കൈയില്‍ ഒരു തസ്ബീഹ് മാലയുമായി ഇമാം ജുനൈദി(റ)നെ കണ്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: അങ്ങ് അതിവിശിഷ്ടമായ പദവിയിലെത്തിയിട്ടും കൈയില്‍ മാല പിടിച്ചിരിക്കുകയാണോ! താന്‍ പറഞ്ഞു: അതെ; നാം ഏതൊരവസ്ഥയിലേക്ക് എത്തിയിട്ടുണ്ടോ അവിടേക്ക് നമ്മെ കൊണ്ടെത്തിച്ച മാധ്യമമാണ് ഈ മാല. അതുകൊണ്ട് നാം ഇതൊരിക്കലും ഉപേക്ഷിക്കുകയില്ല!

ഇബ്‌നു അഥാഇല്ലാഹ്(റ) പറയുന്നു: അതീവമടിയനായ ഒരാള്‍ മാത്രമേ വിര്‍ദിന്റെ കാര്യം നിസ്സാരമായി കാണൂ. വിര്‍ദ് മുഖേനയുണ്ടായിത്തീരുന്ന ദിവ്യവരദാനങ്ങളുടെ (വാരിദ്) സാക്ഷാല്‍ഫലം പരലോകത്താണുണ്ടാവുക. ഈ ഐഹിക ലോകത്തിന്റെ അവസാനത്തോടെ വിര്‍ദും അവസാനിച്ചുപോകും. സാക്ഷാല്‍കൃതമാകുമെന്ന ദിവ്യവാഗ്ദാനം ഉല്ലംഘിക്കപ്പെടാത്ത വിഷയങ്ങളാണ് നന്നായി പരിഗണിക്കാനര്‍ഹമായവ. അല്ലാഹു നിന്നോടാവശ്യപ്പെടുന്നത് വിര്‍ദ് നിന്നില്‍ നിന്ന് മുടങ്ങാതെ ഉണ്ടായിക്കൊണ്ടിരിക്കണമെന്നാണ്. വരദാനമാകട്ടെ അത് വിര്‍ദ് മുഖേന നീ റബ്ബില്‍ നിന്ന് ഇങ്ങോട്ടാവശ്യപ്പെടുകയാണ്. നിന്നില്‍ നിന്ന് പടച്ചവന്‍ അങ്ങോട്ടാവശ്യപ്പെടുന്നതും നീ ഇങ്ങോട്ട് ആവശ്യപ്പെടുന്നതും തമ്മില്‍ എത്ര വലിയ അന്തരമുണ്ട്!

അവസാനമായി ഒരു കാര്യം: മുകളില്‍ പറഞ്ഞ എന്തെങ്കിലും കാരണങ്ങളാല്‍ ഒരു മുരീദ് അവന്റെ വിര്‍ദുകള്‍ ഉപേക്ഷിച്ചു എന്നുവെക്കുക. പിന്നീട് ശൈഖുമായി ചെയ്ത ബൈഅത്ത് മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യതാബോധത്തിലേക്ക് തിരിച്ചുവരികയും വിഷയത്തിന്റെ പ്രാധാന്യം പുനര്‍ഗ്രഹണം നടത്തുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ ആശ മുറിയാന്‍ പാടില്ല. തന്റെ സ്വന്തം അശ്രദ്ധയും അവഗണനയും മൂലമാണല്ലോ അതുണ്ടായത്. പ്രത്യുത, സംഭവിച്ചുപോയ വീഴ്ചയില്‍ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കണം. പിന്നീട് നഷ്ടപ്പെട്ടുപോയ വിര്‍ദുകള്‍ ഖളാഅ് വീട്ടണം. കാരണം, മറ്റു അനുഷ്ഠാനങ്ങളും ആരാധനകളുമെന്ന പോലെ ഔറാദുകളും ഖളാഅ് വീട്ടേണ്ടതാകുന്നു.

ഇമാം നവവി(റ) എഴുതുന്നു: രാത്രിയോ പകലോ ഉള്ള ഏതെങ്കിലും സമയത്തോ നമസ്‌കാര ശേഷമോ മറ്റേതെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു വ്യക്തിക്ക് നിശ്ചിത വിര്‍ദുകളോ ദിക്‌റുകളോ ചൊല്ലാനുണ്ടാവുകയും അവ നഷ്ടപ്പെട്ടുപോവുകയും ചെയ്താല്‍ വഴിയെ അത് വീണ്ടെടുക്കുകയും സൗകര്യപ്പെട്ടാല്‍ അത് നിര്‍വഹിക്കുകയും ചെയ്യേണ്ടതാണ്; അവഗണിച്ചുവിടാന്‍ പാടില്ല. കാരണം, അവ പതിവായി മുറുകെപ്പിടിച്ച് നിര്‍വഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ പാഴാക്കിക്കളയാവതല്ല. ഇവ ഖളാഅ് വീട്ടുന്ന കാര്യത്തില്‍ വരുത്തുന്ന വീഴ്ചയാകട്ടെ, കൃത്യസമയത്തുതന്നെ നിര്‍വഹിക്കുന്നതിനെക്കുറിച്ച വീഴ്ചയിലേക്കാണ് കൊണ്ടെത്തിക്കുക. നബിതിരുമേനി(സ്വ)യില്‍ നിന്ന് ഹ. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം മുസ്‌ലിം(റ)(1) ഉദ്ധരിക്കുന്നത് കാണുക-താന്‍ രാത്രി പതിവായി നിര്‍വഹിക്കുന്ന കാര്യത്തെ-അല്ലെങ്കില്‍ അതിന്റെ അല്‍പം-വിട്ട് ഒരാള്‍ ഉറങ്ങിപ്പോയി. എന്നിട്ട് വഴിയെ സ്വുബ്ഹിന്റെയും ളുഹ്‌റിന്റെയും ഇടക്ക് അവനത് ഓതി. എന്നാല്‍, രാത്രി തന്നെ അവനത് നിര്‍വഹിച്ചതു പോലെയുള്ള പ്രതിഫലം അവന് നിര്‍ണയിക്കപ്പെടുന്നതാകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter