സൂഫിസം;വിമർശനങ്ങൾക്കപ്പുറത്തെ ദിവ്യാനുരാഗം
ഇസ്‌ലാമിന്റെ ബാഹ്യചിത്രങ്ങൾക്കുമപ്പുറത്തെ വലിയ ലോകമാണ് സൂഫിസം. നിർവചനങ്ങൾക്കതീതമായ ചിന്തയും ചെയ്തികളുമാണ് അതിന്റെ ആന്തരിക സത്ത. മറ്റു മതവിശ്വാസ ധാരകളിലെ സമാന സ്വഭാവമുള്ള പലതിനോടുമുള്ള ചില സാമ്യതകൾ പലപ്പോഴും സൂഫിസത്തെ അസ്തിത്വ പ്രതിസന്ധിയിലേക്ക് വരെ തള്ളിയിടുന്നതായി കാണാം. മിസ്റ്റിസിസം എന്ന വിശാല കാഴ്ചപ്പാടിനോട്, ഇസ്‌ലാമിക് എന്ന ഉപാധി കൂടി ചേർക്കുന്നിടത്താണ് യാഥാർത്ഥ്യത്തിൽ സൂഫിസം ഉണ്ടാകുന്നത്.
സൂഫിസത്തെ നിർവചിക്കുന്നിടത്ത് തുടങ്ങുന്നുണ്ട് സംശയദൃഷ്ടിയോടെ അതിനെ നോക്കിക്കാണുന്നവരുടെ എതിർ ശബ്ദങ്ങൾ. ഇസ്‍ലാമിക ലോകത്തു നിന്ന് വന്ന നിർവചനങ്ങളിലെ വൈവിധ്യമാണ് വിമർശകർ ആദ്യം ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. ഏകീകൃതമായൊരു നിർവചനത്തിന്റെ അഭാവം അതിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നിടത്തേക്ക് വിമർശകരെ കൊണ്ടെത്തിക്കുന്നു. ആൻ മേരി ഷിമ്മൽ തന്റെ മിസ്റ്റിക്കൽ ഡയമെൻഷൻസ് ഓഫ് ഇസ്‍ലാം എന്ന കൃതിയിൽ ഈ വിമർശനങ്ങൾക്ക് മനോഹരമായി മറുപടി നൽകുന്നതായി കാണാം. അന്ധരായ ഒരു കൂട്ടം ആളുകൾ ആനയെ കാണാൻ പോയ കഥയുമായി ഉപമിച്ചാണ് ഷിമ്മൽ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. പലർക്കും ലഭിച്ച ആനയുടെ പല നിർവചനങ്ങൾ അവനവന്റെ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു എന്നത് പോലെയാണ് സൂഫിസവുമെന്നാണ് ഷിമ്മൽ സമർത്ഥിക്കുന്നത്. അതായത് ഒരു ഏകീകൃത നിർവചനത്തിന്ന് ഇടമില്ലാത്തതാണ് സൂഫിസം എന്നര്‍ത്ഥം. അനുഭവിച്ചറിഞ്ഞ യാതാർത്ഥ്യങ്ങളാണ് അവർ നിർവചനങ്ങളായി കുറിച്ചു വെച്ചത്. സൂഫിസം മറ്റു വിജ്ഞാന ശാഖകളെപ്പോലെ പഠിച്ചെടുക്കാനുള്ളതല്ലെന്നും അത് അനുഭവിച്ചറിയാനുള്ളതാണെന്നുമാണ് ഈ ചർച്ചകളുടെ ആകെത്തുക.
പദോൽപത്തിശാസ്ത്രപരമായ ഭിന്നതകളാണ് സൂഫിസത്തെ നിരാകരിക്കാൻ പലരും കാണുന്ന മറ്റൊരു വഴി. തസ്വവ്വുഫ് എന്ന പേരിലെ സാമ്യത കൊണ്ട് മാത്രം സൂഫിസത്തിന് യാതൊരു ബന്ധവുമില്ലാത്ത തിയോസഫിയിൽ നിന്നാണ് അതിന്റെ ഉൽഭവം എന്ന് വരെ വാദമുന്നയിക്കുന്നവരുണ്ട്. ഉത്തരത്തിനനുസരിച്ച് ചോദ്യമുണ്ടാക്കും പോലെയാണ് ഇത്തരക്കാരുടെ സമീപനങ്ങൾ. വായനക്കാരിൽ ചിരി പടർത്തുന്ന ചില ആഖ്യാനങ്ങൾ വരെ ഓറിയന്റലിസ്റ്റ് ബുദ്ധിജീവികൾ മുന്നോട്ട് വെക്കുന്നതായി കാണാം. ഫഖീർ എന്ന പദത്തെ ആംഗലേയ ഭാഷയിലെ ഫെയ്ക് (വ്യാജം) എന്ന പദവുമായും ദർവീശ് എന്നത് ഡോർ (വാതിൽ) എന്നതുമായി ബന്ധിപ്പിച്ച് വാതിൽക്കലെ യാചകർ എന്ന തരത്തിലെല്ലാം വ്യാഖ്യാനിച്ച വിമർശകരെ വരെ കാണാം.
സൂഫ് (കമ്പിളി) എന്ന അറബി പദത്തിൽ നിന്നാണ് സൂഫിസത്തിന്റെ എറ്റിമോളജിക്കൻ ഒറിജിൻ എന്നാണ് ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അതു കൂടാതെ അഹ്‌ലുസ്സുഫയുടെ സുഫയിൽ നിന്നാണെന്നും പറഞ്ഞുവെച്ചവരുണ്ട്. നിര, വരി എന്നൊക്കെ അർത്ഥം വരുന്ന സ്വഫ് എന്നതിൽ നിന്നാണ് ഇതിന്റെ ഉൽഭവമെന്നതാണ് മറ്റൊരു പ്രധാന അഭിപ്രായം. തെളിമ എന്നർത്ഥം വരുന്ന സ്വഫാ എന്ന അറബി പദത്തെയും സൂഫിസത്തിന്റെ പദോൽപത്തിപരമായ അടിസ്ഥാനമായി കാണുന്നവരുണ്ട്. ഈ വാദങ്ങളിലും വിമർശക സ്വരങ്ങൾ സൂഫിസത്തെ വിടാതെ പിന്തുടരുന്നത് കാണാം. കമ്പിളി വസ്ത്രങ്ങൾ ക്രിസ്ത്യൻ പാതിരിമാരുടെ പ്രധാന വസ്ത്രമായിരുന്നെന്നും അതിനാൽ സൂഫിസം കൃസ്ത്യൻ ഒറിജിനലാണെന്നുമുള്ള വാദങ്ങളാണ് ജൂലിയൻ ബാൽഡിക്ക് തന്റെ 'ആൻ ഇൻട്രഡക്ഷൻ ടു സൂഫിസം' എന്ന പുസ്തകത്തിൽ ഉന്നയിക്കുന്നത്. ഇസ്‍ലാമിന്ന് ക്രിസ്റ്റ്യാനിറ്റിയോട് മൃദു സമീപനമാണെന്ന വാദമാണ് പുസ്തകത്തിലുടനീളം അദ്ധേഹം ഉന്നയിക്കുന്നത്. കേവല സാമ്യതകൾ കൊണ്ട് മാത്രം ഒരു വസ്തുതയുടെ അടിസ്ഥാനം നിരാകരിക്കുന്ന യുക്തിരഹിതമായ ആരോപണങ്ങളായി മാത്രമേ ഇത്തരം എഴുത്തുകളെ കാണാനാവൂ.
പദോൽപത്തിപരമായ സംവാദങ്ങളെ വ്യത്യസ്തമായിട്ടാണ് സൂഫീലോകത്തെ പ്രമുഖനും 'രിസാലതുല്‍ ഖുശൈരിയ്യ' എന്ന വിഖ്യാത സൂഫീ ഗ്രന്ഥത്തിന്റെ രചയിതാവുമായ ഇമാം ഖുശൈരി നേരിടുന്നത്. ഇത്തരം ചർച്ചകളുടെ സാധുതയെ തന്നെ അദ്ധേഹം ചോദ്യം ചെയ്യുന്നുണ്ട്. മറ്റു അറബി പദങ്ങളെ പോലെ ഒരു സാധാരണ അറബി പദമായി തസവ്വുഫിനെയും പരിഗണിക്കണമെന്നും അതിലിനി ചർച്ചകൾക്ക് ഇടമില്ലെന്നുമാണ് ഇമാം ഖുശൈരി മുന്നോട്ട് വെക്കുന്നത്.
എന്ത്കൊണ്ട് സൂഫിസം ഇത്രയേറെ വിമർശനങ്ങൾക്കിരയാവുന്നു എന്ന ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്. ഇസ്‍ലാമിന്റെ രാഷ്ട്രീയ വ്യാപനത്തിന്റെ (പൊളിറ്റിക്കൽ എക്സ്പാൻഷൻ) കാരണം ഭരണകൂടങ്ങളായിരുന്നെങ്കിലും ആത്മീയ വ്യാപനം (സ്പിരിച്വൽ എക്സ്പാൻഷൻ) സൂഫികൾ മൂലമായിരുന്നുവെന്ന് ഫരീദ ഖാനം തന്റെ 'സൂഫിസം ആൻ ഇൻട്രഡക്ഷൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ഇത്തരം വസ്തുതകളാവണം വിമർശകരെ ഏറെ അലട്ടുന്നതും വിമർശന വാദങ്ങളിലേക്ക് നയിക്കുന്നതും.
പ്രവാചകരുടെയോ അനുചരൻമാരുടെയോ കാലഘട്ടത്തിൽ സൂഫി എന്ന പ്രയോഗം ഉടലെടുത്തിരുന്നില്ല. സ്വഹാബിയും താബിഇയുമൊക്കെയായിരുന്നു അന്നത്തെ ഉന്നത സ്ഥാനങ്ങളും സംജ്ഞകളും. അതേ സമയം അവരെല്ലാം സ്വൂഫികളായിരുന്നു താനും. ശേഷം വന്ന അമവികളുടെ കാലത്താണ് സൂഫിസം യഥാർത്ഥത്തിൽ രൂപം കൊള്ളുന്നത്. അമവികളുടെ ആഢംബര ജീവിത രീതികളാണ് ഇതിന്ന് ഹേതുവായിരുന്നത്. അക്കാരണത്താൽ പൊതു ഇടങ്ങളിൽ നിന്ന് അകന്ന് നിന്ന സാഹിദുകളെ (പരിത്യാഗികള്‍) യാണ് പലരും സൂഫിസത്തിന്റെ ആദ്യ വാക്താക്കളായി കണക്കാക്കുന്നത്. ശൈഖ് അബൂ ഹാഷിം കൂഫിയാണ് ആദ്യമായി സൂഫി എന്ന സ്ഥാനം നൽകപ്പെട്ട വ്യക്തിയെന്ന് അബ്ദുറഹ്മാൻ അൽ ജാമി പറഞ്ഞ് വെക്കുന്നുണ്ട്. എങ്കിലും സൂഫികൾ തങ്ങളുടെ സുഫീ വേരുകൾ പ്രവാചകരിലേക്ക് ചെന്നെത്തുന്നതാണെന്ന വാദക്കാരാണ്. വഹ്‍യിന്റെ രണ്ട് അർത്ഥതലങ്ങൾ അവർ നിരീക്ഷിച്ചെടുക്കുന്നുണ്ട്. അതിൽ അന്തരികമായ ജ്ഞാനമാണ് സൂഫിസം എന്ന നിലക്കാണ് സൂഫി വായനകളുടെ പോക്ക്. പ്രവാചകരുടെ ത്യാഗ സമ്പൂർണ്ണമായ ജീവിതവും മറ്റുമൊക്കെയാണ് ഈ വായനയുടെ അടിസ്ഥാനം. സൂഫിസത്തിന്റെ ആകെത്തുകയായി ഇബ്നു ഖൽദൂൻ വിവരിക്കുന്നത് ഭൗതികതയിൽ നിന്നുള്ള സമ്പൂർണ്ണ അകൽച്ച എന്നാണ്.
ഹസ്സനുൽ ബസരി(റ), റാബിഅ അദവിയ്യ(റ) എന്നിവരൊക്കെയാണ് ഈ പാതയുടെ തുടക്കക്കാർ. പത്താം നൂറ്റാണ്ടോട് കൂടിയാണ് സൂഫി രചനകൾ ജന്മം കൊള്ളുന്നത്. സൂഫിസത്തിന്റെ നിയമ പുസ്തകങ്ങളായി ഗണിക്കാവുന്നതാണ് അവയിൽ പലതും. അബൂ നസ്ർ അസ്സറാജിന്റെ 'കിതാബുല്ലുമഅ' ആണ് അക്കൂട്ടത്തിലെ പ്രഥമൻ.
ബുവൈഹിദുകളുടെ ഭരണത്തോടെ ഉടലെടുത്ത പ്രാദേശിക ഭരണകൂടങ്ങളുടെ ആവിർഭാവത്തോട് കൂടിയാണ് പേർഷ്യൻ സൂഫി കവിതകൾ ജന്മം കൊള്ളുന്നത്. അബൂ സെയ്ദ് ഫള്ലുല്ല അബീ ഖൈറാണ് ആദ്യ സൂഫി കവിയായി പരിഗക്കിക്കപ്പെടുന്നത്. പിന്നീട് ഉമർ ഖയ്യാമും ഫരീദുദീൻ അത്വാറുമൊക്കെയായി അത് ഏറെ ജനപ്രീതി നേടി. റൂമീ കവിതകളാണ് സൂഫി പോയട്രിയിലെ നിത്യ താരകം. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലെ സൂഫീ ത്വരിഖത്തുകളിലൂടെ സൂഫിസം ഒരു സംഘടിത രൂപം പ്രാപിച്ച് വരികയായിരുന്നു.
കാലാന്തരങ്ങളെ അതിജീവിച്ച സൂഫിസം ഇന്ന് ഒരു തകർച്ചയുടെ വക്കിലാണെന്ന് തന്നെ വേണമെങ്കിൽ പറയാം. സംശയാലുവായ ശാസ്ത്രബോധമാണതിന്ന് പ്രധാന കാരണം. ആദ്യ ഘട്ടങ്ങളിലെ ഹൃദയബദ്ധിത തത്വങ്ങളിൽ നിന്ന് ഏറെ വിഭിന്നമാണിന്ന് ആശയങ്ങൾ. ബൗദ്ധികതയാണ് ഇന്ന് അടിസ്ഥാനം. ഹൃദയം വെറും രക്തചംക്രമണത്തിനുള്ള ഒരവയവം മാത്രം. എങ്കിലും പല പുരോഗമന ആശയങ്ങളെയും കരുത്തോടെ നേരിട്ട ചരിത്രമുണ്ട് സൂഫിസത്തിന്. അതാതുർക്കിന്റെ ആധുനികതാ പരിഷ്കാരങ്ങൾ തന്നെയാണതിന്റെ ഉത്തമ ഉദാഹരണം.
ഏക നാഥനുമായുള്ള ആത്മീയ ബന്ധമാണ് യതാർത്ഥത്തിൽ സൂഫിസം. വിമർശനങ്ങൾക്കുമപ്പുറത്ത് വിശാല അർത്ഥ തലമുണ്ടതിന്ന്. ഇസ്‍ലാമികമായി തന്നെ അടിത്തറയുമുണ്ട്. കേവലം അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് തകർക്കാനാവുന്നതല്ല അതിന്റെ അടി വേരുകൾ. സൂഫിസം ഒരു 'ഫന്ന്' (വിജ്ഞാനശാഖ) അല്ലെന്നും അതൊരു 'തജ്‌രിബ:' (അനുഭവജ്ഞാനം) ആണെന്നും ഉൾകൊള്ളലാണ് ഇത്തരം ചർച്ചകളുടെ കാമ്പ്. ദിവ്യമായ അനുരാഗത്തിന്റെ വർണ്ണമാണതിന്. ത്യാഗത്തിന്റെ സ്വഭാവവും!
Leave A Comment